4
1 അപ്പോള്‍ ഞാന്‍ നോക്കിയപ്പോള്‍ എനിക്കു മുമ്പില്‍ സ്വര്‍ഗ്ഗകവാടം തുറന്നിരിക്കുന്നതു കണ്ടു. മുമ്പ് എന്നോടു സംസാരിച്ച അതേ ശബ്ദം ഞാന്‍ കേള്‍ക്കുകയും ചെയ്തു. അതൊരു കാഹളം മുഴങ്ങുന്നതു പോലുള്ള ശബ്ദമായിരുന്നു. ആ ശബ്ദം പറഞ്ഞു,
“ഇങ്ങോട്ടു കയറിവരൂ, ഇതിനുശേഷം എന്തുണ്ടാകണമെന്ന് ഞാന്‍ നിനക്കു കാട്ടിത്തരാം.”
2 അപ്പോള്‍ ആത്മാവ് എന്‍റെ നിയന്ത്രണം ഏറ്റെടുത്തു. അവിടെ എനിക്കു മുമ്പില്‍ ഒരു സ്വര്‍ഗ്ഗീയ സിംഹാസനം ഉണ്ടായിരുന്നു. ആരോ അതിലിരിക്കുന്നുണ്ടായിരുന്നു.
3 അതിലിരുന്നവന്‍ വിലയേറിയ കല്ലുകള്‍ പോലെയും മരതകമണി സൂര്യകാന്തം എന്നിവ പോലെയും കാണപ്പെട്ടു. മരതകം പോലുള്ള വ്യക്തമായ നിറങ്ങളോടു കൂടിയ ഒരു മാരിവില്ല് സിംഹാസനത്തിനു ചുറ്റും തിളങ്ങി.
4 “ആ സിംഹാസനത്തിന് ചുറ്റും മറ്റ് ഇരുപത്തിനാല് സിംഹാസനങ്ങള്‍ കൂടിയുണ്ടായിരുന്നു. അവയില്‍ ഇരുപത്തിനാല് മൂപ്പന്മാര്‍ ഇരുന്നിരുന്നു. അവര്‍ വെള്ളവസ്ത്രവും സ്വര്‍ണ്ണക്കിരീടങ്ങളും അവരുടെ തലകളില്‍ ധരിച്ചിരുന്നു.
5 സിംഹാസനത്തില്‍ നിന്നും മിന്നല്‍പ്പിണരുകളും ഇടിമുഴക്കങ്ങളും വന്നുകൊണ്ടിരുന്നു. സിംഹാസനത്തിനു മുമ്പില്‍ ഏഴു വിളക്കുകള്‍ കത്തിയിരുന്നു. ആ വിളക്കുകള്‍ ദൈവത്തിന്‍റെ ഏഴ് ആത്മാക്കളാണ്.
6 കൂടാതെ പളുങ്കുപോലെ വ്യക്തമായ ഒരു കണ്ണാടിക്കടലും സിംഹാസനത്തിനു മുമ്പില്‍ ഉണ്ടായിരുന്നു. സിംഹാസനങ്ങള്‍ക്കു മുമ്പിലും വശങ്ങളിലുമായി നാലു ജീവനുള്ള ജന്തുക്കള്‍ ഉണ്ടായിരുന്നു. അവയ്ക്ക് ദേഹം മുഴുവനും കണ്ണുകളാണ്.
7 ആദ്യത്തേത് ഒരു സിംഹത്തെപ്പോലെയും രണ്ടാമത്തെ ജീവനുള്ള ജന്തു കാളയെപ്പോലെയും ആയിരുന്നു. മൂന്നാമത്തേതിന് മനുഷ്യന്‍റെ തലയുണ്ട്. നാലാമത്തേത് ഒരു പറക്കുന്ന കഴുകനെപ്പോലെയും ആയിരുന്നു.
8 ജീവനുള്ള ഓരോ ജന്തുവിനും ആറു ചിറകുകള്‍ വീതം ഉണ്ടായിരുന്നു. ജീവനുള്ള ജന്തുക്കളുടെ അകവും പുറവും കണ്ണുകള്‍ക്കൊണ്ട് മൂടപ്പെട്ടിരുന്നു. രാത്രിയും പകലും ആ ജീവനുള്ള ജന്തുക്കള്‍ നിര്‍ത്താതെ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു.
“പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ സര്‍വ്വശക്തനായ കര്‍ത്താവായ ദൈവം പരിശുദ്ധന്‍.’ അവന്‍ ആയിരുന്നവനും ആകുന്നവനും വരാനിരിക്കുന്നവനുമാകുന്നു.”
9 ഈ ജീവനുള്ള ജന്തുക്കള്‍ സിംഹാസനത്തിലിരിക്കുന്നവനെ സ്തുതിക്കുകയും ആദരിക്കുകയും അവനോടു നന്ദി പറയുകയും ചെയ്യുന്നു. എന്നെന്നേക്കുമായി ജീവിക്കുന്നവനാണവന്‍. അവനെ അവ ആരാധിക്കവേ,
10 ഇരുപത്തിനാലു മൂപ്പന്മാരും സിംഹാസനങ്ങളിലിരിക്കുന്ന അവനു മുന്നില്‍ മുട്ടുകുത്തി നമിച്ചു. എന്നെന്നേക്കുമായി ജീവിക്കുന്നവനെ മൂപ്പന്മാര്‍ നമിച്ചു. അവന്‍റെ സിംഹാസനത്തിനു മുമ്പില്‍ തങ്ങളുടെ കിരീടങ്ങള്‍ ഊരിവച്ച് അവര്‍ പറഞ്ഞു,
11 “ഞങ്ങളുടെ കര്‍ത്താവായ ദൈവമേ! മഹത്വവും ആദരവും ശക്തിയും സ്വീകരിക്കുവാന്‍ നീ യോഗ്യനാകുന്നു. എല്ലാം നീ സൃഷ്ടിച്ചു. നിന്‍റെ ഹിതമായിരുന്നതു കൊണ്ട് അവ എല്ലാം നിലവില്‍ വരികയും, സൃഷ്ടിക്കപ്പെടുകയും ചെയ്തു.”