12
1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:
2 ഓഹോ, നിങ്ങൾ ആകുന്നു വിദ്വജ്ജനം!
നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും.
3 നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ടു;
നിങ്ങളെക്കാൾ ഞാൻ അധമനല്ല;
ആർക്കാകുന്നു ഈവക അറിഞ്ഞുകൂടാത്തതു?
4 ദൈവത്തെ വിളിച്ചു ഉത്തരം ലഭിച്ച ഞാൻ
എന്റെ സഖിക്കു പരിഹാസവിഷയമായിത്തീർന്നു;
നീതിമാനും നഷ്കളങ്കനുമായവൻ തന്നേ പരിഹാസവിഷയമായിത്തീർന്നു.
5 വിപത്തു നിന്ദ്യം എന്നു സുഖിയന്റെ വിചാരം;
കാൽ ഇടറുന്നവർക്കു അതു ഒരുങ്ങിയിരിക്കുന്നു.
6 പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ ശുഭമായിരിക്കുന്നു;
ദൈവത്തെ കോപിപ്പിക്കുന്നവർ നിർഭയമായ്‌വസിക്കുന്നു;
അവരുടെ കയ്യിൽ ദൈവം എത്തിച്ചുകൊടുക്കുന്നു.
7 മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും;
ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും;
8 അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും;
സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.
9 യഹോവയുടെ കൈ ഇതു പ്രർത്തിച്ചിരിക്കുന്നു
എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാർ?
10 സകലജീവജന്തുക്കളുടെയും പ്രാണനും
സകലമനുഷ്യവർഗ്ഗത്തിന്റെയും ശ്വാസവും അവന്റെ കയ്യിൽ ഇരിക്കുന്നു.
11 ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ?
അണ്ണാക്കു ഭക്ഷണം രുചിനോക്കുന്നില്ലയോ?
12 വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും
വയോധികന്മാരിൽ വിവേകവും ഉണ്ടു.
13 ജ്ഞാനവും ശക്തിയും അവന്റെ പക്കൽ,
ആലോചനയും വിവേകവും അവന്നുള്ളതു.
14 അവൻ ഇടിച്ചുകളഞ്ഞാൽ ആർക്കും പണിതുകൂടാ;
അവൻ മനുഷ്യനെ ബന്ധിച്ചാൽ ആരും അഴിച്ചുവിടുകയില്ല.
15 അവൻ വെള്ളം തടുത്തുകളഞ്ഞാൽ അതു വറ്റിപ്പോകുന്നു;
അവൻ വിട്ടയച്ചാൽ അതു ഭൂമിയെ മറിച്ചുകളയുന്നു.
16 അവന്റെ പക്കൽ ശക്തിയും സാഫല്യവും ഉണ്ടു;
വഞ്ചിതനും വഞ്ചകനും അവന്നുള്ളവർ.
17 അവൻ മന്ത്രിമാരെ കവർച്ചയായി കൊണ്ടു പോകുന്നു;
ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു.
18 രാജാക്കന്മാർ ബന്ധിച്ചതിനെ അഴിക്കുന്നു;
അവരുടെ അരെക്കു കയറു കെട്ടുന്നു.
19 അവൻ പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു;
ബലശാലികളെ തള്ളിയിട്ടുകളയുന്നു.
20 അവൻ വിശ്വസ്തന്മാർക്കു വാക്കു മുട്ടിക്കുന്നു.
വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു.
21 അവൻ പ്രഭുക്കന്മാരുടെമേൽ ധിക്കാരം പകരുന്നു;
ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു.
22 അവൻ അഗാധകാര്യങ്ങളെ അന്ധകാരത്തിൽ നിന്നു വെളിച്ചത്താക്കുന്നു;
അന്ധതമസ്സിനെ പ്രകാശത്തിൽ വരുത്തുന്നു.
23 അവൻ ജാതികളെ വർദ്ധിപ്പക്കയും നശിപ്പിക്കയും ചെയ്യുന്നു;
അവൻ ജാതികളെ ചിതറിക്കയും കൂട്ടുകയും ചെയ്യുന്നു.
24 അവൻ ഭൂവാസികളിൽ തലവന്മാരെ ധൈര്യം കെടുക്കുന്നു;
വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുന്നു;
25 അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു;
അവൻ മത്തന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.