4
1 അനന്തരം ആത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു. അവിടെ പിശാചിന്‍റെ പ്രലോഭനത്തെ നേരിടാനായിരുന്നു അവന്‍ അങ്ങോട്ടു നയിക്കപ്പെട്ടത്.
2 നാല്പതു ദിനരാത്രങ്ങള്‍ യേശു ഒന്നും ഭക്ഷിച്ചിരുന്നില്ല. അതിനുശേഷം അവന് വല്ലാതെ വിശന്നു.
3 പിശാച് യേശുവിനെ പ്രലോഭിപ്പിക്കാന്‍ എത്തി. പിശാച് പറഞ്ഞു,
“നീ ദൈവപുത്രനെങ്കില്‍ ഈ കല്ലുകളോട് അപ്പമാകുവാന്‍ കല്പിക്കൂ.”
4 യേശു അവനോടു മറുപടി പറഞ്ഞു,
“തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതപ്പെട്ടിട്ടുണ്ട്, ‘മനുഷ്യനെ ജീവിപ്പിക്കുന്നത് അപ്പം മാത്രമല്ല. ദൈവത്തിന്‍റെ തിരുവായിലൂടെ പുറത്തുവരുന്ന ഓരോ വചനത്തിലുമാണ് അവരുടെ ജീവന്‍ ആശ്രയിച്ചിരിക്കുന്നത്.’”
5 അനന്തരം പിശാച് യേശുവിനെ വിശുദ്ധനഗരമായ യെരൂശലേമിലേക്കു നയിച്ചു. പിശാച് യേശുവിനെ ദൈവാലയത്തില്‍ വളരെ ഉയര്‍ന്ന ഒരിടത്തു നിര്‍ത്തി.
6 പിശാച് പറഞ്ഞു,
“നീ ദൈവ പുത്രനാണെങ്കില്‍ താഴോട്ടു ചാടുക. എന്തെന്നാല്‍ തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതപ്പെട്ടിട്ടുണ്ടല്ലോ, ‘ദൈവം തന്‍റെ ദൂതന്മാരോടു കല്പിക്കും, അവരുടെ കൈകള്‍ നിന്‍റെ രക്ഷയ്ക്കെത്തും, നിന്‍റെ കാല്‍ പാറയിലിടിക്കാത്തവിധം നിന്നെ പിടിക്കും.’”
7 യേശു മറുപടി പറഞ്ഞു,
“തിരുവെഴുത്തുകളില്‍ ഇങ്ങനെകൂടി എഴുതിയിട്ടുണ്ട്, ‘നിന്‍റെ കര്‍ത്താവായ ദൈവത്തെ നീയൊരിക്കലും പരീക്ഷിക്കരുത്.’”
8 അനന്തരം പിശാച് യേശുവിനെ ഒരു വലിയ ഉയരമുള്ള മലയിലേക്കു കൊണ്ടുപോയി. പിശാച് യേശുവിനെ ലോകത്തിലെ എല്ലാ രാജ്യങ്ങളും കാണിച്ചു. അവിടങ്ങളിലെ മഹത്തായ കാര്യങ്ങളും കാണിച്ചു.
9 പിശാച് പറഞ്ഞു,
“നീ എന്നെ നമസ്കരിച്ച് ആരാധിച്ചാല്‍ ഈ കണ്ടതെല്ലാം നിനക്കു ഞാന്‍ തരാം.”
10 യേശു പിശാചിനോടു പറഞ്ഞു,
“സാത്താനേ, എന്നെ വിട്ടുപോക, തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, ‘കര്‍ത്താവായ ദൈവത്തെ നിങ്ങള്‍ ആരാധിക്കുക. അവനെ മാത്രം സേവിക്കുക.’”
11 പിശാച് യേശുവിനെ വിട്ടുപോയി. അപ്പോള്‍ ഏതാനും ദൂതന്മാര്‍ വന്ന് യേശുവിനെ പരിചരിച്ചു.
12 യോഹന്നാന്‍ തടവിലാക്കപ്പെട്ടു എന്നു യേശു കേട്ടു. അതിനാല്‍ യേശു ഗലീലയിലേക്കു മടങ്ങി.
13 അവന്‍ നസറെത്തില്‍ തങ്ങിയില്ല. ഗലീല തടാകത്തിനടുത്തുളള കഫര്‍ന്നഹൂം എന്ന നഗരത്തിലേക്കു പോയ യേശു അവിടെ താമസിച്ചു. സെബൂലൂന്‍റെയും നഫ്താലിയുടെയും പ്രദേശമാണ് കഫര്‍ന്നഹും.
14 യെശയ്യാ പ്രവാചകന്‍ പറഞ്ഞതു നിറവേറ്റാനായിരുന്നു അവന്‍ ഇതു ചെയ്തത്. യെശയ്യാ പ്രവാചകന്‍ പറഞ്ഞു,
15 “സമുദ്രത്തിലേക്കുളള വഴിയില്‍ യോര്‍ദ്ദാന്‍നദിയുടെ മറുകരയില്‍ സെബൂലൂന്‍റെയും നഫ്താലിയുടെയും ദേശം ജാതികളുടെ ഗലീലദേശം.
16 ഈ ആളുകള്‍ ഇരുട്ടിലായിരുന്നു (പാപത്തില്‍). പക്ഷെ അവര്‍ ഒരു മഹത്പ്രകാശം കണ്ടു: ശവപ്പറമ്പുപോലെ ഇരുണ്ട പ്രദേശത്ത് വസിക്കുന്ന ആളുകളുടെമേല്‍ പ്രകാശം ഉദിച്ചു.”
17 അപ്പോള്‍ മുതല്‍ യേശു പ്രസംഗിക്കാന്‍ തുടങ്ങി. അവനിങ്ങനെയാണ് പ്രസംഗിച്ചത്,
“മാനസാന്തരപ്പെടുവിന്‍, എന്തെന്നാല്‍ സ്വര്‍ഗ്ഗ രാജ്യത്തിന്‍റെ വരവായി.”
18 യേശു ഗലീലാ കടല്‍ത്തീരത്തുകൂടി നടക്കുകയായിരുന്നു. ശിമോന്‍ (പത്രൊസ്), അന്ത്രെയാസ് എന്നീ സഹോദരന്മാരെ അവന്‍ കണ്ടു. മീന്‍പിടുത്തക്കാരായ അവര്‍ കടലില്‍ വല വീശുകയായിരുന്നു.
19 യേശു പറഞ്ഞു,
“വരൂ, എന്നെ അനുഗമിക്കൂ. ഞാന്‍ നിങ്ങളെ വ്യത്യസ്തരായ മീന്‍പിടുത്തക്കാരാക്കാം. നിങ്ങളെ ഞാന്‍ ആളുകളാകുന്ന മീനെ പിടിക്കുന്നവരാക്കാം.”
20 ശിമോനും അന്ത്രെയാസും ഉടന്‍ വലകള്‍ ഉപേക്ഷിച്ച് അവനെ പിന്തുടര്‍ന്നു.
21 യേശു ഗലീലക്കടല്‍ത്തീരത്തുകൂടിയുളള തന്‍റെ നടപ്പു തുടര്‍ന്നു. സെബെദിയുടെ മക്കളായ യാക്കോബിനെയും യോഹന്നാനെയും അവന്‍ കണ്ടു. അവര്‍ പിതാവായ സെബെദിയോടൊപ്പം വളളത്തിലായിരുന്നു. അവര്‍ മീന്‍ പിടിക്കാന്‍ വല ഒരുക്കുകയായിരുന്നു. അവന്‍ അവരോടു തന്നോടൊപ്പം വരാന്‍ കല്പിച്ചു.
22 അതിനാല്‍ ആ സഹോദരന്മാര്‍ ഉടന്‍ തങ്ങളുടെ പിതാവിനെയും വളളത്തെയും ഉപേക്ഷിച്ച് യേശുവിനെ പിന്തുടര്‍ന്നു.
23 യേശു ഗലീലയിലെങ്ങും സഞ്ചരിച്ചു. അവന്‍ യെഹൂദപ്പളളികളില്‍ പഠിപ്പിക്കുകയും സ്വര്‍ഗ്ഗ രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുകയും ആളുകളുടെ എല്ലാ വ്യാധികളും രോഗങ്ങളും സുഖപ്പെടുത്തുകയും ചെയ്തു.
24 യേശുവിനെപ്പറ്റിയുളള വാര്‍ത്തകള്‍ സുറിയയിലെങ്ങും പരന്നു. ആളുകള്‍ രോഗികളായവരെയെല്ലാം അവന്‍റെയടുത്തു കൊണ്ടുവന്നു. രോഗികള്‍ പലവിധത്തിലുളള രോഗങ്ങളും വേദനയുമുളളവരായിരുന്നു. ചിലര്‍ക്കു വലിയ വേദനയുണ്ടായിരുന്നു. ചിലരെ പിശാച് ബാധിച്ചിരുന്നു. ചിലര്‍ക്ക് അപസ്മാരം ബാധിച്ചിരുന്നു. ചിലര്‍ തളര്‍വാത രോഗികളുമായിരുന്നു. യേശു എല്ലാവരെയും സുഖപ്പെടുത്തി.
25 അനേകംപേര്‍ യേശുവിനെ പിന്തുടര്‍ന്നു. അവര്‍ ഗലീലയില്‍നിന്നും ദെക്കപ്പൊലിയില്‍ (പത്തു നഗര പ്രദേശം) നിന്നും യെരൂശലേം, യെഹൂദ്യ, യോര്‍ദ്ദാനക്കരെ എന്നീ ഇടങ്ങളില്‍ നിന്നുളളവരായിരുന്നു.