4
1 നമുക്കിപ്പോഴും ദൈവം ആ ജനത്തിനു നല്‍കിയ വാഗ്ദാനം ഉണ്ട്. ആ വാഗ്ദാനം ഇതാണ്, നമുക്ക് ദൈവത്തിന്‍റെ വിശ്രമം നേടാന്‍ കഴിയും. അതിനാല്‍ ആര്‍ക്കും ആ വാഗ്ദാനം ലഭ്യമാകുന്നതില്‍ വീഴ്ച വരാതിരിക്കാന്‍ നാം ബദ്ധശ്രദ്ധാലുക്കളാകണം.
2 നമ്മോട് അറിയിച്ച അതേ രക്ഷണീയ പാഠം തന്നെയാണ് അവരോടും പറയപ്പെട്ടത്. എന്നാല്‍ അവര്‍ കേട്ട ഉപദേശം അവരെ സഹായിച്ചില്ല. അവര്‍ ഉപദേശം കേട്ടുവെങ്കിലും വിശ്വാസപൂര്‍വ്വം അവരതിനെ സ്വീകരിച്ചില്ല.
3 വിശ്വാസികളായ നമുക്ക് ദൈവം വാഗ്ദത്തം ചെയ്ത വിശ്രാന്തി നേടാനുള്ള കഴിവുണ്ട്. ദൈവം പറഞ്ഞതുപോലെ,
“കോപിഷ്ഠനായി ഞാനൊരു പ്രതിജ്ഞ ചെയ്തു. അവര്‍ ഒരിക്കലും എന്‍റെ വിശ്രാന്തിയില്‍ പ്രവേശിക്കയില്ല.”
ദൈവം ഇതു പറഞ്ഞു, എന്നാല്‍ ലോകസൃഷ്ടി പൂര്‍ത്തിയായപ്പോള്‍ തന്നെ ദൈവത്തിന്‍റെ പ്രവൃത്തി അവസാനിച്ചിരുന്നു.
4 തിരുവെഴുത്തിലെ നിശ്ചിതമായ ഏതോ ഭാഗത്തില്‍ ആഴ്ചയിലെ ഏഴാം ദിവസത്തെക്കുറിച്ചും ദൈവം പറഞ്ഞിട്ടുണ്ട്.
“ഏഴാം ദിവസം അവന്‍ എല്ലാ പ്രവൃത്തികളും നിര്‍ത്തിവയ്ക്കുകയും വിശ്രമം എടുക്കുകയും ചെയ്തു.”
5 ഇതിനെ സംബന്ധിച്ചു ദൈവം പറഞ്ഞു,
“അവര്‍ ഒരിക്കലും പ്രവേശിക്കയില്ലെന്നു മാത്രമല്ല അവര്‍ ഒരിക്കലും എന്‍റെ വിശ്രാന്തിയുള്ളവരുമാകില്ല.”
6 ചിലര്‍ക്ക് ദൈവത്തിന്‍റെ വിശ്രാന്തി ഉണ്ടാകും എന്നത് ഇപ്പോഴും ശരിയാണ്. എന്നാല്‍ രക്ഷിക്കപ്പെടുന്നതിനുള്ള മാര്‍ഗ്ഗം ആദ്യം കേട്ടവര്‍ പ്രവേശിക്കില്ല. അനുസരിക്കാത്തതിനാലാണ് അവര്‍ പ്രവേശിക്കാത്തത്.
7 അതുകൊണ്ട് ദൈവം മറ്റൊരു പ്രത്യേക ദിനം ഒരുക്കി. അത് “ഇന്ന്” എന്നു അറിയപ്പെടുന്നു. കാലമേറെക്കഴിഞ്ഞ് ദാവീദിലൂടെ ദൈവം ആ ദിവസത്തെപ്പറ്റി സംസാരിച്ചു. നാം നേരത്തേ ഉപയോഗിച്ച ദൈവത്തിന്‍റെ അതേ തിരുവെഴുത്തു തന്നെയാണത്.
“ഇന്നു നീ ദൈവത്തിന്‍റെ സ്വരം കേള്‍ക്കുമെങ്കില്‍ പണ്ടെന്നപോലെ ശാഠ്യം പിടിക്കരുത്.”
8 ദൈവം വാഗ്ദാനം ചെയ്ത വിശ്രാന്തിയിലേക്ക് യോശുവ ജനങ്ങളെ നയിച്ചില്ല എന്നു നമുക്കറിയാം. ദൈവം പിന്നീട് മറ്റൊരു വിശ്രമ ദിനത്തെക്കുറിച്ച് (ഇന്ന്) പറഞ്ഞതുകൊണ്ട് നമുക്കിതു അറിയാം.
9 ഇതു വെളിവാക്കുന്നത് ദൈവജനത്തിനായുള്ള ആ ശബ്ബത്തു ദിവസ വിശ്രാന്തി ഇനിയും വരുന്നതേയുള്ളൂവെന്നാണ്.
10 ദൈവം തന്‍റെ പ്രവൃത്തിയുടെ സമാപനത്തില്‍ വിശ്രമിച്ചു. അതിനാല്‍ ദൈവത്തിന്‍റെ വിശ്രാന്തിയില്‍ പ്രവേശിച്ച് അത് ഉള്‍ക്കൊള്ളുവാനാകുന്നവന്‍ ദൈവം ചെയ്തതുപോലെ അവരുടെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയവനായിരിക്കും.
11 അതുകൊണ്ട് ദൈവത്തിന്‍റെ വിശ്രാന്തിയിലേക്ക് പ്രവേശിക്കുവാന്‍ നമുക്ക് ആകാവുന്നതിന്‍റെ പരമാവധി ശ്രമിക്കാം. അനുസരണക്കേടുകൊണ്ട് അവര്‍ തോറ്റതുപോലെ നമ്മള്‍ ആരും തോല്‍ക്കാതിരിക്കേണ്ടതിലേക്കായി നാം കഠിനമായി പരിശ്രമിക്കണം.
12 ദൈവവചനം സജീവവും പ്രവര്‍ത്തിക്കുന്നതുമാണ്. അവന്‍റെ വാക്ക് ഏറ്റവും മൂര്‍ച്ചയുള്ള വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ്. ദൈവവചനം എല്ലാ പ്രകാരത്തിലും അതിലേക്കു ഒരു വാള്‍പോലെ ആഴ്ന്നിറങ്ങുന്നതാണ്. അത് പ്രാണനും ആത്മാവും ഒന്നിക്കുന്ന സ്ഥലത്തുവരെയും ആഴ്ന്നിറങ്ങും. ദൈവവചനം സന്ധിയിലൂടെയും മജ്ജയിലൂടെയും തുളച്ചിറങ്ങും. അത് നമ്മുടെ ഹൃദയത്തിലുള്ള വിചാരങ്ങളെയും അനുഭൂതികളെയും വിധിക്കുന്നു.
13 ഈ ലോകത്തിലെ യാതൊന്നിനെയും ദൈവത്തില്‍ നിന്ന് മറച്ചുവയ്ക്കുവാന്‍ പറ്റില്ല. അവന് എല്ലാം വ്യക്തമായി കാണുവാന്‍ സാധിക്കും. അവനു മുമ്പില്‍ സകലതും തുറന്നിരിക്കുന്നു. കൂടാതെ നാം ജീവിച്ച രീതികളെക്കുറിച്ചു നാമെല്ലാം അവനോട് കണക്കു പറയേണ്ടിവരും.
14 ദൈവത്തോടൊപ്പം സ്വര്‍ഗ്ഗത്തില്‍ ആയിരിക്കേണ്ടതിനുപോയ ഒരു മഹാപുരോഹിതന്‍ നമുക്കുണ്ട്. അവന്‍ ദൈവത്തിന്‍റെ പുത്രനായ യേശുവാണ്. അതിനാല്‍ നമുക്കുള്ള വിശ്വാസത്തില്‍ നമുക്ക് ദൃഢമായിത്തുടരാം.
15 മഹാപുരോഹിതനായ യേശുവിന് നമ്മുടെ ബലഹീനതകള്‍ മനസ്സിലാക്കുവാന്‍ സാധിക്കും. യേശു ഭൂമിയില്‍ വസിക്കേ, എല്ലാ പ്രകാരത്തിലും അവന്‍ പ്രലോഭിതനാക്കപ്പെട്ടു. അവന്‍ പ്രലോഭിതനാക്കപ്പെട്ടതു നാം പ്രലോഭിതരാകുന്നതുപോലെതന്നെ ആയിരുന്നെങ്കിലും അവന്‍ ഒരിക്കലും പാപം ചെയ്തില്ല.
16 യേശു മഹാപുരോഹിതനായി നമുക്കുള്ളതുകൊണ്ട് കൃപയുള്ള ദൈവ സിംഹാസനംമുമ്പാകെ ധൈര്യത്തോടെ നമുക്ക് വരാം. അവിടെ വേണ്ടപ്പോള്‍ കൃപയും ദയയും സഹായത്തിനായി നമുക്കു ലഭിക്കും.