8
1 യേശു മലയിറങ്ങിവന്നു. അനേകംപേര്‍ അവനെ പിന്തുടര്‍ന്നു.
2 കുഷ്ഠരോഗിയായ ഒരാളപ്പോള്‍ അവനെ സമീപിച്ചു. അയാള്‍ യേശുവിനു മുമ്പില്‍ നമസ്കരിച്ചിട്ടു പറഞ്ഞു,
“കര്‍ത്താവേ, നീ ആഗ്രഹിക്കുന്നുവെങ്കില്‍ എന്നെ സുഖപ്പെടുത്താനുള്ള ശക്തി നിനക്കുണ്ട്.”
3 യേശു അയാളെ സ്പര്‍ശിച്ചു. അവന്‍ പറഞ്ഞു,
“എനിക്കു നിന്നെ സുഖപ്പെടുത്തണം, സുഖപ്പെടൂ!”
ഉടന്‍ തന്നെ അയാളുടെ കുഷ്ഠരോഗം മാറി.
4 എന്നിട്ട് യേശു അയാളോടു പറഞ്ഞു,
“സംഭവിച്ചതൊന്നും ആരോടും പറയരുത്. എന്നാല്‍ നീ പോയി നിന്നെ പുരോഹിതനു കാണിക്കുക. മോശെ കല്പിച്ചിരിക്കുന്ന വഴിപാടുകള്‍ കഴിക്കുക. അത് ജനത്തിനു ഒരു തെളിവായിരിക്കും.”
5 യേശു കഫര്‍ന്നഹൂമിലേക്കു പോയി. അവന്‍ നഗരത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഒരു ശതാധിപന്‍ അവനെ സമീപിച്ച് സഹായമഭ്യര്‍ത്ഥിച്ചു.
6 അയാള്‍ പറഞ്ഞു,
“കര്‍ത്താവേ, എന്‍റെ ഭൃത്യന്‍ വീട്ടില്‍ രോഗശയ്യയിലാണ്. പക്ഷവാതം പിടിച്ച് അവന് കടുത്ത വേദനയുണ്ട്.”
7 യേശു അയാളോടു പറഞ്ഞു,
“ഞാന്‍ പോയി അവനെ സുഖപ്പെടുത്താം.”
8 അയാള്‍ മറുപടി പറഞ്ഞു,
“കര്‍ത്താവേ എന്‍റെ ഭവനത്തില്‍ അങ്ങയെ സ്വീകരിക്കാന്‍ ഞാന്‍ യോഗ്യനല്ല. എന്‍റെ ഭൃത്യന്‍ സുഖമാകും എന്ന് അങ്ങ് കല്പിക്കുകയേ വേണ്ടൂ.
9 ഞാന്‍ അധികാരികളായ മറ്റൊരാള്‍ക്ക് കീഴ്പ്പെട്ടവനാണ്. എനിക്കു കീഴിലും ഭടന്മാരുണ്ട്. അവരിലൊരാളോട് ഞാന്‍ ‘പോകൂ’ എന്നു പറഞ്ഞാലവന്‍ പോകും. വേറൊരുവനോട് ‘വരൂ’ എന്നു പറഞ്ഞാലവന്‍ വരും. മറ്റൊരുവനോട് എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞാലവന്‍ ചെയ്യും. കൂടാതെ എന്‍റെ ഭൃത്യനും എന്നെ അനുസരിക്കുന്നു. ‘ഇങ്ങനെ ചെയ്യൂ’ എന്ന് ഞാന്‍ എന്‍റെ ഭൃത്യനോടു പറഞ്ഞാല്‍ അവന്‍ പറഞ്ഞതുപോലെ ചെയ്യും. നിനക്കും ഇങ്ങനെ അധികാരശക്തിയുണ്ടെന്നെനിക്കറിയാം.”
10 ഇതുകേട്ട് യേശു അത്ഭുതപ്പെട്ടു. അവന്‍ തന്നോടൊപ്പമുണ്ടായിരുന്നവരോടു പറഞ്ഞു,
“ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ, ഈ മനുഷ്യനാണ് ഞാന്‍ യിസ്രായേലില്‍പോലും ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ വിശ്വാസി.
11 പലരും കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വരും. അവര്‍ സ്വര്‍ഗ്ഗ രാജ്യത്തില്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടുമൊപ്പമിരുന്ന് ഭക്ഷിക്കും.
12 എന്നാല്‍ രാജ്യത്തിന്‍റെ ഉടമസ്ഥാവകാശം നിക്ഷിപ്തമായിരിക്കേണ്ടവര്‍ പുറത്തെ ഇരുട്ടിലേക്ക് എറിയപ്പെടും. അവിടെ അവര്‍ വേദനകൊണ്ട് കരയുകയും പല്ലു ഞെരിക്കുകയും ചെയ്യും.”
13 അനന്തരം യേശു ശതാധിപനോടു പറഞ്ഞു,
“വീട്ടിലേക്കു പോകൂ. നീ വിശ്വസിക്കുമ്പോലെ നിന്‍റെ ഭൃത്യന്‍ സുഖപ്പെടും.”
ആ സമയത്തുതന്നെ ഭൃത്യന്‍ സുഖപ്പെട്ടു.
14 യേശു പത്രൊസിന്‍റെ വീട്ടിലേക്കു പോയി. പത്രൊസിന്‍റെ അമ്മായിയമ്മ കടുത്ത പനിപിടിച്ചു കിടക്കുകയായിരുന്നു.
15 യേശു അവളുടെ കൈ സ്പര്‍ശിച്ചപ്പോള്‍ അവളുടെ പനി മാറി. അപ്പോള്‍ അവള്‍ എഴുന്നേറ്റ് അവനെ ശുശ്രൂഷിച്ചു.
16 അന്നു വൈകുന്നേരം ജനങ്ങള്‍ ഒരുപാടുപേരെ അവന്‍റെ സമീപം കൊണ്ടുവന്നു. അവരെല്ലാം ഭൂതം ബാധിച്ചവരായിരുന്നു. യേശുവിന്‍റെ വചനങ്ങളിലൂടെ ഭൂതങ്ങള്‍ അവരെ വിട്ടുപോയി. രോഗം ബാധിച്ചു വന്ന എല്ലാവരെയും അവന്‍ സുഖപ്പെടുത്തി.
17 യെശയ്യാ പ്രവാചകന്‍റെ ഈ വാക്കുകള്‍ നിറവേറ്റാനാണവനിതു ചെയ്തത്.
“അവന്‍ നമ്മുടെ രോഗങ്ങളെ വഹിച്ചു. നമ്മുടെ വേദനകളെ അവന്‍ ചുമന്നകറ്റി.”
18 എല്ലാവരും തനിക്കു ചുറ്റും കൂടിയിരിക്കുന്നതായി യേശു കണ്ടു. അതിനാല്‍ യേശു തന്‍റെ അനുയായികളോട് മറുകരയിലേക്ക് പോകാന്‍ ആജ്ഞാപിച്ചു.
19 അപ്പോള്‍ ഒരു ശാസ്ത്രി യേശുവിനെ സമീപിച്ചു പറഞ്ഞു,
“ഗുരോ അങ്ങ് എവിടെപ്പോയാലും ഞാന്‍ അങ്ങയെ അനുഗമിക്കും.”
20 യേശു അയാളോടു പറഞ്ഞു,
“കുറുക്കന്മാര്‍ക്ക് പാര്‍ക്കാന്‍ മാളങ്ങളുണ്ട്. പക്ഷികള്‍ക്കു കൂടുണ്ട്. എന്നാല്‍ മനുഷ്യപുത്രന് തല ചായ്ക്കാന്‍ ഒരിടവുമില്ല.”
21 യേശുവിന്‍റെ ശിഷ്യന്മാരിലൊരുവന്‍ പറഞ്ഞു,
“കര്‍ത്താവേ ഞാന്‍ പോയി ആദ്യം എന്‍റെ അപ്പന്‍റെ ശവം മറവു ചെയ്യട്ടെ എന്നിട്ട് അങ്ങയെ പിന്തുടരാം.”
22 എന്നാല്‍ യേശു അവനോടു പറഞ്ഞു,
“എന്നെ അനുഗമിക്കുക. മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ.”
23 ഒരു വഞ്ചിയില്‍ കയറിയ യേശുവിനെ ശിഷ്യന്മാര്‍ അനുഗമിച്ചു.
24 വഞ്ചി തീരം വിട്ടപ്പോള്‍ ഒരു കൊടുങ്കാറ്റ് ആഞ്ഞുവീശി. തിരമാലകള്‍ വഞ്ചിയെ മൂടി. പക്ഷേ യേശു ഉറങ്ങുകയായിരുന്നു.
25 ശിഷ്യന്മാര്‍ യേശുവിനെ ഉണര്‍ത്തി. അവര്‍ പറഞ്ഞു,
“കര്‍ത്താവേ, ഞങ്ങളെ രക്ഷിക്കൂ. ഞങ്ങള്‍ മുങ്ങുന്നു.”
26 യേശു മറുപടി പറഞ്ഞു,
“എന്തിനാണു നിങ്ങള്‍ പേടിക്കുന്നത്? നിങ്ങള്‍ക്കു വിശ്വാസം കുറവാണ്.”
അനന്തരം യേശു എഴുന്നേറ്റുനിന്ന് കാറ്റിനോടും തിരമാലകളോടും അടങ്ങാന്‍ കല്പിച്ചു. കാറ്റു നിലച്ചു. കടല്‍ വളരെ ശാന്തമായി മാറി.
27 അവര്‍ അത്ഭുതപ്പെട്ടു പറഞ്ഞു,
“എന്തൊരു മനുഷ്യനാണിദ്ദേഹം? കാറ്റും കടലും ഇദ്ദേഹത്തെ അനുസരിക്കുന്നു!”
28 യേശു തടാകത്തിന്‍റെ മറുകരയില്‍ ഗദരേനരുടെ നാട്ടിലെത്തി. അവിടെ രണ്ടുപേര്‍ യേശുവിനെ സമീപിച്ചു. അവരെ ഭൂതങ്ങള്‍ ബാധിച്ചിരുന്നു. അവര്‍ ശവക്കല്ലറകള്‍ക്കിടയിലാണ് വസിച്ചിരുന്നത്. അവര്‍ വളരെ അപകടകാരികളുമായിരുന്നു. അതിനാല്‍ ആ കല്ലറയുടെ അടുത്തുകൂടി ആര്‍ക്കും ആ വഴി പോകാന്‍ കഴിഞ്ഞിരുന്നില്ല.
29 അവര്‍ യേശുവിനെ സമീപിച്ചു നിലവിളിച്ചു,
“ദൈവപുത്രാ, നിനക്കു ഞങ്ങളെക്കൊണ്ടെന്താണു വേണ്ടത്? ഞങ്ങളെ സമയത്തിനു മുമ്പേ ശിക്ഷിക്കാനാണോ നീ വന്നിരിക്കുന്നത്?”
30 അവരുടെ അല്പം അകലെയായി ഒരു വലിയ പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു.
31 ഭൂതങ്ങള്‍ യേശുവിനോടു യാചിച്ചു,
“നീ ഞങ്ങളെ ഇവരില്‍ നിന്നൊഴിപ്പിച്ചാല്‍ ഈ പന്നിക്കൂട്ടത്തിനുള്ളിലേക്ക് അയക്കേണമേ.”
32 യേശു അവരോടു പറഞ്ഞു,
“പോകൂ” ഭൂതങ്ങള്‍ ആ മനുഷ്യരെ വിട്ട് പന്നിക്കൂട്ടത്തില്‍ പ്രവേശിച്ചു. പന്നിക്കൂട്ടം മലമുനമ്പുകളില്‍നിന്ന് ചാടി തടാകത്തിലെ വെള്ളത്തില്‍ മുങ്ങിച്ചത്തു.
33 പന്നിക്കൂട്ടത്തെ മേയ്ച്ചിരുന്നവര്‍ ഭയന്ന് ഓടിപ്പോയി. അവര്‍ നഗരത്തില്‍ച്ചെന്ന് ഭൂതങ്ങള്‍ ബാധിച്ച ആളുകള്‍ക്ക് സംഭവിച്ചത് എല്ലാം പറഞ്ഞു.
34 നഗരവാസികളെല്ലാം യേശുവിനെ കാണാനെത്തി. അവനെ കണ്ടപ്പോള്‍ അവര്‍ അവനോട് ആ ഗ്രാമം വിട്ടുപോകാന്‍ അപേക്ഷിച്ചു.