14
1 ആ സമയം യേശുവിനെപ്പറ്റി ആളുകള്‍ പറയുന്നത് ഗലീലയിലെ ഭരണാധികാരിയായ ഹെരോദാവ് കേട്ടു.
2 ഹെരോദാവ് തന്‍റെ ദാസന്മാരോടു പറഞ്ഞു,
“ഇയാള്‍ യഥാര്‍ത്ഥത്തില്‍ സ്നാപക യോഹന്നാനാണ്. അയാള്‍ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ടാവണം. അതാണ് അയാള്‍ക്കിങ്ങനെ വീര്യ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ കഴിയുന്നത്.”
3 അതിനുമുമ്പ് ഹെരോദാവ് യോഹന്നാനെ പിടിച്ചു. യോഹന്നാനെ ചങ്ങലയിട്ട് തുറങ്കിലിട്ടു. ഹെരോദാവിന്‍റെ സഹോദരനായ ഫിലിപ്പോസിന്‍റെ പത്നിയായ ഹെരോദ്യ കാരണമാണ് യോഹന്നാനെ ബന്ധിച്ചത്.
4 “ഹെരോദ്യയെ നീ സ്വന്തമാക്കുന്നതു ശരിയല്ല” എന്ന് യോഹന്നാന്‍ ഹെരോദാവിനോടു പറയുകയുണ്ടായി.
5 ഹെരോദാവ് യോഹന്നാനെ കൊല്ലാനാഗ്രഹിച്ചുവെങ്കിലും അയാള്‍ ജനങ്ങളെ ഭയന്നു. യോഹന്നാന്‍ ഒരു പ്രവാചകനാണെന്ന് ആളുകള്‍ ധരിച്ചിരുന്നു.
6 ഹെരോദാവിന്‍റെ ജന്മദിനാഘോഷത്തില്‍ വിരുന്നകാരുടെ മുമ്പില്‍വെച്ച് ഹെരോദ്യയുടെ പുത്രി നൃത്തം ചെയ്തു. ഹെരോദാവ് അവളില്‍ സംപ്രീതനായി.
7 അയാള്‍ അവളാവശ്യപ്പെടുന്നതെന്തും സമ്മാനമായി ശപഥത്തിലൂടെ വാഗ്ദാനം ചെയ്തു.
8 എന്ത് ആവശ്യപ്പടണമെന്ന് ഹെരോദ്യ മകളോടു നിര്‍ദ്ദേശിച്ചു. അതിനാലവള്‍ ഹെരോദാവിനോടു പറഞ്ഞു,
“സ്നാപക യോഹന്നാന്‍റെ ശിരസ്സ് ഇവിടെ ഒരു തളികയില്‍ വച്ചു തരൂ.”
9 ഹെരോദാവു ദുഃഖിതനായി. പക്ഷേ ആവശ്യപ്പടുന്നതെന്തും കൊടുക്കാമെന്നയാള്‍ ശപഥം ചെയ്തിരുന്നു. അവന്‍റെ അതിഥികള്‍ അതിനു സാക്ഷികളാണ്. അതിനാലവളുടെ അപേക്ഷ നിറവേറ്റാന്‍ അയാള്‍ ഉത്തരവിട്ടു.
10 തടവറയിലുള്ള യോഹന്നാന്‍റെ തല വെട്ടിയെടുക്കാന്‍ അയാള്‍ ആളെ അയച്ചു.
11 അവര്‍ യോഹന്നാന്‍റെ തല ഒരു തളികയില്‍ വച്ചുകൊണ്ടുവന്ന് പെണ്‍കുട്ടിക്കു കൊടുത്തു. അവള്‍ തല അമ്മയ്ക്കു നല്‍കി.
12 യോഹന്നാന്‍റെ ശിഷ്യന്മാര്‍ വന്ന് മൃതദേഹം കൊണ്ടുപോയി സംസ്കരിച്ചു. എന്നിട്ടവര്‍ പോയി യേശുവിനോടു സംഭവങ്ങള്‍ വിവരിച്ചു.
13 യോഹന്നാന്‍റെ വാര്‍ത്തയറിഞ്ഞ യേശു ഒരു വഞ്ചിയില്‍ അവിടം വിട്ടു. വിജനമായ ഒരിടത്തേക്കവന്‍ ഒറ്റയ്ക്കു പോയി. എന്നാല്‍ അക്കാര്യം ആളുകള്‍ അറിഞ്ഞു. അതിനാലവര്‍ അവരുടെ ഗ്രാമങ്ങള്‍ വിട്ട് യേശുവിനെ പിന്തുടര്‍ന്നു. യേശു പോയ സ്ഥലത്തേക്ക് അവരും കരമാര്‍ഗ്ഗം സഞ്ചരിച്ചു.
14 യേശു അവിടെയെത്തിയപ്പോള്‍ ഒരുപാടു ആളുകളെ കണ്ടു. യേശുവിന് അവരോടു കാരുണ്യം തോന്നി. അവന്‍ രോഗം ബാധിച്ചവരെ സുഖപ്പെടുത്തി.
15 അന്ന് ഉച്ചതിരിഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു. അവര്‍ പറഞ്ഞു,
“ഇതൊരു വിജന പ്രദേശമാണ്. ഇപ്പോളാകട്ടെ നേരം വളരെ വൈകിയിരിക്കുന്നു. അതിനാല്‍ ഇവരെ നഗരങ്ങളില്‍ പോയി ആഹാരം വാങ്ങിക്കൊണ്ടുവരേണ്ടതിനായി അയച്ചാലും.”
16 യേശു മറുപടി പറഞ്ഞു,
“അവരെ പറഞ്ഞുവിടേണ്ട ആവശ്യമില്ല. നിങ്ങള്‍തന്നെ അവര്‍ക്കു ഭക്ഷണം കൊടുക്കുക.”
17 ശിഷ്യന്മാര്‍ പറഞ്ഞു,
“പക്ഷേ ഞങ്ങളുടെ പക്കല്‍ അഞ്ചു അപ്പക്കഷണങ്ങളും രണ്ടു മീനും മാത്രമേയുള്ളൂ.”
18 യേശു പറഞ്ഞു,
“അപ്പവും മീനും എന്റെയടുക്കല്‍ കൊണ്ടുവരൂ.”
19 പിന്നെ യേശു ജനങ്ങളോട് പുല്‍ത്തകിടിയിലിരിക്കാന്‍ നിര്‍ദ്ദേശിച്ചു. അവന്‍ അപ്പവും മീനും എടുത്ത് ആകാശത്തേക്കു നോക്കി ഭക്ഷണം തന്നതിന് ദൈവത്തിനു നന്ദി പറഞ്ഞു. അനന്തരം അവന്‍ അതു വീതം വെച്ചു. അവന്‍ അതു ശിഷ്യന്മാര്‍ക്കു നല്‍കി. ശിഷ്യന്മാര്‍ അത് ജനങ്ങള്‍ക്കു വിളമ്പി.
20 എല്ലാവരും അതു കഴിച്ച് സംതൃപ്തരായി. എല്ലാവരും ആഹാരം കഴിച്ചിട്ടും പന്ത്രണ്ടു കുട്ടകള്‍ നിറയെ ആഹാരം മിച്ചം വന്നു.
21 സ്ത്രീകളും കുട്ടികളും ഉള്‍പ്പെടാതെ അയ്യായിരത്തോളം പേര്‍ ആഹാരം കഴിച്ചിരുന്നു.
22 അനന്തരം യേശു ശിഷ്യന്മാരെ വഞ്ചിയില്‍ കയറ്റി. മറുകരയിലേക്കു പോകാന്‍ അവന്‍ അവരോടാജ്ഞാപിച്ചു. താന്‍ പിന്നാലെ വന്നുകൊള്ളാമെന്നു പറഞ്ഞ് അവന്‍ അവിടെത്തന്നെ നിന്നു. ആളുകളെ പിരിച്ചയക്കാനാണവന്‍ തങ്ങിയത്.
23 ആളുകളോടു യാത്ര പറഞ്ഞു പിരിഞ്ഞതിനു ശേഷം യേശു ഒറ്റയ്ക്കിരുന്നു പ്രാര്‍ത്ഥിക്കാന്‍ മലമുകളിലേക്കു പോയി. വൈകുന്നേരം ആയപ്പോഴും അവന്‍ ഏകനായി അവിടെത്തന്നെ ഉണ്ടായിരുന്നു.
24 ആ സമയം ശിഷ്യന്മാര്‍ കയറിയ വഞ്ചി കടലില്‍ വളരെദൂരം പോയിക്കഴിഞ്ഞിരുന്നു. തിരമാലകളില്‍പ്പെട്ട് വഞ്ചി ഉലഞ്ഞു. കാറ്റ് വിപരീതമായിരുന്നു.
25 പുലര്‍ച്ചെ മൂന്നു മണിക്കും ആറു മണിക്കുമിടയില്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ വഞ്ചിയില്‍ തന്നെയായിരുന്നു. യേശു അവരുടെയടുത്തേക്കു ചെന്നു. അവന്‍ വെള്ളത്തിനു മീതെ നടന്നു.
26 യേശു വെള്ളത്തിനു മീതെ നടന്നുവരുന്നതു കണ്ട ശിഷ്യന്മാര്‍ ഭയന്നു. അവര്‍ പറഞ്ഞു,
“അതൊരു പ്രേതമാണ്!”
അവര്‍ ഭയന്നു നിലവിളിച്ചു.
27 എന്നാല്‍ യേശു പെട്ടെന്നുതന്നെ അവരോടു സംസാരിച്ചു,
“പ്രസന്നരാകൂ ഇതു ഞാനാണ് ഭയക്കരുത്.”
28 പത്രൊസ് പറഞ്ഞു,
“കര്‍ത്താവേ ഇത് യഥാര്‍ത്ഥത്തില്‍ നീയാണെങ്കില്‍ വെള്ളത്തിനുമീതെ നടന്നുവരാന്‍ എന്നോടാജ്ഞാപിക്കുക.”
29 യേശു വിളിച്ചു,
“പത്രൊസേ വരൂ.”
പത്രൊസ് വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനു മീതെകൂടി യേശുവിന്‍റെയടുത്തേക്കു നടന്നു.
30 എന്നാല്‍ വെള്ളത്തിനു മീതെ നടന്നു പോകവേ കാറ്റും തിരമാലകളും കണ്ടു ഭയന്ന് വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങി. പത്രൊസ് നിലവിളിച്ചു,
“കര്‍ത്താവേ, എന്നെ രക്ഷിക്കൂ!”
31 യേശു പത്രൊസിന്‍റെ കൈ പിടിച്ചു. യേശു പറഞ്ഞു,
“നീ അല്പവിശ്വാസിയാണ്. എന്തിനു സംശയിച്ചു?”
32 യേശുവും പത്രൊസും വഞ്ചിയില്‍ കയറിയതിനു ശേഷം കാറ്റ് അമര്‍ന്നു.
33 അപ്പോള്‍ വഞ്ചിയിലുണ്ടായിരുന്ന ശിഷ്യന്മാര്‍ യേശുവിനെ നമസ്കരിച്ചുകൊണ്ട് പറഞ്ഞു,
“യഥാര്‍ത്ഥത്തില്‍ നീയാണ് ദൈവപുത്രന്‍.”
34 തടാകത്തിലൂടെ വിലങ്ങനെ സഞ്ചരിച്ച അവര്‍ മറുകരയില്‍ ഗന്നേസരെത്ത് എന്ന തുറമുഖത്തെത്തി.
35 അന്നാട്ടുകാര്‍ യേശുവിനെ കണ്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു. അതിനാലവര്‍ ആ പ്രദേശമാകെ യേശു വന്ന വിവരം പരത്തി. ആളുകള്‍ എല്ലാ രോഗികളെയും അവന്‍റെയടുത്തു കൊണ്ടുവന്നു.
36 അവന്‍റെ വസ്ത്രത്തിന്‍റെ അറ്റത്തെങ്കിലും സ്പര്‍ശിച്ചു സുഖം പ്രാപിക്കാനനുവദിക്കാന്‍ അവര്‍ അവനോടു കേണു. യേശുവിന്‍റെ വസ്ത്രാഗ്രം സ്പര്‍ശിച്ച എല്ലാവരും സൌഖ്യം പ്രാപിച്ചു.