5
1 അവിടെ വലിയൊരു ജനക്കൂട്ടത്തെ യേശു കണ്ടു. അതിനാലവന്‍ മലമുകളിലേക്കു കയറി ഇരുന്നു. അവന്‍റെ ശിഷ്യന്മാര്‍ അവന്‍റെ സമീപത്തേക്കു വന്നു.
2 യേശു ജനങ്ങളെ പഠിപ്പിച്ചു. അവന്‍ പറഞ്ഞു,
3 “ആത്മീയമായി ഇനിയും ഏറെ പ്രാപിക്കണമെന്നറിയുന്നവന്‍ ഭാഗ്യവാന്മാര്‍ ദൈവരാജ്യം അവര്‍ക്കുളളതാണ്.
4 ഇപ്പോള്‍ ദുഃഖിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ ദൈവം അവരെ ആശ്വസിപ്പിക്കും.
5 വിനീതരായവര്‍ ഭാഗ്യവാന്മാര്‍ അവര്‍ക്കു വാഗ്ദത്ത ഭൂമി ലഭിക്കും.
6 എല്ലാറ്റിനുമുപരി നീതി കാംക്ഷിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, ദൈവം അവരെ പൂര്‍ണ്ണ സംതൃപ്തരാക്കും.
7 മറ്റുളളവരോടു കരുണ കാട്ടുന്നവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്കു കരുണ ലഭിക്കും.
8 മനഃശുദ്ധിയുളളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവസന്നിധിയിലെത്തും.
9 സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍, ദൈവം അവരെ തന്‍റെ പുത്രന്മാരെന്നു വിളിക്കും.
10 നന്മ ചെയ്തിട്ട് പീഢയനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗ്ഗ രാജ്യം അവര്‍ക്കുളളതാണ്.
11 “ആളുകള്‍ നിങ്ങളെ ദുഷിക്കുകയും പീഢിപ്പിക്കുകയും ചെയ്യും. എന്നെ നിങ്ങള്‍ അനുഗമിക്കുന്നു എന്നതിനാല്‍ അവര്‍ നിങ്ങള്‍ക്കെതിരെ എല്ലാ തിന്മയും കളവായി പറയുകയും ചെയ്യും. എന്നാല്‍ ആളുകള്‍ അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍.
12 നിങ്ങള്‍ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുക. ഒരു വലിയ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങള്‍ക്കു മുമ്പുളള പ്രവാചകരോടും ആളുകള്‍ ഇങ്ങനെ ചെയ്തിട്ടുണ്ട്.
13 “നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു. എന്നാല്‍ ഉപ്പിനു അതിന്‍റെ സ്വാദു നഷ്ടപ്പെട്ടാല്‍ ഒന്നിനും അതിന്‍റെ ലവണത്വം തിരിച്ചു നല്‍കാനാവില്ല. അതിന്‍റെ ലവണത്വം നഷ്ടമായാല്‍ ഉപ്പു പിന്നെ ഒന്നിനും കൊളളരുതാത്തതാകും. അതു വലിച്ചറിയപ്പെടുകയും ചവിട്ടി നടക്കപ്പെടുകയും ചെയ്യും.
14 “നിങ്ങള്‍ ലോകത്തിന്‍റെ പ്രകാശമാണ്. മലമുകളില്‍ നിര്‍മ്മിക്കപ്പെട്ട നഗരം മറച്ചു വെക്കാനാവില്ല.
15 ആരും വിളക്ക് പാത്രത്തിനടിയില്‍ വെക്കാറില്ല. അവര്‍ വിളക്ക് മേശയില്‍ വെക്കും. അപ്പോള്‍ വീട്ടിലെ എല്ലാവര്‍ക്കുമായി അതു പ്രകാശം ചൊരിയും.
16 അതുപോലെ നിങ്ങള്‍ മറ്റുളളവര്‍ക്കു പ്രകാശമാകണം. നിങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ മറ്റുള്ളവര്‍ക്കു മാതൃകയാകുംവിധം പ്രവര്‍ത്തിക്കുക. സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ ആളുകള്‍ സ്തുതിക്കുംവിധം ജീവിക്കുക.
17 “മോശെയുടെ ന്യായപ്രമാണത്തെയോ പ്രവാചകന്മാരുടെ ഉപദേശങ്ങളെയോ നശിപ്പിക്കാനാണ് ഞാന്‍ വന്നതെന്ന് നിങ്ങള്‍ കരുതരുത്. അവരുടെ ഉപദേശങ്ങളെ സാര്‍ത്ഥകമാക്കാനാണു ഞാന്‍ വന്നത്.
18 ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. ഭൂമിയും സ്വര്‍ഗ്ഗവും കടന്നു പോകുംവരെ ന്യായപ്രമാണത്തിനൊരു മാറ്റവും വരില്ല. എല്ലാം സംഭവിച്ചു കഴിയുന്നവരേക്കും അതിനു വള്ളി പുള്ളി വ്യത്യാസംപോലും സംഭവിക്കില്ല.
19 “അപ്രധാനമെന്നു തോന്നിക്കുന്ന കല്പനകൂടി അനുസരിക്കണം. ആരെങ്കിലും നിയമത്തിലെ ഏറ്റവും അപ്രധാനമായ കല്പനയെ നിരസിക്കുകയോ അതനുസരിക്കരുതെന്ന് മറ്റുള്ളവരെ ഉപദേശിക്കുകയോ ചെയ്താല്‍ അവന്‍ സ്വര്‍ഗ്ഗ രാജ്യത്തില്‍ ഏറ്റവും നിസ്സാരനായി കരുതപ്പെടും. എന്നാല്‍ ന്യായ പ്രമാണം അനുസരിക്കുകയും അതനുസരിക്കാന്‍ മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗ രാജ്യത്ത് വലിയവനായി കരുതപ്പെടും.
20 ഞാന്‍ നിങ്ങളോടു പറയുന്നു, ശാസ്ത്രിമാരെക്കാളും പരീശന്മാരെക്കാളും മെച്ചപ്പെട്ട ധര്‍മ്മാനുഷ്ഠാനം നിങ്ങള്‍ക്കുണ്ടാവണം. അല്ലെങ്കില്‍ നിങ്ങള്‍ക്കു സ്വര്‍ഗ്ഗ രാജ്യത്തേക്കു പ്രവേശനം കിട്ടില്ല.
21 “ആരെയും കൊല്ലരുത്.’ കൊലയാളിയെ നിയമാനുസൃതമായി നേരിടണം’ എന്നു പണ്ടുള്ളവരോടു കല്പിച്ചിട്ടുള്ളത് നിങ്ങള്‍ക്കറിയാമല്ലോ.
22 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു. മറ്റുള്ളവരോട് ക്രോധമരുത്, എല്ലാവരും നിങ്ങളുടെ സഹോദരന്മാരാണ്. മറ്റുള്ളവരോടു കോപിക്കുന്നവനെയും നിയമം പിടികൂടും. നിങ്ങള്‍ മറ്റൊരുവനെ നിന്ദിച്ചാലും നിങ്ങളെ യെഹൂദസമിതി വിധിക്കും. മറ്റൊരുവനെ നിങ്ങള്‍ ‘വിഡ്ഢി’ എന്നു വിളിച്ചാല്‍ നിങ്ങള്‍ നരകത്തീയില്‍ പതിക്കും”
23 “നീ ദൈവത്തിനു കാഴ്ചവസ്തു നല്‍കുമ്പോള്‍ നിന്‍റെ സഹജീവികളെ ഓര്‍മ്മിക്കുക. നിങ്ങള്‍ കാഴ്ചവസ്തു യാഗപീഠത്തില്‍ വയ്ക്കുമ്പോള്‍ നിങ്ങളുടെ സഹോദരനു നിങ്ങളോടു പിണക്കമുണ്ടെന്ന് ഓര്‍മ്മിച്ചാല്‍
24 കാഴ്ചവസ്തു യാഗപീഠത്തില്‍ വെച്ചിട്ട് പോകുക. പോയി അയാളുമായി ഉടന്‍ രമ്യതയിലാകുക. എന്നിട്ട് തിരിച്ചു വന്ന് കാഴ്ചയര്‍പ്പിക്കുക.
25 “നിങ്ങളുടെ ശത്രു നിങ്ങളെ കോടതി കയറ്റുമ്പോള്‍ അവനുമായി ചങ്ങാത്തത്തിലാകുക. കോടതിയിലേക്കു പോകും മുമ്പേ തന്നെ അങ്ങനെ ചെയ്യുക, അങ്ങനെ ചെയ്തില്ലങ്കില്‍ അയാള്‍ നിങ്ങളെ ന്യായാധിപനെ ഏല്പിച്ചേക്കാം.”
ന്യായാധിപന്‍ നിങ്ങളെ തടവിലാക്കേണ്ടതിലേക്കായി ഭടനെ ഏല്പിച്ചേക്കാം.
26 നിങ്ങള്‍ക്കുള്ളതു മുഴുവനും കൊടുത്തുതീര്‍ക്കാതെ നിങ്ങള്‍ക്കു മോചനം കിട്ടില്ലെന്നും ഞാന്‍ നിങ്ങളോടു പറയുന്നു.
27 “വ്യഭിചരിക്കരുത് എന്ന കല്പന അവരെ അറിയിച്ചത് നിങ്ങള്‍ കേട്ടിട്ടുണ്ട്,
28 പക്ഷേ ഞാന്‍ നിങ്ങളോടു പറയുന്നു: ‘ലൈംഗികമായ പാപം ചെയ്യണമെന്ന ആശയോടെ ആരെങ്കിലും ഒരു സ്ത്രീയെ നോക്കിയാല്‍ത്തന്നെ അയാള്‍ ആ സ്ത്രീയുമായി ഹൃദയത്തില്‍ പാപം ചെയ്തു കഴിഞ്ഞു.
29 നിങ്ങളുടെ വലതുകണ്ണ് പാപം ചെയ്യാന്‍ കാരണമായാല്‍ അതു പറിച്ചെറിയുക. ശരീരം മുഴുവന്‍ നരകത്തില്‍ പോകുന്നതിലും ഭേദം ഒരവയവം നഷ്ടപ്പെടുന്നതാണ്.
30 നിങ്ങളുടെ വലതുകൈ പാപം ചെയ്യാന്‍ കാരണമായാല്‍ അതു വെട്ടിക്കളയുക. മുഴുവന്‍ ശരീരവും നരകത്തില്‍ പോകുന്നതിലും ഭേദം ഒരവയവം നഷ്ടപ്പെടുന്നതാണ്.
31 “‘ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവള്‍ക്ക് വിവാഹമോചനപത്രം കൊടുക്കണം’ എന്ന് അവരോടു പറഞ്ഞിട്ടുണ്ട്.
32 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, ഭാര്യയെ ഉപേക്ഷിക്കുന്നവന്‍ അവളെക്കൊണ്ട് വ്യഭിചാരം ചെയ്യിക്കുകയാണ്. അവള്‍ വ്യഭിചാരിണിയാണെങ്കില്‍ മാത്രമേ അവളെ ഉപേക്ഷിക്കാവൂ. ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരിയാണ്.
33 “‘നിങ്ങള്‍ ഒരാള്‍ക്കു വാഗ്ദാനം നല്‍കിയാല്‍ അതൊരിക്കലും ലംഘിക്കരുത്. കര്‍ത്താവിനോടുള്ള വാഗ്ദാനം പാലിക്കുക’ എന്നും പൂര്‍വ്വികരോടു പറഞ്ഞിട്ടുള്ളതായി നിങ്ങള്‍ കേട്ടിട്ടുണ്ട്.
34 എന്നാല്‍ ഞാന്‍ പറയുന്നു ഒരിക്കലും സത്യം ചെയ്യരുത്. സ്വര്‍ഗ്ഗത്തിന്‍റെ പേരില്‍ വാക്കു നല്‍കരുത്. എന്തെന്നാല്‍ സ്വര്‍ഗ്ഗം ദൈവത്തിന്‍റെ സിംഹാസനമാണ്.
35 ഭൂമിയുടെ പേരിലും വാഗ്ദാനം നടത്തരുത്. എന്തെന്നാല്‍ ഭൂമി ദൈവത്തിന്‍റെതാണ്. യെരൂശലേമിന്‍റെ പേരിലും വാഗ്ദാനം നടത്തരുത്. എന്തെന്നാല്‍ അത് ദൈവത്തിന്‍റെ നഗരമാണ്.
36 സ്വന്തം ശിരസിന്‍റെ പേരിലും ശപഥം ചെയ്യരുത്. നിങ്ങളുടെ ഒരു മുടിയിഴ കറുപ്പിക്കുവാനോ, വെളുപ്പിക്കുവാനോ നിങ്ങള്‍ക്കാവില്ല.
37 ‘അതേ’ എന്ന് ചെയ്യാവുന്ന കാര്യത്തെപ്പറ്റി മാത്രം പറയുക. അതല്ലാത്തവ ‘അല്ല’ എന്നും ഇതിലുമധികമുള്ളതെല്ലാം തിന്മയില്‍നിന്നു വരുന്നതാണ്.
38 “‘കണ്ണിന് കണ്ണ്, പല്ലിനു പല്ല്’ എന്ന ചൊല്ല് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
39 എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു. ദുഷ്ടനോടു ചെറുത്തു നില്‍ക്കരുത്. ആരെങ്കിലും നിങ്ങളുടെ വലത്തെ ചെകിട്ടത്ത് അടിച്ചാല്‍ തിരിഞ്ഞു നിങ്ങളുടെ ഇടത്തെ ചെകിട് അവനു കാട്ടിക്കൊടുക്കുക.
40 നിങ്ങള്‍ക്കെതിരെ കോടതിയില്‍ പോയി നിങ്ങളുടെ കുപ്പായം നേടാന്‍ ശ്രമിക്കുന്നവനെ നിങ്ങളുടെ മേല്‍കുപ്പായവും എടുക്കാന്‍ അനുവദിക്കുക.
41 ഒരുത്തന്‍ ഒരു നാഴിക നടക്കാന്‍ നിങ്ങളെ നിര്‍ബന്ധിച്ചാല്‍ അവനോടൊപ്പം രണ്ടു നാഴിക നടക്കുക.
42 നിങ്ങളോടു ചോദിക്കുന്നവനു കൊടുക്കുക. നിങ്ങളില്‍ നിന്നെന്തെങ്കിലും വായ്പ വാങ്ങാന്‍ വരുന്നവനു അതു നിരസിയ്ക്കരുത്.”
43 “നിന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക’ എന്നും ‘ശത്രുവിനെ വെറുക്കുക’ എന്നും പറഞ്ഞിട്ടുള്ളത് നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
44 എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക. നിങ്ങളെ ദ്രോഹിക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുക.
45 നിങ്ങളങ്ങനെ ചെയ്താല്‍ നിങ്ങള്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്‍റെ യഥാര്‍ത്ഥ മക്കളായിരിക്കും. നിങ്ങളുടെ പിതാവ് ദുഷ്ടര്‍ക്കും ശിഷ്ടര്‍ക്കും വേണ്ടി സൂര്യനെ ഉദിപ്പിക്കുന്നു. നല്ലവര്‍ക്കും ദുഷ്ടന്മാര്‍ക്കും വേണ്ടി അവന്‍ മഴ പെയ്യിക്കുന്നു.
46 നിങ്ങളെ സ്നേഹിക്കുന്നവരെ മാത്രം നിങ്ങള്‍ സ്നേഹിച്ചാല്‍ പ്രതിഫലം കിട്ടുകയില്ല. ചുങ്കക്കാര്‍പോലും അങ്ങനെ ചെയ്യും.
47 നിങ്ങളുടെ സ്നേഹിതരെ മാത്രമേ നിങ്ങള്‍ ആശംസിക്കൂ എന്നുണ്ടെങ്കില്‍ നിങ്ങള്‍ മറ്റുള്ളവരെക്കാള്‍ ഒട്ടും മെച്ചമല്ല. ദൈവ ചിന്തയില്ലാത്തവര്‍പോലും അങ്ങനെ ചെയ്യുന്നുണ്ട്.
48 അതിനാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കണം.