2
1 ദാവീദിന്നു മരണകാലം അടുത്തുവന്നപ്പോൾ അവൻ തന്റെ മകനായ ശലോമോനോടു കല്പിച്ചതു എന്തെന്നാൽ:
2 ഞാൻ സകലഭൂവാസികളുടെയും വഴിയായി പോകുന്നു; നീ ധൈര്യംപൂണ്ടു പുരുഷനായിരിക്ക.
3 നീ എന്തു ചെയ്താലും എവിടേക്കു തിരിഞ്ഞാലും സകലത്തിലും നീ കൃതാർത്ഥനാകേണ്ടതിന്നും നിന്റെ മക്കൾ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ എന്റെ മുമ്പാകെ സത്യമായി നടന്നു തങ്ങളുടെ വഴി സൂക്ഷിച്ചാൽ യിസ്രായേലിന്റെ രാജാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ നിനക്കു ഇല്ലാതെ പോകയില്ല എന്നു യഹോവ എന്നോടു അരുളിച്ചെയ്ത വചനം താൻ ഉറപ്പിക്കേണ്ടതിന്നുമായി
4 മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ നിന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്നു അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും സാക്ഷ്യങ്ങളും പ്രമാണിച്ചുംകൊണ്ടു അവന്റെ ആജ്ഞ അനുസരിച്ചുകൊൾക.
5 *വിശേഷിച്ചു സെരൂയയുടെ മകൻ യോവാബ് എന്നോടു ചെയ്തതു, യിസ്രായേലിന്റെ രണ്ടു സേനാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനോടും യേഥെരിന്റെ മകൻ അമാസയോടും ചെയ്തതു തന്നേ നീയും അറിയുന്നുവല്ലോ; അവൻ അവരെ കൊന്നു സമാധാനസമയത്തു യുദ്ധരക്തം ചൊരിഞ്ഞു യുദ്ധരക്തം തന്റെ അരക്കച്ചയിലും കാലിലെ ചെരിപ്പിലും ആക്കിയല്ലോ.
6 ആകയാൽ നീ ജ്ഞാനം പ്രയോഗിച്ചു അവന്റെ നരയെ സമാധാനത്തോടെ പാതാളത്തിൽ ഇറങ്ങുവാൻ സമ്മതിക്കരുതു.
7 *എന്നാൽ ഗിലെയാദ്യനായ ബർസില്ലായിയുടെ മക്കൾക്കു നീ ദയ കാണിക്കേണം; അവർ നിന്റെ മേശയിങ്കൽ ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിൽ ഇരിക്കട്ടെ; നിന്റെ സഹോദരനായ അബ്ശാലോമിന്റെ മുമ്പിൽനിന്നു ഞാൻ ഓടിപ്പോകുമ്പോൾ അവർ അങ്ങനെ തന്നേ എന്നോടും പെരുമാറി.
8 *പിന്നെ ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയി എന്നൊരുവൻ ഉണ്ടല്ലോ; ഞാൻ മഹനയീമിലേക്കു പോകുന്ന ദിവസം അവൻ എന്നെ കഠിനശാപത്തോടെ ശപിച്ചു; എങ്കിലും അവൻ യോർദ്ദാങ്കൽ എന്നെ എതിരേറ്റുവന്നതുകൊണ്ടു അവനെ വാൾകൊണ്ടു കൊല്ലുകയില്ല എന്നു ഞാൻ യഹോവാനാമത്തിൽ അവനോടു സത്യംചെയ്തു.
9 എന്നാൽ നീ അവനെ ശിക്ഷിക്കാതെ വിടരുതു; നീ ബുദ്ധിമാനല്ലോ; അവനോടു എന്തു ചെയ്യേണമെന്നു നീ അറിയും; അവന്റെ നരയെ രക്തത്തോടെ പാതാളത്തിലേക്കു അയക്കുക.
10 പിന്നെ ദാവീദ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു.
11 *ദാവീദ് യിസ്രായേലിൽ വാണ കാലം നാല്പതു സംവത്സരം. അവൻ ഹെബ്രോനിൽ ഏഴു സംവത്സരവും യെരൂശലേമിൽ മുപ്പത്തുമൂന്നു സംവത്സരവും വാണു.
12 *ശലോമോൻ തന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു; അവന്റെ രാജത്വം ഏറ്റവും സ്ഥിരമായിവന്നു.
13 എന്നാൽ ഹഗ്ഗീത്തിന്റെ മകനായ അദോനീയാവു ശലോമോന്റെ അമ്മയായ ബത്ത്-ശേബയെ ചെന്നുകണ്ടു; നിന്റെ വരവു ശുഭമോ എന്നു അവൾ ചോദിച്ചതിന്നു: ശുഭം തന്നേ എന്നു അവൻ പറഞ്ഞു.
14 എനിക്കു നിന്നോടു ഒരു കാര്യം പറവാനുണ്ടു എന്നു അവൻ പറഞ്ഞു. പറക എന്നു അവൾ പറഞ്ഞു.
15 അവൻ പറഞ്ഞതു എന്തെന്നാൽ: രാജത്വം എനിക്കുള്ളതായിരുന്നു; ഞാൻ വാഴേണ്ടതിന്നു യിസ്രായേലൊക്കെയും പ്രതീക്ഷിച്ചിരുന്നു എന്നു നീ അറിയുന്നുവല്ലോ; എന്നാൽ രാജത്വം മറിഞ്ഞു എന്റെ സഹോദരന്നു ആയിപ്പോയി; യഹോവയാൽ അതു അവന്നു ലഭിച്ചു.
16 എന്നാൽ ഇപ്പോൾ ഞാൻ നിന്നോടു ഒരു കാര്യം അപേക്ഷിക്കുന്നു; അതു തള്ളിക്കളയരുതേ. നീ പറക എന്നു അവൾ പറഞ്ഞു.
17 *അപ്പോൾ അവൻ: ശൂനേംകാരത്തിയായ അബീശഗിനെ എനിക്കു ഭാര്യയായിട്ടു തരുവാൻ ശലോമോൻരാജാവിനോടു പറയേണമേ; അവൻ നിന്റെ അപേക്ഷ തള്ളുകയില്ലല്ലോ എന്നു പറഞ്ഞു.
18 ആകട്ടെ; ഞാൻ നിനക്കു വേണ്ടി രാജാവിനോടു സംസാരിക്കാം എന്നു ബത്ത്-ശേബ പറഞ്ഞു.
19 അങ്ങനെ ബത്ത്-ശേബ അദോനീയാവിന്നുവേണ്ടി ശലോമോൻരാജാവിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ ചെന്നു. രാജാവു എഴുന്നേറ്റു അവളെ എതിരേറ്റുചെന്നു വന്ദനം ചെയ്തു തന്റെ സിംഹാസനത്തിൽ ഇരുന്നു രാജമാതാവിന്നു ഇരിപ്പാൻ കൊടുപ്പിച്ചു; അവൾ അവന്റെ വലത്തുഭാഗത്തു ഇരുന്നു.
20 ഞാൻ നിന്നോടു ഒരു ചെറിയ കാര്യം അപേക്ഷിക്കുന്നു; എന്റെ അപേക്ഷ തള്ളിക്കളയരുതു എന്നു അവൾ പറഞ്ഞു. രാജാവു അവളോടു: എന്റെ അമ്മേ, ചോദിച്ചാലും; ഞാൻ നിന്റെ അപേക്ഷ തള്ളുകയില്ല എന്നു പറഞ്ഞു.
21 അപ്പോൾ അവൾ: ശൂനേംകാരത്തിയായ അബീശഗിനെ നിന്റെ സഹോദരനായ അദോനീയാവിന്നു ഭാര്യയായിട്ടു കൊടുക്കേണം എന്നു പറഞ്ഞു.
22 ശലോമോൻരാജാവു തന്റെ അമ്മയോടു: ശൂനേംകാരത്തിയായ അബീശഗിനെ അദോനീയാവിന്നു വേണ്ടി ചോദിക്കുന്നതു എന്തു? രാജത്വത്തെയും അവന്നുവേണ്ടി ചോദിക്കരുതോ? അവൻ എന്റെ ജ്യേഷ്ഠനല്ലോ; അവന്നും പുരോഹിതൻ അബ്യാഥാരിന്നും സെരൂയയുടെ മകൻ യോവാബിന്നും വേണ്ടി തന്നേ എന്നു ഉത്തരം പറഞ്ഞു.
23 അദോനീയാവു ഈ കാര്യം ചോദിച്ചതു തന്റെ ജീവനാശത്തിന്നായിട്ടല്ലെങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ;
24 ആകയാൽ എന്നെ സ്ഥിരപ്പെടുത്തിയവനും എന്നെ എന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുത്തി തന്റെ വാഗ്ദാനപ്രകാരം എനിക്കു ഒരു ഗൃഹം പണിതവനുമായ യഹോവയാണ, ഇന്നു തന്നേ അദോനീയാവു മരിക്കേണം എന്നു ശലോമോൻരാജാവു കല്പിച്ചു യഹോവനാമത്തിൽ സത്യം ചെയ്തു.
25 പിന്നെ ശലോമോൻരാജാവു യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു; അവൻ അവനെ വെട്ടിക്കൊന്നുകളഞ്ഞു.
26 *അബ്യാഥാർപുരോഹിതനോടു രാജാവു: നീ അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്കു പൊയ്ക്കൊൾക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ കർത്താവായ യഹോവയുടെ പെട്ടകം ചുമന്നതുകൊണ്ടും എന്റെ അപ്പൻ അനുഭവിച്ച സകലകഷ്ടങ്ങളെയും നീ കൂടെ അനുഭവിച്ചതുകൊണ്ടും ഞാൻ ഇന്നു നിന്നെ കൊല്ലുന്നില്ല എന്നു പറഞ്ഞു.
27 *ഇങ്ങനെ യഹോവ ശീലോവിൽവെച്ചു ഏലിയുടെ കുടുംബത്തെക്കുറിച്ചു അരുളിച്ചെയ്ത വചനത്തിന്നു നിവൃത്തിവരേണ്ടതിന്നു ശലോമോൻ അബ്യാഥാരിനെ യഹോവയുടെ പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
28 ഈ വർത്തമാനം യോവാബിന്നു എത്തിയപ്പോൾ‒യോവാബ് അബ്ശാലോമിന്റെ പക്ഷം ചേർന്നിരുന്നില്ലെങ്കിലും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നു‒അവൻ യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്നു യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.
29 യോവാബ് യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്നു യാഗപീഠത്തിന്റെ അടുക്കൽ നില്ക്കുന്നു എന്നു ശലോമോൻരാജാവിന്നു അറിവുകിട്ടി. അപ്പോൾ ശലോമോൻ യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു: നീ ചെന്നു അവനെ വെട്ടിക്കളക എന്നു കല്പിച്ചു.
30 ബെനായാവു യെഹോവയുടെ കൂടാരത്തിൽ ചെന്നു: നീ പുറത്തുവരിക എന്നു രാജാവു കല്പിക്കുന്നു എന്നു അവനോടു പറഞ്ഞു. ഇല്ല; ഞാൻ ഇവിടെ തന്നേ മരിക്കും എന്നു അവൻ പറഞ്ഞു. ബെനായാവു ചെന്നു: യോവാബ് ഇങ്ങനെ പറയുന്നു; ഇങ്ങനെ അവൻ എന്നോടു ഉത്തരം പറഞ്ഞു എന്നു രാജാവിനെ ബോധിപ്പിച്ചു.
31 രാജാവു അവനോടു കല്പിച്ചതു: അവൻ പറഞ്ഞതുപോലെ നീ ചെയ്ക; അവനെ വെട്ടിക്കൊന്നു കുഴിച്ചിടുക; യോവാബ് കാരണംകൂടാതെ ചിന്നിയ രക്തം നീ ഇങ്ങനെ എങ്കൽനിന്നും എന്റെ പിതൃഭവനത്തിങ്കൽനിന്നും നീക്കിക്കളക.
32 അവന്റെ രക്തപാതകം യഹോവ അവന്റെ തലമേൽ തന്നേ വരുത്തും; യിസ്രായേലിന്റെ സേനാധിപതിയായ നേരിന്റെ മകൻ അബ്നേർ, യെഹൂദയുടെ സേനാധിപതിയായ യേഥെരിന്റെ മകൻ അമാസാ എന്നിങ്ങനെ തന്നെക്കാൾ നീതിയും സൽഗുണവുമുള്ള രണ്ടു പുരുഷന്മാരെ അവൻ എന്റെ അപ്പനായ ദാവീദ് അറിയാതെ വാൾകൊണ്ടു വെട്ടിക്കൊന്നുകളഞ്ഞുവല്ലോ.
33 അവരുടെ രക്തം എന്നേക്കും യോവാബിന്റെയും അവന്റെ സന്തതിയുടെയും തലമേൽ ഇരിക്കും; ദാവീദിന്നും അവന്റെ സന്തതിക്കും ഗൃഹത്തിന്നും സിംഹാസനത്തിന്നും യഹോവയിങ്കൽനിന്നു എന്നേക്കും സമാധാനം ഉണ്ടാകും.
34 അങ്ങനെ യെഹോയാദയുടെ മകനായ ബെനായാവു ചെന്നു അവനെ വെട്ടിക്കൊന്നു; മരുഭൂമിയിലെ അവന്റെ വീട്ടിൽ അവനെ അടക്കം ചെയ്തു.
35 രാജാവു അവന്നു പകരം യെഹോയാദയുടെ മകനായ ബെനായാവെ സേനാധിപതിയാക്കി അബ്യാഥാരിന്നു പകരം സാദോക് പുരോഹിതനെയും നിയമിച്ചു.
36 പിന്നെ രാജാവു ആളയച്ചു ശിമെയിയെ വരുത്തി അവനോടു: നീ യെരൂശലേമിൽ നിനക്കു ഒരു വീടു പണിതു പാർത്തുകൊൾക; അവിടെനിന്നു പുറത്തെങ്ങും പോകരുതു.
37 പുറത്തിറങ്ങി കിദ്രോൻതോടു കടക്കുന്ന നാളിൽ നീ മരിക്കേണ്ടിവരും എന്നു തീർച്ചയായി അറിഞ്ഞുകൊൾക; നിന്റെ രക്തം നിന്റെ തലമേൽ തന്നേ ഇരിക്കും എന്നു കല്പിച്ചു.
38 ശിമെയി രാജാവിനോടു: അതു നല്ലവാക്കു; യജമാനനായ രാജാവു കല്പിച്ചതുപോലെ അടിയൻ ചെയ്തുകൊള്ളാം എന്നു പറഞ്ഞു. അങ്ങനെ ശിമെയി കുറെക്കാലം യെരൂശലേമിൽ പാർത്തു.
39 മൂന്നു സംവത്സരം കഴിഞ്ഞപ്പോൾ ശിമെയിയുടെ രണ്ടു അടിമകൾ മാഖയുടെ മകനായ ആഖീശ് എന്ന ഗത്ത് രാജാവിന്റെ അടുക്കൽ ഓടിപ്പോയി; തന്റെ അടിമകൾ ഗത്തിൽ ഉണ്ടെന്നു ശിമെയിക്കു അറിവുകിട്ടി.
40 അപ്പോൾ ശിമെയി എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു പുറപ്പെട്ടു അടിമകളെ അന്വേഷിപ്പാൻ ഗത്തിൽ ആഖീശിന്റെ അടുക്കൽ പോയി; അങ്ങനെ ശിമെയി ചെന്നു അടിമകളെ ഗത്തിൽനിന്നു കൊണ്ടുവന്നു.
41 ശിമെയി യെരൂശലേം വിട്ടു ഗത്തിൽ പോയി മടങ്ങിവന്നു എന്നു ശലോമോന്നു അറിവു കിട്ടി.
42 അപ്പോൾ രാജാവു ആളയച്ചു ശിമെയിയെ വരുത്തി അവനോടു: നീ പുറത്തിറങ്ങി എവിടെയെങ്കിലും പോകുന്നനാളിൽ മരിക്കേണ്ടിവരുമെന്നു തീർച്ചയായി അറിഞ്ഞുകൊൾക എന്നു ഞാൻ നിന്നെക്കൊണ്ടു യഹോവാനാമത്തിൽ സത്യം ചെയ്യിച്ചു സാക്ഷീകരിക്കയും ഞാൻ കേട്ട വാക്കു നല്ലതെന്നു നീ എന്നോടു പറകയും ചെയ്തില്ലയോ?
43 അങ്ങനെയിരിക്കെ നീ യഹോവയുടെ ആണയും ഞാൻ നിന്നോടു കല്പിച്ച കല്പനയും പ്രമാണിക്കാതെ ഇരുന്നതു എന്തു എന്നു ചോദിച്ചു.
44 പിന്നെ രാജാവു ശിമെയിയോടു: നീ എന്റെ അപ്പനായ ദാവീദിനോടു ചെയ്തതും നിനക്കു ഓർമ്മയുള്ളതും ആയ ദോഷമൊക്കെയും നീ അറിയുന്നുവല്ലോ; യഹോവ നിന്റെ ദോഷം നിന്റെ തലമേൽ തന്നേ വരുത്തും.
45 എന്നാൽ ശലോമോൻരാജാവു അനുഗ്രഹിക്കപ്പെട്ടവനും ദാവീദിന്റെ സിംഹാസനം യഹോവയുടെ മുമ്പാകെ എന്നേക്കും സ്ഥിരവുമായിരിക്കും എന്നു പറഞ്ഞിട്ടു
46 രാജാവു യെഹോയാദയുടെ മകൻ ബെനായാവോടു കല്പിച്ചു; അവൻ ചെന്നു അവനെ വെട്ടിക്കൊന്നു. അങ്ങനെ രാജത്വം ശലോമോന്റെ കയ്യിൽ സ്ഥിരമായി.