7
1 ശാലേമിന്‍റെ രാജാവും അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനുമായിരുന്നു മല്‍ക്കീസേദെക്ക്. രാജാക്കന്മാരെ പരാജയപ്പെടുത്തിയശേഷം തിരികെ വന്ന അബ്രാഹാമിനെ മല്‍ക്കീസെദേക്ക് കണ്ടു മുട്ടി. ആ ദിവസം മല്‍ക്കീസേദേക്ക് അബ്രാഹാമിനെ ആശീര്‍വദിച്ചു.
2 അബ്രാഹാം തനിക്കുള്ളതിന്‍റെയെല്ലാം ദശാംശം മല്‍ക്കീസേദേക്കിനു നല്‍കി. (മല്‍ക്കീസേദേക്കിന്‍റെ പേരിനര്‍ത്ഥം “നീതിയുടെ രാജാവ്” എന്നും,
“സമാധാനത്തിന്‍റെ രാജാവ്” എന്നര്‍ത്ഥം വരുന്ന “ശാലേമിന്‍റെ രാജാവ്” എന്നുമാണ്).
3 മല്‍ക്കീസേദേക്കിന്‍റെ അപ്പനും അമ്മയും ആരാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. എവിടെ നിന്നാണ് അവന്‍ വന്നതെന്നും ആര്‍ക്കും അറിയില്ല. എന്നു മാത്രമല്ല, അവന്‍ ജനിച്ചതെന്നാണെന്നോ മരിച്ചതെന്നാണെന്നോ ആര്‍ക്കും അറിയില്ല. മല്‍ക്കീസേദേക്ക് ദൈവത്തിന്‍റെ പുത്രനെപ്പോലെയാണ്. നിത്യപുരോഹിതനായി അവന്‍ തുടരുന്നു.
4 മല്‍ക്കീസേദേക്ക് വലിയ മഹാനായിരുന്നു എന്നു നിങ്ങള്‍ക്കു കാണാം. നമ്മുടെ മഹാപിതാവായ അബ്രാഹാം യുദ്ധത്തില്‍ താന്‍ നേടിയ എല്ലാറ്റിന്‍റെയും ദശാംശം മല്‍ക്കീസേദേക്കിനു നല്‍കി.
5 ന്യായപ്രമാണം പറയുന്നതു പ്രകാരം ലേവ്യ ഗോത്രത്തില്‍പ്പെട്ട പുരോഹിതന്മാര്‍ക്ക് സ്വന്ത ജനങ്ങളില്‍ നിന്ന് ദശാംശം വാങ്ങാം. അബ്രാഹാമിന്‍റെ പിന്തുടര്‍ച്ചക്കാരായ സ്വന്തം ആളുകളില്‍ നിന്നുപോലും പുരോഹിതര്‍ ദശാംശം പിരിച്ചെടുക്കുന്നു.
6 മല്‍ക്കീസേദേക്ക് ലേവി ഗോത്രത്തില്‍ നിന്നുള്ളവനല്ല, എന്നിട്ടും അവനു അബ്രാഹാമില്‍നിന്ന് ദശാംശം കിട്ടി. ഇതിനുപുറമേ ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ ഉണ്ടായിരുന്ന അബ്രാഹാമിനെ അവന്‍ ആശീര്‍വദിച്ചു.
7 ഉന്നതനായ ഒരു വ്യക്തി തന്നെക്കാള്‍ ഔന്നിത്യം കുറഞ്ഞവനെ ആശീര്‍വദിക്കുന്നുവെന്നുള്ളത് എല്ലാവര്‍ക്കും അറിയാവുന്നതാണ്.
8 എന്നാല്‍ ദശാംശങ്ങള്‍ ലഭിക്കുന്ന ആ പുരോഹിതര്‍ ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന സാധാരണ മനുഷ്യരാണ്. എന്നാല്‍ അബ്രാഹാമില്‍നിന്ന് ദശാംശം കിട്ടിയ മല്‍ക്കീസേദേക്ക് തിരുവെഴുത്തുകള്‍ പറയുംപോലെ തുടര്‍ന്നും ജീവിക്കുന്നു.
9 ജനങ്ങളില്‍ നിന്ന് ദശാംശം കിട്ടുന്നത് ലേവിക്കാണ്. എന്നാല്‍ അബ്രാഹാം മല്‍ക്കീസേദേക്കിനു ഒരു ദശാംശം കൊടുത്തപ്പോള്‍ ലേവിയും അതു കൊടുത്തു എന്നു നമുക്കു പറയാന്‍ സാധിക്കും.
10 പക്ഷെ ലേവി അന്ന് ജനിച്ചിട്ടുപോലുമില്ല, മല്‍ക്കീസേദെക്ക് അബ്രാഹാമിനെ കണ്ടുമുട്ടിയപ്പോള്‍ ലേവി തന്‍റെ മുന്‍ഗാമിയായ അബ്രാഹാമിന്‍റെ ശരീരത്തിലുണ്ടായിരുന്നു.
11 ലേവ്യ ഗോത്രത്തില്‍പ്പെട്ട പുരോഹിത ക്രമത്തിനു വിധേയമായാണല്ലോ ജനങ്ങള്‍ക്ക് ന്യായപ്രമാണം നല്‍കപ്പെട്ടത്. എന്നാല്‍ ആ പുരോഹിതക്രമത്തിന് ജനങ്ങളെ പൂര്‍ണ്ണരാക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ മറ്റൊരു പുരോഹിതന്‍ വരേണ്ടത് ആവശ്യമായിരുന്നു. മല്‍ക്കീസേദേക്കിനെപ്പോലെയും എന്നാല്‍ അഹരോനെപ്പോലെയുമല്ലാത്ത ഒരു പുരോഹിതന്‍ എന്നാണു ഞാനര്‍ത്ഥമാക്കുന്നത്.
12 അതുപോലെ തന്നെ ഒരു വ്യത്യസ്ത ക്രമത്തിലുള്ള പുരോഹിതന്‍ ആഗതനാകുമ്പോള്‍ ന്യായപ്രമാണവും മാറ്റപ്പെടണം.
13 ഈ കാര്യങ്ങളിലെല്ലാം ഞങ്ങള്‍ പറയുന്നത് ക്രിസ്തുവിനെക്കുറിച്ചാണ്. ഒരു വ്യത്യസ്ത ഗോത്രത്തില്‍ നിന്നുള്ളവനാണ് അവന്‍. ആ ഗോത്രത്തില്‍പ്പെട്ട ഒരുവനും യാഗപീഠത്തില്‍ പുരോഹിത ശുശ്രൂഷ ചെയ്തിട്ടില്ല.
14 നമ്മുടെ കര്‍ത്താവായ ക്രിസ്തു യെഹൂദാ ഗോത്രത്തിലാണു ജനിച്ചതെന്നു വ്യക്തമാണ്. മാത്രമല്ല ആ ഗോത്രത്തില്‍ നിന്നുള്ള പുരോഹിതരെക്കുറിച്ച് മോശെ ഒന്നും പറയുന്നില്ല.
15 ഈ കാര്യങ്ങളൊക്കെയും കൂടുതല്‍ വ്യക്തമാക്കി വരുന്ന പുതിയ പുരോഹിതന്‍-ക്രിസ്തു മല്‍ക്കിസേദേക്കിനെപ്പോലെയുള്ളവനാണ്.
16 അവന്‍റെ പിതൃത്വത്തിന്‍റെ ബലത്തിന്മേലുള്ള ചട്ടങ്ങളാലോ ന്യായപ്രമാണങ്ങളാലോ അല്ല എന്നേക്കും തുടരുന്ന തന്‍റെ ജീവശക്തിയിലൂടെയാണ് അവനെ ഒരു പുരോഹിതനാക്കിയത്.
17 തിരുവെഴുത്തുകളില്‍ അവനെക്കുറിച്ച് ഇങ്ങനെ പറയപ്പെട്ടിരിക്കുന്നു,
“മല്‍ക്കീസേദേക്കിന്‍റെ പുരോഹിത ക്രമത്തില്‍ നീ ഒരു നിത്യ പുരോഹിതനാണ്.”
18 വ്യര്‍ത്ഥവും ദുര്‍ബ്ബലവുമായ കാരണങ്ങളാല്‍ ആ പഴയ ചട്ടങ്ങള്‍ ഇപ്പോള്‍ നിലവിലില്ല.
19 മോശെയുടെ ന്യായപ്രമാണത്തിന് യാതൊന്നിനെയും പൂര്‍ണ്ണമാക്കാന്‍ സാധിച്ചിട്ടില്ല. എന്നാലിപ്പോള്‍ ഒരു ശ്രേഷ്ഠ പ്രതീക്ഷ നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു. ആ പ്രതീക്ഷയോടെ നമുക്ക് ദൈവ സാമീപ്യത്തിലേക്കു ചെല്ലാം.
20 ക്രിസ്തുവിനെ മഹാപുരോഹിതനാക്കിയപ്പോള്‍ ദൈവം ഒരു പ്രതിജ്ഞ ചെയ്തു എന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ഇതരര്‍ പുരോഹിതരായപ്പോള്‍ യാതൊരു വാഗ്ദാനവുമില്ലായിരുന്നു.
21 പക്ഷേ ദൈവത്തിന്‍റെ വാഗ്ദാനപ്രകാരം ക്രിസ്തു ഒരു പുരോഹിതനായി. ദൈവം പറഞ്ഞു,
“അചഞ്ചലമാംവിധം കര്‍ത്താവൊരു പ്രതിജ്ഞ ചെയ്തു, ‘നീ ഒരു നിത്യപുരോഹിതനാണ്.’”
22 അതിനാല്‍ ദൈവത്തില്‍ നിന്ന് തന്‍റെ ജനങ്ങള്‍ക്കുള്ള മെച്ചപ്പെട്ട നിയമത്തിന്‍റെ ഒരു ഉറപ്പാണ് ക്രിസ്തു എന്നാണ് ഇതര്‍ത്ഥമാക്കുന്നത്.
23 ഇതര പുരോഹിതര്‍ മരിച്ചുപോയതുകൊണ്ട് ഒരുവന് നിത്യപുരോഹിതരായിരിക്കുന്നത് തുടരാന്‍ സാധിച്ചില്ല. അത്തരം ധാരാളം പുരോഹിതര്‍ ഉണ്ടായിരുന്നു.
24 എന്നാല്‍ യേശു എന്നെന്നേക്കും ജീവിക്കുന്നു. പൌരോഹിത്യ സേവനത്തില്‍ നിന്ന് അവന്‍ ഒരിക്കലും വിരമിക്കില്ല.
25 അതിനാല്‍ ക്രിസ്തുവിന് അവനിലൂടെ ദൈവത്തിങ്കലേക്ക് വരുന്നവരെ രക്ഷിക്കുവാന്‍ സാധിക്കും. ക്രിസ്തുവിന് എന്നെന്നേക്കും ഇങ്ങനെ ചെയ്യാന്‍ സാധിക്കും. കാരണം അവന്‍ എന്നും എന്നേക്കും ജീവിയ്ക്കുകയും, ജനങ്ങള്‍ ദൈവമുമ്പാകെ വരുമ്പോള്‍ അവരെ എപ്പോഴും സഹായിക്കാന്‍ തയ്യാറുമാണ് എന്നതു തന്നെ.
26 അതിനാല്‍ നമുക്കാവശ്യമുള്ള തരത്തിലുള്ള മഹാപുരോഹിതനാണ് ക്രിസ്തു. അവന്‍ വിശുദ്ധനാണ്. അവനില്‍ യാതൊരു പാപവും ഇല്ല. അവന്‍ നിര്‍മ്മലനും പാപികളാല്‍ സ്വാധീനിക്കപ്പെടാത്തവനുമാണ്. അവന്‍ സ്വര്‍ഗ്ഗങ്ങള്‍ക്കുപരിയായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു.
27 അവന്‍ ഇതര പുരോഹിതരെപ്പോലെയല്ല. ആ ഇതര പുരോഹിതര്‍ ദൈനംദിനം യാഗമര്‍പ്പിക്കേണ്ടിയിരിക്കുന്നു. അവര്‍ ആദ്യമേ സ്വപാപത്തിനുവേണ്ടിയും പിന്നീട് ജനങ്ങളുടെ പാപത്തിനു വേണ്ടിയും യാഗമര്‍പ്പിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ ക്രിസ്തു അതു ചെയ്യേണ്ടതില്ല. ക്രിസ്തു എക്കാലത്തേക്കുമായി ഒരു യാഗം അര്‍പ്പിച്ചു. ക്രിസ്തു സ്വയം അര്‍പ്പിച്ചു.
28 സാധാരണജനങ്ങളെ, ബലഹീനതകളുള്ളവരെ മഹാപുരോഹിതന്മാരായി ന്യായപ്രമാണം തിരഞ്ഞെടുത്തു. എന്നാല്‍ ന്യായപ്രമാണത്തിനു ശേഷം ദൈവം ഒരു വാഗ്ദത്തം ചെയ്തു. ദൈവം പ്രതിജ്ഞ വഴിയായി ആ വാക്കുകള്‍ പറഞ്ഞു. ആ വചനങ്ങള്‍ ദൈവപുത്രനെ മഹാപുരോഹിതനാക്കി. ആ പുത്രന്‍ നിത്യമായി പരിപൂര്‍ണ്ണനാക്കപ്പെട്ടിരിക്കുന്നു.