സദൃശവാക്യങ്ങൾ
1
1 *യിസ്രായേൽരാജാവായി ദാവീദിന്റെ മകനായ ശലോമോന്റെ സദൃശവാക്യങ്ങൾ.
2 ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും
വിവേകവചനങ്ങളെ ഗ്രഹിപ്പാനും
3 പരിജ്ഞാനം, നീതി, ന്യായം, നേർ എന്നിവെക്കായി പ്രബോധനം ലഭിപ്പാനും
4 അല്പബുദ്ധികൾക്കു സൂക്ഷ്മബുദ്ധിയും
ബാലന്നു പരിജ്ഞാനവും വകതിരിവും നല്കുവാനും
5 ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും,
ബുദ്ധിമാൻ സദുപദേശം സമ്പാദിപ്പാനും
6 സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും
ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു.
7 *യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു;
ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.
8 മകനേ, അപ്പന്റെ പ്രബോധനം കേൾക്ക;
അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു;
9 അവ നിന്റെ ശിരസ്സിന്നു അലങ്കാരമാലയും
നിന്റെ കഴുത്തിന്നു സരപ്പളിയും ആയിരിക്കും.
10 മകനേ, പാപികൾ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുതു.
11 ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിന്നായി പതിയിരിക്ക;
നിർദ്ദോഷിയെ കാരണം കൂടാതെ പിടിപ്പാൻ ഒളിച്ചിരിക്ക.
12 പാതാളംപോലെ അവരെ ജീവനോടെയും
കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സർവ്വാംഗമായും വിഴുങ്ങിക്കളക.
13 നമുക്കു വിലയേറിയ സമ്പത്തൊക്കെയും കിട്ടും;
നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറെക്കാം.
14 നിനക്കു ഞങ്ങളോടുകൂടെ സമാംശം കിട്ടും;
നമുക്കു എല്ലാവർക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവർ പറഞ്ഞാൽ,
15 മകനേ, നീ അവരുടെ വഴിക്കു പോകരുതു;
നിന്റെ കാൽ അവരുടെ പാതയിൽ വെക്കയുമരുതു.
16 അവരുടെ കാൽ ദോഷം ചെയ്‌വാൻ ഓടുന്നു;
രക്തം ചൊരിയിപ്പാൻ അവർ ബദ്ധപ്പെടുന്നു.
17 പക്ഷി കാൺകെ വലവിരിക്കുന്നതു വ്യർത്ഥമല്ലോ.
18 അവർ സ്വന്ത രക്തത്തിന്നായി പതിയിരിക്കുന്നു;
സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.
19 ദുരാഗ്രഹികളായ ഏവരുടെയും വഴികൾ അങ്ങനെ തന്നേ;
അതു അവരുടെ ജീവനെ എടുത്തുകളയുന്നു.
20 *ജ്ഞാനമായവൾ വീഥിയിൽ ഘോഷിക്കുന്നു;
വിശാലസ്ഥലത്തു സ്വരം കേൾപ്പിക്കുന്നു.
21 അവൾ ആരവമുള്ള തെരുക്കളുടെ തലെക്കൽനിന്നു വിളിക്കുന്നു;
നഗരദ്വാരങ്ങളിലും നഗരത്തിന്നകത്തും പ്രസ്താവിക്കുന്നതു:
22 ബുദ്ധിഹീനരേ, നിങ്ങൾ ബുദ്ധീഹിനതയിൽ രസിക്കയും
പരിഹാസികളേ, നിങ്ങൾ പരിഹാസത്തിൽ സന്തോഷിക്കയും
ഭോഷന്മാരേ, നിങ്ങൾ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം?
23 എന്റെ ശാസനെക്കു തിരിഞ്ഞുകൊൾവിൻ;
ഞാൻ എന്റെ മനസ്സു നിങ്ങൾക്കു പൊഴിച്ചു തരും;
എന്റെ വചനങ്ങൾ നിങ്ങളെ അറിയിക്കും.
24 ഞാൻ വിളിച്ചിട്ടു നിങ്ങൾ ശ്രദ്ധിക്കാതെയും
ഞാൻ കൈ നീട്ടീട്ടു ആരും കൂട്ടാക്കാതെയും
25 നിങ്ങൾ എന്റെ ആലോചന ഒക്കെയും ത്യജിച്ചുകളകയും
എന്റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ടു
26 ഞാനും നിങ്ങളുടെ അനർത്ഥദിവസത്തിൽ ചിരിക്കും;
നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു ഭവിക്കുമ്പോൾ പരിഹസിക്കും.
27 നിങ്ങൾ ഭയപ്പെടുന്നതു നിങ്ങൾക്കു കൊടുങ്കാറ്റുപോലെയും
നിങ്ങളുടെ ആപത്തു ചുഴലിക്കാറ്റുപോലെയും വരുമ്പോൾ,
കഷ്ടവും സങ്കടവും നിങ്ങൾക്കു വരുമ്പോൾ തന്നേ.
28 അപ്പോൾ അവർ എന്നെ വിളിക്കും;
ഞാൻ ഉത്തരം പറകയില്ല.
എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.
29 അവർ പരിജ്ഞാനത്തെ വെറുത്തല്ലോ;
യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.
30 അവർ എന്റെ ആലോചന അനുസരിക്കാതെ
എന്റെ ശാസന ഒക്കെയും നിരസിച്ചു കളഞ്ഞതുകൊണ്ടു
31 അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും
തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും.
32 ബുദ്ധിഹീനരുടെ പിന്മാറ്റം അവരെ കൊല്ലും;
ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും.
33 എന്റെ വാക്കു കേൾക്കുന്നവനോ നിർഭയം വസിക്കയും
ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.