5
1 യേശു പിന്നീട് ഒരു പ്രത്യേക യെഹൂദ ഉത്സവത്തിനായി യെരൂശലേമിലേക്കു പോയി.
2 അവിടെ അഞ്ചു മണ്ഡപങ്ങളുള്ള ഒരു കുളം ഉണ്ടായിരുന്നു. യെഹൂദ ഭാഷയില്‍ അതിനെ ബെഥെസ്ദാ എന്നു വിളിച്ചിരുന്നു. ആട്ടുവാതിലിനു അരികിലായിരുന്നു ഈ കുളം.
3 കുളക്കരയിലെ മണ്ഡപങ്ങളില്‍ ധാരാളം രോഗികള്‍ കിടന്നിരുന്നു. അവരില്‍ അന്ധരും മുടന്തരും തളര്‍വാതക്കാരും ഉണ്ടായിരുന്നു.
5 അവിടെ മുപ്പത്തെട്ടു വര്‍ഷമായി രോഗം ബാധിച്ച ഒരാളുണ്ടായിരുന്നു.
6 അയാളവിടെ കിടക്കുന്നത് യേശു കണ്ടു. വളരെക്കാലമായി അയാള്‍ രോഗിയാണെന്ന് യേശുവിന് മനസ്സിലായി. യേശു അയാളോടു ചോദിച്ചു,
“നിനക്കു സുഖമാകണമെന്നുണ്ടോ?”
7 രോഗി മറുപടി പറഞ്ഞു,
“പ്രഭോ, വെള്ളം ഇളകി തുടങ്ങുമ്പോള്‍ എന്നെ വെള്ളത്തിലിറക്കാന്‍ ആരുമില്ല. ആദ്യം ഇറങ്ങാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ അപ്പോഴേക്കും എന്നെക്കാള്‍ മുമ്പേ മറ്റാരെങ്കിലും വെള്ളത്തില്‍ ഇറങ്ങിയിരിക്കും.”
8 അപ്പോള്‍ യേശു പറഞ്ഞു,
“എഴുന്നേല്‍ക്കൂ, നിന്‍റെ കിടക്കയുമെടുത്ത് നടന്നുപോകൂ.”
9 ഉടന്‍ തന്നെ അയാളുടെ രോഗം ഭേദമായി. അയാള്‍ തന്‍റെ കിടക്കയുമെടുത്ത് നടക്കാന്‍ തുടങ്ങി. ഒരു ശബ്ബത്തു ദിവസമായിരുന്നു ഇതു സംഭവിച്ചത്.
10 അതിനാല്‍ സുഖപ്പെട്ടവനോട് യെഹൂദര്‍ പറഞ്ഞു,
“ഇന്നു ശബ്ബത്താണ്. ഇന്നു കിടക്കയെടുക്കുന്നതു ന്യായപ്രമാണത്തിനു വിരുദ്ധമാണ്.”
11 പക്ഷേ അയാള്‍ മറുപടി പറഞ്ഞു,
“എന്നെ സുഖപ്പെടുത്തിയവന്‍ എന്നോടു പറഞ്ഞു, ‘നിന്‍റെ കിടക്കയുമെടുത്ത് നടക്കുക’ എന്ന്.”
12 യെഹൂദര്‍ അയാളോടു ചോദിച്ചു,
“കിടക്കയുമെടുത്ത് നടക്കുവാന്‍ ആരാണു നിന്നോടു പറഞ്ഞത്?”
13 എന്നാല്‍ അത് ആരാണെന്നു തിരിച്ചറിയുവാന്‍ അയാള്‍ക്കായില്ല. അവിടെ ഒട്ടേറെപ്പേരുണ്ടായിരുന്നു. യേശു അവിടം വിട്ടുപോവുകയും ചെയ്തു.
14 പിന്നീട് യേശു അയാളെ ദൈവാലയത്തില്‍ വച്ചു കണ്ടു. യേശു അയാളോടു പറഞ്ഞു,
“നോക്കൂ, നിനക്കിപ്പോള്‍ സുഖമായി. എന്നാല്‍ കൂടുതല്‍ കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പാപങ്ങള്‍ ചെയ്യാതിരുക്കുക.”
15 അനന്തരം അയാള്‍ യെഹൂദരുടെ അടുത്തേക്ക് മടങ്ങി. യേശുവാണ് തന്‍റെ രോഗം ഭേദമാക്കിയതെന്ന് അയാള്‍ അവരോട് പറഞ്ഞു.
16 യേശു ഇതെല്ലാം ചെയ്തത് ശബ്ബത്തു ദിവസമായിരുന്നു. അതുകൊണ്ട് യെഹൂദര്‍ യേശുവിനെ പീഢിപ്പിക്കാന്‍ തുടങ്ങി.
17 എന്നാല്‍ യേശു യെഹൂദരോടു പറഞ്ഞു,
“എന്‍റെ പിതാവ് ഒരിക്കലും പ്രവൃത്തികള്‍ നിര്‍ത്തിയിട്ടില്ല. അതിനാല്‍ ഞാനും ജോലി ചെയ്യുന്നു.”
18 ഇതുകൊണ്ടാണ് യെഹൂദര്‍ കുറെക്കൂടി രൂക്ഷമായി യേശുവിനെ കൊല്ലാന്‍ ശ്രമിച്ചത്. അവര്‍ പറഞ്ഞു,
“ആദ്യം യേശു ശബ്ബത്തിന്‍റെ ന്യായപ്രമാണം ലംഘിക്കുന്നു. പിന്നെ പറഞ്ഞു, ദൈവമാണ് തന്‍റെ പിതാവെന്ന്. അവന്‍ സ്വയം ദൈവത്തിനു തുല്യനാക്കുകയാണ്.”
19 പക്ഷേ യേശു മറുപടി പറഞ്ഞു,
“ഞാന്‍ നിങ്ങളോടു സത്യമായി പറയാം. പുത്രന് സ്വയം ഒന്നും ചെയ്യാനാവില്ല. പിതാവ് ചെയ്യുന്നതായി കാണുന്നതു മാത്രമേ പുത്രന്‍ ചെയ്യൂ. അപ്പന്‍ ചെയ്യുന്നതു തന്നെ മകനും ചെയ്യുന്നു.
20 പിതാവ് പുത്രനെ സ്നേഹിക്കുകയും താന്‍ ചെയ്യുന്നതെല്ലാം അവനു കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. ഇയാള്‍ സുഖപ്പെട്ടു. ഇതിനെക്കാള്‍ വലിയ പ്രവൃത്തികള്‍ പിതാവ് പുത്രനു കാണിച്ചുകൊടുക്കും. അപ്പോള്‍ നിങ്ങളെല്ലാവരും അത്ഭുതപ്പെടും.
21 മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്പിച്ച് പിതാവ് അവര്‍ക്കു ജീവന്‍ നല്‍കുന്നു. അതേപോലെ പുത്രനും തനിക്കു വേണ്ടപ്പെട്ടവര്‍ക്ക് ജീവന്‍ നല്‍കുന്നു.
22 “പിതാവ് ആരെയും വിധിക്കുന്നില്ല. എന്നാല്‍ എല്ലാ വിധിയ്ക്കുമുള്ള ശക്തി പിതാവ് പുത്രനു നല്‍കിയിരിക്കുന്നു.
23 പിതാവിനെ ആദരിക്കുമ്പോലെ തന്നെ പുത്രനെയും ആളുകള്‍ ആദരിക്കുംവിധമാണ് ദൈവം ഇതു ചെയ്തിരിക്കുന്നത്. ഒരാള്‍ പുത്രനെ ആദരിക്കാതിരുന്നാല്‍ യഥാര്‍ത്ഥത്തില്‍ അയാള്‍ പിതാവിനെയും ആദരിക്കുന്നില്ല. പിതാവാണ് പുത്രനെ അയച്ചത്.
24 “ഞാന്‍ നിങ്ങളോട് സത്യമായി പറയാം. എന്‍റെ വാക്കുകള്‍ കേള്‍ക്കുകയും എന്നെ അയച്ചവനില്‍ വിശ്വസിക്കുകയും ചെയ്യുന്ന ആള്‍ക്ക് നിത്യജീവന്‍ ലഭിക്കും. അയാള്‍ കുറ്റക്കാരനായി വിധിക്കപ്പെടുകയില്ല. അയാള്‍ മരണത്തെ വിട്ട് ജീവനില്‍ പ്രവേശിച്ചു കഴിഞ്ഞു.
25 ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. ഒരു പ്രധാന സമയമിതാ വരുന്നു. അത് എത്തിക്കഴിഞ്ഞിരിക്കുന്നു. പാപത്തില്‍ മരിച്ചവര്‍ മനുഷ്യ പുത്രന്‍റെ സ്വരം കേള്‍ക്കും. അവന്‍റെ വാക്കുകള്‍ സ്വീകരിച്ചവര്‍ നിത്യജീവന്‍ നേടുകയും ചെയ്യും.
26 ജീവന്‍ പിതാവില്‍നിന്നു തന്നെ വരുന്നതാണ്. അതിനാല്‍ പിതാവ് ജീവന്‍ നല്‍കുന്നതിനും പുത്രനെ അനുവദിച്ചിട്ടുണ്ട്.
27 എല്ലാവരെയും വിധിക്കാനുള്ള അധികാരവും പിതാവ് പുത്രന് നല്‍കി. എന്തുകൊണ്ട്? ആ പുത്രന്‍ മനുഷ്യ പുത്രനാണ്.
28 “ഇതില്‍ അത്ഭുതപ്പെടരുത്. എല്ലാ മരിച്ചവരും അവരുടെ ശവകുടീരങ്ങളില്‍നിന്ന് അവന്‍റെ ശബ്ദം കേള്‍ക്കുന്ന സമയം പുറത്തുവരും.
29 നന്മ ചെയ്തവര്‍ ഉയിര്‍ത്തെഴുന്നേറ്റ് നിത്യ ജീവന്‍ നേടും. എന്നാല്‍ തിന്മ ചെയ്തവര്‍ ഉയിര്‍ത്തെഴുന്നേറ്റ് ന്യായവിധിയെ സ്വീകരിക്കും.
30 “എനിക്കു സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിയില്ല. കേള്‍ക്കുന്നതു പോലെ ഞാന്‍ വിധിക്കുന്നു. അതിനാല്‍ എന്‍റെ ന്യായവിധി നീതിപൂര്‍വ്വമായിരിക്കും. എന്തുകൊണ്ടെന്നാല്‍ ഞാനെന്നെത്തന്നെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കില്ല. പക്ഷേ എന്നെ അയച്ചവനെ എനിക്കു സന്തുഷ്ടനാക്കണം.
31 “ഞാന്‍ എന്നെപ്പറ്റി തന്നെ ആളുകളോടു പറയുന്നത് സാധുവല്ല.
32 എന്നാല്‍ എന്നെപ്പറ്റി അവരോടു പറയുന്ന മറ്റൊരാളുണ്ട്. എന്നെപ്പറ്റി അയാള്‍ പറയുന്നതൊക്കെ സത്യമാണെന്ന് എനിക്കറിയാം.
33 “നിങ്ങള്‍ യോഹന്നാന്‍റെ അടുത്തേക്ക് ആളെ അയച്ചു. അയാള്‍ നിങ്ങളോട് സത്യത്തെപ്പറ്റി പറഞ്ഞു,
34 എന്നെപ്പറ്റി മറ്റുള്ളവരോടു പറയാന്‍ എനിയ്ക്കൊരാളും വേണ്ട. നിങ്ങള്‍ രക്ഷ പ്രാപിക്കുന്നതിനാണ് ഞാനിതൊക്കെ നിങ്ങളോടു പറയുന്നത്.
35 കത്തിക്കൊണ്ട് പ്രകാശം നല്‍കുന്ന വിളക്കു പോലായിരുന്നു യോഹന്നാന്‍. അയാളുടെ വെളിച്ചം അല്പനേരം ആസ്വദിക്കാന്‍ നിങ്ങള്‍ക്കു സന്തോഷമായിരുന്നു.
36 “എന്‍റെ സാക്ഷ്യം യോഹന്നാനെക്കാള്‍ മഹത്തരമാണ്. എന്‍റെ പ്രവൃത്തികള്‍ തന്നെ എന്‍റെ സാക്ഷ്യം. ഇതൊക്കെ സഫലമാക്കാനാണു പിതാവെന്നെ നിയോഗിച്ചതെന്നകാര്യം ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.
37 പക്ഷേ നിങ്ങളൊരിക്കലും ഈ സ്വരം കേട്ടിട്ടില്ല. ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കുള്ള സാക്ഷ്യമാണ് എനിക്കുള്ള പിതാവിന്‍റെ നിയോഗം. അവന്‍റെ രൂപവും നിങ്ങള്‍ കണ്ടിട്ടില്ല.
38 പിതാവിന്‍റെ വചനം നിങ്ങളിലില്ല. എന്തുകൊണ്ടെന്നാല്‍ പിതാവ് അയച്ചവനില്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല.
39 നിങ്ങള്‍ തിരുവെഴുത്തുകള്‍ വായിക്കുന്നു. തിരുവെഴുത്തുകള്‍ നിത്യജീവന്‍ തരുമെന്നു നിങ്ങള്‍ കരുതുന്നു. ആ തിരുവെഴുത്തുകള്‍ തന്നെ എന്നെപ്പറ്റിയും പറയുന്നു.
40 എന്നാല്‍ നിങ്ങള്‍ക്കു വേണ്ടിയ ജീവനായി എന്നെ സമീപിക്കാന്‍ നിങ്ങള്‍ മടിക്കുന്നു.
41 “മനുഷ്യരുടെ സ്തുതി ഞാന്‍ കാംക്ഷിക്കുന്നില്ല.
42 പക്ഷേ എനിക്കു നിങ്ങളെ അറിയാം. ദൈവസ്നേഹം നിങ്ങളിലില്ല.
43 എന്‍റെ പിതാവിന്‍റെ പേരില്‍ ഞാന്‍ വന്നു. ഞാന്‍ അവനുവേണ്ടി സംസാരിക്കുന്നു. പക്ഷേ നിങ്ങളെന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍ സ്വന്തം നാമത്തില്‍ വരുന്നവനെ നിങ്ങള്‍ അംഗീകരിക്കുന്നു.
44 അന്യോന്യം മഹത്വം സ്വീകരിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നു. പക്ഷേ ഏക ദൈവത്തില്‍ നിന്നു വരുന്ന മഹത്വം നിങ്ങള്‍ തേടാറില്ല. പിന്നെ എങ്ങനെ നിങ്ങള്‍ വിശ്വസിക്കും?
45 പിതാവിനു മുമ്പില്‍ നിങ്ങളെ ഞാന്‍ കുറ്റപ്പെടുത്തുമെന്നു കരുതേണ്ട. മോശെയാണു നിങ്ങളില്‍ കുറ്റമാരോപിക്കുക. അവന്‍ നിങ്ങളെ രക്ഷിക്കുമെന്നാണല്ലോ നിങ്ങളുടെ വിശ്വാസം.
46 നിങ്ങള്‍ മോശെയില്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ എന്നെയും വിശ്വസിച്ചിരുന്നേനെ. കാരണം? മോശെ എന്നെപ്പറ്റി എഴുതി.
47 പക്ഷേ മോശെയുടെ ലിഖിതങ്ങള്‍ നിങ്ങള്‍ വിശ്വസിച്ചില്ല. അതിനാല്‍ എന്‍റെ വാക്കുകള്‍ വിശ്വസിക്കാനും നിങ്ങള്‍ക്കാവില്ല.”