28
1 കരയിലേക്കു രക്ഷപെട്ടു കഴിഞ്ഞപ്പോള്‍ അതു മെലിത്താ ദ്വീപാണെന്നു ഞങ്ങള്‍ക്കു മനസ്സിലായി.
2 അപ്പോള്‍ മഴ പെയ്തിരുന്നതുകൊണ്ട് നല്ല തണുപ്പായിരുന്നു. എന്നാല്‍ അവിടെ താമസിച്ചിരുന്നവര്‍ ഞങ്ങളോടു വളരെ കരുണകാട്ടി. അവര്‍ ഞങ്ങള്‍ക്കായി തീ കൂട്ടുകയും ഞങ്ങളെ ക്ഷണിയ്ക്കുകയും ചെയ്തു.
3 പൌലൊസ് ഒരു വലിയ കൂമ്പാരം വിറകു സംഭരിച്ചു. അവന്‍ ഓരോ വിറകും തീയിലിട്ടു. ഒരു വിഷപ്പാമ്പ് തീയുടെ ചൂടുമൂലം പുറത്തേക്കു വന്നു പൌലൊസിന്‍റെ കൈയ്യില്‍ കടിച്ചു.
4 പാമ്പ് പൌലൊസിന്‍റെ കയ്യില്‍ തൂങ്ങിക്കിടക്കുന്നത് നാട്ടുകാര്‍ കണ്ടു. അവര്‍ പറഞ്ഞു,
“ഈ മനുഷ്യന്‍ ഒരു കൊലയാളിയായിരിക്കണം! കടലില്‍ വച്ചയാള്‍ മരിച്ചില്ല. എങ്കിലും അവന്‍ ജീവനോടെ ഇരിക്കാന്‍ നീതി ദേവത അനുവദിക്കുന്നില്ല.”
5 പക്ഷേ പൌലൊസ് പാമ്പിനെ കുടഞ്ഞു തീയിലേക്കിട്ടു. അവനു മുറിവേറ്റിരുന്നില്ല.
6 അയാള്‍ക്കു നീരുവരുമെന്നും പെട്ടെന്നു താഴെവീണു മരിക്കുമെന്നും അവര്‍ കരുതി. അവര്‍ വളരെ നേരം പൌലൊസിനെ നിരീക്ഷിച്ചെങ്കിലും അയാള്‍ക്കു കുഴപ്പമൊന്നും സംഭവിച്ചില്ല. അതിനാല്‍ പൌലൊസിനോട് അവര്‍ക്കുണ്ടായിരുന്ന അഭിപ്രായം മാറി. അവര്‍ പറഞ്ഞു,
“അവന്‍ ഒരു ദൈവമാണ്!”
7 ആ പ്രദേശത്തു കുറച്ചു കൃഷി ഭൂമയുണ്ടായിരുന്നു. പുബ്ലിയൊസ് എന്നു പേരായ വളരെ പ്രധാനപ്പെട്ട ഒരാളുടേതായിരുന്നു ആ കൃഷിയിടം. അയാള്‍ ഞങ്ങളെ തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു. പുബ്ലിയൊസ് തങ്ങളോടു വളരെ കാരുണ്യം കാട്ടി. ഞങ്ങള്‍ മൂന്നു ദിവസം അയാളുടെ വീട്ടില്‍ തങ്ങി.
8 പുബ്ലിയൊസിന്‍റെ അപ്പന്‍ ഒരു രോഗിയായി കിടപ്പായിരുന്നു. പനിയും വയറുകടിയും അദ്ദേഹത്തെ ബാധിച്ചിരുന്നു. പൌലൊസ് അദ്ദേഹത്തിന്‍റെ അടുത്തുചെന്ന് അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിച്ചു. തന്‍റെ കൈകള്‍ അദ്ദേഹത്തിന്‍റെ മേല്‍വച്ച് പൌലൊസ് ആ മനുഷ്യന്‍റെ രോഗം ഭേദമാക്കി.
9 അതിനുശേഷം ആ ദ്വീപിലെ എല്ലാ രോഗികളും പൌലൊസിന്‍റെയടുത്തെത്തി. അവരെയൊക്കെ പൌലൊസ് സുഖപ്പെടുത്തുകയും ചെയ്തു.
10-11 ദ്വീപു വാസികള്‍ ഞങ്ങളെ പല വിധത്തില്‍ സഹായിച്ചു. ഞങ്ങളവിടെ മൂന്നു മാസം താമസിച്ചു. ഞങ്ങള്‍ അവിടംവിട്ടു പോകാറായപ്പോള്‍ അവര്‍ ഞങ്ങള്‍ക്കുവേണ്ടതെല്ലാം തന്നു. ഞങ്ങള്‍ അലക്സന്ത്രിയായില്‍നിന്നും കപ്പല്‍ കയറി. ആ കപ്പല്‍ ശീതകാലത്ത് മെലിത്തയില്‍ നങ്കൂരമിട്ടിരുന്നതായിരുന്നു. ഇരട്ട ദേവന്മാരുടെ ചിഹ്നം കപ്പലിന്‍റെ മുമ്പില്‍ വരച്ചിരുന്നു.
12 ഞങ്ങള്‍ കപ്പല്‍ സുറാക്കൂസില്‍ അടുപ്പിച്ചു. അവിടെ മൂന്നു ദിവസം തങ്ങിയതിനു ശേഷം ഞങ്ങള്‍ യാത്രതുടര്‍ന്നു.
13 പിന്നീട് ഞങ്ങള്‍ രെഗ്യൊനിലെത്തി. അടുത്ത ദിവസം തെക്കുപടിഞ്ഞാറുനിന്ന് ഒരു കാറ്റ് അടിയ്ക്കാന്‍ തുടങ്ങി. അതിനാല്‍ ഞങ്ങള്‍ക്ക് പിറ്റേന്ന് പുത്യൊലില്‍ എത്താന്‍ കഴിഞ്ഞു.
14 അവിടെ ഞങ്ങള്‍ ഏതാനും സഹോദരന്മാരെ കണ്ടെത്തി. അവര്‍ ഞങ്ങളെ ഒരാഴ്ച അവിടെ തങ്ങാന്‍ ക്ഷണിച്ചു. അവസാനം ഞങ്ങള്‍ റോമയിലേക്കു വന്നു.
15 ഞങ്ങളെത്തിയ വിവരം റോമയിലെ വിശ്വാസികള്‍ അറിഞ്ഞു. അവര്‍ അപ്പിയൂസിലെ ചന്തയിലും മൂന്നു സത്രങ്ങളിലും ഞങ്ങളെ കാണാനെത്തി. അവരെ കണ്ടപ്പോള്‍ പൌലൊസിനു ധൈര്യമായി. അവന്‍ ദൈവത്തോടു നന്ദി പറഞ്ഞു.
16 പിന്നീട് ഞങ്ങള്‍ റോമയിലേക്കു പോയി. അവിടെ പൌലൊസിനെ ഒറ്റയ്ക്കു താമസിക്കാന്‍ അനുവദിച്ചു. എങ്കിലും ഒരു ഭടന്‍ അവനു കാവലുണ്ടായിരുന്നു.
17 മൂന്നു ദിവസങ്ങള്‍ കഴിഞ്ഞ് പൌലൊസ് ഏറ്റവും പ്രധാനപ്പെട്ട യെഹൂദരില്‍ ചിലരെ വിളിച്ചു കൂട്ടി. പൌലൊസ് പറഞ്ഞു,
“എന്‍റെ യെഹൂദ സഹോദരന്മാരേ, ഞാന്‍ നമ്മുടെ ആളുകള്‍ക്കു വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. നമ്മുടെ പൂര്‍വ്വികരുടെ ആചാരങ്ങളെയും ഞാന്‍ നിഷേധിച്ചിട്ടില്ല. എന്നാലും യെരൂശലേമില്‍ എന്നെ തടവുകാരനാക്കി റോമാക്കാര്‍ക്കു നല്‍കപ്പെട്ടു.
18 റോമാക്കാര്‍ എന്നെ വിചാരണ ചെയ്തു. എന്നാല്‍ എന്നെ കൊല്ലാന്‍ ഒരു കാരണവും അവര്‍ക്കു കണ്ടുപിടിക്കാനായില്ല. അതിനാലവര്‍ക്കു എന്നെ സ്വതന്ത്രനാക്കണമായിരുന്നു.
19 പക്ഷേ എന്‍റെ ആളുകള്‍ അതിഷ്ടപ്പെട്ടില്ല. അതിനാല്‍ കൈസര്‍ വിചാരണ നടത്തണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യെഹൂദര്‍ എന്തെങ്കിലും തെറ്റു ചെയ്തതായി ഞാന്‍ പറയുന്നില്ല.
20 അതിനാലാണ് ഞാന്‍ നിങ്ങളെക്കണ്ട് ഇതൊക്കെ പറയാന്‍ ആഗ്രഹിച്ചത്. യിസ്രായേലിന്‍റെ പ്രതീക്ഷയെച്ചൊല്ലിയാണ് ഞാന്‍ ഈ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നത്.”
21 യെഹൂദര്‍ പൌലൊസിനോടു മറുപടി പറഞ്ഞു,
“യെഹൂദ്യയില്‍ നിന്നും നിന്നെപ്പറ്റി ഒരു കത്തും ഞങ്ങള്‍ക്കു ലഭിച്ചിട്ടില്ല. അവിടെനിന്നും വന്ന ഒരു യെഹൂദസഹോദരനും നിന്നെപ്പറ്റി ഒന്നും പറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല.
22 ഞങ്ങള്‍ക്കു നിന്‍റെ ആശയങ്ങള്‍ കേള്‍ക്കണം. എല്ലായിടവും എല്ലാവരും ഈ സംഘത്തിനെതിരെ സംസാരിക്കുന്നുവെന്നു ഞങ്ങള്‍ക്കറിയാം.
23 പൌലൊസും യെഹൂദരും യോഗം ചേരാന്‍ ഒരു ദിവസം നിശ്ചയിച്ചു. ആ ദിവസം വളരെയധികം യെഹൂദര്‍ അവന്‍ വസിക്കുന്ന വീട്ടില്‍ ചെന്ന് അവനെ കണ്ടു. പൌലൊസ് അവരോടെല്ലാം ദിവസം മുഴുവന്‍ സംസാരിച്ചു. ദൈവ രാജ്യത്തെപ്പറ്റി അവന്‍ അവര്‍ക്കു വിശദീകരിച്ചു കൊടുത്തു. യേശുവില്‍ വിശ്വസിക്കാന്‍ പൌലൊസ് അവരെ പ്രേരിപ്പിച്ചു. അതിനായി മോശെയുടെ ന്യായപ്രമാണവും പ്രവാചകരുടെ വചനങ്ങളും ഉപയോഗിച്ചു.
24 പൌലൊസ് പറഞ്ഞത് ചിലര്‍ സ്വീകരിക്കുകയും മറ്റു ചിലര്‍ നിരാകരിക്കുകയും ചെയ്തു.
25 അവര്‍ക്കൊരു ന്യായമുണ്ടായിരുന്നു. യെഹൂദര്‍ പോകാനൊരുങ്ങവേ പൌലൊസ് അവരോടു പറഞ്ഞു: “
പരിശുദ്ധാത്മാവ് യെശയ്യാപ്രവാകനിലൂടെ നിങ്ങളുടെ പിതാക്കന്മാരോട് സത്യമായതു പറഞ്ഞു. അവന്‍ പറഞ്ഞു:
26 ‘നീ ചെന്ന് ഈ ആളുകളോട് പറയുക: നിങ്ങള്‍ ശ്രദ്ധിച്ചു കേള്‍ക്കും, പക്ഷേ നിങ്ങള്‍ മനസ്സിലാക്കില്ല! നിങ്ങള്‍ നോക്കിക്കാണും, പക്ഷേ നിങ്ങള്‍ കാണുന്നതു മനസ്സിലാക്കാനാവില്ല.
27 അതെ, ഈ ആളുകളുടെ ഹൃദയങ്ങള്‍ കഠിനമായിരിക്കുന്നു. ഇവര്‍ക്കു ചെവിയുണ്ടെങ്കിലും ഇവര്‍ കേള്‍ക്കുന്നില്ല. ഇവര്‍ സത്യം കാണാന്‍ മടിക്കുന്നു. അതിനാല്‍ ഇവര്‍ കണ്ണുകള്‍കൊണ്ട് കാണുന്നില്ല. ചെവികള്‍കൊണ്ട് കേള്‍ക്കുന്നില്ല. ഒന്നും മനസ്സിലാക്കുന്നുമില്ല. ഇവരെ സുഖപ്പെടുത്താന്‍ എന്നിലേക്കു തിരിയുന്നുമില്ല.’
28 “അതുകൊണ്ട് ദൈവത്തിന്‍റെ രക്ഷയെ ജാതികളിലേക്കയച്ചിരിക്കുന്നുവെന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ ശ്രദ്ധിക്കും.”
30 പൌലൊസ് രണ്ടു വര്‍ഷം ആ വാടകവീട്ടില്‍ താമസിച്ചു. തന്നെ കാണാനെത്തിയവരെയൊക്കെ അവന്‍ സ്വീകരിച്ചു.
31 ദൈവ രാജ്യത്തെപ്പറ്റി പൌലൊസ് പ്രസംഗിച്ചു, കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റി അവന്‍ പഠിപ്പിച്ചു. അവന്‍ വളരെ ധൈര്യത്തോടെ ചെയ്ത ഈ പ്രവൃത്തികള്‍ തടയാന്‍ ആരും ശ്രമിച്ചുമില്ല.