18
1 പ്രാര്‍ത്ഥന കഴിഞ്ഞയുടന്‍ യേശു ശിഷ്യന്മാരോടൊത്ത് അവിടം വിട്ടു. അവര്‍ കെദ്രോന്‍ താഴ്വര കടന്നു. താഴ്വരയുടെ മറുവശത്ത് ഒലിവുമരങ്ങളുടെ ഒരു തോട്ടമുണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും അങ്ങോട്ടു പോയി.
2 യേശു പലപ്പോഴും അവന്‍റെ ശിഷ്യന്മാരുമായി അവിടെ ഒത്തുകൂടാറുണ്ടായിരുന്നതിനാല്‍ യൂദയ്ക്ക് ആ സ്ഥലം അറിയാമായിരുന്നു.
3 അതിനാല്‍ യൂദാ ഒരു സംഘം ഭടന്മാരെ അങ്ങോട്ടു കൊണ്ടുവന്നു. മഹാ പുരോഹിതന്മാരും പരീശന്മാരും നിയോഗിച്ച ഏതാനും കാവല്‍ക്കാരും അവനോടൊത്തുണ്ടായിരുന്നു. അവര്‍ വിളക്കുകളും പന്തങ്ങളും ആയുധങ്ങളും എടുത്തിരുന്നു.
4 തനിക്കു സംഭവിക്കാന്‍പോകുന്നതെല്ലാം യേശുവിന് അറിയാമായിരുന്നു. യേശു പുറത്തേക്കിറങ്ങി ചോദിച്ചു,
“നിങ്ങള്‍ ആരെയാണു നോക്കുന്നത്?”
5 അവര്‍ പറഞ്ഞു,
“നസറായനായ യേശുവിനെ.”
യേശു പറഞ്ഞു,
“ഞാനാണ് യേശു.”
(യേശുവിനെതിരെ തിരിഞ്ഞ യൂദായും അവരോടൊപ്പം നില്പുണ്ടായിരുന്നു.)
6 ‘ഞാനാണ് യേശു’ എന്നവന്‍ പറഞ്ഞപ്പോള്‍ അവര്‍ പുറകോട്ടു പോയി നിലത്തു വീണു.
7 യേശു വീണ്ടും അവരോടു ചോദിച്ചു,
“ആരെയാണ് നിങ്ങള്‍ തിരയുന്നത്?”
അവര്‍ പറഞ്ഞു,
“നസറായനായ യേശുവിനെ.”
8 യേശു പറഞ്ഞു,
“ഞാന്‍ പറഞ്ഞല്ലോ, ഞാനാണ് യേശു. അതുകൊണ്ട് നിങ്ങള്‍ എന്നെയാണു തിരയുന്നതെങ്കില്‍ മറ്റുള്ളവര്‍ പൊയ്ക്കൊള്ളട്ടെ.”
9 യേശു മുമ്പു പറഞ്ഞ ഈ വാക്കുകള്‍ അങ്ങനെ യാഥാര്‍ത്ഥ്യമായി.
“നീ എനിക്കു തന്ന ആരെയും ഞാന്‍ നഷ്ടപ്പെടുത്തിയില്ല.”
10 ശിമോന്‍ പത്രൊസിന് ഒരു വാളുണ്ടായിരുന്നു, അയാള്‍ വാളൂരി മഹാപുരോഹിതന്‍റെ ദാസനെ വെട്ടി. അയാളുടെ വലതു ചെവി പത്രൊസ് വെട്ടി. (മല്‍ക്കൊസ് എന്നായിരുന്നു ആ ദാസന്‍റെ പേര്)
11 യേശു പത്രൊസിനോടു പറഞ്ഞു,
“പത്രൊസേ, നിന്‍റെ വാള്‍ തിരികെ ഉറയിലിടുക. പിതാവ് എനിക്കു തന്ന കഷ്ടതയുടെ പാനപാത്രം ഞാന്‍ വാങ്ങിയേ പറ്റൂ.”
12 ഭടന്മാരും അവരുടെ തലവനും യെഹൂദകാവല്‍ക്കാരും ചേര്‍ന്ന് യേശുവിനെ പിടിച്ചുകെട്ടി തടവിലാക്കി.
13 അവര്‍ അവനെ ആദ്യം ഹന്നാവിന്‍റെ മുമ്പില്‍ കൊണ്ടുവന്നു. കയ്യഫാവിന്‍റെ അമ്മായിയപ്പനായിരുന്നു ഹന്നാവ്. ആ വര്‍ഷത്തെ മഹാപുരോഹിതനായിരുന്നു കയ്യഫാവ്.
14 എല്ലാവര്‍ക്കും വേണ്ടി ഒരുവന്‍ മരിക്കുന്നതാവാം നല്ലതെന്ന് ഇയാളാണ് യെഹൂദരോട് പറഞ്ഞത്.
15 ശിമോന്‍ പത്രൊസും യേശുവിന്‍റെ മറ്റൊരു ശിഷ്യനും യേശുവിനോടൊത്തു പോയി. മറ്റേ ശിഷ്യനു മഹാപുരോഹിതനെ അറിയാമായിരുന്നു. അതിനാലയാള്‍ യേശുവിനോടൊത്തു മഹാ പുരോഹിതന്‍റെ വീട്ടുമുറ്റം വരെ പോയി.
16 പക്ഷേ പത്രൊസ് വാതിലിനടുത്ത് വെളിയില്‍ നിന്നതേയുള്ളൂ. മഹാപുരോഹിതനെ അറിയാവുന്ന ശിഷ്യന്‍ പുറത്തേക്കു വന്നു. വാതില്‍ തുറന്ന ദാസിയോട് അയാള്‍ സംസാരിച്ചു. എന്നിട്ടയാള്‍ പത്രൊസിനെ അകത്തേക്കു കടത്തി.
17 വാതില്‍ക്കലെ ദാസി പത്രൊസിനോടു ചോദിച്ചു,
“നീയും, ആ മനുഷ്യന്‍റെ ശിഷ്യന്മാരിലൊരുത്തനല്ലേ?”
പത്രൊസ് പറഞ്ഞു,
“അല്ല, ഞാനല്ല.”
18 തണുപ്പായിരുന്നതിനാല്‍ ദാസന്മാരും കാവല്‍ക്കാരും തീ കൂട്ടിയിരുന്നു. അവരതിനു ചുറ്റുമിരുന്നു ചൂടുപിടിക്കുകയായിരുന്നു. പത്രൊസ് അവരോടൊത്തു നില്‍ക്കുകയായിരുന്നു.
19 മഹാപുരോഹിതന്‍ യേശുവിനോട് അവന്‍റെ ശിഷ്യന്മാരെപ്പറ്റി ചോദിച്ചു. യേശു പഠിപ്പിച്ച കാര്യങ്ങളെപ്പറ്റിയും ചോദിച്ചു.
20 യേശു മറുപടി പറഞ്ഞു,
“ഞാനെപ്പോഴും ജനങ്ങളോട് തുറന്നു സംസാരിച്ചിരുന്നു. യെഹൂദപ്പള്ളിയിലും ദൈവാലയങ്ങളിലും ഇരുന്നാണ് ഞാന്‍ പഠിപ്പിക്കാറ്. യെഹൂദരെല്ലാം അവിടെ കൂടാറുണ്ടായിരുന്നു. ഒരിക്കലും ഞാന്‍ ഒന്നും രഹസ്യമായി പറഞ്ഞിരുന്നില്ല.
21 പിന്നെന്താണെന്നെ നിങ്ങള്‍ ചോദ്യം ചെയ്യുന്നത്? എന്‍റെ വചനങ്ങള്‍ കേട്ടവരോട് ചോദിക്കുക. അവര്‍ക്കറിയാം ഞാന്‍ എന്താണു പറഞ്ഞതെന്ന്.”
22 യേശു ഇതു പറഞ്ഞപ്പോള്‍ കാവല്‍ക്കാരില്‍ ഒരുവന്‍ അവനെ ഇടിച്ചു. അയാള്‍ പറഞ്ഞു,
“മഹാ പുരോഹിതനോട് ഇങ്ങനെ സംസാരിക്കരുത്.”
23 യേശു മറുപടി പറഞ്ഞു,
“തെറ്റെന്തെങ്കിലും പറഞ്ഞെങ്കില്‍ ആ തെറ്റ് എന്താണെന്ന് ഇവിടെയുള്ളവരോട് പറയുക. പക്ഷേ ശരിയാണെങ്കില്‍ പിന്നെ നീയെന്തിനാണെന്നെ ഇടിച്ചത്?”
24 അതിനാല്‍ ഹന്നാവ് യേശുവിനെ കയ്യഫാവിന്‍റെ അടുത്തേക്ക് അയച്ചു. യേശു അപ്പോഴും ബന്ധിതനായിരുന്നു.
25 ശിമോന്‍ പത്രൊസ് നിന്നുകൊണ്ട് തീ കായുകയായിരുന്നു. മറ്റുള്ളവര്‍ പത്രൊസിനോടു ചോദിച്ചു,
“നീ അവന്‍റെ ശിഷ്യന്മാരില്‍ ഒരുത്തനല്ലേ?”
പക്ഷേ പത്രൊസ് പറഞ്ഞു,
“അല്ല, ഞാനല്ല.”
26 മഹാ പുരോഹിതന്‍റെ ദാസന്മാരില്‍ ഒരുവന്‍ അവിടെ ഉണ്ടായിരുന്നു. പത്രൊസ് ചെവി മുറിച്ചവന്‍റെ ബന്ധുവാണയാള്‍. അയാള്‍ പറഞ്ഞു,
“നിന്നെ ഞാന്‍ പൂന്തോട്ടത്തില്‍ വച്ച് അവനോടൊത്ത് കണ്ടിട്ടുള്ളതായി തോന്നുന്നു.”
27 പക്ഷേ പത്രൊസ് വീണ്ടും പറഞ്ഞു,
“ഇല്ല, ഞാനവനോടൊത്ത് ഉണ്ടായിരുന്നില്ല.”
അപ്പോള്‍ ഒരു കോഴി കൂകി.
28 അനന്തരം യെഹൂദന്മാര്‍ യേശുവിനെ കയ്യഫാവിന്‍റെ കൊട്ടാരത്തില്‍നിന്നും ഗവര്‍ണ്ണരുടെ കൊട്ടാരത്തിലേക്കു കൊണ്ടുപോയി. അതു പുലര്‍ച്ചെയായിരുന്നു. യെഹൂദര്‍ വസതിക്കുള്ളില്‍ കടന്നില്ല. പെസഹാ ഭക്ഷിക്കേണ്ടിയിരുന്നതു കൊണ്ട് അവര്‍ സ്വയം അശുദ്ധരാകാന്‍ ഇഷ്ടപ്പെട്ടില്ല.
29 അതിനാല്‍ പീലാത്തൊസ് പുറത്ത് യെഹൂദരുടെ അടുത്തേക്കു വന്നു. അദ്ദേഹം ചോദിച്ചു,
“ഈ മനുഷ്യനെതിരെയുള്ള നിങ്ങളുടെ കുറ്റാരോപണം എന്ത്?”
30 യെഹൂദര്‍ പറഞ്ഞു,
“അവന്‍ ഒരു കുറ്റവാളിയാണ്. അതുകൊണ്ടാണവനെ ഞങ്ങള്‍ അങ്ങയെ ഏല്പിച്ചത്.”
31 പീലാത്തൊസ് പറഞ്ഞു,
“നിങ്ങള്‍ യെഹൂദര്‍ ഇവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണമനുസരിച്ച് ശിക്ഷ വിധിക്കുവിന്‍.”
യെഹൂദര്‍ പറഞ്ഞു,
“എന്നാല്‍ ഒരാളെ വധശിക്ഷയ്ക്കു വിധിക്കാന്‍ അങ്ങയുടെ നിയമം ഞങ്ങളെ അനുവദിക്കുന്നില്ല.”
32 (താനെങ്ങനെ മരിക്കും എന്ന് യേശു മുമ്പു പറഞ്ഞതു യാഥാര്‍ത്ഥ്യമായി.)
33 അപ്പോള്‍ പീലാത്തൊസ് കൊട്ടാരത്തിനുള്ളിലേക്കു മടങ്ങിപ്പോയി. അദ്ദേഹം യേശുവിനെ വിളിച്ചു. അദ്ദേഹം യേശുവിനോടു ചോദിച്ചു,
“നീ യെഹൂദരുടെ രാജാവാണോ?”
34 യേശു പറഞ്ഞു,
“ഇത് താങ്കളുടെ സ്വന്തം ചോദ്യമാണോ? അതോ മറ്റാരെങ്കിലും താങ്കളോട് എന്നെപ്പറ്റി പറഞ്ഞതോ?”
35 പീലാത്തൊസ് പറഞ്ഞു,
“ഞാന്‍ ഒരു യെഹൂദനല്ല. നിന്‍റെ തന്നെ ആളുകളും മഹാപുരോഹിതന്മാരും ആണ് നിന്നെ പിടിച്ചു കൊണ്ടുവന്ന് എന്നെ ഏല്പിച്ചത്. എന്താണു നിന്‍റെ മേലുള്ള ആരോപണം?”
36 യേശു പറഞ്ഞു,
“എന്‍റെ രാജ്യം ഈ ലോകത്തിന്‍റേതല്ല. അത് ഈ ലോകത്തിന്‍റേത് ആയിരുന്നുവെങ്കില്‍ ഞാന്‍ യെഹൂദരുടെ കയ്യില്‍ ഏല്പിക്കപ്പെടാതിരിക്കാന്‍ എന്‍റെ ദാസന്മാര്‍ പൊരുതുമായിരുന്നു. എന്നാല്‍ എന്‍റെ രാജ്യം മറ്റൊരിടത്തു നിന്നുമാണ്.”
37 പീലാത്തൊസ് പറഞ്ഞു,
“അപ്പോള്‍ നീയൊരു രാജാവാണ്.”
യേശു പറഞ്ഞു,
“ഞാന്‍ രാജാവാണെന്നു താങ്കള്‍ പറയുന്നു. അതു ശരിയാണ്. ഞാന്‍ ജനിച്ചത് ഇതിനാണ്. സത്യം ജനങ്ങളെ സാക്ഷ്യപ്പെടുത്താന്‍. അതിനാണു ഞാന്‍ ഈ ലോകത്തില്‍ വന്നത്. സത്യത്തില്‍ നിന്നുള്ളവരെല്ലാം എന്നെ ശ്രവിക്കുന്നു.”
38 പീലാത്തൊസ് ചോദിച്ചു,
“എന്താണു സത്യം?”
അതു ചോദിച്ച ശേഷം പീലാത്തൊസ് പുറത്ത് യെഹൂദരുടെ അടുത്തേക്കു മടങ്ങിപ്പോയി. പീലാത്തൊസ് അവരോടു പറഞ്ഞു,
“അയാള്‍ക്കെതിരെ ചാര്‍ത്താന്‍ ഒരു കുറ്റവും ഞാന്‍ കാണുന്നില്ല.
39 എന്നാല്‍ പെസഹാ ദിവസം ഒരു തടവുകാരനെ വിട്ടയയ്ക്കുന്ന ചടങ്ങ് നിങ്ങള്‍ക്കുണ്ട്. യെഹൂദരുടെ ഈ രാജാവിനെ ഞാന്‍ സ്വതന്ത്രനാക്കട്ടേ?”
40 യെഹൂദര്‍ വിളിച്ചു പറഞ്ഞു,
“വേണ്ട, അവനെ വേണ്ട. ബറബ്ബാസിനെ വിട്ടയയ്ക്കുക.”
(ബറബ്ബാസ് ഒരു കള്ളനായിരുന്നു.)