7
1 മഹാപുരോഹിതന്‍ സ്തെഫാനൊസിനോടു ചോദിച്ചു,
“ഇതെല്ലാം സത്യമാണോ?”
2 സ്തെഫാനൊസ് മറുപടി പറഞ്ഞു,
“എന്‍റെ യെഹൂദ പിതാക്കളേ, സഹോദരന്മാരേ, എന്‍റെ വാക്കുകള്‍ ശ്രദ്ധിച്ചാലും, നമ്മുടെ മഹത്വമാര്‍ന്ന ദൈവം നമ്മുടെ പിതാവായ അബ്രാഹാമിനു പ്രത്യക്ഷപ്പെട്ടു. അബ്രാഹാം മെസൊപ്പൊത്താമ്യയില്‍ ആയിരുന്നു. അവന്‍ ഹാരാനില്‍ താമസിക്കും മുമ്പായിരുന്നു അത്.
3 ദൈവം അബ്രാഹാമിനോടു പറഞ്ഞു, ‘നിന്‍റെ രാജ്യത്തെയും ബന്ധുക്കളെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന രാജ്യത്തേക്കു പോവുക.
4 അതിനാല്‍ അബ്രാഹാം കല്‍ദായ വിട്ടു. അവന്‍ ഹാരാന്‍ ദേശത്തേക്കു പോയി. അബ്രാഹാമിന്‍റെ പിതാവു മരിച്ചതിനുശേഷം ദൈവം അവനെ നിങ്ങള്‍ ഇപ്പോള്‍ വസിക്കുന്ന ഈ ദേശത്തിലേക്കു അയച്ചു.
5 എന്നാല്‍ ദൈവം അയാള്‍ക്കു അല്പംപോലും സ്ഥലം നല്‍കിയില്ല. ഒരടിസ്ഥലം പോലും. എന്നാല്‍, ഭാവിയില്‍ അബ്രാഹാമിനും സന്തതി പരമ്പരകള്‍ക്കുമായി ആ ദേശം നല്‍കാമെന്ന് ദൈവം അവനു വാഗ്ദാനം നല്‍കി. (അബ്രാഹാമിനു കുട്ടികളുണ്ടാകും മുമ്പായിരുന്നു അത്.)
6 “ദൈവം ഇങ്ങനെയാണവനോട് അരുളിയത്: ‘നിന്‍റെ സന്തതികള്‍ മറ്റൊരു രാജ്യത്ത് വസിക്കും. അവിടെയവര്‍ അപരിചിതരാവും. അന്നാട്ടുകാര്‍ അവരെ അടിമകളാക്കുകയും നാനൂറു വര്‍ഷം പരുഷമായി കൈകാര്യം ചെയ്യുകയും ചെയ്യും.
7 പക്ഷേ അവരെ അടിമകളാക്കിയ രാജ്യത്തെ ഞാന്‍ ശിക്ഷിക്കും. ദൈവം ഇങ്ങനെകൂടി പറഞ്ഞു, ‘അതെല്ലാം സംഭവിച്ചതിനു ശേഷം നിന്‍റെയാള്‍ക്കാര്‍ ആ രാജ്യത്തു നിന്നും പുറത്തു കടക്കും. എന്നിട്ട് അവര്‍ ഇവിടെ ഈ സ്ഥലത്ത് എന്നെ ആരാധിക്കും.
8 “ദൈവം അബ്രാഹാമുമായി ഒരു നിയമം ഉണ്ടാക്കി; പരിച്ഛേദനയായിരുന്നു ആ നിയമത്തിന്‍റെ അടയാളം. അതുകൊണ്ട് അബ്രാഹാം തനിക്കൊരു പുത്രനുണ്ടായപ്പോള്‍ അവന്‍റെ പരിച്ഛേദനാകര്‍മ്മം എട്ടു ദിവസം പ്രായമായപ്പോള്‍ നടത്തി. യിസ്ഹാക്ക് എന്നായിരുന്നു ആ പുത്രന്‍റെ പേര്. യിസ്ഹാക്ക് തന്‍റെ പുത്രനായ യാക്കോബിന്‍റെയും യാക്കോബ് തന്‍റെ പുത്രന്മാരുടെയും പരിച്ഛേദനാകര്‍മ്മം നടത്തി. ആ പുത്രന്മാരാണ് പില്‍ക്കാലത്ത് പന്ത്രണ്ടു പിതാക്കന്മാരായത്.
9 “ഈ പിതാക്കന്മാര്‍ക്ക് യോസേഫിനോട് (അവരുടെ ഇളയസഹോദരനോട്‍) അസൂയ തോന്നി. അവര്‍ യോസേഫിനെ മിസ്രയീമിലേക്കു അടിമയായി വിറ്റു. എന്നാല്‍ ദൈവം യോസേഫിനോടൊത്തായിരുന്നു.
10 മിസ്രയീമില്‍ യോസേഫിന് ഒരുപാട് കഷ്ടങ്ങളുണ്ടായെങ്കിലും ആ അവസരങ്ങളിലൊക്കെ ദൈവം അവനെ രക്ഷിച്ചു. ഫറവോനായിരുന്നു മിസ്രയീമിലെ രാജാവ്. ഫറവോന്‍ യോസേഫിനെ ഇഷ്ടപ്പെടുകയും ദൈവദത്തമായി യോസേഫിനുള്ള ജ്ഞാനത്താല്‍ അയാളെ ബഹുമാനിക്കുകയും ചെയ്തു. അയാള്‍ യോസേഫിനെ മിസ്രയീമിന്‍റെ അധിപതിയാക്കി. ഫറവോന്‍റെ കൊട്ടാരവാസികളെ ഭരിക്കാനുള്ള അനുവാദംപോലും ഫറവോന്‍ യോസേഫിനു കൊടുത്തു.
11 പക്ഷേ മിസ്രയീമും, കനാന്‍ദേശവും രൂക്ഷമായ വരള്‍ച്ച ഉണ്ടായതുമൂലം കടുത്ത ക്ഷാമവും ഉണ്ടായി. ജനങ്ങള്‍ക്കിതു വളരെ കഷ്ടപ്പാടുണ്ടാക്കി. നമ്മുടെ പിതാക്കന്മാര്‍ക്ക് ഭക്ഷണം കിട്ടാതായി.
12 “എന്നാല്‍ മിസ്രയീമില്‍ ഭക്ഷ്യ ശേഖരമുണ്ടെന്ന് യാക്കോബ് കേട്ടു. അതുകൊണ്ടയാള്‍ നമ്മുടെ പിതാക്കന്മാരെ അവിടേക്കയച്ചു. (അത് മിസ്രയീമിലേക്കുള്ള അവരുടെ ആദ്യയാത്രയായിരുന്നു.)
13 പിന്നീടവര്‍ രണ്ടാമതും അവിടെ പോയി. ഈ പ്രാവശ്യം യോസേഫ് തന്‍റെ സഹോദരന്മാരോട് താന്‍ ആരാണെന്ന് വെളിപ്പെടുത്തി. യോസേഫിന്‍റെ കുടുംബത്തെപ്പറ്റി ഫറവോന്‍ അറിയുകയും ചെയ്തു.
14 അനന്തരം യോസേഫ് തന്‍റെ പിതാവിനെ ആളയച്ച് മിസ്രയീമിലേക്ക് ക്ഷണിച്ചു. തന്‍റെ ചാര്‍ച്ചക്കാരായ എഴുപത്തഞ്ചുപേരെക്കൂടി യോസേഫ് ക്ഷണിച്ചു.
15 അങ്ങനെ യാക്കോബ് മിസ്രയീമിലെത്തി. അവനും നമ്മുടെ പിതാക്കന്മാരും അവിടെ മരിച്ചു.
16 പിന്നീട് അവരുടെ ശരീരം ശെഖേമിലേക്കു കൊണ്ടുവന്നു. അവിടെ അവര്‍ സംസ്കരിക്കപ്പെട്ടു. (ഹാമോരിന്‍റെ പുത്രന്മാരോട് വെള്ളി നാണയങ്ങള്‍ കൊടുത്ത് അബ്രാഹാം ശെഖേമില്‍ വാങ്ങിച്ച കല്ലറയാണത്).
17 “മിസ്രയീമില്‍ യെഹൂദരുടെ എണ്ണം പെരുകി. അവിടെ നമ്മുടെ ആള്‍ക്കാര്‍ തിങ്ങിക്കൂടിവന്നു. (ദൈവം അബ്രാഹാമിനു നല്‍കിയ വാഗ്ദാനം പാലിക്കപ്പെടാറായിരുന്നു.)
18 അപ്പോള്‍ വ്യത്യസ്തനായൊരു രാജാവ് മിസ്രീയീം ഭരിച്ചു. അയാള്‍ക്ക് യോസേഫിനെപ്പറ്റി ഒന്നും അറിയുകയില്ലായിരുന്നു.
19 രാജാവ് നമ്മുടെ ആളുകളോട് കൌശലപൂര്‍വ്വം പെരുമാറി. അവരോട് അയാള്‍ ക്രൂരമായി പെരുമാറി. അവന്‍ നമ്മുടെ പിതാക്കന്മാരെ തങ്ങളുടെ കുഞ്ഞുങ്ങള്‍ ജീവിക്കുന്നതിനു തടയുവാന്‍ അവരെ പുറത്തിടുവാന്‍ നിര്‍ബന്ധിച്ചു.
20 “മോശെ പിറന്ന സമയമായിരുന്നു അത്. മോശെ ദൈവത്തിന്‍റെ മുമ്പില്‍ അതി സുന്ദരനായിരുന്നു. മൂന്നു മാസം മോശെയെ അവന്‍റെ പിതാവിന്‍റെ ഭവനത്തില്‍ വളര്‍ത്തി.
21 മോശെയെ അവര്‍ പുറത്തെറിഞ്ഞപ്പോള്‍ ഫറവോന്‍റെ പുത്രി കുഞ്ഞിനെ എടുത്തുകൊണ്ടുപോയി. സ്വന്തം മകനെപ്പോലെ അവള്‍ അവനെ വളര്‍ത്തി.
22 മിസ്രയീംകാര്‍ തങ്ങള്‍ക്കറിയാവുന്നതു മുഴുവന്‍ മോശെയെ പഠിപ്പിച്ചു. താന്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതുമായുള്ള കാര്യങ്ങളില്‍ മോശെ ശക്തനായി.
23 “മോശെയ്ക്കു നാല്പതു വയസ്സായപ്പോള്‍ തന്‍റെ യെഹൂദ സഹോദരന്മാരെ ചെന്നു കാണണമെന്നു അവനു തോന്നി.
24 ഒരു മിസ്രയീംകാരന്‍ ഒരു യെഹൂദനെ ദ്രോഹിക്കുന്നത് മോശെ കണ്ടു. അയാള്‍ യെഹൂദന്‍റെ സഹായത്തിനെത്തി. മോശെ മിസ്രയീംകാരനെ അടിച്ചുകൊന്ന് ശിക്ഷിച്ചു.
25 അവരെ രക്ഷിക്കാന്‍ ദൈവം തന്നെ അയച്ചതാണെന്ന് യെഹൂദര്‍ക്ക് തന്മൂലം മനസ്സിലാകുമെന്ന് മോശെ കരുതി. എന്നാല്‍ അവര്‍ക്കതു മനസ്സിലായില്ല.
26 “പിറ്റേന്ന് രണ്ട് യെഹൂദര്‍ തമ്മിലടിക്കുന്നത് മോശെ കണ്ടു. അയാള്‍ അവരെ പൊരുത്തപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടു പറഞ്ഞു, ‘മനുഷ്യരേ, നിങ്ങള്‍ സഹോദരന്മാരല്ലേ, നിങ്ങളെന്തിനാണ് പരസ്പരം ദ്രോഹിക്കുന്നത്?’
27 സഹോദരനെ ദ്രോഹിച്ചുകൊണ്ടിരുന്നവന്‍ മോശെയെ തളളിമാറ്റി. അയാള്‍ മോശെയോടു ചോദിച്ചു, ‘ആരാണ് നിന്നെ ഞങ്ങളുടെമേല്‍ ഭരണാധികാരിയും വിധികര്‍ത്താവും ആക്കിയത്?
28 ഇന്നലെ മിസ്രയീംകാരനെ കൊന്നതുപോലെ എന്നെ നീ കൊല്ലുമെന്നാണോ?’
29 അവന്‍ പറഞ്ഞതു കേട്ട് മോശെ മിസ്രയീം വിട്ടു. മോശെ മിദ്യാന്‍ ദേശത്തേക്കു പോയി. അവിടെയവന്‍ അപരിചിതനായി വസിച്ചു. അവിടെവച്ച് മോശെയ്ക്കു രണ്ടു പുത്രന്മാരുണ്ടായി.
30 “നാല്പതു വര്‍ഷങ്ങള്‍ക്കു ശേഷം മോശെ സീനായിമലകള്‍ക്കടുത്തുള്ള മരുഭൂമിയില്‍ നില്‍ക്കുകയായിരുന്നു. അവിടെ മുള്‍പ്പടര്‍പ്പിലെ തീജ്വാലയില്‍ ഒരു ദൂതന്‍ അവനു പ്രത്യക്ഷപ്പെട്ടു.
31 അതു കണ്ടു മോശെ അത്ഭുതപ്പെട്ടു. അതു കാണാന്‍ മോശെ കൂടുതല്‍ അടുത്തേക്കു ചെന്നു. മൊശെ കര്‍ത്താവിന്‍റെ ശബ്ദം കേട്ടു.
32 കര്‍ത്താവ് പറഞ്ഞു, ‘ഞാന്‍ നിന്‍റെ പിതാക്കന്മാരുടെ ദൈവമാകുന്നു. അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം ഞാനാകുന്നു’. മോശെ ഭയംകൊണ്ട് വിറയ്ക്കാന്‍ തുടങ്ങി. മുള്‍പ്പടര്‍പ്പിലേക്കു നോക്കാന്‍ അവനു ധൈര്യം ഉണ്ടായില്ല.
33 “കര്‍ത്താവ് അവനോട് പറഞ്ഞു, ‘നിന്‍റെ ചെരുപ്പുകള്‍ ഊരിക്കളയുക, കാരണം നീ നില്‍ക്കുന്നിടം വിശുദ്ധസ്ഥലമാണ്.
34 മിസ്രയീമില്‍ എന്‍റെ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ട എനിക്ക് അതേപ്പറ്റി നന്നായി അറിയാം. അവരുടെ കരച്ചില്‍ ഞാന്‍ കേട്ടു. അവരെ രക്ഷിക്കാനാണു ഞാന്‍ താഴേക്കു വന്നിരിക്കുന്നത്. മോശെ, ഇപ്പോള്‍ വരിക. ഞാന്‍ നിന്നെ മിസ്രയീമിലേക്കു മടക്കി അയയ്ക്കുന്നു’!
35 “യെഹൂദര്‍ തള്ളിപ്പറഞ്ഞ അതേ മോശെ തന്നെയാണിത്. ‘നീ ഞങ്ങളുടെ ഭരണകര്‍ത്താവും വിധികര്‍ത്താവും ആണെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്ന് അവര്‍ അവനോടു ചോദിച്ചു. ദൈവം രക്ഷകനും ഭരണാധിപനുമായി അയച്ചവനാണു മോശെ. ദൂതന്‍റെ സഹായത്താലാണ് ദൈവം മോശെയെ അയച്ചത്. ആ ദൂതനെയാണ് മുള്‍പ്പടര്‍പ്പിലെ തീജ്വാലയില്‍ മോശെ കണ്ടത്.
36 മോശെ ജനങ്ങളെ നയിച്ചു. അത്ഭുതങ്ങളും വീര്യപ്രവര്‍ത്തികളും മോശെ പ്രവര്‍ത്തിച്ചു. മിസ്രയീമിലും ചെങ്കടലിലും, മരുഭൂമിയിലും നാല്പതു വര്‍ഷക്കാലം അവന്‍ ഇതു പ്രവര്‍ത്തിച്ചു.
37 “യെഹൂദരോട് ഇതേ മോശെ തന്നെയാണ് ഈ വാക്കുകളും പറഞ്ഞത്: ‘ദൈവം നിങ്ങള്‍ക്കൊരു പ്രവാചകനെ നല്‍കും. നിങ്ങള്‍ക്കിടയില്‍ നിന്നാവും ആ പ്രവാചകന്‍ വരിക. അവന്‍ എന്നെപ്പോലെ ആയിരിക്കും’.
38 ഇതേ മോശെ മരുഭൂമിയിലെ യെഹൂദക്കൂട്ടത്തിലും ഉണ്ടായിരുന്നു. അവന്‍ നമ്മുടെ പിതാക്കന്മാരോടൊപ്പവും ഉണ്ടായിരുന്നു. സീനായി മലയ്ക്ക് അടുത്തുവെച്ച് തന്നോടു സംസാരിച്ച ദൂതനോടൊപ്പമായിരുന്നു അവന്‍ അപ്പോള്‍. മോശെ ദൈവത്തില്‍നിന്നും ജീവന്‍ നല്‍കുന്ന കല്പനകള്‍ സ്വീകരിച്ചു. ആ കല്പനകളാണ് മോശെ നമുക്ക് തന്നത്.
39 “എന്നാല്‍ നമ്മുടെ പിതാക്കന്മാര്‍ മോശെയെ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ അവനെ തിരസ്കരിച്ചു. അവര്‍ മിസ്രയീമിലേക്കു പോകാന്‍ ആഗ്രഹിച്ചു.
40 നമ്മുടെ പിതാക്കന്മാര്‍ അഹരോനോടു പറഞ്ഞു, ‘മോശെ, ഞങ്ങളെ മിസ്രയീമില്‍നിന്നും പുറത്തേക്കു നയിച്ചു. എന്നാല്‍ അവനെന്തു സംഭവിച്ചുവെന്നു ഞങ്ങള്‍ക്കറിയില്ല. അതിനാല്‍ ഞങ്ങളെ നയിക്കാന്‍ ഏതാനും ദേവന്മാരെ ഉണ്ടാക്കുക’.
41 അതുകൊണ്ട് അവര്‍ പശുക്കുട്ടിയെപ്പോലെ തോന്നിക്കുന്ന ഒരു വിഗ്രഹം ഉണ്ടാക്കി. അവര്‍ അതിന് യാഗം അര്‍പ്പിച്ചു. തങ്ങളുടെ കൈകള്‍കൊണ്ട് എന്തു സൃഷ്ടിച്ചോ അതില്‍ അവര്‍ സന്തോഷിച്ചു.
42 പക്ഷേ ദൈവം അവരില്‍ നിന്നും തിരിഞ്ഞു. ആകാശത്തെ കപട ദൈവങ്ങളെ ആരാധിക്കാനുള്ള ശ്രമത്തില്‍നിന്ന് അവരെ തടയുന്നത് അവന്‍ അവസാനിപ്പിച്ചു. പ്രവാചകരുടെ പുസ്തകത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ദൈവം അരുളിച്ചെയ്യുന്നു, ‘യെഹൂദ വംശജരേ, മരുഭൂമിയില്‍ നാല്പതു വര്‍ഷക്കാലം നിങ്ങളെനിക്കായിരുന്നില്ല രക്തവും യാഗങ്ങളും നല്‍കിയിരുന്നത്;
43 നിങ്ങള്‍ക്ക് ആരാധിക്കാന്‍ നിങ്ങള്‍ മൊലോക്കിന്‍റെ കൂടാരവും രേഫാന്‍ ദേവന്‍റെ നക്ഷത്രവും നിങ്ങള്‍ കൊണ്ടുവന്നു. ആരാധിക്കേണ്ടതിലേക്കായി അവ നിങ്ങളുണ്ടാക്കിയ വിഗ്രഹങ്ങളാണ്. അതിനാല്‍ ഞാന്‍ നിങ്ങളെ ബാബിലോണിലേക്കു ബഹിഷ്ക്കരിക്കും.’
44 “നമ്മുടെ പിതാക്കന്മാര്‍ക്ക് മരുഭൂമിയില്‍ വിശുദ്ധ കൂടാരം ഉണ്ടായിരുന്നു. എങ്ങനെയാണ് ആ കൂടാരം ഉണ്ടാക്കേണ്ടതെന്ന് ദൈവം മോശെയോടു പറഞ്ഞിരുന്നു. ദൈവം അവനെ കാണിച്ചിരുന്ന മാതൃക അനുസരിച്ചാണ് മോശെ കൂടാരം ഉണ്ടാക്കിയത്.
45 പിന്നീട് യോശുവ വന്ന് നമ്മുടെ പിതാക്കന്മാരെ മറ്റുദേശങ്ങള്‍ പിടിച്ചടക്കാനായി നയിച്ചു. നമ്മുടെയാള്‍ക്കാര്‍ കടന്നു ചെന്നപ്പോള്‍ അന്യ നാട്ടുകാരെ ദൈവം പുറത്താക്കി. പുതിയ നാട്ടിലേക്കു നമ്മുടെ പിതാക്കന്മാര്‍ കടന്നുചെന്നപ്പോള്‍ ഇതേ കൂടാരം അവര്‍ കൊണ്ടുവന്നു. തങ്ങളുടെ പിതാക്കന്മാരില്‍ നിന്നും കിട്ടിയ ആ കൂടാരം അവര്‍ ദാവീദിന്‍റെ കാലംവരെ സൂക്ഷിച്ചു.
46 ദൈവം ദാവീദില്‍ സന്തുഷ്ടനായി. യാക്കോബിന്‍റെ ദൈവത്തിന് ഒരു ആലയം* പണിയാന്‍ ദാവീദ് ദൈവത്തോട് അനുവാദം ചോദിച്ചു.
47 എന്നാല്‍ ദാവീദിന്‍റെ പുത്രനായ ശലോമോന്‍ ആയിരുന്നു ദൈവാലയം പണിയിച്ചത്.
48 പക്ഷേ മനുഷ്യര്‍ അവരുടെ കൈകള്‍ കൊണ്ടു നിര്‍മ്മിച്ച ദൈവാലയത്തില്‍ അത്യുന്നതന്‍ വസിക്കുന്നില്ല. അതാണ് പ്രവാചകന്‍ എഴുതിയിട്ടുള്ളത്: ‘കര്‍ത്താവ് അരുളിച്ചെയ്യുന്നു, സ്വര്‍ഗ്ഗം എന്‍റെ സിംഹാസനം.
49 ഭൂമി എന്‍റെ പാദപീഠമാകുന്നു. എനിക്കായി ഏതുതരം ദൈവാലയം പണിയാനാണു നിങ്ങള്‍ക്കാവുക? എനിക്ക് വിശ്രമസങ്കേതം ഇല്ല!
50 ഇവയെല്ലാം ഞാനാണുണ്ടാക്കിയതെന്ന് മറക്കാതിരിക്കുക.’”
51 അപ്പോള്‍ സ്തെഫാനൊസ് പറഞ്ഞു,
“ദുശ്ശാഠ്യക്കാരായ യെഹൂദ നേതാക്കളേ, ദൈവത്തിനു ഹൃദയവും കാതും നല്‍കാത്തവരേ, പരിശുദ്ധാത്മാവിന്‍റെ വചനങ്ങള്‍ക്ക് എപ്പോഴും എതിരു നില്‍ക്കുവന്നവരേ, നിങ്ങളുടെ പിതാക്കന്മാര്‍ ഇതു ചെയ്തു. അതു തന്നെ നിങ്ങളും ചെയ്യുന്നു.
52 നിങ്ങളുടെ പിതാക്കന്മാര്‍ ജീവിച്ചിരുന്ന എല്ലാ പ്രവാചകരെയും ഉപദ്രവിച്ചു. നീതിമാന്‍ വരുമെന്ന് ആ പ്രവാചകരെല്ലാം പറഞ്ഞിട്ടുണ്ട്. പക്ഷേ അവരെ പിതാക്കന്മാര്‍ വധിച്ചു. ഇപ്പോള്‍ നിങ്ങളും നീതിമാനെതിരെ തിരിയുകയും അവനെ വധിയ്ക്കുകയും ചെയ്തു.
53 മോശെയുടെ ന്യായപ്രമാണം നിങ്ങള്‍ സ്വീകരിച്ചു. ദൂതന്മാരിലൂടെ ദൈവം നിങ്ങള്‍ക്ക് ഈ ന്യായപ്രമാണം നല്‍കി. എന്നാല്‍ നിങ്ങള്‍ ഈ നിയമങ്ങള്‍ അനുസരിച്ചില്ല.”
54 സ്തെഫാനൊസിന്‍റെ ഈ വാക്കുകള്‍ യെഹൂദ നേതാക്കള്‍ കേട്ട് കോപാകുലരായി. അവര്‍ അയാളുടെ നേരെ പല്ലുകളിറുമ്മി.
55 പക്ഷേ സ്തെഫാനൊസില്‍ പരിശുദ്ധാത്മാവ് നിറഞ്ഞിരുന്നു. അവന്‍ ആകാശത്തേക്കു നോക്കി. അവന്‍ ദൈവത്തിന്‍റെ മഹത്വം കണ്ടു. ദൈവത്തിന്‍റെ വലതുഭാഗത്ത് യേശു നില്‍ക്കുന്നത് സ്തെഫാനൊസ് കണ്ടു.
56 സ്തെഫാനൊസ് പറഞ്ഞു,
“അതാ, സ്വര്‍ഗ്ഗ കവാടം തുറന്നതു ഞാന്‍ കാണുന്നു. മനുഷ്യ പുത്രന്‍ ദൈവത്തിന്‍റെ വലത്തുവശത്തു നില്‍ക്കുന്നതും ഞാന്‍ കാണുന്നു.”
57 അപ്പോള്‍ യെഹൂദ നേതാക്കളാകെ ആക്രോശിച്ചു. അവര്‍ തങ്ങളുടെ ചെവികള്‍ പൊത്തി. അവരെല്ലാവരും സ്തെഫാനൊസിന്‍റെ അടുത്തേക്കോടി.
58 അവരവനെ നഗരത്തില്‍നിന്നും പുറന്തള്ളി മരിക്കുംവരെ കല്ലെറിഞ്ഞു. സ്തെഫാനൊസിനെതിരെ കള്ളസാക്ഷികള്‍ പറഞ്ഞവര്‍ തങ്ങളുടെ മേലങ്കി ഊരി ശൌല്‍ എന്നു വിളിച്ച യുവാവിനു നല്‍കി.
59 അവരും സ്തെഫാനൊസിനെ കല്ലെറിഞ്ഞു. പക്ഷേ സ്തെഫാനൊസ് അപ്പോഴും പ്രാര്‍ത്ഥിക്കുകയായിരുന്നു. അവന്‍ പറഞ്ഞു,
“കര്‍ത്താവായ യേശുവേ, എന്‍റെ ആത്മാവിനെ സ്വീകരിക്കേണമേ.”
60 അവന്‍ മുട്ടുകുത്തി ഉറക്കെ നിലവിളിച്ചു,
“കര്‍ത്താവേ, ഇവരുടെമേല്‍ ഈ പാപം ചുമത്തരുതേ.”
ഇത്രയും പറഞ്ഞ് സ്തെഫാനൊസ് മരിച്ചുവീണു.