21
1 ചില ധനികന്മാര്‍ ദൈവാലയത്തിലെ ഭണ്ഡാരത്തില്‍ കാണിക്കയിടുന്നത് യേശു കണ്ടു.
2 പിന്നീട് ഒരു സാധു വിധവ ഭണ്ഡാരത്തിലേക്കു രണ്ടു ചെറിയ ചെമ്പു നാണയങ്ങളിടുന്നതും അവന്‍ കണ്ടു.
3 യേശു പറഞ്ഞു,
“ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. ഈ വിധവ രണ്ടു ചെറു നാണയങ്ങളെ നല്‍കിയിട്ടുള്ളൂ. എന്നാല്‍ അവള്‍ നല്‍കിയത് അവിടെയുണ്ടായിരുന്ന എല്ലാ ധനികരും നല്‍കിയതിനേക്കാള്‍ അധികമാണ്.
4 ധനികര്‍ക്ക് ധാരാളമുണ്ട്, അവര്‍ തങ്ങള്‍ക്ക് ആവശ്യമില്ലാത്തതാണ് നല്‍കിയത്. ഈ സ്ത്രീയാകട്ടെ, ദരിദ്രയാണ്. അവള്‍ തനിക്കുള്ളതെല്ലാം നല്‍കി. തന്‍റെ ഉപജീവനത്തിനുവേണ്ട പണമാണവള്‍ നല്‍കിയത്.”
5 ശിഷ്യന്മാരില്‍ ചിലര്‍ ദൈവാലയത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയായിരുന്നു. അവര്‍ പറഞ്ഞു,
“ഇതൊരു മനോഹരമായ ദൈവാലയമാണ്. നല്ല കല്ലുകള്‍ കൊണ്ടുണ്ടാക്കിയത്. വഴിപാടായി ദൈവത്തിനര്‍പ്പിച്ച സാധനങ്ങള്‍ നോക്കുക!”
6 എന്നാല്‍ യേശു പറഞ്ഞു,
“നിങ്ങളിവിടെ കാണുന്നതെല്ലാം നശിക്കുന്ന സമയം വരും. ഈ കെട്ടിടത്തിന്‍റെ ഓരോ കല്ലും നിലത്തെറിയപ്പെടും. ഒരു കല്ലും മറ്റൊന്നിനു മുകളിലിരിക്കില്ല!”
7 ചില ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു,
“ഗുരോ, ഇതെല്ലാം എന്നു സംഭവിക്കും? ഇതെല്ലാം സംഭവിക്കുമെന്നതിന്‍റെ സൂചനയെന്താണ്?”
8 യേശു പറഞ്ഞു,
“സൂക്ഷിച്ചിരിക്കുക! കബളിപ്പിക്കപ്പെടാതിരിക്കുക! എന്‍റെ പേരില്‍ പലരും വരും. അവര്‍ പറഞ്ഞേക്കാം, ‘ഞാനാണു ക്രിസ്തു’ എന്നും ‘ശരിയായ സമയമായിരിക്കുന്നു’ എന്നും! എന്നാല്‍ അവരെ അനുഗമിക്കരുത്.
9 യുദ്ധത്തെപ്പറ്റിയും സാമുദായിക ലഹളകളെപ്പറ്റിയും കേള്‍ക്കുമ്പോള്‍ ഭയക്കരുത്. അതെല്ലാം ആദ്യം സംഭവിക്കണം. പക്ഷേ അവസാനം ഉടന്‍ വരികയില്ല.”
10 പിന്നീട് യേശു അവരോട് പറഞ്ഞു,
“രാജ്യം രാജ്യത്തോടും ജനത ജനതയോടും പൊരുതും.
11 വലിയ ഭൂകമ്പങ്ങളും രോഗങ്ങളും പല ചീത്ത സംഭവങ്ങളും പലയിടങ്ങളിലും ഉണ്ടാകും. ചിലയിടങ്ങളില്‍ കടുത്ത ക്ഷാമമനുഭവപ്പെടും. ഭീകരമായ സംഭവങ്ങളുണ്ടാകും. ആളുകള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നും അത്ഭുതങ്ങള്‍ സംഭവിക്കും.
12 “ഇതെല്ലാം സംഭവിക്കുംമുമ്പ് അവര്‍ നിങ്ങളെ ബന്ധിച്ച് ഉപദ്രവിക്കും. അവര്‍ നിങ്ങളെ യെഹൂദപ്പള്ളിയില്‍ വിധിച്ച് തടവറകളിലാക്കി പീഢനങ്ങളേല്പിക്കും. രാജാക്കന്മാര്‍ക്കും ഭരണാധിപന്മാര്‍ക്കും മുമ്പില്‍ നിങ്ങള്‍ക്കു നില്‍ക്കേണ്ടിവരും. നിങ്ങളെന്‍റെ ശിഷ്യന്മാരായതിനാലാണ് അവര്‍ നിങ്ങളോടിതു ചെയ്യുന്നത്.
13 എന്നാല്‍ എന്നെപ്പറ്റി പ്രസംഗിക്കാന്‍ നിങ്ങള്‍ക്കുള്ള അവസരമായിരിക്കും അത്.
14 നിങ്ങള്‍ പറയേണ്ടതിനെ ചൊല്ലി വേവലാതിപ്പെടേണ്ട.
15 നിങ്ങളുടെ ഒരു ശത്രുവിനും തടയാനും, മറുപടി പറയാനും കഴിയാത്തവിധം കാര്യങ്ങള്‍ പറയാന്‍ ഞാന്‍ നിങ്ങള്‍ക്കു ജ്ഞാനം തരും.
16 നിങ്ങളുടെ മാതാപിതാക്കളും സഹോദരന്മാരും ബന്ധുക്കളും സുഹൃത്തുക്കളും നിങ്ങള്‍ക്കെതിരെ തിരിയും. അവര്‍ നിങ്ങളില്‍ ചിലരെ കൊല്ലും.
17 എന്‍റെ ശിഷ്യന്മാരായതിനാല്‍ എല്ലാവരും നിങ്ങളെ വെറുക്കും.
18 എന്നാല്‍ ഇക്കാരണങ്ങളൊന്നും നിങ്ങള്‍ക്കു ക്ഷതമേല്പിക്കില്ല.
19 ഇതിനെല്ലാമിടയില്‍ നിങ്ങള്‍ ശക്തമായ വിശ്വാസംകൊണ്ട് സ്വരക്ഷ നേടും.
20 “യെരൂശലേമിനു ചുറ്റും സൈന്യം നിരക്കുന്നതു നിങ്ങള്‍ കാണും. അപ്പോള്‍ യെരൂശലേം നശിപ്പിക്കപ്പെടാന്‍ സമയമായെന്നു നിങ്ങള്‍ അറിയും.
21 ആ സമയം, യെഹൂദ്യയിലെ ജനങ്ങള്‍ മലകളില്‍ നിന്ന് ഇറങ്ങി ഓടണം. യെരൂശലേമിലുള്ളവര്‍ വേഗം അവിടം വിട്ടുപോകണം. നിങ്ങള്‍ നഗരത്തിനടുത്താണെങ്കില്‍ അകത്തേക്ക് ഓടരുത്!
22 ദൈവം അവന്‍റെ ജനതയെ ശിക്ഷിക്കുന്ന സമയത്തെപ്പറ്റി പ്രവാചകര്‍ പലരും എഴുതിയിട്ടുണ്ട്. ഇതെല്ലാം സംഭവിക്കാന്‍ പോകുന്ന സമയത്തെപ്പറ്റിയാണ് ഞാന്‍ നിങ്ങളോടു പറയുന്നത്.
23 അപ്പോള്‍ ഗര്‍ഭിണികള്‍ക്കും കൊച്ചു കുട്ടികളുള്ളവരുമായ സ്ത്രീകള്‍ക്കും ദുരിതം. എന്തെന്നോ? ഈ ഭൂമിയിലേക്കു ദുരിതങ്ങളുടെ കാലമാണു വരുന്നത്. ദൈവം ഈ ജനതയോടു കോപിക്കും.
24 ഈ ആളുകളില്‍ നിന്നു ചിലരെ പട്ടാളക്കാര്‍ കൊല്ലും. മറ്റുള്ളവര്‍ തടവുകാരാക്കപ്പെട്ട് എല്ലാ നാടുകളിലേക്കും അയയ്ക്കപ്പെടും. തങ്ങളുടെ കാലം കഴിയുംവരെ ജാതികളില്‍ പരിശുദ്ധ യെരൂശലേംനഗരിയെ കാല്‍ക്കീഴിലാക്കി ചവുട്ടി മെതിക്കും.
25 “സൂര്യ ചന്ദ്ര നക്ഷത്രങ്ങള്‍ക്കിടയില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. ഭൂമിയിലെ മനുഷ്യര്‍ക്ക് കുരുങ്ങിയ അനുഭവമുണ്ടാകും. സമുദ്രങ്ങള്‍ ഇളകിമറിയും. ലോകത്തിന് എന്താണു സംഭവിക്കാന്‍ പോകുന്നത് എന്നോര്‍ത്ത് ജനങ്ങള്‍ അമ്പരക്കും.
26 ലോകത്തിനെന്തു സംഭവിക്കുമെന്ന് അവര്‍ ഭയന്ന് വ്യാകുലപ്പെടും. ആകാശത്ത് എല്ലാറ്റിനും മാറ്റം വരും.
27 അപ്പോള്‍ മനുഷ്യപുത്രന്‍ മഹാ ശക്തിയോടെയും വലിയ മഹത്വത്തോടെയും മേഘത്തില്‍ വരുന്നതവര്‍ കാണും.
28 ഇതൊക്കെ സംഭവിക്കാന്‍ തുടങ്ങുമ്പോള്‍ ഭയക്കരുത്. മുകളിലേക്കു നോക്കി ആഹ്ലാദിക്കുക. വ്യാകുലപ്പെടരുത്. സന്തോഷിക്കുക, എന്തെന്നാല്‍ ദൈവം നിങ്ങളെ സ്വതന്ത്രരാക്കുന്ന സമയം അടുത്തിരിക്കുന്നു!”
29 അനന്തരം യേശു ഈ കഥ പറഞ്ഞു,
“മരങ്ങളെ നോക്കുക. അത്തിമരം തന്നെ ഉദാഹരണം.
30 അതു തളിര്‍ക്കുമ്പോള്‍ വേനല്‍ക്കാലം വരവായി എന്നു നിങ്ങളറിയും.
31 അതുപോലെ ഞാന്‍ നിങ്ങളോടു പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവ രാജ്യം വരവായി എന്നും നിങ്ങള്‍ മനസ്സിലാക്കുന്നു.
32 “ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ, ഈ തലമുറയുടെ കാലയളവില്‍ തന്നെ ഇതെല്ലാം സംഭവിക്കും.
33 ലോകം മുഴുവനും, ഭൂമിയും ആകാശവും നശിപ്പിക്കപ്പെടും, പക്ഷേ എന്‍റെ വാക്കുകള്‍ ഒരിക്കലും നശിക്കില്ല.
34 “സൂക്ഷിച്ചിരിക്കുക, നിങ്ങളുടെ കാലം സാഹസികമായ ജീവിതത്തിനും മദ്യാസക്തിക്കും പുറമെ ലൌകികമായ സുഖങ്ങള്‍ക്കായി തുലച്ചുകളയരുത്. അങ്ങനെയായാല്‍ ശക്തിയായതു ചിന്തിക്കുവാന്‍ നിങ്ങള്‍ക്കാവില്ല. അപ്പോള്‍ ആദ്യം വരുമ്പോള്‍ നിങ്ങള്‍ സന്നദ്ധരാകാതെ പിടിക്കപ്പെടും.
35 ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കും പെട്ടെന്നുള്ള കണി പോലെ അതു വരും.
36 വരാനിരിക്കുന്ന എല്ലാ അനിഷ്ടസംഭവങ്ങളും സുരക്ഷിതമായി തരണം ചെയ്യാന്‍ വേണ്ടുന്ന കരുത്തിനായി എപ്പോഴും പ്രാര്‍ത്ഥിക്കുകയും ജാഗ്രത പുലര്‍ത്തുകയും ചെയ്യുക. മനുഷ്യപുത്രനു മുമ്പില്‍ നില്‍ക്കാന്‍ വേണ്ട ശക്തിക്കായി പ്രാര്‍ത്ഥിക്കുക.”
37 പകല്‍ മുഴുവന്‍ യേശു ദൈവാലയത്തിലുള്ളവരെ പഠിപ്പിക്കുകയായിരുന്നു. രാത്രിയില്‍ അവന്‍ നഗരത്തിനു പുറത്തേക്കു പോയി. ഒലീവുമലയില്‍ തങ്ങി.
38 ഓരോ പ്രഭാതത്തിലും യേശുവിനെ ശ്രവിക്കാന്‍ എല്ലാവരും നേരത്തെ എഴുന്നേറ്റ് ദൈവാലയത്തിലെത്തി.