15
1 ഞാന്‍ നിങ്ങളോടു പറഞ്ഞ സുവിശേഷത്തെപ്പറ്റി സഹോദരീ സഹോദരന്മാരേ, നിങ്ങളെ ഇപ്പോള്‍ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ ഈ സന്ദേശം സ്വീകരിക്കുകയും അതില്‍ മുറുകെ പിടിയ്ക്കുകയും ചെയ്യുന്നു.
2 നിങ്ങള്‍ ഈ സന്ദേശത്താല്‍ രക്ഷിക്കപ്പെട്ടു. പക്ഷേ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ നിങ്ങള്‍ തുടര്‍ന്നും വിശ്വാസം പുലര്‍ത്തണം. അല്ലാത്ത പക്ഷം നിങ്ങളുടെ വിശുദ്ധ സുവിശേഷ സ്വീകാര്യം വെറുതെയാകും.
3 ഞാന്‍ സ്വീകരിച്ച സന്ദേശം ഞാന്‍ നിങ്ങള്‍ക്കു നല്‍കി. ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ ഞാന്‍ നിങ്ങളോടു പറഞ്ഞു: അതായത്, ക്രിസ്തു തിരുവെഴുത്തുകളില്‍ പറയുന്നതുപോലെ നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി മരിച്ചു.
4 തിരുവെഴുത്തുകളില്‍ പറയുമ്പോലെ ക്രിസ്തു അടക്കപ്പെടുകയും മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തു.
5 ക്രിസ്തു പത്രൊസിനും പിന്നീട് പന്ത്രണ്ട് അപ്പൊസ്തലന്മാര്‍ക്കും പ്രത്യക്ഷനായി.
6 അതിനുശേഷം ക്രിസ്തു ഒരേ സമയം അഞ്ഞൂറിലധികം സഹോദരന്മാര്‍ക്കു പ്രത്യക്ഷനായി. ആ സഹോദരന്മാരില്‍ അധികം പേരും ഇന്നും ജീവിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ മരിച്ചു.
7 അനന്തരം ക്രിസ്തു യാക്കോബിനും പിന്നീട് എല്ലാ അപ്പൊസ്തലന്മാര്‍ക്കും വീണ്ടും പ്രത്യക്ഷനായി.
8 ഒടുവില്‍, സമയത്തിനു മുമ്പു ജനിച്ച ശിശുവിനെപ്പോലെ വ്യത്യസ്തനായിരുന്ന എനിക്കും ക്രിസ്തു സ്വയം കാണിച്ചു തന്നു.
9 മറ്റെല്ലാ അപ്പൊസ്തലന്മാരും എന്നെക്കാള്‍ ശ്രേഷ്ഠരാണ്. കാരണം ഞാന്‍ ദൈവത്തിന്‍റെ സഭയെ ഉപദ്രവിച്ചു. അതുകൊണ്ടാണ് അപ്പൊസ്തലന്‍ എന്നു വിളിക്കപ്പെടാന്‍ പോലും ഞാന്‍ യോഗ്യനല്ലാതായത്.
10 പക്ഷേ ദൈവകൃപയാല്‍ ഞാന്‍ അപ്പൊസ്തലനായി. അവന്‍ എനിക്കു നല്‍കിയ കൃപ നഷ്ടപ്പെടുത്തുകയുണ്ടായില്ല. മറ്റെല്ലാ അപ്പൊസ്തലന്മാരെക്കാളും ഞാന്‍ കഠിനാദ്ധ്വാനം ചെയ്തു. എന്നാല്‍ ഞാനായിരുന്നില്ല യഥാര്‍ത്ഥത്തില്‍ അദ്ധ്വാനിച്ചിരുന്നത്. ദൈവകൃപ എന്നോടൊപ്പം ഉണ്ടായിരുന്നു.
11 അതുകൊണ്ട് ഞാന്‍ നിങ്ങളോടു പ്രസംഗിച്ചുവോ മറ്റ് അപ്പൊസ്തലന്മാര്‍ പ്രസംഗിച്ചുവോ എന്നതു പ്രധാനമല്ല. ഞങ്ങളെല്ലാം ഒരേ സംഗതിയാണു പ്രസംഗിച്ചത്. നിങ്ങള്‍ വിശ്വസിച്ചതും ഇതു തന്നെ.
12 ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നു പ്രസംഗിക്കുന്നു. പിന്നെന്താണ് മരണത്തില്‍ നിന്നാരും ഉയിര്‍ത്തെഴുന്നേല്‍ക്കില്ലെന്നു നിങ്ങളില്‍ ചിലര്‍ പറയുന്നത്?
13 ആളുകള്‍ ഒരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയില്ലെങ്കില്‍ ക്രിസ്തു ഒരിക്കലും ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ടാവില്ല.
14 ക്രിസ്തു ഒരിക്കലും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല എന്നാണെങ്കില്‍ ഞങ്ങളുടെ പ്രസംഗങ്ങള്‍ നിരര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും അര്‍ത്ഥരഹിതമാണ്.
15 ദൈവത്തെപ്പറ്റി കള്ളസാക്ഷ്യം പറയുന്നതിനാല്‍ ഞങ്ങള്‍ കുറ്റക്കാരുമാകും. എന്തെന്നോ? ദൈവം ക്രിസ്തുവിനെ ഉയിര്‍ത്തെഴുന്നേല്പിച്ചു എന്ന് ഞങ്ങള്‍ ദൈവത്തെപ്പറ്റി തെറ്റായി പ്രസംഗിച്ചു. മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കില്ല എന്നാണെങ്കില്‍ ദൈവം ക്രിസ്തുവിനെ ഒരിക്കലും ഉയിര്‍ത്തെഴുന്നേല്പിച്ചിട്ടില്ല.
16 മരിച്ചവര്‍ ഉയിര്‍ത്തപ്പെട്ടില്ലെങ്കില്‍ ക്രിസ്തുവും ഒരിക്കലും ഉയിര്‍ക്കപ്പെട്ടിട്ടില്ല.
17 ക്രിസ്തു ഉയിര്‍ത്തപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം അര്‍ത്ഥരഹിതമാണ്. നിങ്ങള്‍ ഇപ്പോഴും നിങ്ങളുടെ പാപങ്ങളാല്‍ കുറ്റക്കാരാണ്.
18 ക്രിസ്തുവിലായിരിക്കുന്ന മരിച്ചവര്‍ നഷ്ടപ്പെടുകയും ചെയ്തു.
19 ക്രിസ്തുവിലുള്ള നമ്മുടെ പ്രതീക്ഷ ഈ ഭൂമിയിലെ ജീവിതത്തില്‍ മാത്രമാണെങ്കില്‍ മറ്റുള്ള ആരെയുംകാളും ഞങ്ങളോട് ജനങ്ങള്‍ക്കു സഹതാപം തോന്നും.
20 എന്നാല്‍ ക്രിസ്തു മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്പിക്കപ്പെട്ടു-മരണത്തില്‍ ഉറങ്ങിക്കിടന്ന വിശ്വാസികളില്‍ നിന്ന് ആദ്യമായി.
21 ഒരു മനുഷ്യന്‍റെ പ്രവൃത്തി മൂലം മനുഷ്യന് മരണം സംഭവിക്കുന്നു. എന്നാല്‍ ഒരു മനുഷ്യന്‍ മൂലം മരണത്തില്‍നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പും സംഭവിക്കുന്നു.
22 ആദാമില്‍ നാമെല്ലാവരും മരിക്കുന്നു. അതുപോലെ, ക്രിസ്തുവില്‍ നമ്മളെല്ലാം വീണ്ടും ജീവിപ്പിക്കപ്പെടും.
23 പക്ഷേ എല്ലാവരും ശരിയായ ക്രമത്തില്‍ ജീവിതത്തിലേക്ക് ഉയര്‍ത്തപ്പെടും. ക്രിസ്തുവായിരുന്നു ആദ്യത്തെയാള്‍. ക്രിസ്തു വീണ്ടും വരുമ്പോള്‍, ക്രിസ്തുവിന്‍റെ ജനതയും ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടും.
24 അപ്പോള്‍ അവസാനവും വരും. എല്ലാ ഭരണാധിപന്മാരെയും അധികാരികളെയും ശക്തികളെയും ക്രിസ്തു നശിപ്പിക്കും. അനന്തരം ക്രിസ്തു പിതാവായ ദൈവത്തിനു രാജ്യം സമര്‍പ്പിക്കും.
25 എല്ലാ ശത്രുക്കളെയും ദൈവം തന്‍റെ നിയന്ത്രണത്തിലാക്കുവോളം ക്രിസ്തു ഭരിക്കണം.
26 നശിപ്പിക്കപ്പെടേണ്ട അവസാന ശത്രു മരണമാകുന്നു.
27 തിരുവെഴുത്തു പറയുന്നു,
“ദൈവം എല്ലാറ്റിനെയും അവന്‍റെ നിയന്ത്രണത്തിന്‍ കീഴിലാക്കി.
“എല്ലാറ്റിനേയും” എന്നു പറയുമ്പോള്‍ അതില്‍ ദൈവം വരില്ലെന്നു വ്യക്തമാണ്. ദൈവമാണ് എല്ലാറ്റിനേയും ക്രിസ്തുവിന്‍റെ നിയന്ത്രണത്തിലാക്കുന്നവന്‍.
28 എല്ലാം ക്രിസ്തുവിന്‍റെ കീഴിലായിക്കഴിയുമ്പോള്‍ പുത്രന്‍ സ്വയം ദൈവത്തിന്‍ കീഴിലാകും. ദൈവമാണ് എല്ലാറ്റിനേയും ക്രിസ്തുവിന്‍റെ കീഴിലാക്കിയത്. ദൈവം പൂര്‍ണ്ണമായും എല്ലാറ്റിനേയും ഭരിക്കുന്നതാകയാല്‍ ക്രിസ്തുവും ദൈവത്തിന്‍ കീഴിലാക്കപ്പെടും.
29 മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്പിക്കപ്പെടുന്നില്ലെങ്കില്‍ പിന്നെ മരിച്ചവര്‍ക്കു വേണ്ടി സ്നാനപ്പെട്ടവര്‍ എന്തു ചെയ്യും? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുകയില്ലെങ്കില്‍ പിന്നെ എന്തിന് അവര്‍ക്കു വേണ്ടി സ്നാനപ്പെടുന്നു?
30 നാം തന്നെ എന്തിന് എല്ലായ്പ്പോഴും അപകടത്തില്‍പെട്ടു കിടക്കണം?
31 ഞാന്‍ എന്നും മരിക്കുന്നു. അതു സത്യമാണ്, സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ ഞാന്‍ നിങ്ങളെച്ചൊല്ലി അഭിമാനിക്കുന്നപോലെ സത്യമാണ്.
32 എഫെസൊസില്‍ വച്ച് മാനുഷികമായ കരങ്ങളാല്‍ ഞാന്‍ വന്യജീവികളുമായി എന്‍റെ അഭിമാനത്തിനു വേണ്ടി മാത്രം ഏറ്റുമുട്ടി ഞാന്‍ ഒന്നും തന്നെ നേടിയില്ല. മനുഷ്യര്‍ മരണത്തില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ “നാളെ നമ്മള്‍ മരിക്കുമെന്നതിനാല്‍ നമുക്കു തിന്നുകയും കുടിക്കുകയും ചെയ്യാം.
33 വിഡ്ഢികളാക്കപ്പെടരുത്: “
ചീത്തക്കൂട്ടുകാര്‍ നല്ല ശീലങ്ങളെ നശിപ്പിക്കുന്നു.”
34 നിങ്ങളുടെ ശരിയായ ചിന്തയിലേക്കു മടങ്ങിവരികയും പാപം ചെയ്യുന്നത് അവസാനിപ്പിക്കുകയും ചെയ്യുക. നിങ്ങളില്‍ ചിലര്‍ ദൈവത്തെ അറിയുന്നില്ല. അതു നാണക്കേടു തന്നെ എന്നു ഞാന്‍ പറയുന്നു.
35 പക്ഷേ ചിലര്‍ ചോദിച്ചേക്കാം,
“എങ്ങനെയാണ് മരിച്ചവര്‍ ഉയിര്‍ക്കപ്പെട്ടത്? ഏതുതരം ശരീരമാണവര്‍ക്കുണ്ടാകുക?”
36 അതൊക്കെ മണ്ടന്‍ ചോദ്യങ്ങളാണ്. നിങ്ങള്‍ വിത്തു നടുമ്പോള്‍ അതു മുളച്ചുവരും മുമ്പ് മണ്ണില്‍ മരിക്കണം.
37 നിങ്ങള്‍ നടുന്ന വിത്തിന് പിന്നീട് അതേ ശരീരമായിരിക്കില്ല ഉണ്ടാവുക. നിങ്ങള്‍ നടുന്നത് ഒരു വിത്തു മാത്രം. അതു ഗോതമ്പോ മറ്റെന്തു വേണമെങ്കിലും ആകാം.
38 പക്ഷേ ദൈവം ആലോചിച്ചുറച്ച ഒരു രൂപം അതിനു നല്‍കും. ദൈവം ഓരോ വിത്തിനും ഓരോ ശരീരവും നല്‍കുന്നു.
39 എല്ലാ ശരീരവും ഒരുപോലെയല്ല. മുനുഷ്യന് ഒരുതരം “ശരീരം,”
മൃഗങ്ങള്‍ക്കു മറ്റൊരു ശരീരം, പക്ഷികള്‍ക്കു വേറൊന്ന്, മത്സ്യങ്ങള്‍ക്കും വ്യത്യസ്തമായ ശരീരം.
40 സ്വര്‍ഗ്ഗീയ ശരീരങ്ങളും ഭൌമീക ശരീരങ്ങളുമുണ്ട്. പക്ഷേ സ്വര്‍ഗ്ഗീയ ശരീരങ്ങളുടെ തേജസ്സു ഒരു തരം. ഭൌമിക ശരീരങ്ങളുടെ തേജസ്സ് മറ്റൊരുതരം.
41 സൂര്യന് ഒരുതരം തേജസ്സ്, ചന്ദ്രന് മറ്റൊരു തരം, നക്ഷത്രങ്ങള്‍ക്ക് വേറൊരു തരം, ഓരോ നക്ഷത്രവും തേജസ്സില്‍ വ്യത്യസ്തങ്ങളാണ്.
42 മരണത്തില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ടവരുടെ കാര്യവും അങ്ങനെ തന്നെ.
“നടപ്പെട്ട” ശരീരം നശിച്ച് അഴുകും. ആ ശരീരം അനശ്വരതയിലേക്ക് ഉയര്‍ത്തപ്പെടും.
43 ഒരു ശരീരം “നടുമ്പോള്‍” അപമാനത്തിലാണു നടുക. പക്ഷേ അതുയിര്‍ക്കുമ്പോള്‍ മഹത്വത്തോടെയും. ശരീരം “നടുമ്പോള്‍” അതു ദുര്‍ബ്ബലം. എന്നാല്‍ ഉയിര്‍ക്കുമ്പോള്‍ അതിനു ശക്തിയുണ്ടാകും.
44 “നട്ട” ശരീരം ഭൌതിക ശരീരമാണ്. ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അതു ആത്മീയ ശരീരമാകും. ഭൌതിക ശരീരമുള്ളതിനാല്‍ ആത്മീയ ശരീരവുമുണ്ട്.
45 തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.
“ആദ്യത്തെ മനുഷ്യന്‍ ആദാം ഒരു ദേഹിയായി” പക്ഷേ അവസാനത്തെ ആദാം (ക്രിസ്തു) ജീവന്‍ നല്‍കുന്ന ആത്മാവായി.
46 ആത്മീയ മനുഷ്യന്‍ ആദ്യം വന്നില്ല. ആദ്യം വന്നത് ഭൌതിക മനുഷ്യനാണ്; പിന്നീട് ആത്മീയ മനുഷ്യനും.
47 ആദ്യമനുഷ്യന്‍ ഭൂമിയിലെ പൊടിയില്‍നിന്നും വന്നു. രണ്ടാമന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും വന്നു.
48 ജനങ്ങള്‍ ഭൂമിയുടേതാണ്. അവര്‍ ഭൂമിയുടെ ആദ്യ മനുഷ്യനെപ്പോലെയാണ്. എന്നാല്‍ സ്വര്‍ഗ്ഗത്തിന്‍റെ ആളുകള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും വന്നവനെപ്പോലെയാകുന്നു.
49 നമ്മള്‍ ആ ഭൌമ മനുഷ്യനെപ്പോലെ ഉണ്ടാക്കപ്പെട്ടവരാണ്. അതുകൊണ്ട് നമ്മളും ആ സ്വര്‍ഗ്ഗീയ മനുഷ്യനെപ്പോലെ ആക്കപ്പെടും.
50 ഞാന്‍ നിങ്ങളോടിതു പറയുന്നു, സഹോദരീ സഹോദരന്മാരേ, മാംസത്തിനും രക്തത്തിനും ദൈവരാജ്യത്തില്‍ പങ്കു കിട്ടുകയില്ല. അനശ്വരമായതില്‍ നശ്വരമായവയ്ക്ക് പൈതൃകാവകാശമൊന്നും കിട്ടുകയില്ല.
51 പക്ഷേ ശ്രദ്ധിക്കൂ, ഞാന്‍ നിങ്ങളോട് ഈ രഹസ്യം പറയുന്നു: നമ്മള്‍ എല്ലാവരും മരിക്കയില്ല, പക്ഷേ നമ്മള്‍ക്കെല്ലാവര്‍ക്കും മാറ്റമുണ്ടാകും.
52 അതിന് ഒരു നിമിഷം മാത്രമേ വേണ്ടൂ. ഒന്നു കണ്ണു ചിമ്മുന്നത്ര വേഗത്തില്‍ നമ്മള്‍ മാറ്റപ്പെടും. അവസാനത്തെ കാഹളം മുഴങ്ങുമ്പോള്‍, അതു സംഭവിക്കും. മരിച്ച വിശ്വാസികള്‍ ജീവിതത്തിന്‍റെ അനശ്വരതയിലേക്കയുര്‍ത്തപ്പെടും. നമ്മളെല്ലാവരും മാറ്റപ്പെടും.
53 നശ്വരമായ ഈ ശരീരം അനശ്വരതയാല്‍ ആവരണം ചെയ്യപ്പെടണം. മരിക്കുന്ന ഈ ശരീരം അനശ്വരമായ എന്തെങ്കിലും ധരിക്കണം.
54 അതുകൊണ്ട് നശിക്കുന്ന ഈ ശരീരം സ്വയം അനശ്വരമായതു ധരിക്കും. മരിക്കുന്ന ഈ ശരീരം മരിക്കാത്തതും ധരിക്കും. അതു സംഭവിക്കുമ്പോള്‍ തിരുവെഴുത്തിലെ ഈ വചനങ്ങള്‍ യാഥാര്‍ത്ഥ്യമാകും: “
മരണത്തെ വിജയം വിഴുങ്ങി.”
55 “മരണമേ, എവിടെയാണു നിന്‍റെ വിജയം? പാതാളമേ മുറിവേല്പിക്കാനുള്ള നിന്‍റെ ശക്തിയെവിടെ?
56 മുറിവേല്പിക്കാനുള്ള മരണത്തിന്‍റെ ശക്തി പാപമാണ്. ന്യായപ്രമാണമാണ് പാപത്തിന്‍റെ ശക്തി.
57 പക്ഷേ ദൈവത്തിനു നാം നന്ദി പറയുക! നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിലൂടെ അവന്‍ നമുക്കു വിജയം നല്‍കുന്നു.
58 അതുകൊണ്ട്, എന്‍റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാരേ, ശക്തരായിരിക്കുക. നിങ്ങളെ മാറ്റാന്‍ ഒന്നിനെയും അനുവദിക്കാതിരിക്കുക. എപ്പോഴും കര്‍ത്താവിന്‍റെ ജോലിയില്‍ നിങ്ങളെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പിക്കുക. കര്‍ത്താവിലുള്ള നിങ്ങളുടെ ജോലി ഒരിക്കലും വ്യര്‍ത്ഥമല്ലെന്നു നിങ്ങള്‍ക്കറിയാം.