2
1 നമ്മെ പഠിപ്പിച്ച കാര്യങ്ങള്‍ പിന്‍ചെല്ലുന്നതില്‍ നാം അധികം ശ്രദ്ധയുള്ളവരാകണം. നേരായ മാര്‍ഗ്ഗത്തില്‍ നിന്നും അകറ്റപ്പെടാതിരിക്കാന്‍തക്കവിധം നാം സൂക്ഷിക്കണം.
2 ദൂതന്മാര്‍ മുഖേന ദൈവത്തില്‍ നിന്നു വന്ന ഉപദേശം സാധുതയുള്ളതാണ്. യെഹൂദര്‍ ആ ഉപദേശത്തിനെതിരായി പ്രവര്‍ത്തിച്ചപ്പോഴെല്ലാം അവര്‍ യഥാര്‍ഹം ശിക്ഷിക്കപ്പെട്ടു. ആ ഉപദേശത്തെ അവര്‍ അനുസരിക്കാതിരുന്നപ്പോള്‍ അവര്‍ ശിക്ഷിക്കപ്പെട്ടു.
3 നമുക്ക് പ്രദാനം ചെയ്ത രക്ഷ ഉന്നതമാണ്. അതിനാല്‍ ഇനി അപ്രധാനമെന്നമട്ടില്‍ നാം ജീവിക്കുകയാണെങ്കില്‍ നാമും തീര്‍ച്ചയായും ശിക്ഷിക്കപ്പെടും. കര്‍ത്താവാണ് ഈ രക്ഷയെക്കുറിച്ച് ആദ്യമായി ജനങ്ങളോട് പറഞ്ഞത്. അവനെശ്രവിച്ചവര്‍ ഈ രക്ഷ ശരിയാണെന്ന് നമുക്കു തെളിയിച്ചു തന്നിരിക്കുന്നു,
4 കൂടാതെ അതിശയങ്ങളും വലിയ അടയാളങ്ങളും പലതരത്തിലുള്ള വീര്യപ്രവൃത്തികളും ഉപയോഗിച്ച് ദൈവം ഇതു തെളിയിച്ചു. അവന്‍ ഇത് പരിശുദ്ധാത്മാവ് വഴി ആളുകള്‍ക്ക് ദാനങ്ങള്‍ നല്‍കി തെളിയിച്ചു. അവന്‍ ആഗ്രഹിച്ച പ്രകാരം ആ ദാനങ്ങള്‍ അവന്‍ നല്‍കി.
5 വരാനിരിക്കുന്ന പുതിയ ലോകത്തിന്‍റെ ഭരണകര്‍ത്താക്കളായി ദൈവം ദൂതന്മാരെ തിരഞ്ഞെടുത്തില്ല. ആ ഭാവിലോകത്തെപ്പറ്റിയാണ് ഞങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നത്.
6 തിരുവെഴുത്തില്‍ ചിലയിടത്ത് ഇങ്ങനെ എഴുതിയിരിക്കുന്നു,
“ദൈവമേ, നീ മനുഷ്യനെ കാത്തുകൊള്ളുന്നത് എന്തിന്? മനുഷ്യപുത്രനെപ്പറ്റി നീ കരുതലെടുക്കുന്നതെന്തിന്? അവനത്ര പ്രധാനിയാണോ?
7 അല്പകാലത്തേക്കു നീ അവനെ ദൂതന്മാരെക്കാള്‍ ചെറുതാക്കി. മഹത്വത്തെയും ആദരവിനെയും അവനു കിരീടമായി നീ നല്‍കി.
8 എല്ലാം ദൈവം അവന്‍റെ നിയന്ത്രണത്തിനു വിധേയമാക്കി.”
അതിനാല്‍ ഒന്നുംതന്നെ അവന്‍റെ ഭരണത്തിനു പുറത്തായിരുന്നില്ല, എന്നാല്‍ അവന്‍ ഇപ്പോഴും എല്ലാം ഭരിക്കുന്നതു നാം കാണുന്നില്ല.
9 അല്പകാലത്തേക്ക് യേശു ദൂതന്മാരെക്കാള്‍ താഴ്ത്തപ്പെട്ടുവെന്നാലും ഇപ്പോള്‍ മഹത്വത്തിന്‍റെയും ആദരവിന്‍റെയും കിരീടം ധരിച്ചവനായി നാം അവനെ കാണുന്നു. കാരണം അവന്‍ കഷ്ടം സഹിക്കുകയും മരിക്കുകയും ചെയ്തു. ദൈവകൃപമൂലം യേശു ഓരോ വ്യക്തിക്കു വേണ്ടിയും മരിച്ചു.
10 ദൈവമാണ് സര്‍വ്വത്തിന്‍റെയും സൃഷ്ടാവ്. അവന്‍റെ മഹത്വത്തിനു വേണ്ടിയുള്ളതാണ് സര്‍വ്വ വസ്തുക്കളും. തന്‍റെ മഹത്വം പങ്കുവയ്ക്കുന്നതിനായി ദൈവം ധാരാളം പുത്രന്മാരെ ആഗ്രഹിക്കുന്നു. അതിനാല്‍ തനിക്കാവശ്യമായതു ദൈവം ചെയ്തു. ജനങ്ങളെ രക്ഷയിലേക്കു നയിക്കുന്ന യേശുവിനെ അവന്‍ പരിപൂര്‍ണ്ണനാക്കി. യേശുവിന്‍റെ കഷ്ടത വഴി ദൈവം യേശുവിനെ ഒരു പൂര്‍ണ്ണ രക്ഷകനാക്കി.
11 ആളുകളെ വിശുദ്ധീകരിക്കുന്നവനും വിശുദ്ധരാക്കപ്പെട്ട ആള്‍ക്കാരും ഒരേ കുടുംബത്തില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് അവരെ സഹോദരരേ എന്നു വിളിക്കുവാന്‍ അവന്‍ (യേശു) ലജ്ജിക്കുന്നില്ല.
12 യേശു പറയുന്നു,
“ദൈവമേ ഞാന്‍ എന്‍റെ സഹോദരന്മാരോടു നിന്നെക്കുറിച്ചു പറയും. നിന്‍റെ എല്ലാ ജനത്തിന്‍റെയും മുമ്പില്‍ ഞാന്‍ നിന്‍റെ സ്തുതിഗീതം ആലപിക്കും.”
13 അവന്‍ പറയുന്നു,
“ഞാന്‍ ദൈവത്തില്‍ ആശ്രയിക്കും.”
“ദൈവം എനിക്ക് തന്നിരിക്കുന്ന മക്കളുമായി ഞാനിതാ.”
എന്നും കൂടെ അവന്‍ പറയുന്നു.
14 ആ മക്കള്‍ ഭൌതികശരീരങ്ങളോടു കൂടിയ ആള്‍ക്കാരാണ്. അതിനാല്‍ യേശു തന്നെയും അവരെപ്പോലെയാക്കി. സ്വയം മരിച്ചതുവഴി മരണത്തിന്‍റെ അധികാരമുള്ളവനെ നശിപ്പിക്കേണ്ടതിനാണ് അവനിതു ചെയ്തത്. ഇങ്ങനെ അധികാരമുണ്ടായിരുന്നത് പിശാചിനാണ്.
15 അവരുടെ ഭയത്തില്‍ നിന്നും അവരെ സ്വതന്ത്രരാക്കുന്നതിന് യേശു അവരെപ്പോലെയായി മരിച്ചു. മരണഭയം നിമിത്തം അവര്‍ ആജീവനാന്തം അടിമകളെപ്പോലെയായിരുന്നു.
16 യേശു ദൂതന്മാരെയല്ല സഹായിക്കുന്നതെന്നു വ്യക്തം. അബ്രാഹാമില്‍ നിന്നുള്ളവരെയാണ് യേശു സഹായിക്കുന്നത്.
17 ഇക്കാരണം കൊണ്ട് യേശു എല്ലാ പ്രകാരത്തിലും തന്‍റെ സഹോദരങ്ങളെപ്പോലെ ആക്കപ്പെടേണ്ടിയിരുന്നു. ദൈവത്തോടുള്ള സേവനത്തില്‍ അവരുടെ കരുണാമയനും വിശ്വസ്തനുമായ ഒരു മഹാപുരോഹിതന്‍ ആകത്തക്കവിധത്തില്‍ അവന്‍ അവരെപ്പോലെയായി. അപ്പോള്‍ യേശുവിന് അങ്ങനെ അവരുടെ പാപങ്ങള്‍ക്ക് ക്ഷമ കൊണ്ടുവരുവാന്‍ കഴിഞ്ഞു.
18 പ്രലോഭിതരെ സഹായിക്കുവാനും യേശുവിന് ഇപ്പോള്‍ കഴിയും. കാരണം അവന്‍ സ്വയം സഹിക്കുകയും പ്രലോഭിതനാകുകയും ചെയ്തിരുന്നു.