13
1 യിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ നാല്പതു സംവത്സരത്തോളം ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിച്ചു.
2 എന്നാൽ ദാൻഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവന്നു മാനോഹ എന്നു പേർ; അവന്റെ ഭാര്യ മച്ചിയായിരിക്കകൊണ്ടു പ്രസവിച്ചിരുന്നില്ല.
3 ആ സ്ത്രീക്കു യഹോവയുടെ ദൂതൻ പ്രത്യക്ഷനായി അവളോടു പറഞ്ഞതു: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും.
4 ആകയാൽ നീ സൂക്ഷിച്ചുകൊൾക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു.
5 *നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുതു; ബാലൻ ഗർഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും.
6 സ്ത്രീ ചെന്നു ഭർത്താവിനോടു പറഞ്ഞതു: ഒരു ദൈവപുരുഷൻ എന്റെ അടുക്കൽ വന്നു; അവന്റെ ആകൃതി ഒരു ദൈവദൂതന്റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവൻ എവിടെനിന്നെന്നു ഞാൻ അവനോടു ചോദിച്ചില്ല; തന്റെ പേർ അവൻ എന്നോടു പറഞ്ഞതും ഇല്ല.
7 അവൻ എന്നോടു നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ബാലൻ ഗർഭംമുതൽ ജീവപര്യന്തം ദൈവത്തിന്നു നാസീരായിരിക്കും എന്നു പറഞ്ഞു.
8 മാനോഹ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.
9 ദൈവം മാനോഹയുടെ പ്രാർത്ഥന കേട്ടു; ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽ വന്നു; അവൾ വയലിൽ ഇരിക്കയായിരുന്നു; അവളുടെ ഭർത്താവു മാനോഹ കൂടെ ഉണ്ടായിരുന്നില്ല.
10 ഉടനെ ആ സ്ത്രീ ഓടിച്ചെന്നു ഭർത്താവിനെ അറിയിച്ചു; അന്നു എന്റെ അടുക്കൽ വന്ന ആൾ ഇതാ, എനിക്കു പ്രത്യക്ഷനായിവന്നിരിക്കുന്നു എന്നു അവനോടു പറഞ്ഞു.
11 മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്നു ആ പുരുഷന്റെ അടുക്കൽ എത്തി; ഈ സ്ത്രീയോടു സംസാരിച്ച ആൾ നീയോ എന്നു അവനോടു ചോദിച്ചു; ഞാൻ തന്നേ എന്നു അവൻ പറഞ്ഞു.
12 മാനോഹ അവനോടു: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ബാലന്റെ കാര്യത്തിൽ ഞങ്ങൾ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ചു എന്തു ചെയ്യേണം എന്നു ചോദിച്ചു.
13 യഹോവയുടെ ദൂതൻ മാനോഹയോടു: ഞാൻ സ്ത്രീയോടു പറഞ്ഞതൊക്കെയും അവൾ സൂക്ഷിച്ചുകൊള്ളട്ടെ.
14 മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവൾ തിന്നരുതു; വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയും അരുതു; ഞാൻ അവളോടു കല്പിച്ചതൊക്കെയും അവൾ ആചരിക്കേണം എന്നു പറഞ്ഞു.
15 മാനോഹ യഹോവയുടെ ദൂതനോടു: ഞങ്ങൾ ഒരു കോലാട്ടിൻകുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു.
16 യഹോവയുടെ ദൂതൻ മാനോഹയോടു: നീ എന്നെ താമസിപ്പിച്ചാലും ഞാൻ നിന്റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ അതു യഹോവെക്കു കഴിച്ചുകൊൾക എന്നു പറഞ്ഞു. അവൻ യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞിരുന്നില്ല.
17 മാനോഹ യഹോവയുടെ ദൂതനോടു: നിന്റെ വചനം നിവൃത്തിയാകുമ്പോൾ ഞങ്ങൾ നിന്നെ ബഹുമാനിക്കേണ്ടതിന്നു നിന്റെ പേരെന്തു എന്നു ചോദിച്ചു.
18 യഹോവയുടെ ദൂതൻ അവനോടു: എന്റെ പേർ ചോദിക്കുന്നതു എന്തു? അതു അതിശയമുള്ളതു എന്നു പറഞ്ഞു.
19 അങ്ങനെ മാനോഹ ഒരു കോലാട്ടിൻകുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്നു ഒരു പാറമേൽ യഹോവെക്കു യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവൻ ഒരു അതിശയം പ്രവർത്തിച്ചു.
20 അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്നു ആകാശത്തിലേക്കു പൊങ്ങിയപ്പോൾ യഹോവയുടെ ദൂതൻ യാഗപീഠത്തിന്റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.
21 യഹോവയുടെ ദൂതൻ മാനോഹെക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അതു യഹോവയുടെ ദൂതൻ എന്നു മാനോഹ അറിഞ്ഞു.
22 ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്നു മാനോഹ ഭാര്യയോടു പറഞ്ഞു.
23 ഭാര്യ അവനോടു: നമ്മെ കൊല്ലുവാൻ യഹോവെക്കു ഇഷ്ടമായിരുന്നു എങ്കിൽ അവൻ നമ്മുടെ കയ്യിൽനിന്നു ഹോമയാഗവും ഭോജനയാഗവും കൈക്കൊൾകയോ ഇവ ഒക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്തു ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു.
24 അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന്നു ശിംശോൻ എന്നു പേരിട്ടു ബാലൻ വളർന്നു; യഹോവ അവനെ അനുഗ്രഹിച്ചു.
25 സോരെക്കും എസ്തായോലിന്നും മദ്ധ്യേയുള്ള മഹനേ-ദാനിൽവെച്ചു യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.