6
1 ഞങ്ങള്‍ ദൈവത്തോടൊത്ത് പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ട് ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു: ദൈവത്തില്‍ നിന്ന് നിങ്ങള്‍ സ്വീകരിച്ച കൃപ വ്യര്‍ത്ഥമാക്കരുത്.
2 ദൈവം പറയുന്നു,
“തക്കസമയത്ത് ഞാന്‍ നിന്നെ കേട്ടു. രക്ഷയുടെ ദിവസത്തില്‍ ഞാന്‍ നിനക്ക് സഹായവും നല്‍കി.”
ഞാന്‍ നിങ്ങളോടു പറയുന്നു, ഇതാണ് “തക്കസമയം.”
“രക്ഷയുടെ ദിവസം” ഇതാകുന്നു.
3 ഞങ്ങളുടെ പ്രവൃത്തിയില്‍ ജനങ്ങള്‍ എന്തെങ്കിലും തെറ്റ് കണ്ടുപിടിക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമില്ല. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രവൃത്തിയും ഞങ്ങള്‍ ചെയ്യുകയില്ല.
4 പക്ഷേ യാതനകള്‍ സഹിച്ചും കുഴപ്പങ്ങളില്‍ അകപ്പെട്ടും പ്രയാസപ്പെട്ടും വലിയ പ്രശ്നങ്ങളെ നേരിട്ടുകൊണ്ടും എല്ലാമാര്‍ഗ്ഗത്തിലും ദൈവത്തിന്‍റെ ദാസന്മാരാണെന്ന് ഞങ്ങള്‍ കാണിക്കുന്നു.
5 മര്‍ദ്ദിക്കപ്പെടുകയും തടവറയിലേക്ക് എറിയപ്പെടുകയും ചെയ്യുന്നു. ജനങ്ങള്‍ കോപാകുലരായി ഞങ്ങള്‍ക്കെതിരായി ലഹളകള്‍ സംഘടിപ്പിക്കുന്നു. പലപ്പോഴും ഊണും ഉറക്കവുമില്ലാതെ ഞങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യുന്നു.
6 ഞങ്ങള്‍ അറിവിലും ക്ഷമയിലും കാരുണ്യത്തിലും പരിശുദ്ധിയിലും കൂടി ദൈവത്തിന്‍റെ ദാസന്മാരാണെന്ന് കാണിച്ചു കൊടുത്തു. പരിശുദ്ധാത്മാവിലൂടെയും യഥാര്‍ത്ഥ സ്നേഹത്തിലൂടെയും,
7 സത്യം പറഞ്ഞും ദൈവത്തിന്‍റെ ശക്തിയിലൂടെയും ഞങ്ങള്‍ അതു കാണിച്ചു. എല്ലാത്തിനും ഞങ്ങള്‍ക്കുവേണ്ടി വാദിക്കുവാനുള്ള അവകാശം ഞങ്ങള്‍ നേരായ മാര്‍ഗ്ഗത്തില്‍ ഉപയോഗിക്കുന്നു.
8 ചിലര്‍ ഞങ്ങളെ ആദരിക്കുന്നു, പക്ഷേ മറ്റു ചിലര്‍ ഞങ്ങളെ അപമാനിക്കുന്നു. ചിലര്‍ ഞങ്ങളെപ്പറ്റി നല്ലത് പറയുന്നെങ്കിലും വേറെ ചിലര്‍ ദുഷിച്ചു പറയുന്നു. ചിലര്‍ ഞങ്ങളെ നുണയന്മാരെന്നു വിളിക്കുന്നു. പക്ഷേ ഞങ്ങള്‍ സത്യം പറയുന്നവരാണ്.
9 ചിലര്‍ ഞങ്ങളെ അപരിചിതരായി കരുതി. പക്ഷേ വളരെപ്പേര്‍ക്കു ഞങ്ങളെ അറിയാം. ഞങ്ങള്‍ മരിക്കുന്നതുപോലെ കാണപ്പെട്ടു. പക്ഷേ നോക്കൂ! ഞങ്ങള്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. ശിക്ഷിക്കപ്പെട്ടുവെങ്കിലും ഞങ്ങള്‍ കൊല്ലപ്പെട്ടില്ല.
10 ഞങ്ങള്‍ക്ക് ദുഃഖിക്കാന്‍ ഏറെയുണ്ടെങ്കിലും ഞങ്ങള്‍ എപ്പോഴും ഉല്ലസിക്കുന്നു. ഞങ്ങള്‍ പാവങ്ങളാണെങ്കിലും വിശ്വാസത്തില്‍ അനേകം പേരെ ഞങ്ങള്‍ ധനികരാക്കുന്നു. ഞങ്ങള്‍ ഒന്നുമില്ലാത്തവരെങ്കിലും ഞങ്ങള്‍ക്ക് എല്ലാമുണ്ട്.
11 കൊരിന്ത്യരായ നിങ്ങളോട് ഞങ്ങള്‍ സ്വതന്ത്രമായി സംസാരിച്ചു. ഞങ്ങള്‍ നിങ്ങളോട് ഹൃദയം തുറന്നു.
12 നിങ്ങളോടുള്ള ഞങ്ങളുടെ സ്നേഹവികാരങ്ങള്‍ നിലച്ചിട്ടില്ല. നിങ്ങളാണ് നിങ്ങളുടെ സ്നേഹത്തിനു തടസ്സമുണ്ടാക്കിയത്.
13 നിങ്ങള്‍ എന്‍റെ മക്കള്‍ എന്ന പോലെയാണ് ഞാന്‍ നിങ്ങളോട് സംസാരിക്കുന്നത്. ഞങ്ങള്‍ നിങ്ങളോട് ചെയ്തതു പോലെതന്നെ ചെയ്യുകയും നിങ്ങളുടെ ഹൃദയം തുറക്കുകയും ചെയ്യുക.
14 നിങ്ങള്‍ അവിശ്വാസികളെപ്പോലുള്ളവരല്ല. അതിനാല്‍ നിങ്ങള്‍ അവരോട് ചേരാതിരിക്കുക. നന്മയും തിന്മയും ഒരുമിച്ചിരിക്കില്ല. ഇരുട്ടും വെളിച്ചവും ഒന്നിച്ചിരിക്കുകയില്ല.
15 ക്രിസ്തുവിനും പിശാചിനും എങ്ങനെ ചേരാനാകും? ഒരു അവിശ്വാസിക്ക് വിശ്വാസിയോടൊത്ത് എന്തു ചെയ്യാനാകും?
16 ദൈവാലയത്തിന് വിഗ്രഹങ്ങളുമായി ഒരു ചേര്‍ച്ചയുമില്ല. ജീവിക്കുന്ന ദൈവത്തിന്‍റെ ആലയം നമ്മളാകുന്നു. ദൈവം പറഞ്ഞതുപോലെ: “
ഞാന്‍ അവരില്‍ വസിക്കുകയും അവരോടൊത്തു നടക്കുകയും ചെയ്യും. ഞാന്‍ അവരുടെ ദൈവവും അവരെന്‍റെ ജനതയുമായിരിക്കും.”
17 “അതിനാല്‍ നിങ്ങള്‍ അവരില്‍ നിന്ന് അകലുക, സ്വയം അവരില്‍ നിന്ന് വേര്‍പെടുക കര്‍ത്താവ് പറയുന്നു. അശുദ്ധമായതൊന്നിനെയും തൊടരുത്, അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും.”
18 “ഞാന്‍ നിങ്ങളുടെ പിതാവായിരിക്കും, നിങ്ങള്‍ എന്‍റെ പുത്രന്മാരും പുത്രികളും. സര്‍വ്വശക്തനായ കര്‍ത്താവ് പറയുന്നു.”