15
1 അനന്തരം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ മറ്റൊരു അത്ഭുതം കൂടി കണ്ടു. അത് മഹത്തും അത്ഭുതകരവുമായിരുന്നു. ഏഴു ദുരിതങ്ങളുമായി വരുന്ന ഏഴു ദൂതന്മാര്‍. ഈ ദുരിതങ്ങള്‍ക്കു ശേഷം ദൈവകോപം അവസാനിക്കുമെന്നതിനാല്‍ അവ അവസാനത്തെ ദുരിതങ്ങളാണ്.
2 അഗ്നി കലര്‍ന്ന ഒരു സ്ഫടികസമുദ്രം പോലെ ഒരു കാഴ്ച ഞാന്‍ കണ്ടു. മൃഗത്തിന്‍റെയും അവന്‍റെ വിഗ്രഹത്തിന്‍റെയും അവന്‍റെ പേരിന്‍റെ സംഖ്യയ്ക്കും മേല്‍ വിജയം നേടിയവര്‍ സമുദ്രതീരത്തു നില്‍ക്കുന്നു. അവരുടെ കൈകളില്‍ ദൈവം നല്‍കിയ വീണകളുണ്ടായിരുന്നു.
3 അവര്‍ ദൈവദാസനായ മോശെയുടെയും കുഞ്ഞാടിന്‍റെയും ഗാനം പാടി: “
സര്‍വ്വശക്തനും കര്‍ത്താവുമായ ദൈവമേ, നിന്‍റെ പ്രവര്‍ത്തികള്‍ മഹനീയവും അത്ഭുതകരവുമാകുന്നു. രാഷ്ട്രങ്ങളുടെ രാജാവേ, നിന്‍റെ വഴികള്‍ ശരിയും സത്യവുമാകുന്നു.
4 കര്‍ത്താവേ, നിന്‍റെ നാമത്തെ എല്ലാവരും ഭയക്കുകയും വാഴ്ത്തുകയും ചെയ്യും. ഏക വിശുദ്ധന്‍ നീയാകുന്നു. എല്ലാ രാജ്യങ്ങളും വന്ന് നിന്‍റെ മുമ്പില്‍ നമസ്കരിക്കും. കാരണം, ശരിയായതു മാത്രമേ നീ ചെയ്യൂ എന്നതു വ്യക്തമാണ്.”
5 ഇതിനു ശേഷം സ്വര്‍ഗ്ഗത്തില്‍ ഒരു ദൈവാലയം (ദൈവസാന്നിദ്ധ്യത്തിന്‍റെ വിശുദ്ധസ്ഥലം) തുറന്നിരിക്കുന്നത് ഞാന്‍ കണ്ടു.
6 ഏഴു ദുരിതങ്ങളും കൊണ്ടുവന്ന ദൂതന്മാര്‍ ദൈവാലയത്തില്‍ നിന്നും പുറത്തു വന്നു. അവര്‍ വൃത്തിയുള്ള തിളങ്ങുന്ന ശണവസ്ത്രം ധരിച്ചിരുന്നു. അവരുടെ മാറില്‍ സുവര്‍ണ്ണ കച്ച കെട്ടിയിരുന്നു.
7 അപ്പോള്‍ നാലു ജീവികളിലൊന്ന് ഏഴു ദൂതന്മാര്‍ക്കും ഏഴു സ്വര്‍ണ്ണക്കലശങ്ങള്‍ നല്‍കി. കലശങ്ങളില്‍ എന്നെന്നും ജീവിക്കുന്നവനായ ദൈവത്തിന്‍റെ ക്രോധം നിറച്ചിരുന്നു.
8 ദൈവാലയമാകെ ദൈവമഹത്വത്തിന്‍റെയും ശക്തിയുടെയും പുക നിറഞ്ഞിരുന്നു. ഏഴു ദൂതന്മാരുടെയും ഏഴു ദുരിതങ്ങളും അവസാനിക്കും വരെ ആര്‍ക്കും ദൈവാലയത്തില്‍ പ്രവേശിക്കാനായില്ല.