5
അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേൽ വരുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ.
2 aനിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി.
3 നിങ്ങളുടെ പൊന്നും വെള്ളിയും കറ പിടിച്ചു; ആ കറ നിങ്ങളുടെ നേരേ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.
4 bനിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവല്ലോ; അതു നിങ്ങളുടെ അടുക്കൽനിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കർത്താവിന്റെ ചെവിയിൽ എത്തിയിരിക്കുന്നു.
5 നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെ സുഖിച്ചു പുളച്ചു കൊലദിവസത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.
6 നിങ്ങൾ നീതിമാനെ കുറ്റം വിധിച്ചു കൊന്നു; അവൻ നിങ്ങളോടു മറുത്തുനില്ക്കുന്നതുമില്ല.
7 എന്നാൽ സഹോദരന്മാരേ, കർത്താവിന്റെ പ്രത്യക്ഷതവരെ ദീർഘക്ഷമയോടിരിപ്പിൻ; കൃഷിക്കാരൻ ഭൂമിയുടെ വിലയേറിയ ഫലത്തിനു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിനു കിട്ടുവോളം ദീർഘക്ഷമയോടിരിക്കുന്നുവല്ലോ.
8 നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.
9 സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാൻ ഒരുവന്റെ നേരേ ഒരുവൻ ഞരങ്ങിപ്പോകരുത്; ഇതാ, ന്യായാധിപതി വാതിൽക്കൽ നില്ക്കുന്നു.
10 സഹോദരന്മാരേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിനും ദീർഘക്ഷമയ്ക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊൾവിൻ.
11 c സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണുത നിങ്ങൾ കേട്ടും കർത്താവ് വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാകരുണയും മനസ്സലിവുമുള്ളവനല്ലോ.
12 dവിശേഷാൽ സഹോദരന്മാരേ, സ്വർഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുത്; ശിക്ഷാവിധിയിൽ അകപ്പെടാതിരിപ്പാൻ നിങ്ങൾ ഉവ്വ് എന്നു പറഞ്ഞാൽ ഉവ്വ് എന്നും ഇല്ല എന്നു പറഞ്ഞാൽ ഇല്ല എന്നും ഇരിക്കട്ടെ.
13 നിങ്ങളിൽ കഷ്ടമനുഭവിക്കുന്നവൻ പ്രാർഥിക്കട്ടെ; സുഖം അനുഭവിക്കുന്നവൻ പാട്ടു പാടട്ടെ.
14 eനിങ്ങളിൽ ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവനുവേണ്ടി പ്രാർഥിക്കട്ടെ.
15 എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർഥന ദീനക്കാരനെ രക്ഷിക്കും; കർത്താവ് അവനെ എഴുന്നേല്പിക്കും; അവൻ പാപം ചെയ്തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.
16 എന്നാൽ നിങ്ങൾക്കു രോഗശാന്തി വരേണ്ടതിനു തമ്മിൽ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനുവേണ്ടി ഒരുവൻ പ്രാർഥിപ്പിൻ. നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാർഥന വളരെ ഫലിക്കുന്നു.
17 fഏലീയാവ് നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന് അവൻ പ്രാർഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല.
18 gഅവൻ വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയിൽ ധാന്യം വിളഞ്ഞു.