5
1 യേശുവും ശിഷ്യന്മാരും കടലിനു മറുകരയിലെ ഗദരദേശത്തു എത്തി.
2 യേശു കരയിലിറങ്ങിയപ്പോള്‍ ഒരാള്‍ ശവക്കല്ലറകളില്‍നിന്നും ഇറങ്ങി അവന്‍റെ അടുത്തെത്തി. അയാളെ അശുദ്ധാത്മാവ് ബാധിച്ചിരുന്നു.
3 ശവകുടീരങ്ങളിലാണ് അയാള്‍ വസിച്ചിരുന്നത്. ആര്‍ക്കും അയാളുടെ കൈകളും കാലുകളും ബന്ധിക്കാനായില്ല. ചങ്ങലകള്‍കൊണ്ടുപോലും അതു സാധ്യമായില്ല.
4 ഒരുപാടു തവണ ആള്‍ക്കാര്‍ അയാളെ ബന്ധിക്കാന്‍ ചങ്ങലകളുപയോഗിച്ചു. പക്ഷേ അയാള്‍ കൈയിലെയും കാലിലെയും ചങ്ങലകള്‍ പൊട്ടിച്ചു. അയാളെ നിയന്ത്രിക്കാന്‍ ആര്‍ക്കും കരുത്തുണ്ടായില്ല.
5 രാപ്പകല്‍ അയാള്‍ ശവക്കല്ലറകള്‍ക്കു ചുറ്റിലും മലകളിലും സഞ്ചരിച്ചു. അയാള്‍ അലറുകയും കല്ലുകള്‍കൊണ്ട് സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു.
6 യേശുവിനെ അയാള്‍ അകലെനിന്നേ കണ്ടു. അയാള്‍ ഓടിയെത്തി യേശുവിനു മുന്നില്‍ കുനിഞ്ഞു.
7-8 യേശു അയാളോടു പറഞ്ഞു: “
അശുദ്ധാത്മാവേ, ഇയാളില്‍ നിന്നും പുറത്തു വരൂ.”
അയാള്‍ ഉച്ചത്തില്‍ അലറി, മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, യേശുവേ, എന്നെക്കൊണ്ട് നിനക്കെന്താണു വേണ്ടത്? എന്നെ ചോദ്യം ചെയ്യുകയില്ലെന്നു ദൈവനാമത്തില്‍ സത്യം ചെയ്യണമേയെന്നു ഞാന്‍ അപേക്ഷിക്കുന്നു.”
9 യേശു അയാളോടു ചോദിച്ചു,
“നിന്‍റെ പേരെന്താണ്?”
അയാള്‍ മറുപടി പറഞ്ഞു,
“എന്‍റെ പേര് ലെഗ്യോന്‍* എന്നാണ്. കാരണം എന്നില്‍ അനേകം അശുദ്ധാത്മാക്കളുണ്ട്.”
10 അയാളിലെ അശുദ്ധാത്മാക്കള്‍ തങ്ങളെ ആ പ്രദേശത്തുനിന്നും പുറന്തള്ളരുതെന്ന് വീണ്ടും വീണ്ടും യേശുവിനോടപേക്ഷിച്ചു.
11 ഒരു വലിയ പന്നിക്കൂട്ടം അവിടെ മലഞ്ചെരുവില്‍ മേയുന്നുണ്ടായിരുന്നു.
12 അശുദ്ധാത്മാക്കള്‍ യേശുവിനോടു യാചിച്ചു,
“ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയച്ചാലും, ഞങ്ങള്‍ അവയില്‍ പ്രവേശിക്കട്ടെ.”
13 യേശു അവരെ അതിനനുവദിച്ചു. അശുദ്ധാത്മാക്കള്‍ അയാളെ ഉപേക്ഷിച്ച് പന്നികളിലേക്കു പ്രവേശിച്ചു. അപ്പോള്‍ പന്നിക്കൂട്ടം മലമുനമ്പുകളിലൂടെ തടാകത്തിലേക്കു ചാടിയിറങ്ങി. അവ മുങ്ങിച്ചത്തു. രണ്ടായിരത്തോളം പന്നികള്‍ ആ കൂട്ടത്തിലുണ്ടായിരുന്നു.
14 പന്നികളെ മേയിച്ചിരുന്നവര്‍ ഓടിപ്പോയി. അവര്‍ നഗരങ്ങളിലും, ഗ്രാമങ്ങളിലും ചെന്ന് സംഭവിച്ചതെല്ലാം എല്ലാവരോടും പറഞ്ഞു. ആള്‍ക്കാര്‍ സംഭവിച്ചതെന്താണെന്നു കാണുവാന്‍ പുറത്തേക്കിറങ്ങി.
15 അവര്‍ യേശുവിന്‍റെ അടുത്തെത്തി, അനേകം അശുദ്ധാത്മാക്കള്‍ ബാധിച്ചവനെ അവര്‍ വസ്ത്രം ധരിച്ചവനായി കണ്ടു. അവന്‍റെ മനസ്സ് നേരെയായിരുന്നു. ജനങ്ങള്‍ ഭയന്നു.
16 യേശുവിന്‍റെ പ്രവൃത്തികള്‍ കണ്ടവരില്‍ ചിലര്‍ അവിടെയുണ്ടായിരുന്നു. ഭൂതങ്ങള്‍ ബാധിച്ചവനു സംഭവിച്ചതെല്ലാം അവര്‍ മറ്റുള്ളവര്‍ക്കു വിവരിച്ചു കൊടുത്തു. പന്നികളെപ്പറ്റിയും അവര്‍ പറഞ്ഞു.
17 അനന്തരം ആ നാട്ടുകാര്‍ യേശുവിനോടു അവരുടെ സ്ഥലം വിട്ടുപോകാന്‍ യാചിച്ചു.
18 യേശു വഞ്ചിയില്‍ കയറി പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഭൂത ബാധയകന്നവന്‍ തന്നെയും കൂടെക്കൊണ്ടു പോകണമെന്ന് യേശുവിനോടു യാചിച്ചു.
19 പക്ഷേ യേശു അയാളെ അതിനനുവദിച്ചില്ല. അവന്‍ പറഞ്ഞു,
“വീട്ടിലേക്കു പോയി കുടുംബത്തോടും സുഹൃത്തുക്കളോടും ചേരുക. കര്‍ത്താവ് നിനക്കായി ചെയ്തത് അവരോടു പറയുക. കര്‍ത്താവ് നിന്നോടു കരുണ കാട്ടിയെന്നും അവരോടു പറയുക.”
20 അയാള്‍ മടങ്ങി ദെക്കപ്പൊലി പ്രദേശം മുഴുക്കെയുള്ള ആളുകളോട് യേശു തനിക്കായി ചെയ്തതെല്ലാം പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു.
21 യേശു വഞ്ചിയില്‍ കയറി മറുകരയിലെത്തി. അവിടെ കടല്‍ക്കരയില്‍വച്ചു തന്നെ ഒരുപാടുപേര്‍ യേശുവിനു ചുറ്റും കൂടി.
22 യെഹൂദപ്പള്ളിയിലെ ഒരു തലവന്‍ അവിടെയെത്തി. യായീറൊസ് എന്നായിരുന്നു അയാളുടെ പേര്. യേശുവിനെ കണ്ട അയാള്‍ അവനു മുമ്പില്‍ മുട്ടുകുത്തി,
23 അയാള്‍ യേശുവിനോടു തുടരെത്തുടരെ യാചിച്ചു. അയാള്‍ പറഞ്ഞു,
“എന്‍റെ കുഞ്ഞുമകള്‍ മരിക്കാറായിരിക്കുന്നു. ദയവായി അങ്ങ് വന്ന് അവളെ സ്പര്‍ശിക്കൂ. എന്നാല്‍ അവള്‍ സുഖപ്പെട്ടു ജീവിക്കും.”
24 യേശു യായീറൊസിന്‍റെ ഒപ്പം പോയി. ഒരുപാടുപേര്‍ അവനെ അനുഗമിച്ചു. അവര്‍ എല്ലാ ഭാഗത്തു നിന്നും അവനെ ഞെരുക്കുന്നുണ്ടായിരുന്നു.
25 അവരോടൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നു. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി അവള്‍ക്കു രക്തസ്രാവമുണ്ടായിരുന്നു.
26 അത് അവളെ വളരെ കഷ്ടപ്പെടുത്തിയിരുന്നു. അനവധി വൈദ്യന്മാര്‍ അവളെ ചികിത്സിച്ചു. ഒട്ടേറെ പണം ചെലവായി. പക്ഷേ യാതൊരു ഫലവും ഉണ്ടായില്ല. മാത്രവുമല്ല, രോഗം വഷളാവുകയും ചെയ്തു.
27 അവള്‍ യേശുവിനെപ്പറ്റി കേട്ടു. അതിനാലവള്‍ ജനക്കൂട്ടത്തിലൂടെ യേശുവിനെ അനുഗമിച്ചുകൊണ്ട് അവന്‍റെ വസ്ത്രത്തില്‍ തൊട്ടു.
28 അവള്‍ വിചാരിച്ചു,
“എനിക്ക് അവന്‍റെ വസ്ത്രത്തിലെങ്കിലും തൊടാനായാല്‍ എന്‍റെ രോഗം ഭേദമാകും.”
29 അവള്‍ അവന്‍റെ വസ്ത്രത്തില്‍ തൊട്ടപ്പോള്‍ അവളുടെ രക്തസ്രാവം നിലച്ചു. തനിക്കു സുഖപ്പെട്ടതായി അവളുടെ ഉള്ളറിഞ്ഞു.
30 യേശുവിന് ശക്തി പുറത്തേക്കു പ്രസരിച്ചതായി തോന്നി. അവന്‍ തിരിഞ്ഞുനിന്നു ചോദിച്ചു,
“ആരാണെന്‍റെ വസ്ത്രത്തില്‍ തൊട്ടത്?”
31 ശിഷ്യന്മാര്‍ യേശുവിനോടു പറഞ്ഞു,
“ജനങ്ങള്‍ നിന്നെ ഞെരുക്കുന്നതു നീ കാണുന്നു. പക്ഷേ നീ ചോദിക്കുന്നു, ‘ആരാണെന്നെ തൊട്ടതെന്ന്?’”
32 പക്ഷേ യേശു തന്നെ സ്പര്‍ശിച്ച ആളെ കാണാനായി ചുറ്റും നോക്കി.
33 തനിക്കു സുഖപ്പെട്ടുവെന്ന് ആ സ്ത്രീയറിഞ്ഞു. അതിനാലവള്‍ യേശുവിനു മുന്നില്‍ വന്ന് മുട്ടുകുത്തി. അവള്‍ ഭയംകൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. നടന്നതെല്ലാം അവള്‍ യേശുവിനോടു പറഞ്ഞു,
34 യേശു അവളോടു പറഞ്ഞു,
“മകളേ നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തി. സമാധാനത്തോടെ പോകൂ. ഇനിയും ഈ രോഗത്താല്‍ നിനക്കു കഷ്ടപ്പെടേണ്ടി വരില്ല.”
35 യേശു അപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. യെഹൂദപ്പള്ളിയിലെ തലവനായ യായീറൊസിന്‍റെ വീട്ടില്‍നിന്നും ചിലര്‍ അവിടെയെത്തി. അവര്‍ പറഞ്ഞു,
“നിന്‍റെ മകള്‍ മരിച്ചു. ഇനിയും ഗുരുവിനെ ബുദ്ധിമുട്ടിച്ചിട്ടു കാര്യമില്ല.”
36 പക്ഷേ യേശു അവര്‍ പറഞ്ഞത് അത്ര കാര്യമാക്കിയില്ല. യേശു യായീറൊസിനോടു പറഞ്ഞു,
“ഭയപ്പെടാതെ, വിശ്വാസം മുറുകെ പിടിക്കൂ.”
37 തന്നോടൊപ്പം പോകാന്‍ അവന്‍ ആരെയും അനുവദിച്ചില്ല. പത്രൊസ്, യാക്കോബ്, അയാളുടെ സഹോദരന്‍ യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടി.
38 അവന്‍ യായീറൊസിന്‍റെ വീട്ടിലേക്കു പോയി. അവിടെ ഒരുപാടുപേര്‍ ഉച്ചത്തില്‍ കരയുന്നതവന്‍ കണ്ടു. അവര്‍ വളരെയധികം ബഹളം വെച്ചിരുന്നു.
39 യേശു വീട്ടില്‍ കയറി അവരോടു പറഞ്ഞു,
“നിങ്ങളെന്താണു കരഞ്ഞു ശബ്ദമുണ്ടാക്കുന്നത്. കുട്ടി മരിച്ചിട്ടില്ല. അവള്‍ ഉറങ്ങുക മാത്രമാണ്.”
40 പക്ഷേ എല്ലാവരും യേശുവിനെ പരിഹസിച്ചു. യേശു എല്ലാവരോടും വീടു വിട്ടുപോകാന്‍ പറഞ്ഞു, യേശു കുട്ടി കിടക്കുന്ന മുറിയിലേക്കു കയറി. കുട്ടിയുടെ മാതാപിതാക്കളെയും തന്‍റെ മൂന്നു ശിഷ്യന്മാരെയും അവന്‍ മുറിയില്‍ തന്നോടൊപ്പം കൊണ്ടുപോയി.
41 അനന്തരം അവന്‍ പെണ്‍കുട്ടിയുടെ കരം പിടിച്ചു പറഞ്ഞു,
“തലീഥാകൂമീ” (ബാലികേ, ഞാന്‍ നിന്നോടു പറയുന്നു,
“എഴുന്നേറ്റു നില്‍ക്കൂ” എന്നാണിതിനര്‍ത്ഥം)
42 കുട്ടി എഴുന്നേറ്റു നടക്കുവാന്‍ തുടങ്ങി. (അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു) മാതാപിതാക്കളും ശിഷ്യന്മാരും അത്ഭുതപ്പെട്ടു.
43 ഇക്കാര്യം ആരോടും പറയരുതെന്ന് യേശു കുട്ടിയുടെ മാതാപിതാക്കള്‍ക്കു താക്കീതു നല്‍കി. അനന്തരം കുട്ടിയ്ക്ക് ഭക്ഷണം നല്‍കാന്‍ അവന്‍ അവരോടു പറഞ്ഞു.