12
1 അതുകൊണ്ട് സഹോദരങ്ങളേ, എന്തെങ്കിലും ചെയ്യുവാന്‍ ഞാന്‍ നിങ്ങളോടഭ്യര്‍ത്ഥിക്കുന്നു. ദൈവം നമ്മോടു വലിയ കരുണ കാണിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങളെ ജീവിക്കുന്ന യാഗമായി ദൈവത്തിനര്‍പ്പിക്കൂ. നിങ്ങളുടെ അര്‍പ്പണം ദൈവത്തിനുമാത്രമുളളതും, അവനെ പ്രീതിപ്പെടുത്തുന്നതുമാകട്ടെ. നിങ്ങളുടെ ഈ സമര്‍പ്പണം ആണ് ദൈവത്തെ ആരാധിക്കുവാനുളള ആദ്ധ്യാത്മികവഴി.
2 ഇനിയങ്ങോട്ടു ഈ ലോകത്തിലെ ജനതയുടെ വഴി അവലംബിക്കാതിരിക്കുക. പക്ഷേ ഒരു പുതിയ ചിന്താമാര്‍ഗ്ഗത്തിലൂടെ ഉളളില്‍ സ്വയം മാറുക. അപ്പോള്‍ നിങ്ങള്‍ക്ക് നല്ലതും ദൈവത്തിനു ഹിതകരവും പൂര്‍ണ്ണവും ആയ കാര്യങ്ങള്‍ തെളിയിക്കുവാനും സ്വീകരിക്കുവാനും സാധിക്കും.
3 ദൈവം എനിക്കൊരു പ്രത്യേക വരം തന്നു. അതുകൊണ്ടാണ് നിങ്ങളിലോരോരുത്തരോടും എനിക്കെന്തെങ്കിലും പറയുവാനുണ്ടായത്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആയിരിക്കുന്നതിനെക്കാള്‍ മെച്ചമാണ് എന്നു നിങ്ങള്‍ വിചാരിക്കരുത്. ദൈവം നിങ്ങള്‍ക്ക് തന്ന വിശ്വാസത്തിന്‍റെ തരത്തില്‍ നിങ്ങള്‍ ആരാണെന്ന് തീരുമാനിക്കുക.
4 നമുക്കോരോരുത്തര്‍ക്കും ഒരു ശരീരവും അതിന് പലഭാഗങ്ങളും ഉണ്ട്. ഈ ഭാഗങ്ങളെല്ലാം ഒരേ പ്രവൃത്തിയല്ല ചെയ്യുന്നത്.
5 അതുപോലെ നമ്മള്‍ എല്ലാം പലരെങ്കിലും ക്രിസ്തുവില്‍ ഏകശരീരമാണ്. ആ ശരീരത്തിന്‍റെ ഭാഗങ്ങളാണ് നാം ഓരോരുത്തരും. ശരീരത്തിന്‍റെ ഒരു ഭാഗം മറ്റെല്ലാഭാഗങ്ങള്‍ക്കും കൂടി ഉളളതാണ്.
6 നമുക്കെല്ലാം വിവിധങ്ങളായ ദാനങ്ങളുണ്ട്. ദൈവത്തിനു നമ്മോടുളള കരുണയനുസരിച്ച് ഓരോ ദാനവും നമുക്കു കിട്ടി. ഒരുവന് പ്രവചനവരം കിട്ടിയെങ്കില്‍ അത് അവനുളള വിശ്വാസംകൊണ്ട് ഉപയോഗിക്കണം.
7 സേവനത്തിനുളള വരമാണ് ഒരുവനു കിട്ടിയതെങ്കില്‍ അവന്‍ സേവനമര്‍പ്പിക്കണം. ഉപദേശിക്കാനുളള വരമാണ് അതെങ്കില്‍ അപ്പോള്‍ അവന്‍ ഉപദേശിക്കണം.
8 സമാശ്വസിപ്പിക്കാനുളള വരമാണെങ്കില്‍ അവന്‍ ആശ്വസിപ്പിക്കണം. കൊടുക്കുവാനുളള വരമാണെങ്കില്‍ ഔദാര്യമായി കൊടുക്കണം. നേതൃത്വം നല്‍കാനുളള വരമാണെങ്കില്‍ ഉത്സാഹത്തോടെ ചെയ്യണം. കരുണ ചെയ്യാനുളള വരമാണെങ്കില്‍ സന്തോഷത്തോടെയും വേണം.
9 നിങ്ങളുടെ സ്നേഹം സത്യമാകണം
10 ദുഷ്ടമായതിനെ വെറുക്കണം. നല്ലതു മാത്രമേ ചെയ്യാവൂ. സഹോദരീ സഹോദരന്മാരെന്നു അനുഭവവേദ്യമാകുന്ന തരത്തില്‍ നിങ്ങള്‍ പരസ്പരം സ്നേഹിക്കണം. നിങ്ങള്‍ക്കു ലഭിക്കണമെന്നു കരുതുന്നതിലേറെ ബഹുമാനം നിങ്ങളുടെ സഹോദരീ സഹോദരന്മാര്‍ക്കു നിങ്ങള്‍ കൊടുക്കണം.
11 കര്‍ത്താവിനായി പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ നിങ്ങള്‍ മടി കാണിക്കരുത്. അവനെ ശുശ്രൂഷിക്കുമ്പോള്‍ ആത്മീയ ഹര്‍ഷത്തില്‍ നിങ്ങള്‍ മുഴുകുക.
12 നിങ്ങള്‍ക്കു പ്രതീക്ഷയുളളതു കൊണ്ട് നിങ്ങള്‍ സന്തോഷമുളളവരാകുക. നിങ്ങള്‍ക്ക് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ സമചിത്തത കാക്കുക.
13 എപ്പോഴും പ്രാര്‍ത്ഥിക്കുക. സഹായം ആവശ്യമുളള ദൈവജനത്തിനായി പങ്കുവയ്ക്കുക. സഹായമാവശ്യമുളളവര്‍ക്കായി തിരയുകയും അവരെ നിങ്ങളുടെ വീട്ടിലേക്ക് സ്വാഗതവും ചെയ്യുക.
14 നിങ്ങളോട് ചീത്തകാര്യങ്ങള്‍ ചെയ്യുന്നവരോട് നല്ല കാര്യങ്ങളേ പറയാവൂ. അവരോട് സല്‍ക്കാര്യങ്ങള്‍ പറയുക. അല്ലാതെ ശപിക്കരുത്.
15 അന്യര്‍ സന്തോഷിക്കുമ്പോള്‍ നിങ്ങളും അവരോടൊപ്പം സന്തോഷിക്കണം. അന്യര്‍ ദുഃഖിക്കുമ്പോള്‍ അവരോടുകൂടി ദുഃഖിക്കുക.
16 പരസ്പരം സമാധാനത്തില്‍ ജീവിക്കുക. അഹങ്കരിക്കരുത്. അന്യര്‍ പ്രാധാന്യം കൊടുക്കാത്ത ആളുകള്‍ക്ക് സുഹൃത്താകുവാന്‍ സന്നദ്ധനാകുക.
17 ദുരഭിമാനിയാകരുത്. ഒരുവന്‍ നിന്നോടു തെറ്റു ചെയ്താല്‍, അവനോടു തെറ്റു ചെയ്തുകൊണ്ട് തിരിച്ചടിക്കരുത്. നല്ലതും മൂല്യമുളളതുമെന്ന് എല്ലാവരും കരുതുന്ന കാര്യങ്ങള്‍ ചെയ്യാന്‍ എല്ലായ്പ്പോഴും ശ്രമിക്കുക.
18 എല്ലാവരുമായി സമാധാനത്തില്‍ ജീവിക്കുവാന്‍ നിങ്ങളുടെ ഭാഗത്തുനിന്നും കഴിയാവുന്നതെല്ലാം ചെയ്യുക.
19 എന്‍റെ സുഹൃത്തുക്കളേ, നിങ്ങളോടു തെറ്റു ചെയ്യുന്നവരെ, ശിക്ഷിക്കുവാന്‍ തുനിയരുത്. ദൈവം തന്‍റെ കോപം കൊണ്ട് അവരെ ശിക്ഷിക്കുന്നതിനായി കാത്തിരിക്കുക.
“ഞാനാണ് ശിക്ഷിക്കുന്നവന്‍ ഞാന്‍ ജനങ്ങള്‍ക്കു തിരിച്ചടി നല്‍കും”. എന്നു കര്‍ത്താവ് പറഞ്ഞതായി എഴുതിയിട്ടുണ്ട്.
20 എന്നാല്‍ നിങ്ങളിതു ചെയ്യണം.
“നിന്‍റെ ശത്രുവിനു വിശക്കുന്നുവെങ്കില്‍ അവന് ആഹാരം കൊടുക്കുകയും, ദാഹിക്കുന്നുവെങ്കില്‍, കുടിക്കുവാന്‍ കൊടുക്കുകയും വേണം. ഇപ്രകാരം അവനെ നിങ്ങള്‍ ലജ്ജിതനാക്കണം”.
21 നിങ്ങളെ കീഴടക്കുവാന്‍ ദുഷ്ടതയെ അനുവദിക്കരുത്. നിങ്ങള്‍ സദ്പ്രവൃത്തികള്‍ ചെയ്തു ദുഷ്ടതയെ കീഴടക്കണം.