ശമൂവേൽ: ഒന്നാം പുസ്തകം
1
1 എഫ്രയീം മലനാട്ടിലെ രാമാഥയീം-സോഫീമിൽ എല്ക്കാനാ എന്നു പേരുള്ള ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ എലീഹൂവിന്റെ മകനായ യെരോഹാമിന്റെ മകൻ ആയിരുന്നു; എലീഹൂ എഫ്രയീമ്യനായ സൂഫിന്റെ മകനായ തോഹൂവിന്റെ മകൻ ആയിരുന്നു.
2 എല്ക്കാനെക്കു രണ്ടു ഭാര്യമാർ ഉണ്ടായിരുന്നു; ഒരുത്തിക്കു ഹന്നാ എന്നും മറ്റേവൾക്കു പെനിന്നാ എന്നും പേർ; പെനിന്നെക്കു മക്കൾ ഉണ്ടായിരുന്നു; ഹന്നെക്കോ മക്കൾ ഇല്ലായിരുന്നു.
3 അവൻ ശീലോവിൽ സൈന്യങ്ങളുടെ യഹോവയെ നമസ്കരിപ്പാനും അവന്നു യാഗം കഴിപ്പാനും തന്റെ പട്ടണത്തിൽനിന്നു ആണ്ടുതോറും ശീലോവിലേക്കു പോക പതിവായിരുന്നു; ഏലിയുടെ രണ്ടു പുത്രന്മാരായി യഹോവെക്കു പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു.
4 എല്ക്കാനാ യാഗം കഴിക്കുമ്പോൾ ഒക്കെയും തന്റെ ഭാര്യയായ പെനിന്നെക്കും അവളുടെ സകലപുത്രന്മാർക്കും പുത്രിമാർക്കും ഓഹരി കൊടുക്കും.
5 ഹന്നെക്കോ അവൻ ഹന്നയെ സ്നേഹിക്കകൊണ്ടു ഇരട്ടി ഓഹരി കൊടുക്കും. എന്നാൽ യഹോവ അവളുടെ ഗർഭം അടെച്ചിരിന്നു.
6 യഹോവ അവളുടെ ഗർഭം അടെച്ചിരുന്നതിനാൽ അവളുടെ പ്രതിയോഗി അവളെ വ്യസനിപ്പിപ്പാൻ തക്കവണ്ണം വളരെ മുഷിപ്പിച്ചു.
7 അവൾ യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവൾ അങ്ങനെ ചെയ്തുപോന്നു. അവൾ അവളെ മുഷിപ്പിച്ചതുകൊണ്ടു അവൾ കരഞ്ഞു പട്ടിണികിടന്നു.
8 അവളുടെ ഭർത്താവായ എല്ക്കാനാ അവളോടു: ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ എന്നു പറഞ്ഞു.
9 അവർ ശീലോവിൽവെച്ചു തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റു പോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതില്ക്കൽ ആസനത്തിൽ ഇരിക്കയായിരുന്നു.
10 അവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാർത്ഥിച്ചു വളരെ കരഞ്ഞു.
11 *അവൾ ഒരു നേർച്ച നേർന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവെക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.
12 ഇങ്ങനെ അവൾ യഹോവയുടെ സന്നിധിയിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ഏലി അവളുടെ വായെ സൂക്ഷിച്ചു നോക്കി.
13 ഹന്നാ ഹൃദയംകൊണ്ടു സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേൾപ്പാനില്ലായിരുന്നു; ആകയാൽ അവൾക്കു ലഹരിപിടിച്ചിരിക്കുന്നു എന്നു ഏലിക്കു തോന്നിപ്പോയി.
14 ഏലി അവളോടു: നീ എത്രത്തോളം ലഹരിപിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ എന്നു പറഞ്ഞു.
15 അതിന്നു ഹന്നാ ഉത്തരം പറഞ്ഞതു: അങ്ങനെയല്ല, യജമാനനേ; ഞാൻ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാൻ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്റെ ഹൃദയം പകരുകയത്രേ ചെയ്തതു.
16 അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയൻ സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചതു.
17 അതിന്നു ഏലി: സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ എന്നു ഉത്തരം പറഞ്ഞു.
18 അടിയന്നു തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.
19 അനന്തരം അവർ അതികാലത്തു എഴുന്നേറ്റു യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമയിൽ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാൽ എല്ക്കാനാ തന്റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഓർത്തു.
20 ഒരു ആണ്ടു കഴിഞ്ഞിട്ടു ഹന്നാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഞാൻ അവനെ യഹോവയോടു അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞു അവന്നു ശമൂവേൽ എന്നു പേരിട്ടു.
21 പിന്നെ എല്ക്കാനാ എന്ന പുരുഷനും അവന്റെ കുടുംബമൊക്കെയും യഹോവെക്കു വർഷാന്തരയാഗവും നേർച്ചയും കഴിപ്പാൻ പോയി.
22 എന്നാൽ ഹന്നാ കൂടെപോയില്ല; അവൾ ഭർത്താവിനോടു: ശിശുവിന്റെ മുലകുടി മാറട്ടെ; പിന്നെ അവൻ യഹോവയുടെ സന്നിധിയിൽ ചെന്നു അവിടെ എന്നു പാർക്കേണ്ടതിന്നു ഞാൻ അവനെയും കൊണ്ടുപോരാം എന്നു പറഞ്ഞു.
23 അവളുടെ ഭർത്താവായ എല്ക്കാനാ അവളോടു: നിന്റെ ഇഷ്ടംപോലെയാകട്ടെ; അവന്റെ മുലകുടി മാറുംവരെ താമസിക്ക; യഹോവ തന്റെ വചനം നിവർത്തിക്കുമാറാകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവൾ വീട്ടിൽ താമസിച്ചു മുലകുടി മാറുംവരെ മകന്നു മുലകൊടുത്തു.
24 അവന്നു മുലകുടി മാറിയശേഷം അവൾ മൂന്നു വയസ്സു പ്രായമുള്ള ഒരു കാളയും ഒരു പറമാവും ഒരു തുരുത്തി വീഞ്ഞുമായി അവനെ ശീലോവിൽ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുചെന്നു: ബാലനോ ചെറുപ്പമായിരുന്നു.
25 അവർ കാളയെ അറുത്തിട്ടു ബാലനെ ഏലിയുടെ അടുക്കൽ കൊണ്ടുചെന്നു.
26 അവൾ അവനോടു പറഞ്ഞതു: യജമാനനേ; യജമാനനാണ, യഹോവയോടു പ്രാർത്ഥിച്ചുകൊണ്ടു ഇവിടെ സമീപത്തു നിന്നിരുന്ന സ്ത്രീ ഞാൻ ആകുന്നു.
27 ഈ ബാലന്നായിട്ടു ഞാൻ പ്രാർത്ഥിച്ചു; ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു.
28 അതുകൊണ്ടു ഞാൻ അവനെ യഹോവെക്കു നിവേദിച്ചിരിക്കുന്നു; അവൻ ജീവപര്യന്തം യഹോവെക്കു നിവേദിതനായിരിക്കും. അവർ അവിടെ യഹോവയെ നമസ്കരിച്ചു.