4
അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നിങ്ങളിൽ ആർക്കെങ്കിലും അത് ലഭിക്കാതെപോയി എന്ന് വരാതിരിപ്പാൻ നാം ഭയപ്പെടുക.
2 അവരെപ്പോലെ നാമും ഒരു സദ്വർത്തമാനം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവർക്ക് ഉപകാരമായി വന്നില്ല.
3 aവിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയിൽ പ്രവേശിക്കുന്നു; ലോകസ്ഥാപനത്തിങ്കൽ പ്രവൃത്തികൾ തീർന്നുപോയ ശേഷവും: “അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ കോപത്തിൽ സത്യം ചെയ്തു” എന്ന് അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
4 b“ഏഴാം നാളിൽ ദൈവം തന്റെ സകല പ്രവൃത്തികളിൽനിന്നു നിവൃത്തനായി” എന്ന് ഏഴാം നാളിനെക്കുറിച്ച് ഒരേടത്തു പറഞ്ഞിരിക്കുന്നു.
5 c“എന്റെ സ്വസ്ഥതയിൽ അവർ പ്രവേശിക്കയില്ല” എന്ന് ഇവിടെ പിന്നെയും അരുളിച്ചെയ്യുന്നു.
6 അതുകൊണ്ട് ചിലർ അതിൽ പ്രവേശിപ്പാൻ ഇട ശേഷിച്ചിരിക്കയാലും മുമ്പേ സദ്വർത്തമാനം കേട്ടവർ അനുസരണക്കേടു നിമിത്തം പ്രവേശിക്കാതെ പോകയാലും
7 dഇത്ര കാലത്തിന്റെ ശേഷം ദാവീദ് മുഖാന്തരം: “ഇന്ന് അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്” എന്ന് മുമ്പേ പറഞ്ഞതുപോലെ “ഇന്ന്” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു.
8 eയോശുവ അവർക്കു സ്വസ്ഥത വരുത്തി എങ്കിൽ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതിൽ കല്പിക്കയില്ലായിരുന്നു;
9 ആകയാൽ ദൈവത്തിന്റെ ജനത്തിന് ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.
10 fദൈവം തന്റെ പ്രവൃത്തികളിൽനിന്ന് എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്ന് നിവൃത്തനായിത്തീർന്നു.
11 അതുകൊണ്ട് ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിനൊത്തവണ്ണം വീഴാതിരിക്കേണ്ടതിനു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക.
12 ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേർവിടുവിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.
13 അവനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിനു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്.
14 ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയൊരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്ക് ഉള്ളതുകൊണ്ട് നാം നമ്മുടെ സ്വീകാരം മുറുകെപ്പിടിച്ചുകൊൾക.
15 നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവത്തിലും നമുക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളത്.
16 അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക.