35
1 അനന്തരം മോശെ യിസ്രായേൽമക്കളുടെ സംഘത്തെ ഒക്കെയും കൂട്ടി അവരോടു പറഞ്ഞതു: നിങ്ങൾ ചെയ്‌വാൻ യഹോവ കല്പിച്ച വചനങ്ങൾ ആവിതു:
2 *ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങൾക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവൻ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം.
3 ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുതു.
4 മോശെ പിന്നെയും യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞതു: യഹോവ കല്പിച്ചതു എന്തെന്നാൽ:
5 നിങ്ങളുടെ ഇടയിൽനിന്നു യഹോവെക്കു ഒരു വഴിപാടു എടുപ്പിൻ. നല്ല മനസ്സുള്ളവനെല്ലാം യഹോവെക്കു വഴിപാടു കൊണ്ടുവരേണം.
6 പൊന്നു, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,
7 ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം,
8 വിളക്കിന്നു എണ്ണ, അഭിഷേകതൈലത്തിന്നും പരിമളധൂപത്തിന്നും സുഗന്ധവർഗ്ഗം,
9 ഗോമേദകക്കല്ലു, ഏഫോദിന്നു പതക്കത്തിന്നും പതിക്കേണ്ടുന്ന കല്ലു എന്നിവ തന്നേ.
10 നിങ്ങളിൽ ജ്ഞാനികളായ എല്ലാവരും വന്നു യഹോവ കല്പിച്ചിരിക്കുന്നതു ഒക്കെയും ഉണ്ടാക്കേണം.
11 തിരുനിവാസം, അതിന്റെ മൂടുവിരി, പുറമൂടി, കൊളുത്തുകൾ, പലകകൾ, അന്താഴങ്ങൾ,
12 തൂണുകൾ, ചുവടുകൾ, പെട്ടകം, അതിന്റെ തണ്ടുകൾ, കൃപാസനം, മറയുടെ തിരശ്ശീല,
13 മേശ, അതിന്റെ തണ്ടുകൾ, ഉപകരണങ്ങൾ ഒക്കെയും, കാഴ്ചയപ്പം,
14 വെളിച്ചത്തിന്നു നിലവിളക്കു, അതിന്റെ ഉപകരണങ്ങൾ, അതിന്റെ ദീപങ്ങൾ, വിളക്കിന്നു എണ്ണ,
15 ധൂപപീഠം, അതിന്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗ്ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശന വാതിലിന്റെ മറശ്ശീല,
16 ഹോമയാഗപീഠം, അതിന്റെ താമ്രജാലം, തണ്ടുകൾ, അതിന്റെ ഉപകരണങ്ങൾ ഒക്കെയും, തൊട്ടി, അതിന്റെ കാൽ,
17 പ്രാകാരത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, പ്രാകാരവാതിലിന്റെ മറ,
18 തിരുനിവാസത്തിന്റെ കുറ്റികൾ, പ്രാകാരത്തിന്റെ കുറ്റികൾ,
19 അവയുടെ കയറുകൾ, വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്‌വാൻ വിശേഷവസ്ത്രങ്ങൾ, പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷെക്കായി അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവ തന്നേ.
20 അപ്പോൾ യിസ്രായേൽമക്കളുടെ സർവ്വസഭയും മോശെയുടെ മുമ്പിൽ നിന്നു പുറപ്പെട്ടു.
21 ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താല്പര്യവും തോന്നിയവൻ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകലശുശ്രൂഷെക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവെക്കു വഴിപാടു കൊണ്ടുവന്നു.
22 പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവർ എല്ലാവരും യഹോവെക്കു പൊൻവഴിപാടു കൊടുപ്പാൻ നിശ്ചയിച്ചവരൊക്കെയും വള, കുണുക്കു, മോതിരം, മാല മുതലായ സകലവിധപൊന്നാഭരണങ്ങളും കൊണ്ടുവന്നു.
23 നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശൂതോൽ എന്നിവ കൈവശമുള്ളവർ അതു കൊണ്ടു വന്നു.
24 വെള്ളിയും താമ്രവും വഴിപാടുകൊടുപ്പാൻ നിശ്ചയിച്ചവനെല്ലാം യഹോവെക്കു വഴിപാടു കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാപണിക്കുമായി ഖദിരമരം കൈവശമുള്ളവൻ അതുകൊണ്ടുവന്നു.
25 സാമർത്ഥ്യമുള്ള സ്ത്രീകൾ ഒക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു.
26 സാമർത്ഥ്യത്താൽ ഹൃദയത്തിൽ ഉത്സാഹം തോന്നിയ സ്ത്രീകൾ ഒക്കെയും കോലാട്ടുരോമം നൂറ്റു.
27 പ്രമാണികൾ ഏഫോദിന്നും പതക്കത്തിനും പതിക്കേണ്ടുന്ന കല്ലുകളും ഗോമേദകക്കല്ലുകളും
28 വെളിച്ചത്തിന്നും അഭിഷേകതൈലത്തിന്നും സുഗന്ധധൂപത്തിന്നുമായി പരിമളവർഗ്ഗവും എണ്ണയും കൊണ്ടു വന്നു.
29 മോശെ മുഖാന്തരം യഹോവ കല്പിച്ച സകലപ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവെക്കു സ്വമേധാദാനം കൊണ്ടുവന്നു.
30 എന്നാൽ മോശെ യിസ്രായേൽമക്കളോടു പറഞ്ഞതു: നോക്കുവിൻ; യഹോവ യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ പേർചൊല്ലി വിളിച്ചിരിക്കുന്നു.
31 കൗശലപ്പണികളെ സങ്കല്പിച്ചുണ്ടാക്കുവാനും പൊന്നു, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‌വാനും
32 രത്നം വെട്ടി പതിപ്പാനും മരത്തിൽ കൊത്തുപണിയായ സകലവിധകൗശലപ്പണിയും ചെയ്‌വാനും
33 അവൻ ദിവ്യാത്മാവിനാൽ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമർത്ഥ്യവുംകൊണ്ടു നിറെച്ചിരിക്കുന്നു.
34 അവന്റെ മനസ്സിലും ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിന്റെ മനസ്സിലും മറ്റുള്ളവരെ പഠിപ്പിപ്പാൻ അവൻ തോന്നിച്ചിരിക്കുന്നു.
35 കൊത്തുപണിക്കാരന്റെയും കൗശലപ്പണിക്കാരന്റെയും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു പണിചെയ്യുന്ന തയ്യൽക്കാരന്റെയും നെയ്ത്തുകാരന്റെയും ഏതുതരം ശില്പപ്പണി ചെയ്യുന്നവരുടെയും കൗശലപ്പണികൾ സങ്കല്പിച്ചു ഉണ്ടാക്കുന്നവരുടെയും സകലവിധപ്രവൃത്തിയും ചെയ്‌വാൻ അവൻ അവരെ മനസ്സിൽ ജ്ഞാനം കൊണ്ടു നിറെച്ചിരിക്കുന്നു.