18
1 യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:
2 നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു ചെല്ലുക; അവിടെവെച്ചു ഞാൻ നിന്നെ എന്റെ വചനങ്ങളെ കേൾപ്പിക്കും.
3 അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽ ചെന്നപ്പോൾ അവൻ ചക്രത്തിന്മേൽ വേല ചെയ്തുകൊണ്ടിരുന്നു.
4 കുശവൻ കളിമണ്ണുകൊണ്ടു ഉണ്ടാക്കിയ പാത്രം അവന്റെ കയ്യിൽ ചീത്തയായിപ്പോയി; എന്നാൽ കുശവൻ അതിനെ തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീർത്തു.
5 അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
6 യിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‌വാൻ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കയ്യിൽ ഇരിക്കുന്നു.
7 ഞാൻ ഒരു ജാതിയെക്കുറിച്ചോ ഒരു രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ചു ഇടിച്ചു നശിപ്പിച്ചുകളയും എന്നു അരുളിച്ചെയ്തിട്ടു
8 ഞാൻ അങ്ങനെ അരുളിച്ചെയ്ത ജാതി തന്റെ ദുഷ്ടത വിട്ടുതിരിയുന്നുവെങ്കിൽ അതിനോടു ചെയ്‌വാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും.
9 ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ഞാൻ അതിനെ പണികയും നടുകയും ചെയ്യും എന്നു അരുളിച്ചെയ്തിട്ടു
10 അതു എന്റെ വാക്കു കേട്ടനുസരിക്കാതെ എനിക്കു അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കിൽ അവർക്കു വരുത്തും എന്നു അരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാൻ അനുതപിക്കും.
11 ആകയാൽ നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങൾക്കു ഒരനർത്ഥം നിർമ്മിച്ചു, നിങ്ങൾക്കു വിരോധമായി ഒരു നിരൂപണം നിരൂപിക്കുന്നു; നിങ്ങൾ ഓരോരുത്തനും താന്താന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിൻ.
12 അതിന്നു അവർ: ഇതു വെറുതെ; ഞങ്ങൾ ഞങ്ങളുടെ സ്വന്ത നിരൂപണങ്ങൾ അനുസരിച്ചു നടക്കും; ഞങ്ങളിൽ ഓരോരുത്തനും താന്താന്റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവർത്തിക്കും എന്നു പറഞ്ഞു.
13 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്നു അന്വേഷിപ്പിൻ; ഇങ്ങനെയുള്ളതു ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.
14 ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്നു ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമേ?
15 എന്റെ ജനമോ എന്നെ മറന്നു മിത്ഥ്യാമൂർത്തികൾക്കു, ധൂപം കാട്ടുന്നു; അവരുടെ വഴികളിൽ, പുരാതന പാതകളിൽ തന്നേ, അവർ അവരെ ഇടറി വീഴുമാറാക്കി; അവർ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;
16 അവർ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതിൽകൂടി കടന്നു പോകുന്ന ഏവനും സ്തംഭിച്ചു തലകുലുക്കും.
17 കിഴക്കൻ കാറ്റുകൊണ്ടെന്നപോലെ ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ ചിതറിച്ചുകളയും; അവരുടെ അനർത്ഥദിവസത്തിൽ ഞാൻ അവർക്കു എന്റെ മുഖമല്ല, പുറമത്രേ കാണിക്കും.
18 എന്നാൽ അവർ: വരുവിൻ, നമുക്കു യിരെമ്യാവിന്റെ നേരെ ഉപായങ്ങളെ ചിന്തിക്കാം; പുരോഹിതന്റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്റെ പക്കൽ അരുളപ്പാടും ഇല്ലാതെപോകയില്ല; വരുവിൻ നാം അവനെ നാവുകൊണ്ടു കൊന്നുകളക; അവന്റെ വാക്കു ഒന്നും നാം ശ്രദ്ധിക്കരുതു എന്നു പറഞ്ഞു.
19 യഹോവേ, എനിക്കു ചെവിതന്നു എന്റെ പ്രതിയോഗികളുടെ വാക്കു കേൾക്കേണമേ.
20 നന്മെക്കു പകരം തിന്മ ചെയ്യാമോ? അവർ എന്റെ പ്രാണഹാനിക്കായിട്ടു ഒരു കുഴി കുഴിച്ചിരിക്കുന്നു; നിന്റെ കോപം അവരെ വിട്ടുമാറേണ്ടതിന്നു ഞാൻ അവർക്കുവേണ്ടി നന്മ സംസാരിപ്പാൻ തിരുമുമ്പിൽ നിന്നതു ഓർക്കേണമേ.
21 അവരുടെ മക്കളെ ക്ഷാമത്തിന്നു ഏല്പിച്ചു, വാളിന്നു ഇരയാക്കേണമേ; അവരുടെ ഭാര്യമാർ മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ; അവരുടെ പുരുഷന്മാർ മരണത്തിന്നു ഇരയാകട്ടെ; അവരുടെ യൗവനക്കാർ യുദ്ധത്തിൽ വാളിനാൽ പട്ടുപോകട്ടെ.
22 നീ പെട്ടെന്നു ഒരു പടക്കൂട്ടത്തെ അവരുടെ മേൽ വരുത്തീട്ടു അവരുടെ വീടുകളിൽനിന്നു നിലവിളി കേൾക്കുമാറാകട്ടെ; അവർ എന്നെ പിടിപ്പാൻ ഒരു കുഴി കുഴിച്ചു, എന്റെ കാലിന്നു കണി മറെച്ചുവെച്ചിരിക്കുന്നുവല്ലോ.
23 യഹോവേ, എന്റെ മരണത്തിന്നായുള്ള അവരുടെ ആലോചനയൊക്കെയും നീ അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം നിന്റെ മുമ്പിൽനിന്നു മായിച്ചുകളയരുതേ; അവർ തിരുമുമ്പിൽ ഇടറിവീഴട്ടെ; നിന്റെ കോപത്തിന്റെ കാലത്തു തന്നേ അവരോടു പ്രവർത്തിക്കേണമേ.