12
1 യേശു അവരെ കഥകളിലൂടെ പഠിപ്പിക്കാന്‍ തുടങ്ങി. യേശു പറഞ്ഞു,
“ഒരാള്‍ ഒരു മുന്തിരിത്തോട്ടം വെച്ചുപിടിപ്പിച്ചു. അയാള്‍ തോട്ടത്തിനു ചുറ്റും വേലി കെട്ടി ഒരു ഭാഗത്തു കുഴി കുത്തി ഒരു മുന്തിരിച്ചക്കും ഉറപ്പിച്ചു. പിന്നെ ഒരു കാവല്‍ഗോപുരവും പണിതു. അയാള്‍ ആ തോട്ടം ചില കൃഷിക്കാര്‍ക്കു പാട്ടത്തിനു കൊടുത്ത് ഒരു യാത്ര പുറപ്പെട്ടു.
2 “പിന്നീട് വിളവെടുപ്പുകാലമായി. അയാള്‍ ഒരു ദാസനെ തന്‍റെ മുന്തിരിത്തോട്ടത്തിലെ ഓഹരിക്കായി കൃഷിക്കാരുടെ അടുത്തേക്കയച്ചു.
3 പക്ഷെ കൃഷിക്കാര്‍ ഭൃത്യനെ പിടിച്ച് മര്‍ദ്ദിച്ച് വെറുംകൈയോടെ അയച്ചു.
4 പിന്നീടയാള്‍ മറ്റൊരു ദാസനെ അയച്ചു. കര്‍ഷകര്‍ ദാസന്‍റെ തലയ്ക്കടിച്ചു അവനെ അപമാനിക്കുകയും ചെയ്തു.
5 മൂന്നാമതൊരാളെ കൂടി അയാള്‍ അയച്ചു. കൃഷിക്കാര്‍ ഈ ദാസനെ കൊല്ലുകയാണു ചെയ്തത്. അങ്ങനെ അയാള്‍ അനേകം ദാസന്മാരെ വീണ്ടും അയച്ചു. അവരില്‍ ചിലരെയൊക്കെ കര്‍ഷകര്‍ മര്‍ദ്ദിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു.
6 “അയാള്‍ക്ക് അയയ്ക്കാനായി ഒരാള്‍ മാത്രം അവശേഷിച്ചു. അത് അയാളുടെ മകനായിരുന്നു. അയാള്‍ തന്‍റെ മകനെ സ്നേഹിച്ചിരുന്നു. എങ്കിലും മകനെ കര്‍ഷകരുടെ അടുത്തേക്കയയ്ക്കാന്‍ അയാള്‍ തീരുമാനിച്ചു. അവസാനത്തെ ആള്‍. അയാള്‍ പറഞ്ഞു, ‘എന്‍റെ പുത്രനെ കര്‍ഷകര്‍ ബഹുമാനിക്കും.’
7 “പക്ഷെ കര്‍ഷകര്‍ പരസ്പരം പറഞ്ഞു, ‘ഇതാണ് തോട്ടമുടമയുടെ പുത്രന്‍. ഈ കൃഷിയിടത്തിന് ഇവനാണ് അവകാശി. ഇവനെ നമ്മള്‍ കൊല്ലുക. എന്നാല്‍ ഉടമസ്ഥാവകാശം നമ്മുടേതാകും.’
8 കൃഷിക്കാര്‍ ഉടമയുടെ പുത്രനെ കൊന്ന് തോട്ടത്തിനു പുറത്തേക്കെറിഞ്ഞു.
9 “അപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടമ എന്തു ചെയ്യും? അയാള്‍ ചെന്ന് എല്ലാ കൃഷിക്കാരെയും കൊല്ലും. എന്നിട്ട് തോട്ടം മറ്റു കൃഷിക്കാര്‍ക്കു നല്‍കും.
10 തിരുവെഴുത്ത് വായിച്ചിട്ടില്ലേ? ‘പണിക്കാര്‍ തള്ളിക്കളഞ്ഞ കല്ലുതന്നെ മൂലക്കല്ലായി.
11 കര്‍ത്താവിതു ചെയ്തു, അതു നമുക്കത്ഭുതവും.’”
12 യേശു പറഞ്ഞ കഥ യെഹൂദപ്രമാണിമാര്‍ കേട്ടു. ഈ കഥ അവരെ ചൂണ്ടിയാണെന്ന് അവര്‍ക്കറിയാമായിരുന്നു. അതിനാലവര്‍ യേശുവിനെ ബന്ധനസ്ഥനാക്കാനുള്ള വഴി ആലോചിച്ചു. പക്ഷേ ആളുകളെ അവര്‍ക്കു ഭയമായിരുന്നു. അതിനാലവര്‍ യേശുവിനെ വിട്ടുപോയി.
13 പിന്നീട് യെഹൂദ പ്രമാണിമാര്‍ ഏതാനും പരീശരെയും, ഹെരോദ്യരെയും അയച്ചു. അവര്‍ അവന്‍റെ സംസാരത്തില്‍ അവനെ കുടുക്കാനാഗ്രഹിച്ചു.
14 പരീശരും ഹെരോദ്യരും യേശുവിനടുത്തെത്തി ചോദിച്ചു,
“ഗുരോ, നീ ഒരു വിശ്വസ്തനാണെന്നു ഞങ്ങള്‍ക്കറിയാം. നിന്നെപ്പറ്റി മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നു നിനക്കു ആശങ്കയുമില്ല. എല്ലാവരും നിനക്കു ഒരുപോലെയാണ്. ദൈവത്തിന്‍റെ വഴിയെപ്പറ്റിയുള്ള സത്യം നീ പഠിപ്പിക്കുന്നു. ഞങ്ങളോടു പറയുക. കൈസര്‍ക്കു കരം കൊടുക്കുന്നതു ശരിയാണോ? വേണോ, വേണ്ടയോ, എന്നു പറയുക. ഞങ്ങള്‍ അതു കൊടുക്കണോ വേണ്ടയോ?”
15 എന്നാല്‍ ഇവര്‍ തന്നെ കുടുക്കാനാണു ശ്രമിക്കുന്നതെന്നു യേശു മനസ്സിലാക്കി. അവന്‍ പറഞ്ഞു,
“എന്താണു നിങ്ങളെന്നെ എന്‍റെ വാക്കുകളില്‍ കുടുക്കാന്‍ ശ്രമിക്കുന്നത്? ഒരു വെള്ളിനാണയം കൊണ്ടുവരൂ, ഞാന്‍ അതു നോക്കട്ടെ.”
16 അവര്‍ ഒരു വെള്ളിനാണയം അവനു കൊടുത്തു. അവന്‍ ചോദിച്ചു,
“ആരുടെ ചിത്രമാണീ നാണയത്തില്‍ ഉള്ളത്. ആരുടെ പേരാണിതിലുള്ളത്.”
അവര്‍ മറുപടി പറഞ്ഞു,
“കൈസറുടേത്.”
17 യേശു അവരോടു പറഞ്ഞു,
“കൈസര്‍ക്കുള്ളത് കൈസര്‍ക്കു കൊടുത്തേക്കു, ദൈവത്തിനുള്ളത് ദൈവത്തിനും.”
യേശുവിന്‍റെ വാക്കുകള്‍ അവരെ അത്ഭുതപ്പെടുത്തി.
18 അനന്തരം ഏതാനും സദൂക്യര്‍ അവനെ കാണാന്‍ എത്തി. (ആരും മരണത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കില്ല എന്നു വിശ്വസിച്ചിരുന്നവരാണവര്‍). അവര്‍ യേശുവിനോടു ഒരു ചോദ്യം ചോദിച്ചു.
19 “ഗുരോ, വിവാഹിതനും കുട്ടികളില്ലാത്തവനും ആയ ഒരാള്‍ മരിച്ചാല്‍ അവന്‍റെ വിധവയായ സ്ത്രീയെ അവന്‍റെ സഹോദരന്‍ വിവാഹം ചെയ്യണമെന്ന് മോശെ എഴുതിയിരിക്കുന്നു. എന്നിട്ട് അയാള്‍ അവളില്‍ സഹോദരനുവേണ്ടി സന്താനങ്ങളെ ജനിപ്പിക്കുകയും വേണം.
20 ഒരിടത്ത് ഏഴ് സഹോദരന്മാരുണ്ടായിരുന്നു. മൂത്തയാള്‍ വിവാഹം കഴിച്ചെങ്കിലും മരിച്ചു. അയാള്‍ക്ക് മക്കളില്ലായിരുന്നു.
21 രണ്ടാമന്‍ വിധവയായ സ്ത്രീയെ വിവാഹം കഴിച്ചു. അവനും മക്കളുണ്ടാകാതെ മരിച്ചു. മൂന്നാമനും ഇതുതന്നെ സംഭവിച്ചു.
22 എല്ലാ സഹോദരന്മാരും ഇവളെ വിവാഹം ചെയ്യുകയും മരിക്കുകയും ചെയ്തു. ആര്‍ക്കും അവളില്‍ കുട്ടികളുണ്ടായില്ല. ഒടുവില്‍ ആ സ്ത്രീയും മരിച്ചു.
23 ഏഴു സഹോദരന്മാരും അവളെ വിവാഹം കഴിച്ചല്ലോ, എങ്കില്‍ അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സമയത്ത് അവരിലാരുടെ ഭാര്യയായിരിക്കും അവള്‍.”
24 യേശു പറഞ്ഞു,
“എന്തുകൊണ്ടാണു നിങ്ങള്‍ക്കു തെറ്റു പറ്റിയത്. തിരുവെഴുത്തുകളില്‍ പറയുന്നത് എന്താണെന്ന് അറിയാഞ്ഞിട്ടല്ലേ? അല്ലെങ്കില്‍ ദൈവീകശക്തിയെപ്പറ്റി നിങ്ങള്‍ക്കറിയാഞ്ഞിട്ടല്ലേ?
25 മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ അവര്‍ വിവാഹിതരാകുന്നില്ല. അവര്‍ പരസ്പരം വിവാഹം കഴിക്കുന്നില്ല. എല്ലാവരും സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെയാണ്.
26 മരിച്ചവര്‍ ഉയിര്‍ത്തെഴുന്നല്‍ക്കുമെന്ന സത്യത്തെപ്പറ്റി കത്തിയെരിയുന്ന മുള്‍പ്പടര്‍പ്പിനെക്കുറിച്ചു മോശെ എഴുതിയ ഇടത്ത് ദൈവം പറയുന്നു. ഞാന്‍ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും ആകുന്നു.
27 താന്‍ അവരുടെ ദൈവമാണെന്ന് ദൈവം പറഞ്ഞെങ്കില്‍ അവന്‍ മരിച്ച ആളുകളുടെ ദൈവമല്ല. ദൈവം ജീവിച്ചിരിക്കുന്നവരുടേതു മാത്രമാണ്. സദൂക്യരായ നിങ്ങള്‍ക്കു തെറ്റു പറ്റിയിരിക്കുന്നു.”
28 ശാസ്ത്രിമാരിലൊരാള്‍ യേശുവിനെ സമീപിച്ചു. സദൂക്യരോട് അവന്‍ തര്‍ക്കിക്കുന്നതയാള്‍ കേട്ടിരുന്നു. യേശു അവരോടു ഭംഗിയായി ഉത്തരം പറയുന്നതയാള്‍ കണ്ടു. അയാള്‍ യേശുവിനോടു ചോദിച്ചു,
“ഏതു കല്പനയാണേറ്റവും പ്രധാനം.”
29 യേശു പറഞ്ഞു,
“ഏറ്റവും പ്രധാന കല്പന ഇതാണ്. യിസ്രായേലേ ശ്രദ്ധിക്കൂ, നമ്മുടെ ദൈവമാകുന്ന കര്‍ത്താവാകുന്നു ഏക കര്‍ത്താവ്.
30 കര്‍ത്താവായ ദൈവത്തെ നിങ്ങള്‍ സ്നേഹിക്കുക. നിങ്ങളുടെ മുഴുവന്‍ ഹൃദയംകൊണ്ടും ആത്മാവുകൊണ്ടും മനസ്സുകൊണ്ടും ശക്തികൊണ്ടും അവനെ സ്നേഹിക്കുക.
31 രണ്ടാമത്തെ പ്രധാന കല്പന ഇതാണ്. നിങ്ങള്‍ നിങ്ങളെത്തന്നെ എന്നപോലെ മറ്റുള്ളവരെയും സ്നേഹിക്കുക. ഇവ രണ്ടുമാണ് ഏറ്റവും പ്രധാന കല്പനകള്‍.”
32 അയാള്‍ പറഞ്ഞു,
“അതൊരു നല്ല മറുപടിയാണു ഗുരോ, നീ പറഞ്ഞത് ശരിയാണ്. ദൈവമാണ് ഏക കര്‍ത്താവ്. വേറെ ഒരു ദൈവവുമില്ല.
33 ഏതൊരാളും പൂര്‍ണ്ണ ഹൃദയത്തോടെയും പൂര്‍ണ്ണ മനസ്സോടെയും എല്ലാ കരുത്തോടെയും ദൈവത്തെ സ്നേഹിക്കണം. തന്നെപ്പോലെ തന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണം. ഹോമയാഗമടക്കമുള്ള എല്ലാ യാഗങ്ങളെക്കാള്‍ പ്രധാനമാണിത്.”
34 വിവേകത്തോടെ മറുപടി പറഞ്ഞ അയാളോട് യേശു പറഞ്ഞു,
“നീ ദൈവരാജ്യത്തോട് അടുത്തിരിക്കുന്നു.”
അതിനുശേഷം യേശുവിനോടെന്തെങ്കിലും ചോദ്യം ചോദിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല.
35 യേശു ദൈവാലയത്തില്‍ ഉപദേശിക്കുകയായിരുന്നു. അവന്‍ ചോദിച്ചു,
“ശാസ്ത്രിമാര്‍ക്കെങ്ങനെ ക്രിസ്തു ദാവീദിന്‍റെ പുത്രനാണെന്നു പറയാന്‍ കഴിയും.
36 പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്താല്‍ ദാവീദു തന്നെ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ‘എന്‍റെ കര്‍ത്താവിനോട് കര്‍ത്താവ് അരുളിച്ചെയ്തു, ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ നിയന്ത്രണത്തിലാക്കുംവരെ എന്‍റെ വലതു വശത്തിരിക്കുക.’
37 ദാവീദു തന്നെ ക്രിസ്തുവിനെ, ‘കര്‍ത്താവ്’ എന്നു വിളിക്കുന്നു. പിന്നെങ്ങനെ ക്രിസ്തു ദാവീദിന്‍റെ പുത്രനാകും?”
യേശുവിനെ ശ്രവിച്ചവരെല്ലാം സന്തുഷ്ടരായി.
38 അവന്‍ ഉപദേശം തുടര്‍ന്നു. അവന്‍ പറഞ്ഞു,
“ശാസ്ത്രിമാരെ സൂക്ഷിക്കുക. അവര്‍ പ്രധാനികളെന്നു തോന്നിക്കുന്ന വിധത്തില്‍ വസ്ത്രവും ധരിച്ച് നടക്കാനാഗ്രഹിക്കുന്നു. ചന്തസ്ഥലത്ത് അവര്‍ അഭിവാദനങ്ങള്‍ കിട്ടാനാഗ്രഹിക്കുന്നു.
39 യെഹൂദപ്പള്ളിയില്‍ പ്രധാന ഇരിപ്പിടങ്ങള്‍ അവര്‍ ആഗ്രഹിക്കുന്നു. കൂടാതെ അത്താഴത്തിന് പ്രധാന ഇരിപ്പിടം അവര്‍ കാംക്ഷിക്കുന്നു.
40 വിധവകളുടെ ഭവനങ്ങള്‍ ചതിവിലൂടെ സ്വന്തമാക്കുന്നു. എന്നിട്ടവിടെ നല്ലവര്‍ ചമഞ്ഞ് പ്രാര്‍ത്ഥന നടത്തുന്നു. ദൈവം അവരെ കഠിനമായി ശിക്ഷിക്കും.”
41 ആളുകള്‍ വഴിപാടു സാധനങ്ങള്‍ നിക്ഷേപിച്ചിരുന്ന വഞ്ചികയ്ക്കടുത്ത് യേശു ഇരുന്നു. അവര്‍ വഞ്ചികയില്‍ പണമിടുന്നതവന്‍ ശ്രദ്ധിച്ചു. വളരെ ഏറെ ധനികര്‍ ധാരാളം പണം നല്‍കി.
42 അനന്തരം ഒരു ദരിദ്ര വിധവ വന്ന് വളരെ ചെറിയ രണ്ടു ചെമ്പു നാണയങ്ങളിട്ടു. അതൊരു ചില്ലിക്കാശിന്‍റെ അത്രയും പോലുമില്ലായിരുന്നു.
43 യേശു തന്‍റെ ശിഷ്യന്മാരെ വിളിച്ചു അവന്‍ പറഞ്ഞു,
“ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. ഈ പാവപ്പെട്ട വിധവ രണ്ടു ചെറിയ ചെമ്പുനാണയങ്ങള്‍ മാത്രമേ തന്നുള്ളൂ. പക്ഷെ അവള്‍ എല്ലാവരും തന്നതിനുമധികം തന്നു.
44 എല്ലാവരും തങ്ങള്‍ക്കാവതേ നല്‍കിയുള്ളൂ. പക്ഷെ ഇവള്‍ തനിക്കുള്ളതെല്ലാം തന്നു. തന്‍റെ ഉപജീവനത്തിനുള്ളതെല്ലാം അവള്‍ തന്നിരിക്കുന്നു.”