എസ്രാ
ഗ്രന്ഥകര്‍ത്താവ്
എബ്രായ പാരമ്പര്യം അനുസരിച്ചു എഴുത്തുകാരന്‍ എസ്രാ ശാസ്ത്രിയാണ്. എസ്രാ മഹാപുരോഹിതനായിരുന്ന അഹരോന്റെ (7:1-5), വംശത്തില്‍ ജനിച്ചതായത്കൊണ്ട് അദ്ദേഹം ഒരു പുരോഹിതനും ശാസ്ത്രിയുമായിരുന്നു. അദ്ദേഹത്തിന്റെ തീഷ്ണമായ ദൈവഭക്തിയും ന്യായ പ്രമാണത്തോടുള്ള അഭിനിവേശവും യിസ്രായേലിന്റെ നേതാവാക്കി തീര്‍ത്തു. അര്‍ത്ഥഹ്ശഷ്ടാവ് പേര്‍ഷ്യയുടെ ചക്രവര്‍ത്തി ആയിരുന്നകാലത്ത് പ്രവാസത്തിലിരുന്ന ഒരു വലിയ സമൂഹത്തെ എസ്രാ യെരുശലേമിലേക്ക് കൊണ്ടുവന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 457-440.
പ്രവാസത്തില്‍ നിന്ന് യെരുശലേമിലേക്ക് മടങ്ങിയെത്തിയതിനു ശേഷമായിരിക്കാം രചന നടന്നിരിക്കുക.
സ്വീകര്‍ത്താവ്
പ്രവാസത്തില്‍ നിന്ന് യെരുശലേമിലേക്ക് മടങ്ങിയെത്തിയ യിസ്രായേല്യര്‍ മറ്റു വായനക്കാര്‍ക്കും വേണ്ടി.
ഉദ്ദേശം
ജനത്തെ സ്വന്തനാട്ടിലേക്ക് മടക്കി കൊണ്ട് വന്നു എന്ന് മാത്രമല്ല, ആദ്ധ്യാത്മിക നവീകരണത്തിലേക്ക് നയിക്കുവാനും ദൈവം എസ്രായെ ഉപയോഗിച്ചു. ദൈവിക ശുശ്രൂഷയില്‍ അവിശ്വാസികളില്‍ നിന്നുള്ള എതിര്‍പ്പുകളും ദുഷ്ട് ശക്തികളുടെ സ്വാധീനവും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. വേണ്ട തയ്യാരെടുപ്പുകളോട് കൂടി ദൈവ വേലയെ സമീപിച്ചാല്‍ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുക എളുപ്പമായിരിക്കും. വിശ്വാസത്താല്‍ പ്രതിബന്ധങ്ങളെ നീക്കുക. നിരുത്സാഹവും ഭയവുമാണ് വ്യക്തിപരമായ ദൈവിക പദ്ധതിയുടെ നിവര്‍ത്തിക്ക് തടസ്സമായി വരുന്നത്.
പ്രമേയം
പുനസ്ഥാപനം
സംക്ഷേപം
1. ആദ്യത്തെ മടങ്ങിവരവ് സെരുബ്ബാബെലിന്റെ കാലത്ത് — 1:1-6:22
2. രണ്ടാമത്തെ മടങ്ങിവരവ് എസ്രായുടെ കാലത്ത് — 7:1-10:44