3
സർദ്ദിസിലെ സഭയുടെ ദൂതന് എഴുതുക. ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്ന് നിനക്കു പേരുണ്ട് എങ്കിലും നീ മരിച്ചവനാകുന്നു.
2 ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണതയുള്ളതായി കണ്ടില്ല.
3 aആകയാൽ നീ പ്രാപിക്കയും കേൾക്കയും ചെയ്തത് എങ്ങനെ എന്ന് ഓർത്ത് അത് കാത്തുകൊൾകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏത് നാഴികയ്ക്കു നിന്റെമേൽ വരും എന്ന് നീ അറികയും ഇല്ല.
4 എങ്കിലും ഉടുപ്പു മലിനമാകാത്ത കുറെ പേർ സർദ്ദിസിൽ നിനക്കുണ്ട്.
5 bഅവർ യോഗ്യന്മാരാകയാൽ വെള്ള ധരിച്ചും കൊണ്ട് എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മായിച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും.
6 ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.
7 cഫിലദെൽഫ്യയിലെ സഭയുടെ ദൂതന് എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവൻ അരുളിച്ചെയ്യുന്നത്:
8 ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ, ഞാൻ നിന്റെ മുമ്പിൽ ഒരു വാതിൽ തുറന്നുവച്ചിരിക്കുന്നു; അത് ആർക്കും അടച്ചുകൂടാ. നിനക്ക് അല്പമേ ശക്തിയുള്ളൂ എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല.
9 dയെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാൻ സാത്താന്റെ പള്ളിയിൽനിന്നു വരുത്തും; അവർ നിന്റെ കാല്ക്കൽ വന്നു നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്ന് അറിവാനും സംഗതി വരുത്തും.
10 സഹിഷ്ണുതയെക്കുറിച്ചുള്ള എന്റെ വചനം നീ കാത്തുകൊണ്ടതിനാൽ ഭൂമിയിൽ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിനു ഭൂതലത്തിൽ എങ്ങും വരുവാനുള്ള പരീക്ഷാകാലത്ത് ഞാനും നിന്നെ കാക്കും.
11 ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിപ്പാൻ തക്കവണ്ണം നിനക്കുള്ളത് പിടിച്ചുകൊൾക.
12 eജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്ന്, സ്വർഗത്തിൽനിന്നു തന്നെ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെമേൽ എഴുതും.
13 ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.
14 fലവൊദിക്യയിലെ സഭയുടെ ദൂതന് എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയ്യുന്നത്:
15 ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു.
16 ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽനിന്നു ഉമിണ്ണുകളയും.
17 ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്ക് ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്ന് അറിയാതിരിക്കയാൽ
18 നീ സമ്പന്നൻ ആകേണ്ടതിനു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിനു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിനു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലയ്ക്കു വാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധി പറയുന്നു.
19 gഎനിക്കു പ്രിയമുള്ളവരെയൊക്കെയും ഞാൻ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാൽ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.
20 ഞാൻ വാതിൽക്കൽനിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടുംകൂടെ അത്താഴം കഴിക്കും.
21 ജയിക്കുന്നവനു ഞാൻ എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ച് എന്റെ പിതാവിനോടുകൂടെ അവന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെതന്നെ.
22 ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.