19
1 ഇതെല്ലാം പറഞ്ഞതിനു ശേഷം യേശു ഗലീല വിട്ടു പോയി. യോര്‍ദ്ദാന്‍ നദിയുടെ മറുകരയിലുള്ള യെഹൂദ്യ പ്രദേശത്തേക്കാണവന്‍ പോയത്.
2 അനേകം പേര്‍ യേശുവിനെ പിന്തുടര്‍ന്നു. യേശു അവിടെയുണ്ടായിരുന്ന രോഗികളെ സുഖപ്പെടുത്തി.
3 ഏതാനും പരീശന്മാര്‍ യേശുവിനെ സമീപിച്ചു. യേശു തെറ്റായെന്തെങ്കിലും പറയുന്നുണ്ടോ എന്നു കണ്ടുപിടിക്കാന്‍ അവര്‍ ശ്രമിച്ചു. അവര്‍ യേശുവിനോടു ചോദിച്ചു,
“ഒരാള്‍ക്ക് അയാളുന്നയിക്കുന്ന ഏതെങ്കിലും കാരണത്തിന്‍റെ അടിസ്ഥാനത്തില്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കാനാകുമോ?”
4 യേശു മറുപടി പറഞ്ഞു,
“തീര്‍ച്ചയായും തിരുവെഴുത്തുകളില്‍ നിങ്ങള്‍ ഇങ്ങനെ വായിച്ചിട്ടുണ്ടാവണം: ‘കാലാരംഭത്തില്‍ ദൈവം ആളുകളെ ആണും പെണ്ണുമാക്കി.’
5 ദൈവം പറഞ്ഞു, ‘അതുകൊണ്ട് ഒരുവന്‍ ഭാര്യയോടു ചേരുമ്പോള്‍ അപ്പനമ്മമാരെ വെടിയും. അവര്‍ ഇരുവരും ഒന്നായിത്തീരും.’
6 അതിനാലവര്‍ രണ്ടല്ല ഒന്നാണ്. ദൈവമാണവരെ ഒന്നായിക്കൂട്ടിച്ചേര്‍ത്തത്. അതിനാല്‍ അവരെ വേര്‍പെടുത്തരുത്.”
7 പരീശന്മാര്‍ ചോദിച്ചു,
“പിന്നെന്താണ് ഒരാള്‍ക്കു വിവാഹ മോചനപത്രം ഭാര്യയ്ക്കു കൊടുത്ത് വിവാഹം വേര്‍പെടുത്താന്‍ മോശെയുടെ കല്പന അനുവദിക്കുന്നത്?”
8 യേശു പറഞ്ഞു,
“നിങ്ങള്‍ ദൈവവചനം സ്വീകരിക്കാത്തതു കൊണ്ടാണ് മോശെ നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാന്‍ അനുവദിച്ചത്. പക്ഷേ ആരംഭത്തില്‍ അങ്ങനെയായിരുന്നില്ല.
9 ഞാന്‍ നിങ്ങളോടു പറയുന്നു, ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം കഴിക്കുന്നവന്‍ വ്യഭിചരിക്കുകയാണ്. വിവാഹമോചനം നേടാനും വീണ്ടും വിവാഹം കഴിക്കുന്നതിനും ഒരുവനെ അനുവദിക്കുന്ന ഏകകാരണം, തന്‍റെ ഭാര്യയ്ക്ക് മറ്റുള്ളവരുമായി ലൈംഗികബന്ധങ്ങളുണ്ടെന്ന് തെളിയുമ്പോഴാണ്.”
10 ശിഷ്യന്മാര്‍ യേശുവിനോടു പറഞ്ഞു,
“അതു മാത്രമാണ് വിവാഹമോചനത്തിനു കാരണമായുള്ളതെങ്കില്‍ വിവാഹം കഴിക്കാതെയിരിക്കുകയാണു നല്ലത്.”
11 യേശു പറഞ്ഞു,
“വിവാഹത്തെ സംബന്ധിക്കുന്ന ഈ രഹസ്യം എല്ലാവര്‍ക്കും മനസ്സിലാക്കാനുള്ള കഴിവില്ല. എന്നാല്‍ ദൈവം ചിലരെ അതിനനുഗ്രഹിച്ചിട്ടുണ്ട്.
12 ചിലര്‍ വിവാഹം കഴിക്കാതിരിക്കാന്‍ പല കാരണങ്ങളുണ്ട്. ചിലര്‍ ഷണ്ഡന്മാരായി പിറക്കുന്നു. ചിലര്‍ പിന്നീട് ഷണ്ഡന്മാരാക്കപ്പെട്ടവരാണ്. ചിലരാകട്ടെ സ്വര്‍ഗ്ഗ രാജ്യത്തിനു വേണ്ടി സ്വയം ഷണ്ഡത്വം വരിക്കുന്നു. പക്ഷേ വിവാഹം കഴിക്കുന്നവന്‍ വിവാഹത്തെ സംബന്ധിച്ച് വചനം സ്വീകരിക്കണം.”
13 അപ്പോള്‍ ആളുകള്‍ തങ്ങളുടെ കുട്ടികളുമായെത്തി. യേശു അവരുടെമേല്‍ കൈവെച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമായിരുന്നു. ശിഷ്യന്മാര്‍ ഇതു കണ്ടപ്പോള്‍ അവര്‍ ആളുകളെ അതില്‍ നിന്നും തടഞ്ഞു.
14 എന്നാല്‍ യേശു പറഞ്ഞു,
“കുട്ടികള്‍ എന്‍റെ അടുക്കല്‍ വരട്ടെ. അവരെ തടയരുത്. കാരണം ദൈവരാജ്യം ഈ കുട്ടികളെപ്പോലെയുള്ളവരുടേതാണ്.”
15 യേശു അവന്‍റെ കൈ അവരുടെ മേല്‍ വച്ചതിനു ശേഷം അവന്‍ ആ സ്ഥലം വിട്ടുപോയി.
16 ഒരാള്‍ യേശുവിനെ സമീപിച്ച് ചോദിച്ചു,
“ഗുരോ, നിത്യജീവന്‍ ലഭിക്കാന്‍ ഞാനെന്തു നന്മയാണു ചെയ്യേണ്ടത്?”
17 യേശു മറുപടി പറഞ്ഞു,
“നന്മയെപ്പറ്റി നീയെന്തിനാണെന്നോടു ചോദിക്കുന്നത്? ദൈവം മാത്രമാണ് നല്ലവനായുള്ളത്. നിനക്കു നിത്യജീവന്‍ വേണമെങ്കില്‍ കല്പനകളനുസരിക്കുക.”
18 അയാള്‍ ചോദിച്ചു,
“ഏതു കല്പനകള്‍?”
യേശു പറഞ്ഞു,
“കൊല്ലരുത്, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്, മറ്റുള്ളവരെപ്പറ്റി കള്ളം പറയരുത്,
19 അപ്പനമ്മമാരെ ആദരിക്കണം, നിങ്ങളെ സ്വയം സ്നേഹിക്കുമ്പോലെ മറ്റുള്ളവരെയും സ്നേഹിക്കുക.”
20 ആ യുവാവ് ചോദിച്ചു,
“ഞാനിതെല്ലാം അനുസരിച്ചു. എന്താണ് ഇനിയും എനിക്കുള്ള കുറവ്?”
21 യേശു മറുപടി പറഞ്ഞു,
“പരിപൂര്‍ണ്ണനാകണമെന്നുണ്ടെങ്കില്‍ പോയി നിനക്കുള്ളതെല്ലാം വില്‍ക്കുക. ആ പണം പാവങ്ങള്‍ക്കു കൊടുക്കുക. അങ്ങനെ ചെയ്താല്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കൊരു വലിയ നിധിയുണ്ടാകും. എന്നിട്ട് ഇവിടെ വന്ന് എന്നെ പിന്തുടരുക!”
22 ഇതു കേട്ട് അയാള്‍ ദുഃഖിച്ചു. വളരെ ധനികനായിരുന്ന അയാള്‍ യേശുവിനെ വിട്ടുപോയി.
23 അപ്പോള്‍ യേശു അവന്‍റെ ശിഷ്യന്മാരോടു പറഞ്ഞു,
“ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. ധനികന് സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുക വിഷമമാണ്.
24 അതെ, ഞാന്‍ നിങ്ങളോടു പറയുന്നു, ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിലും എളുപ്പമായി ഒട്ടകത്തിനു സൂചിക്കുഴയിലൂടെ കടക്കാം.”
25 അതു കേട്ട് ശിഷ്യന്മാര്‍ വളരെ അത്ഭുതപ്പെട്ടു. അവര്‍ ചോദിച്ചു,
“അപ്പോള്‍ ആരാകും രക്ഷിക്കപ്പെടുക?”
26 യേശു ശിഷ്യന്മാരെ നോക്കിപ്പറഞ്ഞു,
“മനുഷ്യര്‍ക്ക് അസാദ്ധ്യമായതാണത്. എന്നാല്‍ ദൈവത്തിന് എല്ലാം സാദ്ധ്യമാണ്.”
27 പത്രൊസ് യേശുവിനോടു ചോദിച്ചു,
“ഞങ്ങള്‍ എല്ലാമുപേക്ഷിച്ച് നിന്നെ അനുഗമിച്ചു. ഞങ്ങള്‍ക്കെന്തു കിട്ടും?”
28 യേശു ശിഷ്യന്മാരോടു പറഞ്ഞു,
“ഞാന്‍ നിങ്ങളോടു സത്യമായി പറയുന്നു, പുതിയ ലോകം സൃഷ്ടിക്കപ്പെടുമ്പോള്‍ മനുഷ്യ പുത്രന്‍ അവന്‍റെ മഹല്‍സിംഹാസനത്തിലിരിക്കും.
“എന്നെ അനുഗമിച്ച നിങ്ങളും ഓരോ സിംഹാസനങ്ങളിലിരിക്കും. പന്ത്രണ്ടു സിംഹാസനങ്ങളിലിരുന്ന് നിങ്ങള്‍ യിസ്രായേലിന്‍റെ പന്ത്രണ്ട് വംശങ്ങളെയും വിധിക്കും.
29 എന്നെ പിന്തുടരാന്‍ വീട്, സഹോദരീസഹോദരന്മാര്‍, അപ്പനമ്മമാര്‍, കുട്ടികള്‍, വയലുകള്‍ എന്നിവ ഉപേക്ഷിച്ചവര്‍ക്ക് അതിലും അധികം മടങ്ങു ലഭിക്കും. അയാള്‍ക്കു നിത്യ ജീവന്‍ കിട്ടും.
30 ഇപ്പോഴത്തെ ജീവിതത്തില്‍ ഉന്നത സ്ഥാനത്തുള്ളവര്‍ താഴ്ന്ന സ്ഥാനത്താകും. താഴ്ന്നിരിക്കുന്നവന്‍ ഇനിയും ഉയര്‍ത്തപ്പെടും.”