5
1 സമ്പന്നരേ, ശ്രദ്ധിക്കുക! കൂടുതല്‍ ക്ലേശങ്ങള്‍ നിങ്ങള്‍ക്കു വരുമെന്നതുകൊണ്ട് കരഞ്ഞു സങ്കടപ്പെടുവിന്‍.
2 നിങ്ങളുടെ ധനം ചീഞ്ഞു വിലകെട്ടതാകും. നിങ്ങളുടെ വസ്ത്രങ്ങള്‍ പുഴു തിന്നും.
3 നിങ്ങളുടെ സ്വര്‍ണ്ണവും വെള്ളിയും തുരുമ്പിക്കുകയും അത് നിങ്ങള്‍ തെറ്റാണ് ചെയ്തത് എന്നുള്ളതിനു തെളിവുമാകും. ആ തുരുമ്പ് അഗ്നിയെപ്പോലെ നിങ്ങളുടെ ശരീരത്തെ ഭക്ഷിക്കും. നിങ്ങള്‍ നിങ്ങളുടെ അവസാന നാളില്‍ നിങ്ങളുടെ നിധി സൂക്ഷിച്ചു.
4 നിങ്ങളുടെ വയലുകളില്‍ പണി ചെയ്ത ജനങ്ങള്‍ക്ക് നിങ്ങള്‍ കൂലി കൊടുത്തില്ല. അവര്‍ നിങ്ങള്‍ക്കെതിരെ നിലവിളിക്കുകയാണ്. അവര്‍ നിങ്ങളുടെ ധാന്യം കൊയ്തു. ഇപ്പോള്‍ സ്വര്‍ഗ്ഗീയ സൈന്യത്തിന്‍റെ കര്‍ത്താവ്, അവര്‍ ഉറക്കെ പറയുന്നതു കേട്ടിരിക്കുന്നു.
5 സമ്പന്നത നിറഞ്ഞതായിരുന്നു ഭൂമിയിലെ നിങ്ങളുടെ ജീവിതം. നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം കണ്ട് നിങ്ങള്‍ സ്വയം സംതൃപ്തരായി. അറുക്കുവാനായി ഒരുക്കിനിര്‍ത്തിയിരിക്കുന്ന മൃഗത്തെപ്പോലെ നിങ്ങള്‍ നിങ്ങളെ മേദസ്സുള്ളവരാക്കി.
6 നിരപരാധികളെ നിങ്ങള്‍ കുറ്റവാളികളാക്കുകയും കൊല ചെയ്യുകയും ചെയ്തു. അവരാകട്ടെ നിങ്ങളെ എതിര്‍ത്തുമില്ല.
7 പ്രിയ സഹോദരരേ, കര്‍ത്താവ് വരുന്ന സമയംവരെ ക്ഷമയോടിരിക്കുക. കൃഷിക്കാരന്‍ തന്‍റെ വിലപിടിച്ച വിളമണ്ണില്‍ നിന്നും കിളിര്‍ത്തുവരുന്നതിനും അതിന് ആദ്യത്തെയും അവസാനത്തെയും മഴ ലഭിക്കുന്നതിനുമായി ക്ഷമാപൂര്‍വ്വം കാത്തിരിക്കുന്നു.
8 അതുപോലെ നിങ്ങളും പ്രത്യാശ കൈവിടാതെ യേശുക്രിസ്തുവിന്‍റെ വരവിനായി ക്ഷമാപൂര്‍വ്വം കാത്തിരിക്കണം. കര്‍ത്താവ് ഉടന്‍ വരും.
9 നിങ്ങള്‍ പരസ്പരം പരാതിപ്പെടുന്നതു നിര്‍ത്തണം. അങ്ങനെ ചെയ്തില്ലെങ്കില്‍ നിങ്ങളും കുറ്റക്കാരാകും. ന്യായാധിപന്‍ വരുവാന്‍ തയ്യാറുമാണ് തയ്യാറായിരിക്കുന്നു-ഏതു നിമിഷവും വരാം.
10 സഹോദരരേ, ക്ഷമാപൂര്‍വ്വം പ്രതികൂലങ്ങള്‍ സഹിച്ച് കര്‍ത്താവിനുവേണ്ടി സംസാരിച്ച പ്രവാചകരുടെ മാതൃക പിന്തുടരുക. പ്രയാസങ്ങളെ ക്ഷമാപൂര്‍വ്വം സ്വീകരിച്ചവന്‍ ഇന്നു സന്തുഷ്ടനാണെന്നു ഞങ്ങള്‍ കരുതുന്നു എന്നു മനസ്സിലാക്കുക.
11 ഇയ്യോബിന്‍റെ ക്ഷമയെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ട്. എല്ലാ ദുരിതങ്ങള്‍ക്കും ശേഷം കര്‍ത്താവ് കൊണ്ടു വന്ന അന്തിമഫലം നിങ്ങള്‍ക്കറിയാം. ഇത് കര്‍ത്താവ് ദയാലുവും നിറയെ കരുണയുള്ളവനുമാണെന്ന് മുഖ്യമായും കാണിക്കുന്നു.
12 സഹോദരരേ, വാഗ്ദാനം ചെയ്യുമ്പോള്‍ ആണയിടരുത്. സ്വര്‍ഗ്ഗത്തെക്കൊണ്ടോ, ഭൂമിയെക്കൊണ്ടോ ആണയിടരുത്.
“അതെ,”
എന്നര്‍ത്ഥമാക്കുമ്പോള്‍ അതെ എന്നും “അല്ല” എന്നര്‍ത്ഥമാക്കുമ്പോള്‍ അല്ല എന്നും പറയുക. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ കുറ്റക്കാരാകില്ല.
13 നിങ്ങളില്‍ പ്രയാസപ്പെടുന്നവന്‍ പ്രാര്‍ത്ഥിക്കുകയും സന്തോഷവാന്‍ സ്തുതി പാടുകയും ചെയ്യട്ടെ.
14 നിങ്ങളില്‍ രോഗിയായവന്‍ സഭയിലെ മൂപ്പന്മാരെ വിളിക്കട്ടെ. അവര്‍ തൈലം പൂശി കര്‍ത്താവിന്‍റെ നാമത്തില്‍ അവനുവേണ്ടി പ്രാര്‍ത്ഥിക്കട്ടെ.
15 വിശ്വാസപൂര്‍വ്വമുള്ള പ്രാര്‍ത്ഥന രോഗിയെ സുഖമാക്കും. കര്‍ത്താവ് അവനെ സുഖപ്പെടുത്തും. അവന്‍ പാപിയെങ്കില്‍ അവന്‍റെ പാപവും കര്‍ത്താവ് ക്ഷമിക്കും.
16 പാപം പരസ്പരം ഏറ്റുപറയുവിന്‍, എന്നിട്ട് പ്രാര്‍ത്ഥിക്കുവിന്‍. ഇങ്ങനെ ചെയ്താല്‍ ദൈവം നിങ്ങളെ സുഖപ്പെടുത്തും. നീതിമാന്‍ ദൃഢമായി പ്രാര്‍ത്ഥിച്ചാല്‍ വലിയ കാര്യങ്ങള്‍ സംഭവിക്കും.
17 ഏലീയാവ് നമ്മെപ്പോലെ ഒരുവനായിരുന്നു. മഴ പെയ്യരുതെന്നു അവന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ മൂന്നര വര്‍ഷത്തേക്ക് മഴ പെയ്തില്ല.
18 പന്നീട്, ഏലീയാവ് മഴ പെയ്യണമെന്നു പ്രാര്‍ത്ഥിച്ചു. മേഘങ്ങള്‍ മഴ കൊണ്ടുവന്നു. ഭൂമി വിളകളെ തളിര്‍പ്പിച്ചു.
19 സഹോദരരേ, നിങ്ങളിലൊരുവന്‍ സത്യത്തില്‍നിന്നു വ്യതിചലിച്ച് അലഞ്ഞേക്കാം. സത്യത്തിലേക്കു തിരികെ വരുവാന്‍ ഒരുവന് അവനെ സഹായിക്കാം.
20 ഇതോര്‍ക്കുക, ഒരുവന്‍ തെറ്റായ വഴിയില്‍ നിന്നും ഒരു പാപിയെ തിരികെ കൊണ്ടുവരുമ്പോള്‍ ആ പാപിയുടെ ആത്മാവിനെ മരണത്തില്‍ നിന്നു രക്ഷിക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെടും.