ധനവാന്മാർക്കുള്ള മുന്നറിയിപ്പ്
5
അല്ലയോ ധനവാന്മാരേ, നിങ്ങൾക്ക് വരുവാൻ പോകുന്ന പ്രയാസങ്ങൾ ഓർത്ത് അലമുറയിട്ട് കരയുവിൻ.
2 നിങ്ങളുടെ ധനം നശിച്ചും, ഉടുപ്പ് പുഴുവരിച്ചും പോയി.
3 നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെനേരെ സാക്ഷിയാകുകയും തീപോലെ നിങ്ങളുടെ ശരീരത്തെ തിന്നുകളയുകയും ചെയ്യും. അന്ത്യകാലത്ത് നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.
4 നിങ്ങളുടെ നിലങ്ങൾ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവച്ചിരിക്കുന്നുവല്ലോ; ഇതാ അത് നിങ്ങളുടെ അടുക്കൽനിന്ന് നിലവിളിക്കുകയും കൊയ്തവരുടെ കരച്ചിൽ സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തുകയും ചെയ്തിരിക്കുന്നു.
5 നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെയും സുഖിച്ചും ജീവിക്കുന്നു; കൊലദിവസത്തിൽ എന്നപോലെ നിങ്ങൾ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.
6 നിങ്ങൾ നീതിമാനെ കുറ്റം വിധിച്ച് കൊന്നു; അവൻ നിങ്ങളോട് എതിർക്കുന്നതുമില്ല.
കഷ്ടതയിൽ സഹനം
7 അതുകൊണ്ട് സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ക്ഷമയോടെ കാത്തിരിക്കുവിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിന് കാത്തുകൊണ്ട് മുന്മഴയും പിന്മഴയും അതിന് കിട്ടുവോളം ക്ഷമയോടെ കാത്തിരിക്കുന്നുവല്ലോ.
8 നിങ്ങളും ക്ഷമയോടെ കാത്തിരിക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുകയാൽ നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ;
9 സഹോദരന്മാരേ, വിധിക്കപ്പെടാതിരിക്കുവാൻ ഒരുവന്റെ നേരെ ഒരുവൻ പിറുപിറുക്കരുത്; ഇതാ, ന്യായാധിപതി വാതിൽക്കൽ നില്ക്കുന്നു.
10 സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ, കഷ്ടാനുഭവത്തിനും ദീർഘക്ഷമയ്ക്കും മാതൃകയാക്കികൊള്ളുവിൻ.
11 സഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്ന് പുകഴ്ത്തുന്നുവല്ലോ. ഇയ്യോബിന്റെ സഹിഷ്ണത നിങ്ങൾ കേട്ടും കർത്താവ് വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവ് മഹാകരുണയും മനസ്സലിവുമുള്ളവനല്ലോ.
12 എന്നാൽ എന്റെ സഹോദരങ്ങളേ, എല്ലാറ്റിനുമുപരി, സ്വർഗ്ഗത്തെയോ ഭൂമിയേയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുത്; ശിക്ഷാവിധിയിൽ അകപ്പെടാതിരിക്കുവാൻ നിങ്ങൾ “ഉവ്വ്” എന്ന് പറഞ്ഞാൽ “ഉവ്വ്” എന്നും “ഇല്ല” എന്ന് പറഞ്ഞാൽ “ഇല്ല” എന്നും ഇരിക്കട്ടെ.
പ്രാർത്ഥനയുടെ ശക്തി
13 നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ.
14 നിങ്ങളിൽ രോഗിയായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണപൂശി അവന് വേണ്ടി പ്രാർത്ഥിക്കട്ടെ.
15 എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന രോഗിയെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോട് ക്ഷമിയ്ക്കും.
16 അതുകൊണ്ട് നിങ്ങൾക്ക് രോഗശാന്തി വരേണ്ടതിന് അന്യോന്യം പാപങ്ങളെ ഏറ്റുപറഞ്ഞ് ഒരുവന് വേണ്ടി ഒരുവൻ പ്രാർത്ഥിക്കുവിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർത്ഥന വളരെ ഫലപ്രദം ആകുന്നു.
17 ഏലിയാവ് നമുക്ക് സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന് അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്ന് വർഷവും ആറ് മാസവും ദേശത്ത് മഴ പെയ്തില്ല.
18 അവൻ വീണ്ടും പ്രാർത്ഥിച്ചപ്പോൾ ആകാശത്തുനിന്ന് മഴ പെയ്ത്, ഭൂമി അതിന്റെ വിളവ് തന്നു.