11
1 അപ്പോള്‍ ഞാന്‍ ചോദിക്കട്ടെ,
“ദൈവം തന്‍റെ ജനത്തെ ഉപേക്ഷിച്ചു എന്നോ?”
ഇല്ല, ഞാന്‍ തന്നെ ഒരു യിസ്രായേല്‍ക്കാരനാണ്. ഞാന്‍ അബ്രാഹാമിന്‍റെ സന്തതി പരമ്പരയില്‍പെട്ടവനും ബെന്യാമീന്‍റെ ഗോത്രത്തില്‍പ്പെട്ടവനുമാണ്.
2 ജനിക്കുന്നതിനു മുമ്പു തന്നെ യിസ്രായേല്‍ക്കാര്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടു. അവരെ ദൈവം കൈവെടിഞ്ഞില്ല. തിരുവെഴുത്തുകളില്‍ ഏലീയാവിനെക്കുറിച്ചു പറയുന്നതെന്താണെന്നു നിങ്ങള്‍ക്കു തീര്‍ച്ചയായും അറിയാം. അയാള്‍ യിസ്രായേല്‍ക്കാര്‍ക്ക് എതിരായി ദൈവത്തോടു പ്രാര്‍ത്ഥിച്ചതിനെക്കറിച്ചാണ് തിരുവെഴുത്തുകളില്‍ പറയുന്നത്.
3 ഏലീയാവ് പറഞ്ഞു: “
കര്‍ത്താവേ, ജനം നിന്‍റെ പ്രവാചകരെ വധിക്കുകയും നിന്‍റെ യാഗപീഠങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ജീവിച്ചിരിക്കുന്ന ഏകപ്രവാചകനായ എന്നെയും ഇപ്പോള്‍ അവര്‍ കൊല്ലാന്‍ ശ്രമിക്കുന്നു.”
4 എന്നാല്‍ എന്തു മറുപടിയാണ് ദൈവം ഏലീയാവിന് നല്‍കിയത്? ദൈവം പറഞ്ഞു: “
എന്നെ ആരാധിക്കുന്ന ഏഴായിരം പേരെ ഞാന്‍ ഇപ്പോഴും എനിക്കായി കാത്തിട്ടുണ്ട്. ഈ ഏഴായിരം പേരും ബാലിനു മുന്നില്‍ മുട്ടുമടക്കിയിട്ടില്ല”.
5 ഇക്കാലത്തും അങ്ങനെ തന്നെ. ദൈവം തന്‍റെ കൃപയാല്‍ തിരഞ്ഞെടുത്ത കുറച്ചു പേരുണ്ട്.
6 ദൈവം തന്‍റെ ജനത്തെ തിരഞ്ഞെടുക്കുന്നത് തന്‍റെ കൃപ കൊണ്ടാണെങ്കില്‍, അവരുടെ പ്രവൃത്തികളല്ല അവരെ ദൈവത്തിന്‍റെ ജനമാക്കിയത്. സ്വന്തം പ്രവൃത്തികള്‍ അവരെ ദൈവമക്കളാക്കുമെങ്കില്‍ ദൈവത്തിന്‍റെ കൃപാദാനം യഥാര്‍ത്ഥ ദാനമാകയില്ല.
7 അതുകൊണ്ട് സംഭവിച്ചതിതാണ്: യിസ്രായേലിലെ ജനങ്ങള്‍ ദൈവസമക്ഷം നീതീകരിക്കപ്പെടുവാന്‍ ശ്രമിച്ചു. പക്ഷെ വിജയിച്ചില്ല. എന്നാല്‍, ദൈവം തിരഞ്ഞെടുത്തവര്‍ അവന്‍റെ മുമ്പാകെ നീതീകരിക്കപ്പെടുകയും ചെയ്തു. മറ്റുളളവര്‍ കഠിനഹൃദയരാകുകയും ദൈവത്തില്‍ ശ്രദ്ധിക്കാന്‍ വിസ്സമ്മതിക്കുകയും ചെയ്തു.
8 തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നതുപോലെ: “
ദൈവം അവര്‍ക്കു ഗാഢനിദ്ര കൊടുത്തു.”
“കാണാത്ത കണ്ണും, കേള്‍ക്കാത്ത ചെവിയും നല്‍കി.”
9 ദാവീദു പറയുന്നു: “
അവരുടെ സദ്യകള്‍ ഒരു കുരുക്കും കെണിയും ആകട്ടെ. അവരുടെ വീഴ്ചയാല്‍ ശിക്ഷ അനുഭവിക്കട്ടെ.
10 അവരുടെ കണ്ണുകള്‍ കാഴ്ചയില്ലാതിരിക്കത്തക്കവിധം അന്ധമാകുകയും പ്രശ്നഭാരം നിമിത്തം അവരുടെ നടുവ് എന്നേക്കുമായി വളഞ്ഞുപോകുകയും ചെയ്യട്ടെ.”
11 അതുകൊണ്ടു ഞാന്‍ ചോദിക്കുന്നു,
“യെഹൂദര്‍ വീണപ്പേള്‍, ആ വീഴ്ച അവരെ നശിപ്പിച്ചുവോ?”
ഇല്ല! പക്ഷേ അവരുടെ തെറ്റ് ജാതികള്‍ക്ക് രക്ഷ കൊണ്ടുവന്നു. യെഹൂദരെ അസൂയാലുക്കളാക്കുവാനാണ് ഇതു സംഭവിച്ചത്.
12 യെഹൂദരുടെ തെറ്റ് വിലയേറിയ അനുഗ്രഹങ്ങളെ ലോകത്തിലേക്ക് കൊണ്ടുവന്നു. യെഹൂദര്‍ക്ക് നഷ്ടപ്പെട്ടതെന്തോ അത് ജാതികള്‍ക്ക് മൂല്യവത്തായ അനുഗ്രഹങ്ങള്‍ കൊണ്ടുവന്നു. യെഹൂദര്‍ വേണ്ടുവോളം ദൈവം കാംക്ഷിക്കുന്ന രീതിയിലാകുമ്പോള്‍ ഏറെ മൂല്യമുളള അനുഗ്രഹങ്ങള്‍ ലോകത്തിനു തീര്‍ച്ചയായും കിട്ടും.
13 ഞാനിപ്പോള്‍, ജാതികളായ നിങ്ങളോടാണ് സംസാരിക്കുന്നത്. ഞാന്‍ ജാതികളുടെ അപ്പൊസ്തലനാണ്. അതിനാല്‍ ഞാന്‍ ശുശ്രൂഷ ചെയ്യുമ്പോള്‍ എനിക്കു ചെയ്യാവുന്നതില്‍ ഏറ്റവും നല്ലത് ഞാന്‍ ചെയ്യും.
14 എന്‍റെ സ്വന്തം ജനമായ യെഹൂദരെത്തന്നെയും അസൂയാലുക്കളാക്കാമെന്നു ഞാന്‍ ആശിക്കുന്നു. അങ്ങനെയെങ്കിലും കുറച്ചുപേരെ രക്ഷിക്കാന്‍ എനിക്കാവുമെന്ന് കരുതുന്നു.
15 ദൈവത്തിന്‍റെ യെഹൂദ തിരസ്കരണം ലോകത്തിന് ദൈവത്തോടുളള നിരപ്പാണ് അര്‍ത്ഥമാക്കുന്നതെങ്കില്‍ യെഹൂദ സ്വീകരണം മരണത്തില്‍ നിന്നുളള ജീവനെ അല്ലാതെ മറ്റെന്താണ് അര്‍ത്ഥമാക്കുക?
16 നിങ്ങളുടെ അപ്പത്തിന്‍റെ ആദ്യ ഭാഗം ദൈവത്തിനുളള വിശുദ്ധമായ അര്‍ച്ചന ആണെങ്കില്‍ അപ്പത്തിന്‍റെ ബാക്കി ഭാഗവും വിശുദ്ധം തന്നെ. ഒരു മരത്തിന്‍റെ വേരുകള്‍ വിശുദ്ധമെങ്കില്‍ അതിന്‍റെ ചില്ലകളും വിശുദ്ധം തന്നെ.
17 ഒടിഞ്ഞുപോയ ചില ഒലിവു മരക്കൊമ്പുകളുടെ സ്ഥാനത്ത് കാട്ടൊലിവിന്‍ കൊമ്പായ നിന്നെ ഒട്ടിച്ചു ചേര്‍ത്തതുകൊണ്ട് തായ്ത്തടിയുടെ ഉറപ്പും ജീവനും നീ പങ്കുപറ്റുന്നു.
18 അങ്ങനെയെങ്കില്‍ ഒടിഞ്ഞുപോയ ശാഖകളുമായി നിങ്ങളെത്തന്നെ താരതമ്യം ചെയ്തു പ്രശംസിക്കുവാന്‍ പാടില്ല. പക്ഷേ പ്രശംസിക്കുന്നുവെങ്കില്‍ ഒന്നോര്‍ത്തുകൊളളുക. നീ തായ് വേരിനെയല്ല, തായ് വേര് നിന്നെയാണ് പോഷിപ്പിക്കുന്നത്.
19 “എനിക്ക് അവരുടെ മരത്തോട് ചേര്‍ന്നിരിക്കത്തക്ക വിധത്തില്‍ കൊമ്പുകള്‍ ഒടിഞ്ഞുപോയി” എന്നു നിങ്ങള്‍ പറയും.
20 അതു ശരിയാണ്. പക്ഷേ, അവിശ്വാസം നിമിത്തമാണ് ആ ശാഖകള്‍ ഒടിഞ്ഞുപോയത്. നിങ്ങളുടെ വിശ്വാസംകൊണ്ടുമാത്രമാണ് വൃക്ഷത്തിന്‍റെ ഭാഗമായി നിങ്ങള്‍ ഇപ്പോഴും തുടരുന്നത്. അഹങ്കരിക്കരുത് പക്ഷെ പേടിക്കുക.
21 ആ മരത്തിന്‍റെ സ്വാഭാവിക ശാഖകളെ നിലനില്‍ക്കാന്‍ ദൈവം അനുവദിച്ചില്ലെങ്കില്‍ നിങ്ങളെയും നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്നു ഓര്‍ക്കുക.
22 ദൈവം ദയാലുവും എന്നാല്‍ കര്‍ക്കശനാകുന്നവനുമാണെന്ന് നിങ്ങള്‍ കാണുന്നു. തന്നെ പിന്തുടരുന്നതു നിര്‍ത്തിയ ജനത്തെ അവന്‍ ശിക്ഷിക്കും. എന്നാല്‍ അവന്‍റെ കാരുണ്യത്തില്‍ നിങ്ങള്‍ തുടരുകയാണെങ്കില്‍ ദൈവം നിങ്ങളോടു ദയാലുവാകും. നിങ്ങള്‍ അവനെ പിന്തുടരുന്നില്ലെങ്കില്‍ നിങ്ങളെയും വൃക്ഷത്തില്‍ നിന്നു മുറിച്ചുനീക്കും.
23 യെഹൂദര്‍ ദൈവത്തില്‍ വീണ്ടും വിശ്വസിക്കുകയാണെങ്കില്‍ ദൈവം യെഹൂദരെ തിരികെ സ്വീകരിക്കും. നേരത്തെ ആയിരുന്നിടത്ത് അവരെ തിരികെ വയ്ക്കുവാന്‍ ദൈവത്തിനു ശക്തിയുണ്ട്.
24 ഒരു കാട്ടുകൊമ്പ് നല്ല വൃക്ഷത്തിന്‍റെ ഭാഗമായിത്തീരുക അസ്വഭാവികമാണ്. പക്ഷേ ജാതികളായ നിങ്ങള്‍ കാട്ടൊലിവു മരത്തില്‍നിന്നും മുറിച്ച ശാഖപോലെയാണ്. അതുകൊണ്ട് തീര്‍ച്ചയായും ആ ശാഖകളെ അതിന്‍റേതായ മരത്തില്‍ വീണ്ടും ഒട്ടിച്ചുചേര്‍ക്കാം.
25 സഹോദരങ്ങളേ, ഈ രഹസ്യസത്യം നിങ്ങള്‍ മനസ്സിലാക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. നിങ്ങള്‍ക്കു എല്ലാം അറിയാന്‍ പാടില്ലെന്നു മനസ്സിലാക്കുവാന്‍ ഈ സത്യം നിങ്ങളെ സഹായിക്കും. സത്യം ഇതാണ്: ജാതികള്‍ വേണ്ടുവോളം ദൈവത്തില്‍ വരുംവരെ യിസ്രായേലിലൊരു വിഭാഗത്തെ കടുംപിടുത്തക്കാരാക്കിയിരിക്കുന്നു.
26 അങ്ങനെയാണ് എല്ലാ യിസ്രായേല്യര്‍ക്കും രക്ഷ കിട്ടുന്നത്. തിരുവെഴുത്തുകളില്‍ എഴുതിയിരിക്കുന്നു: “
സീയോനില്‍നിന്നു രക്ഷകന്‍ വരും യാക്കോബിന്‍റെ കുടുംബത്തില്‍ നിന്നും എല്ലാ ദുഷ്ടതയെയും അവന്‍ മാറ്റിക്കളയും.
27 ഞാന്‍ അവരുടെ പാപങ്ങള്‍ നീക്കുമ്പോള്‍ ഈ നിയമം അവരുമായി ഞാന്‍ ചെയ്യും.”
28 യെഹൂദര്‍ സുവിശേഷം സ്വീകരിക്കാന്‍ വിസ്സമ്മതിച്ചതുകൊണ്ട് അവര്‍ ദൈവത്തിന്‍റെ ശത്രുക്കളാണ്. ജാതികളേ, നിങ്ങളെ സഹായിക്കുവാനായിട്ടാണ് ഇതു സംഭവിച്ചത്. പക്ഷേ ഇപ്പോഴും ദൈവത്തിന്‍റെ തിരഞ്ഞടുക്കപ്പെട്ട ജനമാണ് യെഹൂദര്‍. അതുകൊണ്ട് ദൈവം അവരെ ഏറെ സ്നേഹിക്കുന്നു. അവരുടെ പിതാക്കന്മാരോട് അവന്‍ ചെയ്ത വാഗ്ദാനം നിമിത്തമാണ് ദൈവം അവരെ സ്നേഹിക്കുന്നത്.
29 അവന്‍ തിരഞ്ഞെടുത്ത ജനത്തെപ്പറ്റിയും അവര്‍ക്കു നല്‍കിയതിനെക്കുറിച്ചും തന്‍റെ മനസ്സില്‍ ദൈവം ഒരിക്കലും ഇളക്കം വരുത്തിയില്ല. ആളുകളെ ക്ഷണിക്കുന്നതില്‍നിന്നും ദൈവം ഒരിക്കലും പിന്തിരിഞ്ഞില്ല.
30 ഒരിക്കല്‍ നിങ്ങള്‍ ദൈവത്തെ അനുസരിക്കാന്‍ വിസ്സമ്മതിച്ചു. പക്ഷെ യെഹൂദര്‍ അനുസരിക്കാന്‍ വിസ്സമ്മതിച്ചതുകൊണ്ട് ഇപ്പോള്‍ നിങ്ങള്‍ക്കും കരുണ ലഭിച്ചു.
31 ദൈവം നിങ്ങളോടു കരുണ കാണിച്ചതുകൊണ്ട് ഇപ്പോള്‍ യെഹൂദര്‍ അനുസരിക്കാന്‍ വിസ്സമ്മതിക്കുന്നു. അവര്‍ക്കും കരുണ കിട്ടാനാണ് ഇത് സംഭവിച്ചത്.
32 ദൈവത്തെ അനുസരിക്കാന്‍ എല്ലാവരും വിസ്സമ്മതിച്ചു. തന്നെ അനുസരിക്കാത്തവരെയെല്ലാം ദൈവം ഒന്നിച്ചാക്കിയതുകൊണ്ട് ദൈവത്തിന് എല്ലാവരോടും കരുണ കാണിക്കാം.
33 ദൈവത്തിന്‍റെ ബുദ്ധിയുടെയും മാഹാത്മ്യത്തിന്‍റെയും അറിവിന്‍റെയും ആഴം എത്രയാണ്. അവന്‍റെ വിധിന്യായങ്ങള്‍ എത്ര അപരിശോധിതം! അവന്‍റെ വഴികള്‍ എത്ര ദുര്‍ഗ്രാഹ്യം!
34 തിരുവെഴുത്തു പറയുന്നതുപോലെ: “
കര്‍ത്താവിന്‍റെ മനസ്സാരറിഞ്ഞു? ദൈവത്തിനു ഉപദേശം നല്‍കാന്‍ കഴിവുളളവനാരാണ്.”
35 “എന്നെങ്കിലും എന്തെങ്കിലും ദൈവത്തിനു നല്‍കിയതായി ആരുണ്ട്? യാതൊരുവനോടും ദൈവത്തിനു കടപ്പാടില്ല.”
36 അതെ, ദൈവം എല്ലാം സൃഷ്ടിച്ചു. ദൈവത്തിനായി എല്ലാം ദൈവത്തിലൂടെ തുടരുന്നു. എന്നേക്കും ദൈവത്തിനു മഹത്വമുണ്ടാകട്ടെ! ആമേന്‍.