3
1 എന്‍റെ സഹോദരരേ, നിങ്ങളിലേറെപേരും അദ്ധ്യാപകരാകാന്‍ പാടില്ലാത്തത് എന്തുകൊണ്ട്? കാരണം, ഞങ്ങള്‍ അദ്ധ്യാപകരെ മറ്റുള്ളവരേക്കാള്‍ കര്‍ശനമായി വിധിക്കുമെന്ന് നിങ്ങള്‍ക്കറിയാമല്ലോ.
2 നമ്മളെല്ലാവരും ധാരാളം തെറ്റുകള്‍ വരുത്തും. പറയുന്നതില്‍ ഒരിക്കലും തെറ്റുപറ്റാത്ത ഒരുവനുണ്ടെങ്കില്‍ അവന്‍ പരിപൂര്‍ണ്ണനാകും. തന്‍റെ ശരീരത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കാനും അവനു കഴിയും.
3 നമ്മെ അനുസരിക്കാനായി കുതിരയുടെ വായില്‍ നാം കടിഞ്ഞാണിടുന്നു. ആ കടിഞ്ഞാണ്‍ കൊണ്ട് കുതിരയുടെ ദേഹം മുഴുവനെയും നമുക്കു നിയന്ത്രിക്കാനാകും.
4 കപ്പലിന്‍റെ കാര്യവും അതുപോലെ തന്നെ. കപ്പല്‍ വലുതും ശക്തിയുള്ള കാറ്റിനാല്‍ ചലിക്കുന്നതും ആണ്. പക്ഷേ തീരെ ചെറിയ ചുക്കാന്‍ കപ്പലിനെ നിയന്ത്രിക്കുന്നു. ചുക്കാന്‍ പിടിക്കുന്നവന്‍ കപ്പലിന്‍റെ ഗതി തീരുമാനിക്കുന്നു. മനുഷ്യനാഗ്രഹിക്കുന്നിടത്തു കപ്പല്‍ പോകും.
5 അതു തന്നെയാണ് നമ്മുടെ നാവിന്‍റെ കാര്യവും. അതു നമ്മുടെ ശരീരത്തിന്‍റെ ചെറിയ ഒരു ഭാഗമെങ്കിലും വലിയകാര്യങ്ങള്‍ ചെയ്യുന്നതിനെപ്പറ്റി പുകഴ്ച പറയുന്നു. വലിയൊരു കാടിനെ ചെറിയ തീപ്പൊരിയാല്‍ ചുട്ടു എരിച്ചു കളയാം.
6 നാവ് അഗ്നി പോലെയാണ്. നമ്മുടെ ശരീരത്തില്‍ വച്ച് ദുഷ്ടതയുടെ ഒരു ലോകമാണ് അത്. എങ്ങനെയെന്നാല്‍ നാവ് ശരീരംവഴി അതിന്‍റെ ദുഷ്ടത പരത്തുന്നു. ജീവിതത്തെ ആകെ സ്വാധീനിക്കുന്ന അഗ്നിയ്ക്ക് അതു തുടക്കം ഇടും. നാവിന് നരകത്തില്‍ നിന്നാണ് ഈ അഗ്നി കിട്ടുന്നത്.
7 മത്സ്യങ്ങള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍ തുടങ്ങി എല്ലാത്തരം വന്യമൃഗങ്ങളെയും മനുഷ്യര്‍ക്ക് ഇണക്കിയെടുക്കാം. ജനം ഇതിനെയെല്ലാം നേരത്തേതന്നെ ഇണക്കിയിരിക്കുന്നു
8 പക്ഷേ നാവിനെ മെരുക്കിയെടുക്കാന്‍ ആര്‍ക്കും സാധിക്കയില്ല. അതു വന്യവും ദുഷ്ടവുമാണ്. അതു നിറയെ മാരകമായ വിഷമാണ്.
9 നാവുകൊണ്ട് നാം നമ്മുടെ കര്‍ത്താവും പിതാവുമായവനെ സ്തുതിക്കുന്നു. സ്തുതിക്കുവാന്‍ ഉപയോഗിക്കുന്ന നാവു കൊണ്ടുതന്നെ ജനങ്ങളെ നാം ശപിക്കുന്നു. ജനമാകട്ടെ ദൈവത്തിന്‍റെതന്നെ ഛായയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
10 സ്തുതിയും ശാപവും ഒരേവായില്‍ നിന്നുതന്നെ വരുന്നു. എന്‍റെ പ്രിയ സഹോദരരേ, ഇതു സംഭവിക്കരുത്.
11 ഒരേ നീര്‍ച്ചാലില്‍നിന്ന് മധുരവും കയ്പുമുള്ള ജലംവും ഒഴുകുകയോ ഇല്ല,
12 എന്‍റെ സഹോദരരേ, അത്തിമരത്തിന് ഒലിവുഫലമോ മുന്തിരിവള്ളിക്ക് അത്തിപ്പഴമോ ഉളവാക്കുവാന് സാധിക്കുമോ? ഇല്ല, ഉപ്പുകലര്‍ന്ന വെള്ളം നിറഞ്ഞ കിണറിന് ശുദ്ധജലം തരാന്‍ സാധിക്കില്ല.
13 വിവേകിയും ധാരണാസമ്പന്നനുമായ ഒരുവനെങ്കിലും യഥാര്‍ത്ഥത്തില്‍ നിങ്ങളിലുണ്ടോ? ഉണ്ടെങ്കില്‍ നേരായി ജീവിച്ച് തന്‍റെ വിവേകം അവന്‍ കാണിക്കണം. അവന്‍ നല്ല കാര്യങ്ങള്‍ വിനീതമായി ചെയ്യണം. വിവേകി സ്വയം പുകഴ്ത്തുകയില്ല.
14 നിങ്ങള്‍ തന്‍കാര്യം നോക്കുന്നവരും ഹൃദയത്തില്‍ കടുത്ത അസൂയ പേറുന്നവരുമെങ്കില്‍ പുകഴ്ച പറയാന്‍ കാരണം ഒന്നുമില്ല. നിങ്ങളുടെ പുകഴ്ത്തല്‍ സത്യത്തെ മറയ്ക്കുന്ന ഒരു നുണയാണ്.
15 അത്തരം “ബുദ്ധി” ദൈവത്തില്‍ നിന്നുള്ളതല്ല. ആ ബുദ്ധി ലോകത്തില്‍ നിന്നുള്ളതാണ്. അത് ആത്മീയമല്ല, പൈശാചികമാണ്.
16 എവിടെ അസൂയയും സ്വാര്‍ത്ഥതയും ഉണ്ടോ അവിടെ അങ്കലാപ്പും എല്ലാത്തരം ദുഷ്ടതയും കാണും.
17 എന്നാല്‍ ദൈവത്തില്‍ നിന്നു വരുന്ന വിജ്ഞാനം ശുദ്ധവും സമാധാനം നിറഞ്ഞതും സൌമ്യതയുള്ളതും സന്തോഷിപ്പിക്കാന്‍ എളുപ്പമുള്ളതും ആയിരിക്കും. ഈ വിജ്ഞാനം ക്ലേശിതരെ സഹായിക്കുവാനും മറ്റുള്ളവര്‍ക്കു നന്മ ചെയ്യുവാനും സദാ ഒരുക്കമുള്ളതായിരിക്കും. ഈ ജ്ഞാനം എപ്പോഴും നല്ലതും സത്യസന്ധവുമായിരിക്കും.
18 സമാധാനത്തിനായി സമാധാനപൂര്‍വ്വം യത്നിക്കുന്നവര്‍ക്ക് നല്ല ജീവിതരീതി കൊണ്ടുവരുന്ന പാരിതോഷികം കിട്ടും.