2
1 രണ്ടു ദിവസങ്ങള്‍ക്കു ശേഷം ഗലീലയിലെ കാനാവില്‍ ഒരു കല്യാണമുണ്ടായിരുന്നു. യേശുവിന്‍റെ അമ്മ അവിടെയുണ്ടായിരുന്നു.
2 യേശുവിനെയും ശിഷ്യന്മാരെയും വിവാഹത്തിനു ക്ഷണിച്ചിരുന്നു.
3 അവിടെ വീഞ്ഞു തികഞ്ഞില്ല. വീഞ്ഞു തീര്‍ന്നപ്പോള്‍ യേശുവിന്‍റെ അമ്മ അവനോടു പറഞ്ഞു,
“അവര്‍ക്കു വീഞ്ഞ് ഇല്ല.”
4 യേശു മറുപടി പറഞ്ഞു,
“പ്രിയപ്പെട്ട സ്ത്രീയേ, ഞാനെന്തു ചെയ്യണമെന്ന് എന്നോടു പറയേണ്ടതില്ല. എന്‍റെ സമയം ഇനിയുമായിട്ടില്ല.”
5 യേശുവിന്‍റെ അമ്മ ദാസന്മാരോടു പറഞ്ഞു,
“യേശു പറയുന്നതു പോലെ ചെയ്യുക.”
6 അവിടെ ആറു വലിയ കല്‍ഭരണികളുണ്ടായിരുന്നു, യെഹൂദര്‍ ശുദ്ധീകരണത്തിനുള്ള വെള്ളം നിറയ്ക്കുന്നത് അതിലായിരുന്നു. ഓരോന്നിലും എണ്‍പതു മുതല്‍ നൂറു ലിറ്റര്‍ വരെ വെള്ളം കൊള്ളുമായിരുന്നു.
7 യേശു ദാസന്മാരോടു പറഞ്ഞു,
“ആ കല്‍ഭരണികളില്‍ വെള്ളം നിറയ്ക്കുക.”
ദാസന്മാര്‍ വക്കോളം വെള്ളം നിറച്ചു.
8 അനന്തരം യേശു ദാസന്മാരോടു പറഞ്ഞു,
“കുറച്ചു കോരി യജമാനനെ ഏല്പിക്കുക.”
അവര്‍ കൊണ്ടുപോയി കൊടുത്തു.
9 കാര്യസ്ഥന്‍ വെള്ളം രുചിച്ചു നോക്കിയപ്പോള്‍ അതു വീഞ്ഞായി മാറിയിരിക്കുന്നതു കണ്ടു. വീഞ്ഞ് എവിടെ നിന്നു വന്നുവെന്ന് അയാളറിഞ്ഞില്ല. എന്നാലതു കൊണ്ടുവന്ന ദാസന്മാര്‍ക്ക് അറിയാമായിരുന്നു. കാര്യസ്ഥന്‍ വരനെ വിളിച്ചു.
10 അയാള്‍ വരനോടു പറഞ്ഞു,
“ആളുകള്‍ നല്ല വീഞ്ഞ് ആദ്യം വിളമ്പും. പിന്നീട് അതിഥികള്‍ കുടിച്ചു കഴിയുമ്പോള്‍ തരംതാണ വീഞ്ഞും വിളമ്പും. പക്ഷേ നീ നല്ല വീഞ്ഞു ഇതുവരേക്കും മാറ്റിവച്ചു വിളമ്പുന്നു.”
11 യേശുവിന്‍റെ ആദ്യത്തെ അത്ഭുതപ്രവൃത്തിയായിരുന്നു അത്. ഗലീലയിലെ കാനാവിലാണ് യേശു ഈ പ്രവൃത്തി ചെയ്തത്. അങ്ങനെ യേശു തന്‍റെ മഹത്വം പ്രകടിപ്പിച്ചു. അവന്‍റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു.
12 അനന്തരം യേശു കഫര്‍ന്നഹൂമിലേക്കു പോയി. യേശുവിന്‍റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും അവനോടൊത്തു പോയി. അവര്‍ ഏതാനും ദിവസം കഫര്‍ന്നഹൂമില്‍ തങ്ങി.
13 അത് പെസഹാ സമയം ആകാറായപ്പോഴായിരുന്നു. അതിനാല്‍ യേശു യെരൂശലേമിലേക്കു പോയി.
14 ദൈവാലയത്തില്‍ ആളുകള്‍ കാളകളെയും ആടുകളെയും പ്രാവുകളെയും വില്‍ക്കുന്നത് അവന്‍ കണ്ടു. മറ്റുള്ളവര്‍ മേശയ്ക്കരികില്‍ ഇരിക്കുന്നതും കണ്ടു. അവര്‍ പണമിടപാടുകള്‍ നടത്തുകയായിരുന്നു.
15 യേശു ഏതാനും കയര്‍കഷണങ്ങള്‍ ചേര്‍ത്ത് ഒരു ചാട്ടയുണ്ടാക്കി. അവന്‍ മനുഷ്യരെയും കാളകളെയും ആടുകളെയും ദൈവാലയത്തില്‍ നിന്നും പുറത്താക്കി. പണമിടപാടുകാരുടെ മേശകള്‍ മറിച്ചിടുകയും പണം ചിതറിച്ചു കളയുകയും ചെയ്തു.
16 എന്നിട്ട് യേശു അവിടെ മാടപ്പിറാവുകളെ വില്‍ക്കുകയായിരുന്നവരോടു പറഞ്ഞു,
“ഇതെല്ലാം എടുത്തുകൊണ്ടു പുറത്തേക്കു പോവുക. എന്‍റെ പിതാവിന്‍റെ ഭവനത്തെ കച്ചവടസ്ഥലമാക്കരുത്.”
17 ഇതു സംഭവിച്ചപ്പോള്‍ തിരുവെഴുത്തുകളിലെ വാക്കുകള്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ ഓര്‍ത്തു: “
നിന്‍റെ ആലയത്തെക്കുറിച്ചുള്ള ആവേശം എന്നെ തിന്നുകളയും.”
18 യെഹൂദര്‍ യേശുവിനോടു പറഞ്ഞു,
“ഞങ്ങളെ ഒരു അത്ഭുത പ്രവൃത്തി അടയാളമായി കാണിക്കുക. ഇതെല്ലാം ചെയ്യാന്‍ നിനക്കുള്ള അവകാശം തെളിയിക്കുക.”
19 യേശു മറുപടി പറഞ്ഞു,
“ഈ ദൈവാലയം നശിപ്പിക്കുക, മൂന്നു ദിവസത്തിനുള്ളില്‍ ഞാനിതു വീണ്ടും പണിയും.”
20 യെഹൂദര്‍ മറുപടി പറഞ്ഞു,
“മനുഷ്യര്‍ നാല്പത്താറു വര്‍ഷം പണിയെടുത്താണിതു നിര്‍മ്മിച്ചത്! മൂന്നു ദിവസത്തിനുള്ളില്‍ ഇതു നിനക്കു വീണ്ടും പണിയാമെന്നു നീ വിശ്വസിക്കുന്നുണ്ടോ?”
21 (എന്നാല്‍ യേശു ഉദ്ദേശിച്ച ദൈവാലയം സ്വന്തം ശരീരമായിരുന്നു.
22 യേശു മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ശേഷം ശിഷ്യന്മാര്‍ തിരുവെഴുത്തും യേശു പറഞ്ഞ വാക്കുകളും അനുസ്മരിച്ചു. അതിനാല്‍ ശിഷ്യന്മാര്‍ അവനെപ്പറ്റിയുള്ള തിരുവെഴുത്തുകളിലും യേശുവിന്‍റെ വാക്കുകളിലും വിശ്വസിച്ചു.)
23 പെസഹാ ഉത്സവത്തിനോടനുബന്ധിച്ച് യേശു യെരൂശലേമിലായിരുന്നു. അവന്‍ ചെയ്ത അത്ഭുത പ്രവൃത്തികളാല്‍ അനേകംപേര്‍ അവനില്‍ വിശ്വസിച്ചു.
24 എന്നാല്‍ യേശു അവരെ വിശ്വസിച്ചില്ല. എന്തുകൊണ്ടെന്നാല്‍, അവരുടെ മനോഗതം യേശുവിന് അറിയാമായിരുന്നു.
25 മറ്റുള്ളവരെപ്പറ്റി തന്നോടു പറയാന്‍ അവനു ആരുടെയും ആവശ്യമില്ലായിരുന്നു. ഒരാളുടെ മനസ്സിലെന്താണുള്ളതെന്ന് യേശുവിന് അറിയാമായിരുന്നു.