16
1 അഹരോന്റെ രണ്ടുപുത്രന്മാർ യഹോവയുടെ സന്നിധിയിൽ അടുത്തുചെന്നിട്ടു മരിച്ചുപോയ ശേഷം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:
2 *കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലെക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിൻ മുമ്പിൽ എല്ലാസമയത്തും വരരുതു എന്നു അവനോടു പറയേണം.
3 *പാപയാഗത്തിന്നു ഒരു കാളക്കിടാവിനോടും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനോടുംകൂടെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കേണം.
4 അവൻ പഞ്ഞിനൂൽകൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തിൽ പഞ്ഞിനൂൽകൊണ്ടുള്ള കാൽചട്ട ഇട്ടു പഞ്ഞിനൂൽകൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂൽകൊണ്ടുള്ള മുടിയും വെക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാൽ അവൻ ദേഹം വെള്ളത്തിൽ കഴുകീട്ടു അവയെ ധരിക്കേണം.
5 അവൻ യിസ്രായേൽമക്കളുടെ സഭയുടെ പക്കൽനിന്നു പാപയാഗത്തിന്നു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന്നു ഒരു ആട്ടുകൊറ്റനെയും വാങ്ങേണം.
6 തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിന്നുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
7 അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ നിർത്തേണം.
8 പിന്നെ അഹരോൻ യഹോവെക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം.
9 യഹോവെക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കേണം.
10 അസസ്സേലിന്നു ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നും അതിനെ അസസ്സേലിന്നു മരുഭൂമിയിലേക്കു വിട്ടയക്കേണ്ടതിന്നുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിർത്തേണം.
11 പിന്നെ തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിന്നുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കേണം.
12 അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്മേൽ ഉള്ള തീക്കനൽ ഒരു കലശത്തിൽ നിറെച്ചു സൗരഭ്യമുള്ള ധൂപവർഗ്ഗചൂർണ്ണം കൈ നിറയ എടുത്തു തിരശ്ശീലക്കകത്തു കൊണ്ടുവരേണം.
13 താൻ മരിക്കാതിരിക്കേണ്ടതിന്നു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറെപ്പാൻ തക്കവണ്ണം അവൻ യഹോവയുടെ സന്നിധിയിൽ ധൂപവർഗ്ഗം തീയിൽ ഇടേണം.
14 അവൻ കാളയുടെ രക്തം കുറെ എടുത്തു വിരൽകൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേൽ തളിക്കേണം; അവൻ രക്തം കുറെ തന്റെ വിരൽകൊണ്ടു കൃപാസനത്തിന്റെ മുമ്പിലും ഏഴു പ്രാവശ്യം തളിക്കേണം.
15 *പിന്നെ അവൻ ജനത്തിന്നുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലെക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്തു അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം.
16 യിസ്രായേൽമക്കളുടെ അശുദ്ധികൾ നിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങൾ നിമിത്തവും അവൻ വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനകൂടാരത്തിന്നും അവൻ അങ്ങനെതന്നേ ചെയ്യേണം.
17 അവൻ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാൻ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുതു; ഇങ്ങനെ അവൻ തനിക്കും കുടുംബത്തിന്നും യിസ്രായേലിന്റെ സർവ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
18 പിന്നെ അവൻ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കൽ ചെന്നു അതിന്നും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്റെ രക്തവും കുറേശ്ശ എടുത്തു പീഠത്തിന്റെ കൊമ്പുകളിൽ ചുറ്റും പുരട്ടേണം.
19 അവൻ രക്തം കുറെ വിരൽകൊണ്ടു ഏഴു പ്രാവശ്യം അതിന്മേൽ തളിച്ചു യിസ്രായേൽമക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം.
20 അവൻ വിശുദ്ധമന്ദിരത്തിന്നും സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീർന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടുവരേണം.
21 ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയിൽ അഹരോൻ കൈ രണ്ടും വെച്ചു യിസ്രായേൽമക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം.
22 കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടുപോകേണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടേണം.
23 *പിന്നെ അഹരോൻ സമാഗമനകൂടാരത്തിൽ വന്നു താൻ വിശുദ്ധമന്ദിരത്തിൽ കടന്നപ്പോൾ ധരിച്ചിരുന്ന പഞ്ഞിനൂൽവസ്ത്രം നീക്കി അവിടെ വെച്ചേക്കണം.
24 അവൻ ഒരു വിശുദ്ധസ്ഥലത്തുവെച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തുവന്നു തന്റെ ഹോമയാഗവും ജനത്തിന്റെ ഹോമയാഗവും അർപ്പിച്ചു തനിക്കും ജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
25 അവൻ പാപയാഗത്തിന്റെ മേദസ്സു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.
26 ആട്ടുകൊറ്റനെ അസസ്സേലിന്നു കൊണ്ടുപോയി വിട്ടവൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകീട്ടുമാത്രമേ പാളയത്തിൽ വരാവു.
27 *വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു രക്തം കൊണ്ടുപോയ പാപയാഗത്തിന്റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിന്നു പുറത്തു കൊണ്ടുപോകേണം; അവയുടെ തോലും മാംസവും ചാണകവും തീയിൽ ഇട്ടു ചുട്ടുകളയേണം.
28 അവയെ ചുട്ടുകളഞ്ഞവൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകീട്ടു മാത്രമേ പാളയത്തിൽ വരാവു.
29 *ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തിയ്യതി നിങ്ങൾ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പരദേശിയും യാതൊരു വേലെയും ചെയ്യരുതു.
30 ആ ദിവസത്തിൽ അല്ലോ യഹോവയുടെ സന്നിധിയിൽ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിന്നു നിങ്ങൾക്കു വേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകലപാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കയും ചെയ്യുന്നതു.
31 അതു നിങ്ങൾക്കു വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങൾ ആത്മ തപനം ചെയ്യേണം; അതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടമാകുന്നു.
32 അപ്പന്നു പകരം പുരോഹിതശുശ്രൂഷചെയ്‌വാൻ അഭിഷേകം പ്രാപിക്കയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതൻ തന്നേ പ്രായശ്ചിത്തം കഴിക്കേണം.
33 അവൻ വിശുദ്ധവസ്ത്രമായ പഞ്ഞിനൂൽവസ്ത്രം ധരിച്ചു വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; സമാഗമനകൂടാരത്തിന്നും യാഗപീഠത്തിന്നും പ്രായശ്ചിത്തം കഴിക്കേണം; പുരോഹിതന്മാർക്കും സഭയിലെ സകലജനത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
34 സംവത്സരത്തിൽ ഒരിക്കൽ യിസ്രായേൽമക്കൾക്കുവേണ്ടി അവരുടെ സകലപാപങ്ങൾക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഇതു നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവൻ ചെയ്തു.