16
1 പരീശന്മാരും സദൂക്യരും യേശുവിനെ പരീക്ഷിക്കാനെത്തി. അതിനാലവര്‍ യേശുവിനോട് അവന്‍ ദൈവത്തില്‍ നിന്നുള്ളവനാണെന്നു തെളിയിക്കാന്‍ ഒരു അടയാളം കാട്ടാന്‍ പറഞ്ഞു.
2 യേശു മറുപടി പറഞ്ഞു,
“സൂര്യനസ്തമിക്കുമ്പോള്‍ നിങ്ങള്‍ക്കറിയാം കാലാവസ്ഥ എന്തായിരിക്കുമെന്ന്? ആകാശം ചുമന്നിരുന്നാല്‍ നല്ല കാലാവസ്ഥയാണെന്നു നിങ്ങള്‍ പറയും.
3 പ്രഭാതത്തില്‍ സൂര്യനുദിക്കുമ്പോള്‍ ആകാശം ചുമന്നും കറുത്തും ഇരുന്നാല്‍ അന്നു മഴയുണ്ടാകുമെന്നു നിങ്ങള്‍ക്കറിയാം. ഇതു കാലാവസ്ഥയുടെ അടയാളങ്ങള്‍. അവ ആകാശത്തില്‍ കാണുമ്പോള്‍ അതിന്‍റെ അര്‍ത്ഥം നിങ്ങളറിയും. അതുപോലെ, ഇപ്പോള്‍ സംഭവിക്കുന്നതൊക്കെയും നിങ്ങള്‍ കാണുന്നു. ഇവയും അടയാളങ്ങളാണ്. എന്നാല്‍ ഈ അടയാളങ്ങളുടെയര്‍ത്ഥം നിങ്ങള്‍ക്കറിയില്ല.
4 ദുഷ്ടരും പാപികളുമാണ് അടയാളം ആവശ്യപ്പെടുക. എന്നാല്‍ യോനയുടെ അടയാളമല്ലാതെ അവര്‍ക്ക് ഒന്നും നല്‍കപ്പെടില്ല.”
പിന്നീട് യേശു അവരെ വിട്ട് അകലെ പോയി.
5 യേശുവും ശിഷ്യന്മാരും മറുകരയിലെത്തി. ശിഷ്യന്മാര്‍ അപ്പമെടുക്കാന്‍ മറന്നു പോയിരുന്നു.
6 യേശു ശിഷ്യന്മാരോടു പറഞ്ഞു,
“സൂക്ഷിക്കുക, സദൂക്യരുടെയും പരീശന്മാരുടെയും പുളിമാവിനെ സൂക്ഷിക്കുക.”
7 ശിഷ്യന്മാര്‍ ആ പറഞ്ഞതിന്‍റെ അര്‍ത്ഥം ആലോചിച്ചു. അവര്‍ അത്ഭുതപ്പെട്ടു,
“നമ്മള്‍ അപ്പം കൊണ്ടുവരാത്തതു കൊണ്ടാണോ യേശു ഇതു പറഞ്ഞത്?”
8 ശിഷ്യന്മാരിതെപ്പറ്റിയാണു പറയുന്നതെന്നു യേശു അറിഞ്ഞു. അതിനാലവന്‍ അവരോടു ചോദിച്ചു,
“അപ്പമില്ലാത്തതിനെപ്പറ്റി എന്താണു നിങ്ങള്‍ സംസാരിക്കുന്നത്? അല്പവിശ്വാസികളെ,
9 നിങ്ങള്‍ എന്തുകൊണ്ട് ഇതു മനസ്സിലാക്കുന്നില്ല? അയ്യായിരം പേരെ തീറ്റിയ അഞ്ചപ്പത്തിന്‍റെ കാര്യം നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? എല്ലാവരും തിന്നിട്ടും അനേകം കുട്ട അപ്പം മിച്ചം വന്നതും ഓര്‍മ്മയില്ലേ?
10 നാലായിരം പേരെ തീറ്റിയ ഏഴ് അപ്പവും മറന്നോ? എല്ലാവരും തിന്നുകഴിഞ്ഞിട്ടും അനേകം കുട്ട അപ്പം മിച്ചം വന്നതും ഓര്‍മ്മയില്ലേ?
11 അതിനാല്‍ ഞാന്‍ അപ്പത്തെപ്പറ്റിയായിരുന്നില്ല സംസാരിച്ചത്. എന്താണു നിങ്ങള്‍ക്കതു മനസ്സിലാവാത്തത്. പരീശന്മാരുടെയും സദൂക്യരുടെയും പുളിമാവിനെതിരെയാണു ഞാന്‍ മുന്നറിയിപ്പു തന്നത്.”
12 അപ്പോള്‍ യേശു അര്‍ത്ഥമാക്കിയത് അവര്‍ക്കു മനസ്സിലായി. അപ്പത്തിന്‍റെ പുളിമാവിനെതിരെയല്ല അവന്‍ പറഞ്ഞത്. പരീശന്മാരുടെയും സദൂക്യരുടെയും പ്രബോധനത്തിനെതിരെയുള്ള കരുതല്‍ നടപടിയാണത്.
13 യേശു കൈസര്യ, ഫിലിപ്പി പ്രദേശങ്ങളിലേക്കു പോയി. അവന്‍ അവന്‍റെ ശിഷ്യന്മാരോടു ചോദിച്ചു,
“ഞാന്‍ ആരെന്നാണ് ജനങ്ങള്‍ പറയുന്നത്?”
14 ശിഷ്യന്മാര്‍ മറുപടി പറഞ്ഞു,
“ചിലര്‍ പറയുന്നു നീ സ്നാപക യോഹന്നാനാണെന്ന്. ചിലര്‍ പറയുന്നത് പ്രവാചകനായ ഏലീയാവാണെന്നാണ്. അല്ലെങ്കില്‍ പ്രവാചകരിലൊരാളായ യിരെമ്യാവ് ആണെന്നാണു വേറെ ചിലര്‍ പറയുന്നത്”
15 അപ്പോള്‍ യേശു അവരോടു ചോദിച്ചു,
“ഞാനാരെന്നാണു നിങ്ങള്‍ കരുതുന്നത്?”
16 ശിമോന്‍ പത്രൊസ് പറഞ്ഞു,
“നീ ക്രിസ്തുവാണ്. ജീവനുള്ള ദൈവത്തിന്‍റെ പുത്രന്‍.”
17 യേശു പറഞ്ഞു,
“യോനായുടെ പുത്രനായ ശിമോനേ, നീ അനുഗ്രഹിക്കപ്പെട്ടവനാണ്. നിന്നെ ഇതു ആരും പഠിപ്പിച്ചതല്ല. സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവ് ഞാനാരെന്നു നിനക്കു കാണിച്ചു തന്നു.
18 അതിനാല്‍ ഞാന്‍ നിന്നോടു പറയുന്നു. നീ പത്രൊസ് ആകുന്നു. ഈ പാറമേല്‍ ഞാനെന്‍റെ സഭയെ പണിയും. മരണത്തിന്‍റെ ശക്തിപോലും എന്‍റെ സഭയെ തോല്പിക്കില്ല.
19 ഞാന്‍ നിനക്കു സ്വര്‍ഗ്ഗ രാജ്യത്തിന്‍റെ താക്കോലുകള്‍ തരും. നീ ഈ ഭൂമിയില്‍ നടത്തുന്ന ന്യായവിധി ദൈവത്തിന്‍റെ വിധിയായിരിക്കും. നീ ഇവിടെ ക്ഷമിക്കുന്നതെല്ലാം ദൈവത്തിന്‍റെ ക്ഷമ ആയിരിക്കും.”
20 എന്നിട്ട് താന്‍ ക്രിസ്തുവാണെന്നത് മറ്റാരോടും പറയരുതെന്നവന്‍ ശിഷ്യന്മാരെ താക്കീതു ചെയ്തു.
21 തനിക്കു യെരൂശലേമില്‍ പോകണമെന്ന് യേശു അപ്പോള്‍ മുതല്‍ ശിഷ്യന്മാര്‍ക്കു വ്യക്തമായി കാണിക്കാന്‍ തുടങ്ങി. യെഹൂദമൂപ്പന്മാര്‍ മുഖ്യപുരോഹിതര്‍, നിയമജ്ഞര്‍ എന്നിവരില്‍ നിന്നൊക്കെ തനിക്കു വളരെ സഹിക്കേണ്ടിവരുമെന്ന് യേശു പറഞ്ഞു, താന്‍ കൊല്ലപ്പെടുമെന്നും പിന്നീട് മൂന്നാം ദിവസം താന്‍ മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നും അവന്‍ പറഞ്ഞു.
22 പത്രൊസ് യേശുവിനെ മാറ്റി നിറുത്തി ശകാരിച്ചു പറഞ്ഞു.
“കര്‍ത്താവേ, അതില്‍ നിന്നെല്ലാം ദൈവം നിന്നെ രക്ഷിക്കും. നിനക്ക് ഇതൊന്നും സംഭവിക്കുകയില്ല.”
23 അപ്പോള്‍ യേശു പത്രൊസിനോടു പറഞ്ഞു,
“കടന്നുപോകൂ സാത്താനേ, നീയെന്നെ സഹായിക്കുകയല്ല, നീ ദൈവത്തിന്‍റെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നേയില്ല. മനുഷ്യര്‍ ചിന്തിക്കുന്നതിനാണ് നീ പ്രാധാന്യം കല്പിക്കുന്നത്.”
24 അനന്തരം യേശു ശിഷ്യന്മാരോടു പറഞ്ഞു,
“എന്നെ പിന്തുടരാനാഗ്രഹിക്കുന്ന ഏതൊരുവനും തന്നത്താന്‍ ത്യജിച്ചു തനിക്കു നല്‍കപ്പെട്ടിരിക്കുന്ന കുരിശുമെടുത്ത് അയാള്‍ എന്നെ അനുഗമിക്കണം.
25 സ്വന്തം ജീവനെ രക്ഷിക്കാന്‍ നോക്കുന്നവന് അതു നഷ്ടമാകും. എനിക്കായി സ്വന്തം ജീവന്‍ നല്‍കുന്നവന്‍ അതു രക്ഷിക്കും.
26 ആത്മാവു നഷ്ടപ്പെട്ടവനു ലോകം മുഴുവന്‍ കിട്ടിയിട്ടും ഫലമില്ല. ആത്മാവിനെ മടക്കിവാങ്ങാന്‍ ഒരു പകര വസ്തുവും കൊടുക്കുവാന്‍ അവനു കഴിയുകയില്ല.
27 മനുഷ്യ പുത്രന്‍ തന്‍റെ പിതാവിന്‍റെ മുഴുവന്‍ തേജസ്സോടെയും അവന്‍റെ ദൂതന്മാരോടു കൂടിയും വീണ്ടും വരും. അന്നു മനുഷ്യ പുത്രന്‍ ഓരോരുത്തര്‍ക്കും അവനവന്‍റെ പ്രവര്‍ത്തിക്കനുസരിച്ചുള്ള പ്രതിഫലം നല്‍കും.
28 ഞാന്‍ നിങ്ങളോടു സത്യമായി പറയുന്നു. ഇന്നിവിടെയുള്ള ചിലര്‍ മനുഷ്യ പുത്രന്‍ തന്‍റെ രാജ്യവുമായി വീണ്ടും വരുന്നതു കണ്ടിട്ടേ മരിക്കൂ.”