5
1 ഞങ്ങളുടെ ശരീരം-ഞങ്ങള്‍ ഈ ഭൂമിയില്‍ വസിക്കുന്ന കൂടാരം-തകര്‍ക്കപ്പെടുമെന്ന് ഞങ്ങള്‍ക്കറിയാം. പക്ഷേ ദൈവം ഞങ്ങള്‍ക്കു വസിക്കാന്‍ ഒരു വീടു കരുതും. അതു മനുഷ്യനിര്‍മ്മിതമായിരിക്കയില്ല. അത് സ്വര്‍ഗ്ഗത്തില്‍ നിത്യമായ ഒന്നായിരിക്കും.
2 പക്ഷേ ഞങ്ങളുടെ ഈ ശരീരം ക്ഷീണിതമായിരിക്കുന്നു. ഞങ്ങുടെ സ്വര്‍ഗ്ഗീയ ഭവനത്തിനായി ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു.
3 അതു ഞങ്ങളെ വസ്ത്രം ധരിപ്പിച്ച് ഞങ്ങളുടെ നഗ്നത മറയ്ക്കും.
4 ഈ കൂടാരത്തില്‍ ഞങ്ങള്‍ വസിക്കുമ്പോള്‍ ഞങ്ങള്‍ക്കു ഭാരങ്ങളുണ്ടാകുന്നു, ഭൌതീകമായ ഈ ശരീരം കൈവെടിയണമെന്ന ആശയാലല്ല പക്ഷേ സ്വര്‍ഗ്ഗീയമായ ഭവനത്തില്‍ വസിക്കണമെന്ന ആഗ്രഹത്താല്‍ തന്നെ. അപ്പോള്‍ നശ്വരമായ ഈ ശരീരം ജീവന്‍ കൊണ്ടു പൊതിയപ്പെടും.
5 അതിനായിട്ടാണു ദൈവം ഞങ്ങളെ ഉണ്ടാക്കിയത്. ദൈവം ഞങ്ങള്‍ക്കു ആ ജീവന്‍ നല്‍കുമെന്നതിനു തെളിവായിട്ടാണ് ആത്മാവിനെ ഞങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്.
6 അതുകൊണ്ട് ഞങ്ങള്‍ക്കു എപ്പോഴും ധൈര്യമുണ്ട്. ഈ ശരീരത്തില്‍ ജീവിക്കുമ്പോള്‍ ഞങ്ങള്‍ കര്‍ത്താവില്‍ നിന്നും അകലെയാണെന്നു ഞങ്ങള്‍ക്കറിയാം.
7 വിശ്വാസത്താലാണു ഞങ്ങള്‍ ജീവിക്കുന്നത്, കാണുന്നതിലല്ല.
8 അതുകൊണ്ട് ഞാന്‍ പറയുന്നു ഞങ്ങള്‍ക്കു വിശ്വാസമുണ്ട്. അതിനാല്‍ ഈ ശരീരത്തില്‍ നിന്നകന്ന് കര്‍ത്താവിനോടുകൂടെ വീട്ടിലായിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
9 ദൈവത്തെ പ്രീതിപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ ഈ ശരീരത്തിലായിരിക്കുമ്പോഴും കര്‍ത്താവിനോടൊത്ത് ആയിരിക്കുമ്പോഴും അവനെ സന്തുഷ്ടനാക്കുകയാണ് ഞങ്ങള്‍ക്കാഗ്രഹം.
10 ഞങ്ങള്‍ എല്ലാവരും ക്രിസ്തുവിനു മുമ്പില്‍ വിധിക്കപ്പെടാന്‍ നിന്നേ പറ്റൂ. ഓരോരുത്തനും അര്‍ഹിക്കുന്നതു ലഭിക്കും. ഭൂമിയിലെ ശരീരത്തില്‍ ജീവിച്ചപ്പോള്‍ ചെയ്ത പ്രവൃത്തിയുടെ നന്മ തിന്മയനുസരിച്ച് ഓരോരുത്തര്‍ക്കും വിധി ലഭിക്കും.
11 കര്‍ത്താവിനെ ഭയക്കണമെന്നതിന്‍റെ അര്‍ത്ഥമെന്താണെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ സത്യം സ്വീകരിക്കാന്‍ ആളുകളെ സഹായിക്കുന്നതിനു ഞങ്ങള്‍ ശ്രമിക്കുന്നു. ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്നു ദൈവത്തിനറിയാം. നിങ്ങള്‍ക്കും അതറിയാമെന്നാണെന്‍റെ ധാരണ.
12 ഞങ്ങള്‍ നിങ്ങളോടു വീണ്ടും ആത്മപ്രശംസ നടത്തുകയല്ല. പക്ഷേ ഞങ്ങളെപ്പറ്റി നിങ്ങളോടു പറയുകയാണ്. ഞങ്ങളെച്ചൊല്ലി അഭിമാനിക്കാനുള്ള കാരണങ്ങള്‍ നല്‍കുകയാണ്. പുറമേ കാണാവുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ അഹങ്കരിക്കുന്നവരോട് മറുപടി പറയാന്‍ നിങ്ങള്‍ക്കപ്പോള്‍ കഴിയും. ഒരാളുടെ ഹൃദയത്തില്‍ എന്താണുള്ളതെന്ന് അവര്‍ കാര്യമാക്കുന്നില്ല.
13 ഞങ്ങള്‍ മാനസീകമായി സുബോധമില്ലാത്തവരാണെങ്കില്‍ അതു ദൈവത്തിനു മാത്രം വേണ്ടിയാണ്. ഞങ്ങള്‍ക്കു നേരായ മനസ്സുണ്ടെങ്കില്‍ അതു നിങ്ങള്‍ക്കുമാണ്.
14 ക്രിസ്തുവിന്‍റെ സ്നേഹം ഞങ്ങളെ നിയന്ത്രിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഒരുവന്‍ എല്ലാ ജനതയ്ക്കു വേണ്ടിയും മരിച്ചു എന്നു ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് എല്ലാവരും മരിച്ചു.
15 ജീവിച്ചിരിക്കുന്നവര്‍ക്ക് ഇനിയങ്ങോട്ടു തങ്ങള്‍ക്കുവേണ്ടി ജീവിക്കാതിരിക്കാന്‍ ക്രിസ്തു എല്ലാവര്‍ക്കും വേണ്ടി മരിച്ചു. അവന്‍ അവര്‍ക്കുവേണ്ടി മരിക്കുകയും ഇനി അവന്‍ തനിക്കുവേണ്ടി ജീവിക്കുന്നതിനായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.
16 ഇപ്പോള്‍ മുതല്‍ ആരെപ്പറ്റിയും ലൌകീകര്‍ ചിന്തിക്കുന്നതു പോലെ ഞങ്ങള്‍ ചിന്തിക്കുകയില്ല. മുമ്പ് ഞങ്ങള്‍ ക്രിസ്തുവിനെപ്പറ്റി ഈ വഴിയില്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങളങ്ങനെ ചിന്തിക്കില്ല.
17 ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടിയാകുന്നു. പഴയതെല്ലാം മാറിയിരിക്കുന്നു. എല്ലാം പുതുതാക്കപ്പെട്ടിരിക്കുന്നു.
18 ഈയുള്ളതെല്ലാം ദൈവത്തില്‍ നിന്നാണ്. ദൈവം ക്രിസ്തുവിലൂടെ അവനേയും നമ്മേയും അനുരജ്ഞിപ്പിച്ചു. ജനങ്ങളെ അവനോട് അനുരജ്ഞിപ്പിക്കുന്ന വേല ദൈവം ഞങ്ങള്‍ക്കു തരികയും ചെയ്തു.
19 മനുഷ്യരാശിയ്ക്കും തനിക്കുമിടയില്‍ സമാധാനം സ്ഥാപിച്ചുകൊണ്ട് ദൈവം ക്രിസ്തുവില്‍ ഉണ്ടായിരുന്നെന്നാണ് ഞാന്‍ സൂചിപ്പിക്കുന്നത്. മനുഷ്യരുടെ പാപങ്ങള്‍ അവര്‍ക്കെതിരായി കണക്കിലെഴുതാതെ ക്രിസ്തുവില്‍ ജീവിക്കുന്നവരെ ദൈവം പാപവിമുക്തരാക്കുന്നു. ജനങ്ങള്‍ക്ക് ഈ സമാധാനസന്ദേശം എത്തിക്കാന്‍ അവന്‍ ഞങ്ങളെ നിയോഗിച്ചു.
20 അതുകൊണ്ടു ക്രിസ്തുവിനുവേണ്ടി പ്രസംഗിക്കാന്‍ ഞങ്ങള്‍ അയക്കപ്പെട്ടിരിക്കുന്നു. അത് ദൈവം ഞങ്ങളിലൂടെ ജനങ്ങളെ വിളിക്കുന്നതുപോലെയായിരുന്നു. നിങ്ങള്‍ ദൈവവുമായി സമാധാനത്തില്‍ കഴിയണമെന്ന് നിങ്ങളോട് അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ ക്രിസ്തുവിന്‍റെ പേരില്‍ സംസാരിക്കുകയാണ്.
21 ക്രിസ്തുവില്‍ പാപമില്ലായിരുന്നു. എന്നാല്‍ ദൈവം അവനെ ഞങ്ങളെപ്രതി പാപമാക്കി. ദൈവസമക്ഷം ഞങ്ങള്‍ ക്രിസ്തുവില്‍ നീതീകരിക്കപ്പെടുന്നതിനാണ് അവന്‍ ഇങ്ങനെ ചെയ്തത്.