6
1 നിങ്ങളുടെ കൂട്ടത്തില്‍നിന്നൊരാള്‍ക്ക് മറ്റൊരാള്‍ക്കെതിരായി എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ നിങ്ങളെന്തിനാണു നിയമകോടതിയിലേക്കു പോകുന്നത്? ദൈവത്തിനു മുമ്പില്‍ നീതീകരിക്കപ്പെട്ടവരല്ല അവര്‍. പിന്നെന്തിനാണ്, ആരാണ് നീതിമാനെന്നു നിശ്ചയിക്കാന്‍ നിങ്ങള്‍ അവരെ അനുവദിക്കുന്നത്? നിങ്ങള്‍ ലജ്ജിക്കുക. എന്തുകൊണ്ടാണു നിങ്ങള്‍ ഇതിനായി ദൈവത്തിന്‍റെ ആളുകളെ സമീപിക്കാത്തത്?
2 ദൈവത്തിന്‍റെ ആളുകള്‍ ഈ ലോകത്തെയാകെ വിധിക്കുമെന്ന് തീര്‍ച്ചയായും നിങ്ങള്‍ക്കറിയാം. അതുകൊണ്ട് നിങ്ങള്‍ ഈ ലോകത്തെ വിധിച്ചാല്‍, ഇതുപോലുള്ള ചെറിയ കാര്യങ്ങളില്‍ വിധിയ്ക്കാന്‍ നിങ്ങള്‍ തീര്‍ച്ചയായും പ്രാപ്തരാണ്.
3 ഭാവിയില്‍ നമ്മള്‍ ദൂതന്മാരെ വിധിക്കുമെന്ന് നിങ്ങള്‍ക്കറിയാം. അതുകൊണ്ട് ലൌകീകമായ ഇത്തരം വിധികള്‍ നടത്താനും നമുക്കാവുമെന്നു തീര്‍ച്ച.
4 അതിനാല്‍ നിങ്ങള്‍ക്കുള്ള തര്‍ക്കങ്ങളുമായി എന്തിന് സഭയിലില്ലാത്തവരുടെ അടുത്തേക്കു പോകുന്നു? സഭയെ സംബന്ധിച്ചിടത്തോളം അവര്‍ ആരുമല്ല.
5 നിങ്ങളെ നാണിപ്പിക്കാനാണു ഞാനിതു പറയുന്നത്. രണ്ടു സഹോദരന്മാര്‍ക്കിടയിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് മതിയായ വിജ്ഞരായ ചിലര്‍ നിങ്ങള്‍ക്കിടയില്‍ തീര്‍ച്ചയായും ഉണ്ട്.
6 എന്നാല്‍ ഇപ്പോള്‍ ഒരു സഹോദരന്‍ മറ്റൊരു സഹോദരനെതിരെ കോടതിയിലേക്കു പോകുന്നു. അവിശ്വാസികളെ നിങ്ങള്‍ വിധി പറയാന്‍ നിയോഗിക്കുന്നു.
7 മറ്റുള്ളവര്‍ക്കെതിരെ നിങ്ങള്‍ കൊടുക്കുന്ന അന്യായങ്ങളോരോന്നും നിങ്ങള്‍ പരാജയപ്പെട്ടുവെന്നതിന് തെളിവാണ്. മറ്റുള്ളവരെ നിങ്ങള്‍ക്കെതിരായി എന്തെങ്കിലും തെറ്റു ചെയ്യാന്‍ അനുവദിക്കുകയാണ് നിങ്ങളെ സംബന്ധിച്ചിടത്തോളം നന്ന്. ആരെങ്കിലും നിങ്ങളെ വഞ്ചിക്കാന്‍ അനുവദിക്കുകയാണ് നന്ന്.
8 പക്ഷേ നിങ്ങള്‍ തന്നെ തെറ്റു ചെയ്യുകയും വഞ്ചിക്കുകയും ചെയ്യുന്നു! അതും ക്രിസ്തുവിലുള്ള സ്വന്തം സഹോദരങ്ങളോട്.
9-10 തെറ്റു ചെയ്യുന്നവര്‍ക്കു ദൈവരാജ്യത്തില്‍ സ്ഥാനമില്ലെന്നു തീര്‍ച്ചയായും നിങ്ങള്‍ക്കറിയാം. വിഡ്ഢികളാക്കപ്പെടരുത്. ഇനി പറയുന്നവര്‍ക്കു ദൈവരാജ്യത്തില്‍ സ്ഥാനം ലഭിക്കില്ല: ലൈംഗിക പാപം ചെയ്യുന്നവര്‍, വിഗ്രഹാരാധകര്‍, വ്യഭിചരിക്കുന്നവര്‍, സ്വവര്‍ഗ്ഗ രതിക്കാര്‍, മറ്റുള്ളവരെ ലൈംഗികപാപത്തിന് ഉപയോഗിക്കുന്നവര്‍, മോഷ്ടാക്കള്‍, സ്വാര്‍ത്ഥര്‍, മദ്യപാനികള്‍, മറ്റുള്ളവരെ ദുഷിക്കുന്നവര്‍, വഞ്ചകര്‍.
11 മുന്‍കാലത്ത് നിങ്ങളില്‍ ചിലരും അങ്ങനെയായിരുന്നു. പക്ഷേ നിങ്ങള്‍ കഴുകപ്പെട്ടു, നിങ്ങള്‍ വിശുദ്ധരാക്കപ്പെട്ടു, കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിന്‍റെയും നാമത്തില്‍ നിങ്ങള്‍ ദൈവത്തിനു മുമ്പില്‍ നീതീകരിക്കപ്പെട്ടു.
12 “എല്ലാക്കാര്യങ്ങളും എനിക്കായി അനുവദിച്ചിരിക്കുന്നു.”
പക്ഷേ എല്ലാം നന്നല്ല.
“എല്ലാം എനിക്കായി അനുവദിച്ചിരിക്കുന്നു.”
പക്ഷേ ഞാനൊന്നിനെയും എന്‍റെ യജമാനനാകാന്‍ അനുവദിക്കില്ല.
13 “ആഹാരം വയറിനും വയറ് ആഹാരത്തിനുമാണ്.”
അതെ. പക്ഷേ ദൈവം അവ രണ്ടിനെയും നശിപ്പിക്കും. ശരീരം ലൈംഗിക പാപത്തിനുള്ളതല്ല. ശരീരം കര്‍ത്താവിനുള്ളതാണ്, കര്‍ത്താവ് ശരീരത്തിനും,
14 തന്‍റെ ശക്തികൊണ്ട് ദൈവം കര്‍ത്താവായ യേശുവിനെ ഉയിര്‍ത്തെഴുന്നേല്പിച്ചു. ദൈവം നമ്മളേയും ഉയിര്‍ത്തെഴുന്നേല്പിക്കും.
15 നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്‍റെ തന്നെ ഭാഗങ്ങളാണെന്നു നിങ്ങള്‍ക്കറിയാം. അതിനാല്‍ ഞാനൊരിക്കലും ക്രിസ്തുവിന്‍റെ ഭാഗങ്ങളെടുത്ത് ഒരു വേശ്യയുമായി അവയെ കൂട്ടിച്ചേര്‍ക്കരുത്.
16 തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു,
“രണ്ടുപേര്‍ ഒന്നായിത്തീരും”. അതിനാല്‍ ഒരു വേശ്യയുമായി ചേര്‍ന്ന് ലൈംഗികപാപം ചെയ്യുന്നവന്‍ ശരീരത്തില്‍ അവളുമായി ഒന്നാകുകയാണ്.
17 പക്ഷേ കര്‍ത്താവുമായി ചേരുന്ന ഒരുവന്‍ ആത്മാവിലും അവനില്‍ ഒന്നായിത്തീരും.
18 അതിനാല്‍ ലൈംഗിക പാപത്തില്‍നിന്നും അകന്നു പോവുക. ഒരാള്‍ ചെയ്യുന്ന മറ്റ് ഓരോ പാപവും അവന്‍റെ ശരീരത്തിന് വെളിയിലാണ്. എന്നാല്‍ ലൈംഗികപാപം ചെയ്യുന്നവന്‍ തന്‍റെ തന്നെ ശരീരത്തിന് എതിരായി പാപം ചെയ്യുന്നു.
19 നിങ്ങളുടെ ശരീരം പരിശുദ്ധാത്മാവിന്‍റെ ആലയമാണെന്നു നിങ്ങളറിയുക. പരിശുദ്ധാത്മാവ് നിങ്ങള്‍ക്കുള്ളിലാണ്. ദൈവത്തില്‍ നിന്ന് നിങ്ങള്‍ പരിശുദ്ധാത്മാവിനെ സ്വീകരിച്ചു. നിങ്ങള്‍ നിങ്ങളുടെ തന്നെ സ്വന്തമല്ല.
20 നിങ്ങളെ ദൈവം ഒരു വിലയ്ക്കു വാങ്ങി. അതിനാല്‍ നിങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ ബഹുമാനിക്കുക.