മർക്കൊസ്
ഗ്രന്ഥകര്‍ത്താവ്
യോഹന്നാൻ മർക്കോസ് എഴുതിയെന്ന് സഭാപിതാക്കന്മാർ ഐക്യകണ്ഠേന അംഗീകരിക്കുന്നു. യോഹന്നാന്‍ മർക്കോസിനെക്കുറിച്ച് പുതിയനിയമത്തില്‍ പത്തിടത്ത് പരാമർശങ്ങളുണ്ട്. പ്രവ 12:12, 25; 13:5, 13; 15:37, 39; കൊലോസ്സ്യ 4:10; 2 തിമോ 4:11; ഫിലേ. 24; 1 പത്രോ. 5:13. മർക്കോസ് ബർണബാസിന്റെ അനന്തിരവനാണ്. (കൊലോസ്സ്യ. 4:10). മേരി എന്നായിരുന്നു മര്‍ക്കോസിന്റെ അമ്മയുടെ പേര് യെരുശലേമിലെ ധനികയായ മേരി. അവരുടെ ഭവനം ആദിമ ക്രിസ്ത്യാനികൾക്ക് ഒരു പ്രാർത്ഥനാ കേന്ദ്രമായിരുന്നു. (പ്രവൃത്തികൾ. 12:12). മര്‍ക്കോസ് പൗലോസിനോടും ബർണബാസിനോടും കൂടെ ഒന്നാമത്തെ മിഷനറി യാത്രയിൽ പങ്കെടുത്തിട്ടുണ്ട്. (അ. പ്രവ. 12:25; 13:5). മര്‍ക്കോസ് പത്രോസുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായി സഭാപിതാക്കന്മാർ വേദപുസ്തകത്തിലെ ചില തെളിവുകളുടെ അടിസ്ഥാനത്തില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് ഉണ്ട്. (1 പത്രോ 5:13). അദ്ദേഹം പത്രോസിന്റെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തുകയും ശുശ്രൂഷകൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്ത അനുഭവങ്ങളിൽനിന്നാണ് സുവിശേഷത്തിന് ആധാരമായ വസ്തുതകൾ ശേഖരിച്ചത്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം. 50-60.
സഭാപിതാക്കന്മാരുടെ (ഐറേനിയസ്, അലക്സാന്ത്രിയായിലെ ക്ലെമന്ത്) അഭിപ്രായത്തിൽ മർക്കോസ് എഴുതി എന്നതാണ്. ആദിമ സഭയിൽ നിന്നുള്ള രേഖകളിൽ പത്രോസിന്റെ മരണശേഷമാണ് ഈ സുവിശേഷം എഴുതപ്പെട്ടത്.
സ്വീകര്‍ത്താവ്
ചില തെളിവുകളുടെ അടിസ്ഥാനത്തിൽ ജാതീയരായവരെ പ്രത്യേകിച്ച് റോമാക്കാരായ വായനക്കാരെ ഉദ്ദേശിച്ചുകൊണ്ടാണ് മർക്കോസ് സുവിശേഷം എഴുതുന്നത് ജാതീയ ലോകത്തിന് എഴുതിയതിനാൽ ആവാം യേശുക്രിസ്തുവിന്റെ വംശാവലി പോലുള്ള വസ്തുതകൾ മർക്കോസ് ഉപേക്ഷിച്ചത്.
ഉദ്ദേശം
റോമാ ക്രിസ്ത്യാനികളാണ് പ്രധാന വായനക്കാർ, നീറോ ചക്രവർത്തിയുടെ കാലത്ത് നടന്ന മതപീഡനത്തിൽ അനേക ക്രൈസ്തവ വിശ്വാസികൾ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പീഡാനുഭവം ഏറ്റുവാങ്ങിയ അനുസരണമുള്ള ദാസനായ ക്രിസ്തുവിനെപ്പോലെ പീഢനത്തിലൂടെ കടന്നുപോകുന്ന ദൈവജനം വിശ്വാസത്തിൽ നിലനിൽക്കുവാൻ മര്‍ക്കോസ് ഈ സുവിശേഷത്തിലൂടെ ആഹ്വാനം ചെയ്യുന്നു.
പ്രമേയം
പീഡിതനായ ദാസൻ
സംക്ഷേപം
1. മരുഭൂമിയിൽ ശുശ്രൂഷയ്ക്ക് വേണ്ടി യേശു തയ്യാറെടുക്കുന്നു — 1:1-13
2. ഗലീലയിലെയും പരിസരപ്രദേശങ്ങളിലെയും യേശുവിന്‍റെ ശുശ്രൂഷ — 1:14-8:30
3. യേശുവിന്‍റെ ദൗത്യം: പീഡയും മരണവും — 8:31-10:52
4. യേശുവിന്റെ യെരുശലേമിലെ ശുശ്രൂഷ — 11:1-13:37
5. ക്രൂശീകരണം വിവരിക്കുന്നു — 14:1-15:47
6. യേശുവിന്‍റെ ഉയർത്തെഴുന്നേൽപ്പും പ്രത്യക്ഷതയും — 16:1-20