132
ആരോഹണഗീതം.
1 യഹോവേ, ദാവീദിനെയും
അവന്റെ സകലകഷ്ടതയെയും ഓർക്കേണമേ.
2 അവൻ യഹോവയോടു സത്യം ചെയ്തു
യാക്കോബിന്റെ വല്ലഭന്നു നേർന്നതു എന്തെന്നാൽ:
3 ഞാൻ യഹോവെക്കു ഒരു സ്ഥലം,
യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ
4 ഞാൻ എന്റെ കൂടാരവീട്ടിൽ കടക്കയില്ല;
എന്റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.
5 ഞാൻ എന്റെ കണ്ണിന്നു ഉറക്കവും
എന്റെ കൺപോളെക്കു മയക്കവും കൊടുക്കയില്ല.
6 *നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ടു
വനപ്രദേശത്തു അതിനെ കണ്ടെത്തിയല്ലോ.
7 നാം അവന്റെ തിരുനിവാസത്തിലേക്കുചെന്നു
അവന്റെ പാദപീഠത്തിങ്കൽ നമസ്കരിക്കുക.
8 യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി
നിന്റെ വിശ്രാമത്തിലേക്കു എഴുന്നെള്ളേണമേ.
9 നിന്റെ പുരോഹിതന്മാർ നീതി ധരിക്കയും
നിന്റെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ.
10 നിന്റെ ദാസനായ ദാവീദിൻനിമിത്തം
നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.
11 *ഞാൻ നിന്റെ ഉദരഫലത്തെ
നിന്റെ സിംഹാസനത്തിൽ ഇരുത്തുമെന്നും
12 നിന്റെ മക്കൾ എന്റെ നിയമത്തെയും
ഞാൻ അവർക്കു ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കിൽ
അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നും
യഹോവ ദാവീദിനോടു ആണയിട്ടു സത്യം; അവൻ അതിൽനിന്നു മാറുകയില്ല.
13 യഹോവ സീയോനെ തിരഞ്ഞെടുക്കയും
അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.
14 അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു;
ഞാൻ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാൻ അവിടെ വസിക്കും;
15 അതിലെ ആഹാരം ഞാൻ സമൃദ്ധിയായി അനുഗ്രഹിക്കും;
അതിലെ ദരിദ്രന്മാർക്കു അപ്പംകൊണ്ടു തൃപ്തി വരുത്തും.
16 അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും;
അതിലെ ഭക്തന്മാർ ഘോഷിച്ചുല്ലസിക്കും.
17 *അവിടെ ഞാൻ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും;
എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.
18 ഞാൻ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും;
അവന്റെ തലയിലോ കിരീടം ശോഭിക്കും.