യോഹന്നാന്‍ എഴുതിയ സുവിശേഷം
1
1 ലോകാരംഭത്തിനു മുമ്പ് വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടുകൂടെയായിരുന്നു. വചനം ദൈവമായിരുന്നു.
2 ആദിയില്‍ അവന്‍ ദൈവത്തോടൊപ്പമായിരുന്നു.
3 എല്ലാം അവനിലൂടെയാണ് ഉണ്ടാക്കപ്പെട്ടത്. അവനെക്കൂടാതെ സൃഷ്ടിക്കപ്പെട്ടതൊന്നും ഉണ്ടായിട്ടില്ല.
4 അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.
5 വെളിച്ചം ഇരുട്ടില്‍ പ്രകാശിക്കുന്നു. എന്നാല്‍ ഇരുട്ട് അതിനെ പരാജയപ്പെടുത്തിയില്ല.
6 യോഹന്നാനെന്നു പേരായ ഒരാള്‍ അവിടെ ഉണ്ടായിരുന്നു. ദൈവം അയച്ചതാണയാളെ.
7 വെളിച്ചത്തെപ്പറ്റി മനുഷ്യരോടു പറയാനാണവന്‍ വന്നത്. യോഹന്നാനിലൂടെ എല്ലാവരും വെളിച്ചത്തെപ്പറ്റി കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്യും.
8 പക്ഷേ യോഹന്നാന്‍ വെളിച്ചമായിരുന്നില്ല. എന്നാലവന്‍ പ്രകാശത്തെപ്പറ്റി പറയാന്‍ വന്നവനാണ്.
9 യഥാര്‍ത്ഥ പ്രകാശം ലോകത്തിലേക്കു വരികയായിരുന്നു. ആ വെളിച്ചം ജനങ്ങള്‍ക്കു പ്രകാശം പകരും.
10 വചനം ലോകത്തിലുണ്ടായിരുന്നു. അവനിലൂടെയാണ് ലോകം സൃഷ്ടിക്കപ്പെട്ടത്. പക്ഷേ ലോകര്‍ അവനെ അറിഞ്ഞില്ല.
11 അവന്‍റേതായ ലോകത്തിലേക്കവന്‍ വന്നു. എന്നാല്‍ അവന്‍റെ തന്നെ ആള്‍ക്കാര്‍ അവനെ അംഗീകരിച്ചില്ല.
12 പക്ഷേ ചിലര്‍ അവനെ അംഗീകരിച്ചു. അവര്‍ അവനില്‍ വിശ്വസിച്ചു. അവന്‍ അവര്‍ക്കു ദൈവമക്കള്‍ ആകുവാന്‍ അവകാശം നല്‍കി.
13 സാധാരണ കുട്ടികള്‍ പിറക്കുമ്പോലെയായിരുന്നില്ല അവന്‍ പിറന്നത്. മാതാപിതാക്കളുടെ രക്തത്തില്‍ നിന്നോ പുരുഷന്‍റെ ആഗ്രഹത്താലോ അല്ല അവന്‍ പിറന്നത്. ദൈവത്തില്‍ നിന്നാണവന്‍ പിറന്നത്.
14 വചനം മനുഷ്യാകാരം പൂണ്ട് നമുക്കിടയില്‍ പാര്‍ത്തു. പിതാവിന്‍റെ ഏക പുത്രനായവന്‍റെ തേജസ്സ് നാം അവനില്‍ കണ്ടു. വചനം കൃപയും സത്യവും കൊണ്ടു നിറഞ്ഞിരുന്നു.
15 യോഹന്നാന്‍ ക്രിസ്തുവിനെപ്പറ്റി അവരോടു പറഞ്ഞു,
“എനിക്കു ശേഷം വരുന്നവന്‍ എന്നെക്കാള്‍ ശ്രേഷ്ഠനാണ്. എനിക്കു മുമ്പേ തന്നെ അവന്‍ ജീവിച്ചിരുന്നു. എന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്.”
16 വചനം കൃപയും സത്യവും കൊണ്ടു നിറഞ്ഞിരുന്നു. അവനില്‍ നിന്നു നാമെല്ലാം വളരെ അനുഗ്രഹങ്ങള്‍ പ്രാപിച്ചു.
17 ന്യായപ്രമാണം മോശെവഴിയാണ് നല്‍കപ്പെട്ടത്. പക്ഷേ കൃപയും സത്യവും യേശുക്രിസ്തുവിലൂടെയാണു വന്നത്.
18 ആരും ദൈവത്തെ ഒരിക്കലും കണ്ടിട്ടില്ല. പക്ഷേ പുത്രനാണ് ദൈവം. അവന്‍ പിതാവിനോട് ഏറ്റവും അടുത്തവനാണ്. ദൈവത്തെ പുത്രന്‍ നമുക്കു കാട്ടിത്തന്നിട്ടുണ്ട്.
19 യെരൂശലേമിലെ യെഹൂദര്‍ ഏതാനും പുരോഹിതരേയും ലേവ്യരേയും,
“നീയാരാണ്?”
എന്നു ചോദിക്കാന്‍ യോഹന്നാന്‍റെ അടുത്തേക്കയച്ചു.
20 യോഹന്നാന്‍ സ്വതന്ത്രമായി സംസാരിച്ചു. മറുപടി പറയാനവന്‍ മടിച്ചില്ല. യോഹന്നാന്‍ വ്യക്തമായി പറഞ്ഞു,
“ഞാന്‍ ക്രിസ്തുവല്ല.”
അതുതന്നെയാണ് യോഹന്നാന്‍ ജനങ്ങളോടു പറഞ്ഞതും.
21 അപ്പോള്‍ യെഹൂദന്മാര്‍ യോഹന്നാനോടു ചോദിച്ചു,
“പിന്നെ നീ ആരാണ്? ഏലീയാവോ?”
യോഹന്നാന്‍ മറുപടി പറഞ്ഞു,
“ഞാന്‍ ഏലിയാവ് അല്ല.”
യെഹൂദര്‍ ചോദിച്ചു,
“നീ പ്രവാചകനാണോ?”
യോഹന്നാന്‍ മറുപടി പറഞ്ഞു,
“ഞാന്‍ പ്രവാചകനും അല്ല.”
22 അപ്പോള്‍ യെഹൂദര്‍ ചോദിച്ചു,
“നീയാരാണ്? ഞങ്ങളോട് നിന്നെപ്പറ്റി പറയൂ. ഞങ്ങളെ അയച്ചവരോടു പറയാനൊരു മറുപടി തരിക. നിന്നെപ്പറ്റി നീയെന്താണു പറയുന്നത്?”
23 യോഹന്നാന്‍ അവരോടു യെശയ്യാ പ്രവാചകന്‍റെ വാക്കുകള്‍ പറഞ്ഞു: “
‘കര്‍ത്താവിന്‍റെ വഴി നേരെയാക്കുവിന്‍’ എന്നു മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്‍റെ ശബ്ദം ഞാനാകുന്നു.”
24 ഈ യെഹൂദരെ അയച്ചത് പരീശന്മാരായിരുന്നു.
25 അവര്‍ യോഹന്നാനോടു ചോദിച്ചു,
“നീ ക്രിസ്തുവല്ലെന്നു നീ പറയുന്നു. ഏലീയാവോ പ്രവാചകനോ അല്ലെന്നും. പിന്നെന്തിനു നീ സ്നാനം കഴിപ്പിക്കുന്നു?”
26 യോഹന്നാന്‍ മറുപടി പറഞ്ഞു, ഞാന്‍ ജനങ്ങളെ വെള്ളത്തിലാണു സ്നാനപ്പെടുത്തുന്നത് എന്നാല്‍ നിങ്ങളറിയാത്ത ഒരുവന്‍ നിങ്ങള്‍ക്കിടയിലുണ്ട്.
27 എനിക്കുശേഷം വരുന്നവനാണവന്‍. അവന്‍റെ ചെരുപ്പിന്‍റെ വള്ളി അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല.”
28 യോര്‍ദ്ദാന്‍നദിയുടെ മറുകരയിലുള്ള ബേഥാന്യയിലാണിതൊക്കെ സംഭവിച്ചത്. അവിടെ യോഹന്നാന്‍ സ്നാനപ്പെടുത്തുകയായിരുന്നു.
29 പിറ്റേന്ന് യേശു തന്‍റെ അടുത്തേക്കു വരുന്നത് യോഹന്നാന്‍ കണ്ടു. യോഹന്നാന്‍ പറഞ്ഞു,
“ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്. ലോകത്തിന്‍റെ പാപം അവന്‍ നീക്കുന്നു!
30 ഞാന്‍ ഇവനെപ്പറ്റിയാണു പറഞ്ഞത്. ‘എനിക്കു പിന്നാലെ ഒരുവന്‍ വരും. പക്ഷെ അവന്‍ എന്നെക്കാള്‍ ശ്രേഷ്ഠനാണ്. കാരണം എനിക്കു മുമ്പു തന്നെ അവന്‍ ഉണ്ടായിരുന്നു.’
31 ഞാനോ അവനെ അറിഞ്ഞില്ല. യേശുവാണ് ക്രിസ്തുവെന്ന് യിസ്രായേലിനെ അറിയിക്കുന്നതിന് ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കാന്‍ വന്നിരിക്കുന്നു.”
32-33 അനന്തരം യോഹന്നാന്‍ പറഞ്ഞു,
“ക്രിസ്തു ആരാണെന്ന് എനിക്കും അറിയാമായിരുന്നില്ല. പക്ഷേ ആളുകളെ വെള്ളത്തില്‍ സ്നാനപ്പെടുത്തുവാന്‍ ദൈവം എന്നെ അയച്ചു.”
ദൈവം എന്നോടു പറഞ്ഞു,
“ആത്മാവ് താണുവന്ന് ഒരാളുടെമേല്‍ ഇരിക്കുന്നത് നീ കാണും. അവനാണ് പരിശുദ്ധാത്മാവില്‍ സ്നാനപ്പെടുത്തുന്നവന്‍.”
യോഹന്നാന്‍ പറഞ്ഞു,
“ആത്മാവു ഒരു പ്രാവുപോലെ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി വരുന്നതും അവന്‍റെമേല്‍ ഇരിക്കുന്നതും ഞാന്‍ കണ്ടു.
34 അതിനാല്‍ ‘ഇവന്‍ ദൈവപുത്രന്‍ തന്നെ’ എന്നു സാക്ഷ്യം പറയുകയും ചെയ്തു.”
35 പിറ്റേന്ന് തന്‍റെ രണ്ടു ശിഷ്യന്മാരോടൊത്ത് യോഹന്നാന്‍ വീണ്ടും നില്‍ക്കുകയായിരുന്നു.
36 യേശു നടന്നുപോകുന്നത് യോഹന്നാന്‍ കണ്ടു. അയാള്‍ പറഞ്ഞു,
“ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്!”
37 യോഹന്നാന്‍റെ ഈ വാക്കുകള്‍ രണ്ടു ശിഷ്യന്മാരും കേട്ടു. അവര്‍ യേശുവിനെ അനുഗമിച്ചു.
38 യേശു തിരിഞ്ഞു നോക്കിയപ്പോള്‍ ആ രണ്ടു പുരുഷന്മാര്‍ തന്നെ പിന്തുടരുന്നതു കണ്ടു. അവന്‍ ചോദിച്ചു,
“നിങ്ങള്‍ക്കെന്താണു വേണ്ടത്?”
ഇരുവരും ചോദിച്ചു,
“റബ്ബീ, (ഗുരു എന്നര്‍ത്ഥത്തില്‍) അങ്ങെവിടെയാണു താമസിക്കുന്നത്?”
39 യേശു പറഞ്ഞു,
“എന്‍റെ കൂടെ വന്നു കാണുക.”
അതിനാല്‍ അവര്‍ ഇരുവരും യേശുവിനോടൊപ്പം പോയി. യേശു താമസിച്ച സ്ഥലം അവര്‍ കണ്ടു. ആ ദിവസം അവര്‍ യേശുവിനോടൊപ്പം തങ്ങി. അപ്പോള്‍ സമയം നാലുമണി ആയിരുന്നു.
40 യോഹന്നാന്‍ യേശുവിനെപ്പറ്റി പറഞ്ഞതു കേട്ടാണവര്‍ അവനെ അനുഗമിച്ചത്. അവരില്‍ ഒരാളുടെ പേര് അന്ത്രെയാസ് എന്നായിരുന്നു. അന്ത്രെയാസ് ശിമോന്‍ പത്രൊസിന്‍റെ സഹോദരനായിരുന്നു.
41 സഹോദരനായ ശിമോനെ തേടിപ്പിടിച്ചു കാണുകയാണ് അന്ത്രെയാസ് ആദ്യം ചെയ്തത്. അന്ത്രെയാസ് ശിമോനോടു പറഞ്ഞു,
“ഞങ്ങള്‍ മശീഹയെ കണ്ടെത്തി.”
(“മശീഹാ” എന്നതിനു “ക്രിസ്തു” എന്നര്‍ത്ഥം.)
42 എന്നിട്ട് അന്ത്രെയാസ് ശിമോനെ യേശുവിന്‍റെയടുത്തേക്കു കൊണ്ടുവന്നു. യേശു ശിമോനെ നോക്കി പറഞ്ഞു,
“നീ യോഹന്നാന്‍റെ പുത്രനായ ശിമോനല്ലേ? നീ കേഫാ (പത്രൊസ് എന്നര്‍ത്ഥം) എന്നു വിളിക്കപ്പെടും.”
43 അടുത്ത ദിവസം യേശു ഗലീലയിലേക്കു പോകാന്‍ തീരുമാനിച്ചു. യേശു ഫിലിപ്പോസിനെ കണ്ടെത്തിയിട്ടു പറഞ്ഞു,
“എന്നെ അനുഗമിക്കുക.”
44 ഫിലിപ്പോസ്, അന്ത്രെയാസിന്‍റെയും പത്രൊസിന്‍റെയും നഗരമായ ബേഥ്സയിദായില്‍നിന്നും വന്നവനാണ്.
45 ഫിലിപ്പോസ് നഥനയേലിനെ കണ്ടു പറഞ്ഞു,
“മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതോര്‍ക്കുക. വരാനിരിക്കുന്ന ഒരുവനെപ്പറ്റി മോശെ എഴുതിയിട്ടുണ്ട്. പ്രവാചകരും അവനെപ്പറ്റി എഴുതിയിരിക്കുന്നു. ഞങ്ങളവനെ കണ്ടെത്തിയിരിക്കുന്നു. അവന്‍റെ പേരാണ് യേശു. യോസേഫിന്‍റെ പുത്രന്‍. നസറെത്തില്‍നിന്നും വന്നവന്‍.”
46 പക്ഷെ നഥനയേല്‍ ഫിലിപ്പോസിനോടു ചോദിച്ചു,
“നസറെത്ത്! നസറെത്തില്‍ നിന്നെന്തെങ്കിലും നന്മ പ്രതീക്ഷിക്കാമോ?”
ഫിലിപ്പോസ് മറുപടി പറഞ്ഞു,
“വന്നു കാണുക.”
47 നഥനയേല്‍ തന്‍റെയടുത്തേക്കു വരുന്നത് യേശു കണ്ടു.
“ഇതാ, സാക്ഷാല്‍ യിസ്രായേല്യന്‍, ഇവനില്‍ കാപട്യം ഇല്ല,”
എന്ന് അവനെക്കുറിച്ച് പറഞ്ഞു.
48 നഥനയേല്‍ ചോദിച്ചു,
“നീ എങ്ങനെ എന്നെ അറിയും?”
യേശു മറുപടി പറഞ്ഞു,
“നീ അത്തിമരത്തിന്‍റെ ചുവട്ടില്‍ ഇരുന്നപ്പോള്‍ത്തന്നെ ഞാന്‍ കണ്ടു. ഫിലിപ്പോസ് എന്നെപ്പറ്റി നിന്നോട് പറയുന്നതിനു മുമ്പേയായിരുന്നു അത്.”
49 അപ്പോള്‍ നഥനയേല്‍ യേശുവിനോടു പറഞ്ഞു,
“റബ്ബീ, അങ്ങാണു ദൈവപുത്രന്‍. യിസ്രായേലിന്‍റെ രാജാവാണു നീ.”
50 യേശു നഥനയേലിനോടു പറഞ്ഞു,
“അത്തിമരച്ചുവട്ടില്‍ നിന്നെ ഞാന്‍ കണ്ടതായി പറഞ്ഞു. അതിനാല്‍ നീയെന്നില്‍ വിശ്വസിക്കുന്നു. പക്ഷേ, നീ അതിലും മഹത്തായതു കാണും.”
51 യേശു തുടര്‍ന്നു,
“ഞാന്‍ നിന്നോടു സത്യമായി പറയട്ടെ. സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍റെ അടുക്കല്‍ ‘ദൂതന്മാര്‍ കയറുകയും ഇറങ്ങുകയും’ ചെയ്യുന്നത് നിങ്ങള്‍ കാണും.”