16
1 പലൊസ് ദെര്‍ബ്ബെയിലേക്കും ലുസ്രയിലേക്കും പോയി. തിമൊഥെയൊസ് എന്നു പേരായ ക്രിസ്തുവിന്‍റെ ഒരു ശിഷ്യന്‍ അവിടെയുണ്ടായിരുന്നു. തിമൊഥെയൊസിന്‍റെ അമ്മ ഒരു യെഹൂദ വിശ്വാസിനി ആയിരുന്നു. അവന്‍റെ അപ്പന്‍ ഒരു യവനക്കാരനുമായിരുന്നു.
2 ലുസ്രയിലും ഇക്ക്യോന്യയിലുമുള്ള വിശ്വാസികള്‍ തിമൊഥെയൊസിനെ ആദരിച്ചിരുന്നു. അവര്‍ അവനെപ്പറ്റി നല്ലതു മാത്രം പറഞ്ഞു.
3 പൌലൊസിനു തിമൊഥെയൊസും തന്‍റെകൂടെ സഞ്ചരിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ തിമൊഥെയൊസിന്‍റെ അപ്പന്‍ യവനക്കാരനാണെന്ന് സ്ഥലവാസികള്‍ക്കെല്ലാം അറിയാമായിരുന്നു. അതിനാല്‍ പൌലൊസ് തിമൊഥെയൊസിനെ പരിച്ഛേദനം ചെയ്ത് യെഹൂദരെ തൃപ്തരാക്കി.
4 അനന്തരം പൌലൊസും സഹപ്രവര്‍ത്തകരും മറ്റു നഗരങ്ങളിലൂടെ സഞ്ചരിച്ചു. യെരൂശലേമിലെ അപ്പൊസ്തലന്മാരുടെയും യെഹൂദ മൂപ്പന്മാരുടെയും തീരുമാനങ്ങളും ചട്ടങ്ങളും വിശ്വാസികള്‍ക്ക് അവര്‍ നല്‍കി. ഈ ചട്ടങ്ങള്‍ അനുസരിക്കാന്‍ അവര്‍ വിശ്വാസികളോടു നിര്‍ദ്ദേശിച്ചു.
5 അങ്ങനെ സഭകള്‍ വിശ്വാസത്തില്‍ ശക്തമായിക്കൊണ്ടിരിക്കുകയും ഓരോ ദിവസവും കൂടുതല്‍ വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുകയും ചെയ്തു.
6 പൌലൊസും കൂട്ടരും ഫ്രുഗ്യ, ഗലാത്യ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചു. ആസ്യയില്‍ സുവിശേഷം പ്രസംഗിക്കുന്നതില്‍നിന്നും പരിശുദ്ധാത്മാവ് അവരെ തടഞ്ഞു.
7 അവര്‍ മുസ്യാ രാജ്യത്തിനടുത്തെത്തി. ബിഥുന്യ രാജ്യത്തേക്ക് പോവുകയാണവരുടെ ആവശ്യം. എന്നാല്‍ യേശുവിന്‍റെ ആത്മാവ് അവരെ അതിനനുവദിച്ചില്ല.
8 അതിനാല്‍ അവര്‍ മുസ്യാ കടന്ന് ത്രോവാസിലേക്കു പോയി.
9 അന്നു രാത്രി പൌലൊസിന് ഒരു ദര്‍ശനമുണ്ടായി. അതില്‍ മക്കെദോന്യയില്‍ നിന്നൊരാള്‍ പൌലൊസിനെ സമീപിച്ചു. അയാള്‍ അവിടെ നിന്നുകൊണ്ടു യാചിച്ചു,
“മക്കെദോന്യക്കു വന്ന് ഞങ്ങളെ സഹായിക്കേണമേ.”
10 പൌലൊസിനു ദര്‍ശനമുണ്ടായതിനുശേഷം, ഞങ്ങള്‍ മക്കെദോന്യയിലേക്കു പോകാന്‍ തയ്യാറെടുത്തു. അന്നാട്ടുകാരോട് സുവിശേഷം പ്രസംഗിക്കാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നുവെന്നു ഞങ്ങള്‍ക്കു മനസ്സിലായി.
11 ത്രോവാസില്‍നിന്നും ഞങ്ങള്‍ നേരെ സമൊത്രാക്കെയിലേക്കു കപ്പല്‍ കയറി. അടുത്ത ദിവസം നവപൊലിക്കും സമുദ്രയാത്ര ചെയ്തു.
12 പിന്നീട് ഫിലിപ്പിയിലേക്കു പോയി. മക്കെദൊന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന നഗരമായിരുന്നു ഫിലിപ്പി. കൂടാതെ റോമാക്കാരുടെ അധീനപ്രദേശവും. ഞങ്ങളവിടെ ഏതാനും ദിവസം തങ്ങി.
13 ശബ്ബത്തു ദിവസം ഞങ്ങള്‍ നഗരകവാടം കടന്ന് നദീതീരത്തെത്തി. അവിടെ പ്രാര്‍ത്ഥനയ്ക്കായി ഒരു പ്രത്യേക സ്ഥലം കണ്ടുപിടിക്കാമെന്നു ഞങ്ങള്‍ കരുതി. ഏതാനും സ്ത്രീകള്‍ അവിടെ കൂടിയിരുന്നു. ഞങ്ങള്‍ അവിടെ ഇരുന്ന് അവരുമായി സംഭാഷണം നടത്തി.
14 തുയത്തൈരയില്‍ നിന്നുവന്ന ലുദിയ എന്നുപേരായ ഒരുവള്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു. പട്ടു വില്പനയായിരുന്നു അവളുടെ തൊഴില്‍. അവള്‍ സത്യ ദൈവത്തെ ആരാധിക്കുന്നവള്‍ കൂടിയായിരുന്നു. ലുദിയ പൌലൊസിനെ ശ്രദ്ധിച്ചു. കര്‍ത്താവ് അവളുടെ ഹൃദയം തുറന്നു: പൌലൊസിന്‍റെ വാക്കുകളില്‍ അവള്‍ വിശ്വസിച്ചു.
15 അവളും അവളുടെ വീട്ടില്‍ വസിക്കുന്ന എല്ലാവരും സ്നാനപ്പെട്ടു. പിന്നീട് ലുദിയ, ഞങ്ങളെ തന്‍റെ വീട്ടിലേക്കു ക്ഷണിച്ചു. അവള്‍ പറഞ്ഞു,
“ഞാന്‍ കര്‍ത്താവായ യേശുവിന്‍റെ യഥാര്‍ത്ഥ വിശ്വാസിനിയാണെന്നു നിങ്ങള്‍ക്കു ബോദ്ധ്യമായിട്ടുണ്ടെങ്കില്‍ എന്‍റെ വീട്ടില്‍വന്നു താമസിച്ചാലും.”
അവളോടൊത്തു തങ്ങുവാന്‍ അവള്‍ ഞങ്ങളെ നിര്‍ബന്ധിച്ചു.
16 ഒരിക്കല്‍ ഞങ്ങള്‍ പ്രാര്‍ത്ഥനാസ്ഥലത്തേക്ക് പോകവേ ഞങ്ങള്‍ക്കു ചിലതു സംഭവിച്ചു. ഒരു ദാസ്യപ്പെണ്‍കുട്ടി എന്നെ സമീപിച്ചു. അവളെ ഒരു പ്രത്യേകതരം ആത്മാവ് ബാധിച്ചിരുന്നു. അവള്‍ക്കു ഭാവി പ്രവചനത്തിനുള്ള കഴിവ് ആ ആത്മാവ് നല്‍കിയിരുന്നു. ഇങ്ങനെ ചെയ്യുകവഴി അവള്‍ തന്‍റെ ഉടമസ്ഥര്‍ക്ക് ധാരാളം പണം സമ്പാദിച്ചു കൊടുത്തു.
17 ആ പെണ്‍കുട്ടി പൌലൊസിനെയും ഞങ്ങളെയും പിന്തുടര്‍ന്നു. അവളുറക്കെ പറഞ്ഞു,
“ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്മാരാണ്! നിങ്ങളുടെ രക്ഷാമാര്‍ഗ്ഗം അവര്‍ പറഞ്ഞുതരും.”
18 പല ദിവസങ്ങള്‍ അവള്‍ ഇത് ആവര്‍ത്തിച്ചു. ഇത് പൌലൊസിനെ അസഹ്യപ്പെടുത്തുകയും ആത്മാവിനു നേര്‍ക്ക് തിരിഞ്ഞ് അയാള്‍ പറഞ്ഞു “യേശുക്രിസ്തുവിന്‍റെ ശക്തിയാല്‍ ഞാന്‍ നിന്നോടു കല്പിക്കുന്നു, അവളില്‍നിന്ന് പുറത്തുപോവുക.”
പെട്ടെന്നുതന്നെ ആ ആത്മാവ് അവളെ വിട്ടൊഴിഞ്ഞു.
19 ആ ദാസിയുടെ യജമാനന്മാര്‍ ഇതു കണ്ടു. ഇനി തങ്ങള്‍ക്കവളെ ഉപയോഗിച്ച് പണമുണ്ടാക്കാനാവില്ലെന്ന് അവര്‍ കണ്ടു. അതിനാലവര്‍ പൌലൊസിനെയും ശീലാസിനെയും പിടിച്ച് നഗരസഭയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു. നഗരപാലകര്‍ അവിടെ ഉണ്ടായിരുന്നു.
20 പൌലൊസിനെയും ശീലാസിനെയും അവര്‍ നേതാക്കന്മാരുടെ മുമ്പില്‍ കൊണ്ടുവന്നു പറഞ്ഞു,
“ഇവര്‍ യെഹൂദരാണ്. അവര്‍ നമ്മുടെ നഗരത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്നു.
21 അവര്‍ ചില അനുഷ്ഠാനങ്ങള്‍ പ്രയോഗത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്നു. റോമാക്കാരായ നമുക്കിതു ചെയ്യാനാവില്ല.”
22 ജനം പൌലൊസിനും ശീലാസിനും എതിരായിരുന്നു. നേതാക്കന്മാര്‍ പൌലൊസിന്‍റെയും ശീലാസിന്‍റെയും വസ്ത്രങ്ങള്‍ കീറുകയും അവരെ വടികൊണ്ടടിക്കുവാന്‍ ചിലരോടു പറയുകയും ചെയ്തു.
23 ആളുകള്‍ പൌലൊസിനെയും ശീലാസിനെയും പലവട്ടം അടിച്ചു. അനന്തരം നേതാക്കള്‍ അവരെ തടവറയിലിട്ടു. തടവറ സൂക്ഷിപ്പുകാരോട് നേതാക്കള്‍ പറഞ്ഞു,
“അവരെ പ്രത്യേകം സൂക്ഷിക്കുക.”
24 അയാള്‍ ആ ഉത്തരവനുസരിച്ച് തടവറയുടെ ഏറ്റവും ഉള്ളില്‍ പൌലൊസിനെയും ശീലാസിനെയും ഇട്ടു. വലിയ തടിക്കട്ടകള്‍ക്കിടയില്‍ അവരുടെ കാലുകള്‍ കെട്ടിയിട്ടു.
25 പാതിരാത്രിയോടടുത്തപ്പോള്‍ പൌലൊസും ശീലസും പ്രാര്‍ത്ഥിക്കുകയും ദൈവീക ഗീതങ്ങള്‍ പാടുകയുമായിരുന്നു. മറ്റു തടവുകാര്‍ അവരെ ശ്രവിക്കുകയുമായിരുന്നു.
26 പെട്ടെന്ന്, ഒരു വലിയ ഭൂകമ്പമുണ്ടായി. തടവറയുടെ അടിത്തറ ഇളകുംവിധം ശക്തമായിരുന്നു ആ ഭൂകമ്പം. അപ്പോള്‍ തടവറയുടെ എല്ലാ വാതിലുകളും തുറക്കപ്പെട്ടു. എല്ലാ തടവുകാരും ചങ്ങലകളില്‍നിന്നും മോചിതരായി.
27 തടവറ സൂക്ഷിപ്പുകാരന്‍ ഉണര്‍ന്നു. തടവറയുടെ വാതിലുകള്‍ തുറന്നുകിടക്കുന്നതയാള്‍ കണ്ടു. തടവുകാരൊക്കെ രക്ഷപ്പെട്ടിരിക്കുമെന്നയാള്‍ കരുതി. അതിനാല്‍ അയാള്‍ വാളൂരി സ്വന്തം ജീവനെടുക്കാന്‍ പോകുകയായിരുന്നു.
28 പക്ഷേ, പൌലൊസ് വിളിച്ചു പറഞ്ഞു,
“അരുത്! നിനക്കൊരു ഹാനിയും വരുത്തരുത്. ഞങ്ങളൊക്കെ ഇവിടെയുണ്ട്.”
29 ഒരു വിളക്കു കൊണ്ടുവരാന്‍ തടവറ സൂക്ഷിപ്പുകാരന്‍ ആരോടോ പറഞ്ഞു. എന്നിട്ടയാള്‍ അകത്തേക്ക് ഓടിക്കയറി. അയാള്‍ ഭയത്താല്‍ വിറയ്ക്കുകയായിരുന്നു. പൌലൊസിന്‍റെയും ശീലാസിന്‍റെയും മുമ്പില്‍ അയാള്‍ വീണു.
30 എന്നിട്ട് അയാള്‍ അവരെ പുറത്ത് കൊണ്ടുവന്നിട്ടു ചോദിച്ചു,
“മനുഷ്യരേ, രക്ഷ പ്രാപിപ്പാന്‍ ഞാനെന്തു ചെയ്യണം?”
31 അവര്‍ അവനോടു പറഞ്ഞു,
“കര്‍ത്താവായ യേശുവില്‍ വിശ്വസിച്ചാല്‍ നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിയ്ക്കും.”
32 അതിനാല്‍ അവര്‍ അയാള്‍ക്കും വീട്ടിലുള്ള എല്ലാവര്‍ക്കും കര്‍ത്താവിന്‍റെ സന്ദേശം പറഞ്ഞു കൊടുത്തു.
33 അപ്പോള്‍ രാത്രി വളരെ വൈകിയിരുന്നു. എങ്കിലും പാറാവുകാരന്‍ ശീലാസിനെയും പൌലൊസിനെയും കൊണ്ടുപോയി അവരുടെ മുറിവുകള്‍ കഴുകി. അപ്പോള്‍ പാറാവുകാരനും കുടുംബാഗംങ്ങളും സ്നാനപ്പെട്ടു.
34 അതിനുശേഷം അയാള്‍ അവരെ തന്‍റെ വീട്ടിലേക്കു കൊണ്ടുപോയി അവര്‍ക്കു വേണ്ട ഭക്ഷണം നല്‍കി. ദൈവത്തെ വിശ്വസിച്ചതില്‍ അവര്‍ എല്ലാവരും സന്തേഷിച്ചു.
35 പിറ്റേന്നു രാവിലെ നേതാക്കള്‍ ഏതാനും ഭടന്മാരെ പാറാവുകാരന്‍റെയടുത്തേക്കയച്ചു. അവര്‍ പറഞ്ഞു, ആ മനുഷ്യരെ വെറുതെ വിടുക!”
36 പാറാവുകാരന്‍ പൌലൊസിനോടു പറഞ്ഞു,
“നിങ്ങളെ സ്വതന്ത്രരാക്കാന്‍ നേതാക്കള്‍ ഏതാനും ഭടന്മാരെ അയച്ചിരിക്കുന്നു. നിങ്ങള്‍ക്കിപ്പോള്‍ സമാധാനത്തോടെ പോകാം!”
37 എന്നാല്‍ പൌലൊസ് ഭടന്മാരോടു പറഞ്ഞു,
“ഞങ്ങള്‍ തെറ്റുകാരാണെന്നു തെളിയിക്കാന്‍ നിങ്ങളുടെ നേതാക്കള്‍ക്കായിട്ടില്ല. എങ്കിലും അവര്‍ ഞങ്ങളെ ജന മദ്ധ്യത്തിലിട്ടു മര്‍ദ്ദിക്കുകയും തടവിലിടുകയും ചെയ്തു. റോമാപൌരന്മാരായ* ഞങ്ങള്‍ക്കും ചില അവകാശങ്ങളുണ്ട്. ഇപ്പോള്‍ ഞങ്ങളെ രഹസ്യമായി വിട്ടയയ്ക്കാന്‍ അവര്‍ ശ്രമക്കുന്നു. ഇല്ല, അവര്‍ നേരിട്ടുവന്നു ഞങ്ങളെ വിട്ടയയ്ക്കട്ടെ!”
38 പട്ടാളക്കാര്‍ പൌലൊസിന്‍റെ വാക്കുകള്‍ നേതാക്കളോടു പറഞ്ഞു. പൌലൊസും ശീലാസും റോമാക്കാരാണെന്നറിഞ്ഞ നേതാക്കള്‍ ഭയന്നു.
39 അതിനാല്‍, അവര്‍ വന്നു പൌലൊസിനോടും ശീലാസിനോടും മാപ്പുപറഞ്ഞു. അവര്‍ ഇരുവരേയും പുറത്തു കൊണ്ടുവന്ന് അവരുടെ നഗരം വിട്ടുപോകാന്‍ പറഞ്ഞു.
40 തടവറയില്‍നിന്നും പുറത്തുവന്ന പൌലൊസും ശീലാസും ലുദിയായുടെ വീട്ടിലേക്കു പോയി. അവിടെക്കണ്ട ഏതാനും വിശ്വാസികളെ ധൈര്യപ്പെടുത്തിയതിനുശേഷം അവര്‍ അവിടം വിട്ടു.