24
1 അഞ്ചു ദിവസങ്ങള്‍ കഴിഞ്ഞ് അനന്യാസ് കൈസര്യായിലേക്കു പോയി. മഹാ പുരോഹിതനായിരുന്നു അനന്യാസ്. അയാള്‍ ഏതാനും യെഹൂദനേതാക്കളെയും തെര്‍ത്തുല്ലൊസ് എന്നൊരു നിയമജ്ഞനെയും കൂടെ കൊണ്ടുപോയിരുന്നു. പൌലൊസിനെതിരെ കൈസര്യയില്‍ കുറ്റങ്ങള്‍ നിരത്താനാണവര്‍ പോയത്.
2 പൌലൊസിനെ സഭായോഗത്തിലേക്ക് വിളിയ്ക്കുകയും തെര്‍ത്തുല്ലൊസ് കുറ്റാരോപണം ആരംഭിക്കുകയും ചെയ്തു. തെര്‍ത്തുല്ലൊസ് പറഞ്ഞു,
“അഭിവന്ദ്യനായ ഫേലിക്സേ! അങ്ങു മൂലം ഞങ്ങള്‍ വളരെ സമാധാനം അനുഭവിക്കുന്നു. കൂടാതെ ഈ രാജ്യത്തെ പല തെറ്റുകളും തിരുത്തപ്പെടുന്നുമുണ്ട്.
3 അതിനൊക്കെ ഞങ്ങള്‍ക്ക് അങ്ങയോട് നന്ദിയുണ്ട്. ഇതെല്ലാം ഞങ്ങള്‍ക്ക് എപ്പോഴും എവിടെയും കിട്ടുന്നുണ്ട്.
4 എന്നാല്‍ അങ്ങയുടെ സമയം അധികം എടുക്കാന്‍ എനിക്കാഗ്രഹമില്ല. അതിനാല്‍ ഏതാനും വാക്കുകള്‍ മാത്രം ഞാന്‍ പറയട്ടെ. ദയവായി ക്ഷമയോടെ കേട്ടാലും.
5 ഇയാള്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നവനാണ്. ലോകത്തെവിടെയും യെഹൂദരുമായി ഇയാള്‍ കലഹമുണ്ടാക്കുന്നു. അവന്‍ നസറായക്കാരുടെ നേതാവാണ്.
6-8 അവന്‍ ദൈവാലയം അശുദ്ധമാക്കാന്‍ തുനിഞ്ഞെങ്കിലും ഞങ്ങളതു തടഞ്ഞു. നിങ്ങളവനെ വിചാരണചെയ്യുമ്പോള്‍ അവനെപ്പറ്റി ഞങ്ങളും
9 മറ്റ് യെഹൂദരും ഇതൊക്കെ ശരിയാണെന്ന് അംഗീകരിച്ചു. അവര്‍ പറഞ്ഞു,
“ഇതെല്ലാം യഥാര്‍ത്ഥത്തില്‍ സത്യമാണ്.”
10 ദേശാധിപതി പൌലൊസിനോടു സംസാരിക്കാന്‍ ആഗ്യം കാട്ടി. അതിനാല്‍ പൌലൊസ് മറുപടി പറഞ്ഞു,
“ഗവര്‍ണ്ണര്‍ ഫേലിക്സേ, അങ്ങ് ദീര്‍ഘകാലമായി യിസ്രായേലില്‍ ഒരു ന്യായാധിപനാണെന്ന് എനിക്കറിയാം. അതിനാല്‍ അങ്ങയുടെ മുമ്പില്‍ എന്‍റെ വാദം നിരത്താന്‍ എനിക്കു സന്തോഷമുണ്ട്.
11 പന്ത്രണ്ടു ദിവസം മുമ്പുമാത്രമാണ് ഞാന്‍ യെരൂശലേമില്‍ നമസ്കരിപ്പാന്‍ പോയത്. ഇതു സത്യമാണെന്ന് അങ്ങയ്ക്കുതന്നെ അന്വേഷിച്ചറിയാവുന്നതാണ്.
12 എനിക്കെതിരെ കുറ്റമാരോപിക്കുന്ന ഈ യെഹൂദര്‍ ഞാന്‍ ദൈവാലയത്തില്‍ വച്ച് ആരുമായും തര്‍ക്കിക്കുന്നതു കണ്ടിട്ടില്ല. ഞാന്‍ ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുകയായിരുന്നില്ല. യെഹൂദപ്പള്ളികളിലോ മറ്റെവിടെയെങ്കിലുമോവച്ച് ഞാന്‍ ജനങ്ങളെ സംഘടിപ്പിച്ചു തര്‍ക്കിക്കുകയോ കുഴപ്പമുണ്ടാക്കുകയോ ആയിരുന്നില്ല.
13 ഇപ്പോള്‍ എനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിയിക്കാനും ഇവര്‍ക്കാവില്ല.
14 “എന്നാല്‍ എനിക്കിത്രയും പറയാം. യേശുവിന്‍റെ മാര്‍ഗ്ഗം ചാരിയെന്ന നിലയില്‍ ഞാന്‍ ഞങ്ങളുടെ പിതാക്കളുടെ ദൈവത്തെ നമസ്കരിക്കുന്നു. യേശുവിന്‍റെ വഴിയല്ല ശരിയായതെന്ന് യെഹൂദര്‍ പറയുന്നു. എന്നാല്‍ മോശെയുടെ ന്യായപ്രമാണം പഠിപ്പിക്കുന്നതെല്ലാം ഞാന്‍ വിശ്വസിക്കുന്നു. പ്രവാചകര്‍ എഴുതിവെച്ചവയിലും ഞാന്‍ വിശ്വസിക്കുന്നു.
15 നല്ലവരും ദുഷ്ടന്മാരുമടക്കം എല്ലാവരും ഉയിര്‍ത്തെഴുന്നേല്‍ക്കും എന്ന യെഹൂദരുടെ വിശ്വാസം പോലെ തന്നെയുള്ള ദൈവവിശ്വാസം എനിക്കുമുണ്ട്.
16 ദൈവത്തിനും മനുഷ്യര്‍ക്കും മുമ്പില്‍ ശരിയെന്ന് ഞാന്‍ വിശ്വസിക്കുന്നതു പ്രവൃത്തിക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കുന്നത് അതുകൊണ്ടാണ്.
17-18 “വളരെക്കാലം ഞാന്‍ യെരൂശലേമില്‍ നിന്നും അകന്നു കഴിഞ്ഞിരുന്നു. ഞാന്‍ എന്‍റെ ആളുകള്‍ക്കു പണം കൊണ്ടുവരുന്നതിനും ചില വഴിപാടുകള്‍ നടത്തുന്നതിനും അങ്ങോട്ടു മടങ്ങിപ്പോയി. യെഹൂദരില്‍ ചിലര്‍ ദൈവാലയത്തില്‍ എന്നെക്കാണുന്നത് അതു ചെയ്യുമ്പോഴായിരുന്നു. ഞാന്‍ ശുദ്ധീകരണ കര്‍മ്മം പൂര്‍ത്തീകരിച്ചു. ഞാന്‍ കുഴപ്പങ്ങളൊന്നും ഉണ്ടാക്കിയില്ല. ആളുകള്‍ എനിക്കു ചുറ്റും തടിച്ചു കൂടിയിരുന്നുമില്ല.
19 എന്നാല്‍ ആസ്യയില്‍ നിന്നും വന്ന ഏതാനും യെഹൂദര്‍ അവിടെ ഉണ്ടായിരുന്നു. ഞാനെന്തെങ്കിലും തെറ്റു ചെയ്യുന്നതായി അപ്പോള്‍ അവര്‍ കണ്ടിരുന്നെങ്കില്‍ ആ യെഹൂദര്‍ക്ക് അങ്ങയുടെ മുന്നില്‍ വന്ന് എനിക്കെതിരെ പരാതിപ്പെടാമായിരുന്നു.
20 യെരൂശലേമിലെ യെഹൂദസഭയ്ക്ക് മുന്നില്‍ ഞാന്‍ നിന്നപ്പോള്‍ എന്തു തെറ്റാണെന്നില്‍ കണ്ടതെന്നിവര്‍ പറയട്ടെ.
21 അവര്‍ക്കു മുന്നില്‍ നിന്നപ്പോള്‍ ഞാനൊന്നു പറഞ്ഞു, ‘മനുഷ്യര്‍ മരിച്ചവരില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നതിനാല്‍ നിങ്ങളെന്നെ വിധിയ്ക്കുന്നു.’”
22 യേശുവിന്‍റെ വഴിയെപ്പറ്റി ഫേലിക്സിനു നേരത്തെ മനസ്സിലായിരുന്നു. അദ്ദേഹം വിചാരണ അവസാനിപ്പിച്ചിട്ടു പറഞ്ഞു,
“സൈന്യാധിപന്‍ ലുസിയാസ് വരുമ്പോള്‍ ഞാനിതെപ്പറ്റി തീരുമാനമെടുക്കും.
23 പൌലൊസിന് കാവല്‍ ഏര്‍പ്പെടുത്താന്‍ ഫേലിക്സ് ശതാധിപനോടു പറഞ്ഞു, പക്ഷേ അല്പം സ്വാതന്ത്യം കൊടുക്കുവാനും അവനാവശ്യമുള്ളതു കൊണ്ടുകൊടുക്കുവാന്‍ അവന്‍റെ സുഹൃത്തുക്കളെ അനുവദിക്കണമെന്നും അവന്‍ കല്പിച്ചു.
24 ഏതാനും ദിവസങ്ങള്‍ക്കു ശേഷം ഫേലിക്സ് തന്‍റെ പത്നി ദ്രുസില്ലയോടൊപ്പം എത്തി. അവള്‍ ഒരു യെഹൂദയായിരുന്നു. പൌലൊസിനെ തന്‍റെ മുമ്പില്‍ കൊണ്ടുവരാന്‍ ഫേലിക്സ് കല്പിച്ചു. യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നതിനെപ്പറ്റിയുള്ള പൌലൊസിന്‍റെ പ്രസംഗം ഫേലിക്സ് ശ്രദ്ധിച്ചു.
25 നീതിയുള്ള ജീവിതത്തെപ്പറ്റിയും ആത്മ നിയന്ത്രണത്തെപ്പറ്റിയും വരാനിരിക്കുന്ന വിധിയെപ്പറ്റിയും പൌലൊസ് പ്രസംഗിച്ചപ്പോള്‍ ഫേലിക്സ് ഭയന്നു. ഫേലിക്സ് പറഞ്ഞു,
“ഇപ്പോള്‍ പോകൂ, എനിക്കിനിയും സമയമുള്ളപ്പോള്‍ ഞാന്‍ പിന്നെയും വിളിക്കാം.”
26 എന്നാല്‍ പൌലൊസിനോടു സംസാരിക്കാന്‍ അയാള്‍ പലപ്പോഴും ആഗ്രഹിച്ചു. കാരണം പൌലൊസ് തനിക്കു കൈക്കൂലി നല്‍കുമെന്നയാള്‍ കരുതി. അതിനാല്‍ ഇടയ്ക്കിടെ അയാള്‍ പെൌലൊസുമായി സംസാരിച്ചു.
27 പക്ഷേ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം, പൊര്‍ക്ക്യൊസ് ഫെസ്തൊസ് ദേശാധിപതിയായി. ഫേലിക്സ് സ്ഥാനമൊഴിഞ്ഞു. എന്നാല്‍ യെഹൂദരെ പ്രീണിപ്പിക്കുന്നതിനായി ഫേലിക്സ് പൌലൊസിനെ ജയിലിലടച്ചിട്ടാണ് പോയത്.